December 11, 2024 |

ഭയപ്പെടുത്തി ഡെങ്കി, വീണ്ടും വന്നാല്‍ ഗുരുതരമാകാം: മുന്നറിയിപ്പ്

പനിബാധിതര്‍ 10,000ത്തിലധികം

സംസ്ഥാനത്ത് ആശങ്കയായി ഡെങ്കി പനിയുടെ വ്യാപനം. ദിവസവും പതിനായിരത്തോളം പേരാണ് ദിവസവും ഡെങ്കി പനിയില്‍ ചികില്‍സ തേടുന്നത്. കഴിഞ്ഞമാസം പനിയ്ക്ക് ചികില്‍സ തേടിയത് 2.29 ലക്ഷം ആളുകളുമാണ്. ഇതിനിടെയാണ് ഡെങ്കി ആവര്‍ത്തിച്ച് വന്നാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കിയത്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.  പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം.

ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്

പനി-22,9772
7 മരണം

ഡെങ്കിപ്പനി-2013
3മരണം

വെസ്റ്റ് നൈല്‍-5
2മരണം

എലിപ്പനി-268
18മരണം

എച്ച്.വണ്‍.എന്‍.വണ്‍-308-
5മരണം

മഞ്ഞപിത്തം-542
5മരണം

മന്ത്-1714

ഷിഗല്ല-23

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടര്‍ന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാല്‍ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

ലക്ഷണങ്ങള്‍

ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഡെങ്കിപ്പനി മൂര്‍ച്ചിച്ച് കഴിഞ്ഞാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം അസഹനീയമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക,  രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി, കറുത്ത നിറത്തില്‍ മലം പോകുക, അമിതമായ ദാഹം എന്നീ ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.

എങ്ങനെ പ്രതിരോധിക്കാം?

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നത് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ രോഗിക്ക് മതിയായ വിശ്രമം നല്‍കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്.
രോഗം വന്ന് കഴിഞ്ഞാല്‍ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവര്‍ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നല്‍കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുക് പെറ്റുപെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം. മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, ബോട്ടിലുകള്‍, ടയറുകള്‍ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബ്ബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം. വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മുടാന്‍ ശ്രദ്ധിക്കണം. കൊതുകു വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്.

 

English Summary: Health department issues alert against dengue fever

×