തവള ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ റഷ്യൻ വംശജ അറസ്റ്റിൽ. ഹാർവാർഡ് സർവ്വകലാശാലയിലെ ഗവേഷകകൂടിയായ 30 കാരിയായ കെസെനിയ പെട്രോവയാണ് അറസ്റ്റിലായത്. വെർമോണ്ടിൽ ബുധനാഴ്ച കേസിന്റെ വാദം നടന്നിരുന്നതായാണ് റിപ്പോർട്ട്. പെട്രോവയെ ഉടൻ തന്നെ മസാച്യുസെറ്റ്സിലേക്ക് തിരിച്ചയക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ലൂസിയാനയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയാണ് കെസെനിയ പെട്രോവ.
നേരത്തെ തന്നെ പെട്രോവയെ റഷ്യയിലേക്ക് നാടുകടത്താൻ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് തവള ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ചതിന് ഫെഡറൽ കുറ്റം ചുമത്തിയിരിക്കുന്നത്. 2022 ൽ യുക്രെയ്ൻ അധിനിവേശത്തിനുശേഷം രാഷ്ട്രീയ പീഡനം ഭയന്നാണ് പെട്രോവ റഷ്യയിൽ നിന്ന് പലായനം ചെയ്തതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. റഷ്യയിലേക്ക് നാടുകടത്തിയാൽ താൻ തടവിലാക്കപ്പെടുകയോ മോശമായ കാര്യങ്ങൾ സംഭവിക്കുകയോ ചെയ്യുമെന്ന് പെട്രോവ ഭയപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
20 വർഷം വരെ തടവും 250,000 ഡോളർ വരെ പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് പെട്രോവക്ക് മേൽ ആരോപിച്ചിരിക്കുന്നത് . കഴിഞ്ഞ മാസം ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ പെട്രോവ ഒരു ലാബിൽ നിന്ന് തവള ഭ്രൂണങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പെട്രോവയുടെ കൈയ്യിൽ നിന്നും തവള ഭ്രൂണങ്ങൾ പിടികൂടുന്നത്.
പരിശോധനയിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ഒരു ഫോം ബോക്സിൽ സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൈവ വസ്തുക്കൾ കൊണ്ടുപോകുന്ന കാര്യം പെട്രോവ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവ കൈവശം വച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. അവരുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളും തവള ഭ്രൂണങ്ങൾ കടത്തലുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ്. എന്നാൽ താൻ കൊണ്ടുവന്ന വസ്തുക്കൾക്ക് ഡിക്ലറേഷൻ വേണമെന്ന് അറിയില്ലായിരുന്നുവെന്ന് പെപെട്രോവ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പെട്രോവയുടെ വിസ റദ്ദാക്കിയതായാണ് റിപ്പോർട്ട്. മൂന്ന് മാസമായി ലൂസിയാനയിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിലാണ് പെട്രോവ കഴിയുന്നത്. എന്നാൽ കേസ് ആദ്യം ഫയൽ ചെയ്ത മസാച്യുസെറ്റ്സിലേക്ക് തിരികെ മാറ്റണമെന്നാണ് ഇപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പെട്രോവയുടെ വിസ റദ്ദാക്കാനോ കസ്റ്റഡിയിലെടുക്കാനോ ഉദ്യോഗസ്ഥർക്ക് നിയമപരമായ അനുവാദമില്ലെന്നാണ് അഭിഭാഷകൻ പറയുന്ന വാദം. തെറ്റ് മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പെട്രോവയുടെ അറസ്റ്റെന്നും അഭിഭാഷകൻ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, പെട്രോവ ഫെഡറൽ ഉദ്യോഗസ്ഥരോട് കള്ളം പറയുകയും സത്യം വെളിപ്പെടുത്താതെ ഭ്രൂണങ്ങൾ കടത്താൻ പദ്ധതിയിടുകയും ചെയ്തുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പറഞ്ഞതായി ദി ന്യൂ ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഫോണിൽ കണ്ടെത്തിയ സന്ദേശങ്ങൾ ഈ ആരോപണത്തെ പിന്തുണയ്ക്കുന്നുവെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്അറിയിച്ചു.
Content Summary: Harvard Scientist Charged With Smuggling Frog Embryos