‘ഇന്ന് നീ വിളിച്ചില്ലല്ലോ, അവിടെ എല്ലാം ഓകെയല്ലേ മോളേ?’ ഡൽഹിയിലെ പാലം കോളനിയിൽ താമസിക്കുന്ന സത്‌ബിർ ബ്രെല്ല,നവംബർ 13ന് തന്റെ മകളായ ഹർഷിത ബ്രെല്ലക്ക് അയച്ച വാട്‌സ്‌ആപ്പ് സന്ദേശമാണിത്. എന്നാൽ അവളിത് വായിച്ചിട്ടില്ല, ഇനി വായിക്കുകയുമില്ല.harshitha
പങ്കജ് ലംമ്പയുമായിട്ടുള്ള വിവാഹത്തിന് ശേഷം ഏപ്രിൽ 30നാണ് ഹർഷിത ബ്രെല്ല എന്ന 24കാരി ലണ്ടണിലേക്ക് പോയത്. 2023 ഓഗസ്‌റ്റിലായിരുന്നു പങ്കജ് ലംമ്പയുടേയും ഹർഷിത ബ്രെല്ലയുടേയും വിവാഹം. ലണ്ടണിലേക്ക് പോകാനുള്ള വിസ നടപടികൾക്കായുള്ള ഒരു കോടതി വിവാഹമായിരുന്നു അത്. ശേഷം ഒക്ടോബറിൽ പങ്കജ് ലണ്ടണിലേക്ക് പോയി. 2024 മാർച്ചിൽ ഡൽഹിയിൽ വെച്ച് ആചാരപ്രകാരം വിവാഹം കഴിച്ച ദമ്പതികൾ പിന്നീട് ഒരുമിച്ച് ലണ്ടണിലേക്ക് പോവുകയായിരുന്നു. വൈകാതെ തന്നെ ഹർഷിതക്ക് ലണ്ടണിലെ ഒരു സ്ഥാപനത്തിൽ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ലഭിക്കുകയും ചെയ്‌തു. ലണ്ടണിലേക്ക് മാറിയതിന് ശേഷം മുടങ്ങാതെ അവൾ തങ്ങളെ വിളിക്കാറുണ്ടായിരുന്നുവെന്ന് ഹർഷിതയുടെ പിതാവ് സത്‌ബിർ ബ്രെല്ല പറയുന്നു.
നവംബർ 10ന് 40 മിനിറ്റോളം നീണ്ട വീഡിയോ കോളിന് ശേഷം ഹർഷിതയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായി. നവംബർ 11ന് അവളുടെ ഫോണിലേക്ക് വൈഫൈ കോളുകൾ കണക്ട് ചെയ്യാനായില്ല. നവംബർ 12ന് പങ്കജിന്റെ ഫോണിലേക്ക് സത്‌ബിർ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പങ്കജിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. നവംബർ 15ന് രാവിലെ 11.30ന് ഡൽഹിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഒരു ഫോൺ കോൾ വരികയും ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടുവെന്ന് അറിയിക്കുകയുമായിരുന്നു.
നവംബർ 14ന് ഈസ്റ്റ് ലണ്ടണിലെ ബ്രിസ്‌ബേൻ റോഡിൽ കിടന്നിരുന്ന പങ്കജ് ലംമ്പയുടെ കാറിനുള്ളിൽ നിന്നുമാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. നവംബർ 15ന് ലെസ്‌റ്റർ റോയൽ ആശുപത്രിയിലെ പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് ഹർഷിതയെ
കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ടതായി സംശയിക്കുന്ന പങ്കജിനായി യുകെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പങ്കജ് ഒരു കമ്പനി ജീവനക്കാരൻ അല്ലായിരുന്നുവെന്നും യുകെയിലെ സെക്യൂരിറ്റി ഗാർഡായിരുന്നുവെന്നും പിന്നീട് ബോധ്യപ്പെട്ടുവെന്ന് ഹർഷിതയുടെ സഹോദരി സോണിയ ബ്രെല്ല പറഞ്ഞു. എന്നാൽ ഹർഷിത നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് പങ്കജിന് ആ ജോലി നഷ്ടപ്പെട്ടു.
പങ്കജ് ഹർഷിതയെ സ്ഥിരമായി മർദിച്ചിരുന്നു. തുടർന്ന് പങ്കജിനെതിരെ ഹർഷിത ഗാർഹിക പീഡന പരാതി നൽകി. അവളോട് ഡൽഹിയിലേക്ക് മടങ്ങിപോകാൻ യുകെ പോലീസ് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഹർഷിതക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും അവൾ പങ്കജിനെ ഭയപ്പെട്ടിരുന്നുവെന്ന് ഹർഷിതയുടെ കുടുംബം പറയുന്നു. പലപ്പോഴും ഹർഷിതക്ക് ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും പണമെടുക്കാനായി കാർഡ് ഉപയോഗിച്ചാൽ അവളെ ശകാരിക്കുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹർഷിതയുടെ മരണത്തിൽ പങ്കജിന്റെ കുടുംബത്തിനും പങ്കുള്ളതായി സത്‌ബിർ ബ്രെല്ല പറയുന്നു. ‘പുതിയ ജീവിതത്തെക്കുറിച്ച് ഹർഷിതക്ക് വലിയ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് നീതി ലഭിക്കണം’, സഹോദരി സോണിയ പറയുന്നു. harshitha
content summary; harshitha-death-in-delhi
Leave a Comment