November 07, 2024 |
Share on

നോ ലുക്ക് ഷോട്ടും, പിന്നാലെ കോഹ്‌ലിയെ മറികടന്ന സിക്‌സും

ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു ഹര്‍ദിക് പാണ്ഡ്യ

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. ബൗളിംഗ്- ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 127 റണ്‍സിന് എതിരാളികളെ എറിഞ്ഞിട്ടശേഷം 11.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.

ഗ്വാളിയാറിലെ മാധവറാവു സിന്ധ്യ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം മികവ് തെളിയിച്ചെങ്കിലും എടുത്തു പറയേണ്ടത് ഹര്‍ദിക് പാണ്ഡ്യയുടെ കളിയാണ്. 16 പന്തുകളില്‍ 39 റണ്‍സ് നേടി പുറത്താകാതെ നിന്ന പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയതും. അതും സിക്‌സര്‍ പറത്തി. ആ സിക്‌സ് വഴി പാണ്ഡ്യ വിരാട് കോഹ്‌ലിയെ മറി കടക്കുകയും ചെയ്തു.

തസ്‌കിന്‍ അഹമ്മദ് എറിഞ്ഞ 11 മത്തെ ഓവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറുകളും പിന്നാലെ ഒരു സിക്‌സും പറത്തിയാണ് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇത് അഞ്ചാമത്തെ തവണയാണ് ട്വന്റി-20 യില്‍ സിക്‌സ് അടിച്ച് ഹര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നത്. നാല് തവണ ഇതേ രീതിയില്‍ കളി ജയിപ്പിച്ചിട്ടുള്ള വിരാടിനെ ഞായറാഴ്ച്ചത്തെ കളിയിലൂടെ ഹര്‍ദിക് മറി കടന്നു. നാല് തവണയാണ് കോഹ്‌ലി പന്ത് ബൗണ്ടറി കടത്തി ടീമിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

2022 ലെ ഏഷ്യ കപ്പില്‍ പാകിസ്താനെതിരെയായ ആവേശകരമായ മത്സരത്തില്‍ ഹര്‍ദിക് സിക്‌സ് അടിച്ചായിരുന്നു കളി ജയിപ്പിച്ചത്. അതുപോലെ 2020 ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിലും രണ്ട് സിക്‌സുകള്‍ അടുപ്പിച്ച് അടിച്ച് ടീമിനെ വിജയത്തിലെത്തിച്ചതും ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല.

ഹര്‍ദികിനും കോഹ്‌ലിക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് രണ്ട് പേരുണ്ട്. ഒന്ന്, സക്ഷാല്‍ എം എസ് ധോണിയും, മറ്റൊരാള്‍ ഋഷഭ് പന്തുമാണ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. വിരാട് ട്വന്റി-20യില്‍ നിന്നും. നിലവില്‍ ഹര്‍ദികിന് എതിരാളി പന്ത് മാത്രമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പന്ത് കളിക്കുന്നില്ലെങ്കിലും ട്വന്റി-20യില്‍ ഇന്ത്യയുടെ പ്രധാന ചോയ്‌സ് ആണ് അദ്ദേഹം.

ഞായറാഴ്ച്ചത്തെ മത്സരം ക്രിക്കറ്റ് ആരാധകര്‍ ഓര്‍ത്തിരിക്കുക പാണ്ഡ്യയുടെ അവസാന ബോളിലെ സിക്‌സ് കൊണ്ടായിരിക്കില്ല, പകരം അദ്ദേഹത്തിന്റെ നോ ലുക്ക് ഷോട്ട് കൊണ്ടായിരിക്കും. തസ്‌കിന്‍ എറിഞ്ഞ 12 മത്തെ ഓവറിലായിരുന്നു ആ അത്ഭുത ഷോട്ട്. ബാറ്ററുടെ ശരീരം ലക്ഷ്യമാക്കിയാണ് മൂന്നാമത്തെ പന്ത് ഷോട്ട് ബോളായി തസ്‌കിന്‍ എറിഞ്ഞത്. പൊങ്ങി ഉയര്‍ന്ന പന്ത് അവസാന നിമിഷം ബാറ്റുകൊണ്ട് ചെറുതായൊന്നു തട്ടിച്ച് പിന്നിലേക്ക് പായിക്കുകയായിരുന്നു പാണ്ഡ്യ. വിക്കറ്റ് കീപ്പര്‍ പിന്നില്‍ ഉണ്ടെന്ന വിചാരം ഏതൊരു ബാറ്ററെയും പിറകിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുമെന്നിരിക്കെ, കണ്ണുകള്‍ ഇളക്കിയോ തല ചെരിച്ചോ പോലും തന്റെ നോട്ടം മാറ്റാത്തെ തീര്‍ത്തും കൂളായിട്ട് നില്‍ക്കുകയായിരുന്നു പാണ്ഡ്യ. ബൗളറുടെ നേര്‍ക്കുള്ള തന്റെ നോട്ടം പന്ത് ബൗണ്ടറി വര കടന്നിട്ടും പാണ്ഡ്യ പിന്‍വലിച്ചിരുന്നില്ല. പന്തെറിഞ്ഞ തസ്‌കിന് പോലും സംഭവിച്ചതെന്താണെന്ന കാര്യത്തില്‍ പിടുത്തം കിട്ടിയിരുന്നനില്ല. കമന്റി ബോക്‌സിലും ആ ഞെട്ടല്‍ പ്രകടമായിരുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് മാത്രം കഴിയുന്നൊരു ഷോട്ട്. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു ആ സമയത്ത് പാണ്ഡ്യക്ക്. തന്റെ എതിരാളികളെ കൊണ്ട് പോലും കൈയടിപ്പിക്കാന്‍ പാകത്തില്‍ കഴിവുള്ളവനാണ് താനെന്ന് ഹര്‍ദിക് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. അതൊരിക്കല്‍ കൂടി കണ്ടു.

Advertisement