കാക്കി മാറ്റി കറുത്ത സ്യൂട്ടിൽ സെലെൻസ്കി; ‘സ്റ്റൈലിഷ് ലുക്ക്’ എന്ന് ട്രംപ്

ട്രംപുമായുള്ള കൂടിക്കാഴ്ചകളിൽ സെലെൻസ്കി വേഷം മാറ്റുന്നത് ഇത് ആദ്യമായല്ല

zelensky

വൈറ്റ് ഹൗസിൽ കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വസ്ത്രധാരണത്തെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. സൈനിക വേഷം ഒഴിവാക്കി കറുത്ത സ്യൂട്ട് ധരിച്ചാണ് സെലെൻസ്‌കി എത്തിയത്.

കാബിനറ്റ് റൂമിൽ നടന്ന ഉച്ചഭക്ഷണ ചർച്ചയ്ക്കിടെ ട്രംപ് തന്നെ ഈ വേഷമാറ്റത്തെ അഭിനന്ദിച്ചു. “ഈ ജാക്കറ്റിൽ അദ്ദേഹം സുന്ദരനായിരിക്കുന്നു, അതെ, മനോഹരം, ആളുകൾ ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് വളരെ സ്റ്റൈലിഷാണ്, എനിക്കിഷ്ടപ്പെട്ടു.”

ട്രംപുമായുള്ള കൂടിക്കാഴ്ചകളിൽ സെലെൻസ്കി വേഷം മാറ്റുന്നത് ഇത് ആദ്യമായല്ല. ഓഗസ്റ്റിൽ നടന്ന കൂടിക്കാഴ്ചയിലും അദ്ദേഹം കറുത്ത ഔപചാരിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. അന്നും യുഎസ് പ്രസിഡൻ്റ് ഇത് ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തു.

എന്നാൽ, ട്രംപ് അധികാരമേറ്റ ശേഷം ഫെബ്രുവരിയിൽ നടന്ന ആദ്യ കൂടിക്കാഴ്ചയിലെ സെലെൻസ്കിയുടെ വേഷം വിവാദത്തിന് കാരണമായിരുന്നു. അന്ന് അദ്ദേഹം ധരിച്ച കറുത്ത പോളോ ഷർട്ടും സൈനിക ശൈലിയിലുള്ള ട്രൗസറും ട്രംപിനും ചില ഉദ്യോഗസ്ഥർക്കും ഇഷ്ടമായില്ല. ഇത് വൈറ്റ് ഹൗസിനോടുള്ള ബഹുമാനക്കുറവായി അന്ന് അവർ വ്യാഖ്യാനിച്ചു.

അന്ന് സെലെൻസ്കിയോട് ഒരു മാധ്യമപ്രവർത്തകൻ, “നിങ്ങൾ എന്തിനാണ് സ്യൂട്ട് ധരിക്കാത്തത്? ഈ രാജ്യത്തെ ഏറ്റവും ഉയർന്ന ഓഫീസിലാണ് നിങ്ങൾ നിൽക്കുന്നത്, എന്നിട്ടും നിങ്ങൾ അതിന് വിസമ്മതിക്കുന്നു. നിങ്ങൾക്ക് സ്വന്തമായി ഒരു സ്യൂട്ട് പോലുമുണ്ടോ?” എന്ന് ചോദിച്ചിരുന്നു. അന്ന് സെലെൻസ്കിയുടെ മറുപടി ഇതായിരുന്നു: “യുക്രെയ്നിൽ സമാധാനം തിരികെ വരുന്നത് വരെ സൈനിക വേഷം ധരിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിട്ടുണ്ട്.”

ഈ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ വേഷമാറ്റം ട്രംപിൻ്റെ ഇഷ്ടത്തെ മാനിച്ചുകൊണ്ടുള്ള നീക്കമായി നിരീക്ഷകർ കരുതുന്നു. സെലെൻസ്കി ധരിച്ച, കീവ് ആസ്ഥാനമായുള്ള വിക്ടർ അനിസിമോവ് രൂപകൽപ്പന ചെയ്ത കറുത്ത ജാക്കറ്റ് പല അവസരങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. പോപ്പ് ഫ്രാൻസിസിൻ്റെ സംസ്കാര ചടങ്ങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ച, നാറ്റോ ഉച്ചകോടി എന്നിവയിലെല്ലാം ഇതേ ലുക്കിൽ അദ്ദേഹം എത്തിയിരുന്നു.

content summary: ‘He Looks Beautiful’: Zelensky’s ‘Very Stylish’ Jacket Gets Nod From Trump

This post was last modified on October 21, 2025 6:53 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment