March 27, 2025 |

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്‌

ഹ…ഹ…വൗ, ഇന്ത്യക്കാരടക്കമുള്ളവരെ
‘കെട്ടുകെട്ടിച്ചത്’ ഇങ്ങനെ

അമേരിക്കയിൽ നിന്നും നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമായി വിമാനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. അനധികൃ കുടിയേറ്റക്കാരെ ഇന്ത്യയിൽ എത്തിച്ച രീതി കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് വൈറ്റ് ഹൗസ് ദൃശ്യങ്ങൾ പുറത്ത് വിടുന്നത്.

ഒരു പെട്ടിയിൽ ആളുകളെ ബന്ധിക്കാനുള്ള ചങ്ങലകൾ നിരത്തി വച്ചിരിക്കുന്നതും, അവരുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിപ്പിക്കുന്നതും, ബന്ധിയാക്കപ്പെട്ട നിലയിൽ വിമാനത്തിലേക്ക് കയറ്റി വിടുന്നതുമൊക്കെയാണ് 41 സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോയിൽ കാണിക്കുന്നത്. ‘ഹ..ഹ, വൗ’ എന്ന തലക്കെട്ടോടെ ഡോജ് സംഘത്തലവനായ ഇലേൺ മസ്‌ക് വീഡിയോ പങ്കുവെച്ചു.

സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിപ്പിച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൈകാലുകളിൽ വിലങ്ങുവച്ച്, സീറ്റിൽ നിന്ന് അനങ്ങാൻ പോലും സമ്മതിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ശാരീരികവും മാനസികവുമായി തങ്ങൾ ഏറെ ബുദ്ധിമുട്ടിയതായും അവർ കൂട്ടിച്ചേർത്തു.

ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഞായറാഴ്‌ച രാത്രി എത്തിയ വിമാനത്തിൽ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേർ ഹരിയാണ സ്വദേശികളും 33 പേർ ഗുജറാത്തിൽ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്‌ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തിൽ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി.

ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ താൽക്കാലിക കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ കോസ്റ്റൊറിക്ക സമ്മതം അറിയിച്ചിട്ടുണ്ട്. കോസ്റ്റൊറിക്കയിൽ എത്തുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്നും എന്നാൽ പ്രത്യേക വിമാനങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഇപ്പോൾ ഒഴിഞ്ഞു പോകാത്ത അനധിതൃത കുടിയേറ്റക്കാർ പിടിക്കപ്പെട്ടാൽ ഇനിയൊരിക്കലും യുഎസിൽ തിരികെ കയറാൻ കഴിയാത്ത വിലക്ക് നേരിടേണ്ടി വരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റത്തിനും മനുഷ്യകടത്തിനും എതിരെയുള്ള ആഗോള പ്രചാരണത്തിനും അമേരിക്ക തുടക്കം കുറിച്ചു.

content summary; Handcuffed and chained; White House Shares Video Deporting Illegal Immigrants 

×