June 23, 2025 |

ഹരിയാനയിലെ കോണ്‍ഗ്രസ് പ്രതീക്ഷിച്ചതും പിഴച്ചതും

ഇത്രമാത്രം ഉറപ്പോടെ കോണ്‍ഗ്രസ് ഹരിയാനയിലെ വിജയം പ്രതീക്ഷിച്ചത് എന്തുകൊണ്ടാണ്? എന്നിട്ടും എവിടെയാണ് അവര്‍ക്ക് പിഴച്ചത്?

എട്ട് മണിക്കാരംഭിച്ച ഹരിയാന തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം നാടകീയമായി തിരിഞ്ഞ് ബി.ജെ.പിക്ക് അനുകൂലമായി മാറിയെങ്കിലും ഉച്ചയ്ക്ക് രണ്ടര മണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് തിരിച്ച് വരുമെന്നും ഭരണത്തിലേറുമെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്രമാത്രം ഉറപ്പോടെ കോണ്‍ഗ്രസ് ഹരിയാനയിലെ വിജയം പ്രതീക്ഷിച്ചത് എന്തുകൊണ്ടാണ്? എന്നിട്ടും എവിടെയാണ് അവര്‍ക്ക് പിഴച്ചത്?

കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍
1.
2019 ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് സീറ്റും ബി.ജെ.പി നേടിയതിന് ഏതാണ്ട് ആറ് മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷം നേടാതിരുന്ന അവര്‍ ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഭരിച്ചത്.

2. സര്‍ക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നു. രാജ്യത്തേറ്റവും രൂക്ഷമായ തൊഴിലില്ലായ്മ, സൈനിക സേവനത്തെ പ്രധാനമായി കാണുന്ന ചെറുപ്പക്കാരെ നിരാശപ്പെടുത്തുന്ന അഗ്‌നിവീര്‍ പദ്ധതി, കാര്‍ഷിക സമരങ്ങള്‍, ഹരിയാനയുടെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്ക് നേരെ നടന്ന അപമാനം എന്നിവ ബി.ജെ.പിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെയുള്ള വികാരങ്ങളായി നിലനിന്നിരുന്നു.

3. സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള സമുദായമായ ജാട്ടുകളുടെ പിന്തുണ. ബന്‍സിലാല്‍-ദേവിലാലുമാരുടെ കാലം മുതല്‍ ജാട്ട് നേതൃത്വമായിരുന്നു പലപ്പോഴും ഹരിയാനയ്ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ ഹൂഡയും ജാട്ട് സമുദായത്തില്‍ നിന്നുള്ളയാളാണ്. കാര്‍ഷിക പ്രശ്നങ്ങള്‍ മുതല്‍ ഗുസ്തിക്കാരുടെ അപമാനം വരെ ജാട്ടുകളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളായതിനായില്‍ ജാട്ട് സമൂഹത്തിന്റെ പിന്തുണ കോണ്‍ഗ്രസിനുള്ളതില്‍ വലിയ പ്രതീക്ഷയായിരുന്നു. അത് കൂടാതെയാണ് ദളിത് പിന്തുണയും.

4. ജാട്ട്-ദളിത്-മുസ്ലീം എന്നിങ്ങനെയുള്ള സമുദായ സമവാക്യവും പി.കെ.ജെ അഥവാ പയ്ല്‍വാന്‍, കിസാന്‍, ജവാന്‍ എന്ന പ്രചരണ സമവാക്യവും ഗുണം ചെയ്യും എന്ന് പ്രതീക്ഷിച്ചു.

5. നരേന്ദ്ര മോദിയെ മുന്‍ നിര്‍ത്തിയുള്ള ബി.ജെ.പിയുടെ പ്രചരണങ്ങള്‍ മറ്റ് പലയിടത്തുമെന്ന പോലെ ഹരിയാനയിലും ജനങ്ങള്‍ക്ക് മടുത്ത് തുടങ്ങിയിരുന്നു. അതുകൊണ്ട് ആ തരംഗം ഏല്‍ക്കില്ല എന്ന ഉറപ്പ്.

കോണ്‍ഗ്രസിന്റെ പിഴവുകള്‍
1
. പ്രാദേശിക പാര്‍ട്ടികളുടെ ശക്തിക്ഷയം:

കഴിഞ്ഞ എത്രയോ കാലമായി ഹരിയാണയിലെ തിരഞ്ഞെടുപ്പ് ത്രികോണ രീതിയിലായിരുന്നു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാല്‍ 1996-ല്‍ രൂപവത്കരിച്ച ഐ.എന്‍.എല്‍.ഡിക്ക് (ഇന്ത്യന്‍ നാഷണല്‍ ലോക്താന്ത്രിക് ദള്‍) പിന്നീട് ശക്തി ക്ഷയിച്ചുവെങ്കിലും മകന്‍ ഓംപ്രകാശ് ചൗട്ടാലയും അദ്ദേഹത്തിന്റെ മകന്‍ അഭയ്സിംഗ് ചൗട്ടാലയും പാര്‍ട്ടിക്ക് നേതൃത്വം കൊടുത്ത് പോന്നു. അഭയ്സിംഗ് ചൗട്ടാലയുടെ സഹോദരന്‍ അജിത് സിംഗിന്റെ മകന്‍ ദുഷ്യന്ത് ചൗട്ടാല ഐ.എന്‍.എല്‍.ഡിയില്‍ നിന്ന് വേര്‍ പിരിഞ്ഞ ശേഷം രൂപവത്കരിച്ച ജനനായക് ജനത പാര്‍ട്ടിക്ക് (ജെ.ജെ.പി) 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുപത് ശതമാനത്തോളം വോട്ടുകളും 10 സീറ്റുകളും ലഭിച്ചു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍.ഡിയും ജെ.ജെ.പിക്കും കാര്യമായ വോട്ട് നേടിയില്ല. അഥവാ ബി.ജെ.പി സംസ്ഥാനത്ത് ശക്തിപ്പെട്ടതിന് ശേഷം ആദ്യമായി ഈ തിരഞ്ഞെടുപ്പ് ത്രികോണ, ചതുഷ്‌കോണ രീതികളില്‍ നിന്ന് വിഭിന്നമായി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായി. പ്രദേശിക പാര്‍ട്ടികളുടെ വോട്ട് ഇരു പാര്‍ട്ടികള്‍ക്കുമായി ലഭിച്ചപ്പോള്‍ അത് കാര്യമായി ഗുണം ചെയ്തത് ബി.ജെ.പിക്കാണ്. അഥവാ ഭരണവിരുദ്ധ വികാരം കൊണ്ട് നഷ്ടപ്പെട്ട സ്വന്തം വോട്ടുകള്‍ക്ക് പകരം വോട്ടുകള്‍ ലഭിക്കാനുള്ള സാഹചര്യം ബി.ജെ.പിക്ക് ലഭിച്ചു.

2. ജാട്ട് ഇതര സമുദായങ്ങളുടെ ഐക്യം

ബന്‍സിലാല്‍-ദേവിലാലുമാരുടെ കാലം മുതല്‍ ഭൂരിപക്ഷ ജാട്ട് സമുദായത്തിന്റെ നേതൃത്വത്തിലുള്ള ഭരണമായിരുന്നു ഹരിയാനയില്‍. ബി.ജെ.പി ഭരിച്ച കഴിഞ്ഞ രണ്ട് ടേമിനും ജാട്ട് ഇതര മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. പഞ്ചാബി ഖേത്രിയായ മനോഹര്‍ലാല്‍ ഖട്ടറും സൈനി വിഭാഗത്തില്‍ പെട്ട നായബ് സിങ്ങും. കോണ്‍ഗ്രസിനെ നയിക്കുന്ന ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ നേതൃത്വത്തില്‍ വിണ്ടും ജാട്ട് ഭരണം സംസ്ഥാനത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന ശ്രുതി ജാട്ട് ഇതര വോട്ടര്‍മാരെ ഒരുമിപ്പിച്ചു. 2014 മുതല്‍ ജാട്ടുകള്‍ക്കെതിരെ 35 സമുദായങ്ങളെ യോജിപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്ന ബി.ജെ.പിയുടെ തന്ത്രത്തെ കോണ്‍ഗ്രസ് വിലകുറച്ച് കണ്ടു.

3. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ അമിതായ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് വിജയം അടുത്ത് കഴിഞ്ഞുവെന്ന് അവര്‍ കണക്ക് കൂട്ടി. തിരഞ്ഞെടുപ്പ് ഫലം കൊടുങ്കാറ്റായിരിക്കുമോ സുനാമിയായിരിക്കുമോ എന്ന് മാത്രമായിരുന്നു അവരുടെ സംശയം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആകട്ടെ ഭൂപീന്ദര്‍ ഹുഡയ്ക്ക് പൂര്‍ണമായും കാര്യങ്ങള്‍ വിട്ടു നല്‍കി. ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് ഹൂഡ തന്നെയാണ്. രണ്‍ദീപ് സുര്‍ജേവാല, കുമാരി ഷെല്‍ജ തുടങ്ങിയ വലിയ നേതാക്കള്‍ക്ക് കാര്യമായ പരിഗണന തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. ജാട്ട് ഇതര നേതാക്കളെ കോണ്‍ഗ്രസിന്റെ നേതാക്കളായി അവതരിപ്പിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.

4. ബി.ജെ.പിയുടെ മൈക്രോ മാനേജ്മെന്റ്

തിരഞ്ഞെടുപ്പില്‍ ഒരോ മണ്ഡലത്തിലും ബിജെപി ശ്രദ്ധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അതേ സമുദായത്തില്‍ പെട്ട ധാരാളം സ്വതന്ത്രരെ അവര്‍ അണിനിരത്തി. കോണ്‍ഗ്രസിന്റെ ഒരോ ജാട്ട് നേതാക്കളും പത്തിലധികം സ്വതന്ത്രന്മാരെയാണ് നേരിട്ടത്. സൈനിയെ മുന്‍ നിര്‍ത്തി ഒബിസി വോട്ടുകള്‍ക്ക് വേണ്ടി അവര്‍ പ്രത്യേകം ശ്രമം നടത്തി. അമിത് ഷായും സംസ്ഥാനത്തിന്റെ ചുമതലുള്ള ധര്‍മ്മേന്ദ്ര പ്രധാനും ഒരോ പ്രദേശങ്ങളിലും ശ്രദ്ധവച്ചു. ഗുജ്ജര്‍ വോട്ടുകള്‍ പൂര്‍ണമായും അവര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. കോണ്‍ഗ്രസാകട്ടെ മൈക്രോ മാനേജ്മെന്റില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. രാഹുല്‍ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മണ്ഡലത്തില്‍ താമസിച്ച് ഒരോ മണ്ഡലങ്ങളിലേയും കാര്യങ്ങള്‍ ഉറപ്പ് വരുത്തിയില്ല. പ്രചരണം പോലും കഴിയുന്നത്ര സംസ്ഥാന നേതാക്കള്‍ക്ക് വിട്ടു നല്‍കി.

5. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും

കുറച്ച് കാലമായി തന്നെ ആഭ്യന്തര പ്രശ്നങ്ങള്‍ ഹരിയാനയിലെ കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ടായിരുന്നു. കുമാരി ഷെല്‍ജ കോണ്‍ഗ്രസ് വിടുമെന്ന് വരെ ഊഹാപോഹമുണ്ടായി. മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മകന്റെ ഭാര്യയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും 2024-ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് പോയത്. ഹൂഡയുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു ഈ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രുതി ചൗധരി ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ഹരിയാനയിലെ കോണ്‍ഗ്രസിലെ ഏറ്റവും വലിയ ചര്‍ച്ച മുഖമന്ത്രി ആരാകുമെന്നായിരുന്നു. ഭൂപീന്ദര്‍ ഹുഡയ്ക്കൊപ്പം കുമാരി ഷെല്‍ജയുടെ പേരും വ്യാപകമായി ചര്‍ച്ച ചെയ്തു. എക്സിറ്റ് പോള്‍ ഫലം കൂടി വന്നതോടെ ആ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. അതോടൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയവും വലിയ പരാജയമായി. ഹൂഡയുടെ താതപര്യക്കാര്‍ക്ക് സീറ്റുകള്‍ അധികം ലഭിച്ചത് വലിയ കുഴപ്പങ്ങള്‍ക്ക് വഴി വച്ചു.

അഥവാ കപ്പിനും ചുണ്ടിനുമിടയിലാണ് കോണ്‍ഗ്രസിന്റെ വലിയ വിജയം ഇല്ലാതായത്. ജമ്മു കശ്മീരില്‍ ഇന്ത്യ മുന്നണി നേടിയ വലിയ വിജയത്തിനൊപ്പം ഹരിയാനയില്‍ കൂടി വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ വരുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ അതൊരു ഇന്ത്യ സഖ്യത്തിന് അതൊരു ധാര്‍മ്മിക ശക്തിയായി പ്രവര്‍ത്തിച്ചേനെ. എന്നാല്‍ 2024-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞത് നിമിത്തം ഉണ്ടായ രാഷ്ട്രീയ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പിക്ക് കരകയറാനുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പ് ഫലം മാറിയത്.  haryana assembly election reasons for congress defeat

Content Summary; haryana assembly election reasons for congress defeat

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×