February 17, 2025 |
Share on

ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നത് തലച്ചോറിനെ തകരാറിലാക്കുമോ?

‘ബോക്‌സിങ് ഉള്‍പ്പടെയുള്ള കായിക ഇനങ്ങളിലൂടെ സംഭവിക്കുന്ന ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫുട്‌ബോളില്‍ ഇത് എത്രത്തോളമെന്നറിയില്ല.

ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നത് ആരോഗ്യത്തിനു ദോഷമാണോ? കളിക്കിടയില്‍ ആവര്‍ത്തിച്ചുള്ള ഹെഡിങ് തലച്ചോറിനെ തകരാറിലാക്കുമോ? 300 പഴയകാല പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കി നടക്കാനിരിക്കുന്ന പഠനം ആണിത്. 50നും 85നും ഇടയില്‍ പ്രായക്കാരായ, ഫുട്‌ബോള്‍ ഗ്രൗണ്ടിനോട് വിടപറഞ്ഞ വ്യക്തികളുടെ ശാരീരികാവസ്ഥ, ആരോഗ്യസംബന്ധമായ മറ്റു വിഷയങ്ങള്‍ എന്നിവ സര്‍വേയിലൂടെ രേഖപ്പെടുത്തും.

ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നിലവിലെ കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഗ്രൗണ്ടില്‍ ഡിഫെന്‍സ്, സെന്റര്‍ ഫോര്‍വേഡ് നിരയില്‍ കളിക്കുന്ന താരങ്ങളും ബോള്‍, ഹെഡ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് എപ്പോഴും എത്തിച്ചേരാത്ത താരങ്ങളും ആരോഗ്യകാര്യത്തില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും പഠിക്കും.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും, ക്വീന്‍ മേരി സര്‍വകലാശാലയും സംയുക്തമായാണ് പഠനം നടത്തുക. 1946 ബര്‍ത്ത് കോഹോര്‍ട്ട് എന്നറിയപ്പെടുന്ന,ഒരു കാലഘട്ടത്തിലെ ജനസംഖ്യാനുപാതമായ ആരോഗ്യനിലയുടെ പഠനവുമായി ഈ റിസള്‍ട്ട് താരതമ്യപ്പെടുത്തും.

2016-ല്‍ നടന്ന റഗ്ബി ഫുട്‌ബോള്‍ യൂണിയന്‍ പഠനത്തിന് സമാനമായ ഗവേഷണമാണ് നടക്കാനിരിക്കുന്നത്. അന്നത്തെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കിയ ഡ്രെയ്ക്ക് (drake)ഫൌണ്ടേഷന്‍ പുതിയ കണ്ടത്തലുകള്‍ക്കും സാമ്പത്തിക അടിത്തറ പാകും.

‘ബോക്‌സിങ് ഉള്‍പ്പടെയുള്ള കായിക ഇനങ്ങളിലൂടെ സംഭവിക്കുന്ന ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫുട്‌ബോളില്‍ ഇത് എത്രത്തോളമെന്നറിയില്ല. എങ്കിലും ഹെഡിങ്ങിന്റെ അനുബന്ധ ഫലങ്ങള്‍ ഉറപ്പായും മുന്‍കൂട്ടി മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, ലോകമാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഒരു കായികഇനം ആയതുകൊണ്ട്’-ഗവേഷകന്‍ പ്രൊഫ. നീല്‍ പേര്‍സ്  പ്രതികരിച്ചത്.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ ആരോഗ്യനിലയില്‍ അങ്ങേയറ്റം ശ്രദ്ധിക്കാന്‍ തുടങ്ങുക ഈ പഠനത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് പോലുള്ള അസുഖങ്ങള്‍ക്ക് ബോള്‍ ഹെഡിങ് കാരണമാകുമെന്ന ഒരു പഠനഫലം പുറത്തുവന്നതാണ്, ഇപ്പോള്‍ ഈ ഗവേഷണത്തിലേക്ക് സംഘത്തെ നയിച്ചത്.

ലണ്ടന്‍, കാര്‍ഡിഫ് സര്‍വകലാശാലകളിലെ ഗവേഷകര്‍ 2017 ഫെബ്രുവരിയില്‍ പുറത്തിറക്കിയ പഠനവും പുതിയ നീക്കങ്ങള്‍ക്ക് അടിത്തറയാകും. മരണപെട്ട 6 മുന്‍ഫുട്‌ബോള്‍ താരങ്ങളുടെ പോസ്റ്റ്മോര്‍ടെം റിപ്പോര്‍ട്ടില്‍ തലച്ചോറിന് ക്ഷതമേറ്റതായുള്ള കണ്ടെത്തലായിരുന്നു അത്. ബിബിസി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ചയാക്കിയിട്ടുണ്ട്. 2002ല്‍ തന്റെ 59ആം വയസ്സില്‍ മരണമടഞ്ഞ വെസ്റ്റ് ബ്രോം മുന്‍ താരം ജെഫ് ആസിലിന്റെ മരണകാരണം ഡിമെന്‍ഷ്യ ആയിരുന്നു എന്ന് ആആഇ തയ്യാറാക്കിയ ഡോക്യുമെന്ററി വ്യക്തമാക്കുന്നുണ്ട്.

ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സഹകരണത്തോടെ വിവിധ ഫുട്‌ബോള്‍ സംഘടനകള്‍ 2017 നവംബറില്‍ താരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംബന്ധിച്ച പഠനത്തിന് തയ്യാറെടുത്തിരുന്നു. പക്ഷെ വരാനിരിക്കുന്ന പഠനത്തിനോളം ആഴമുള്ള നിരീക്ഷണങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് വാസ്തവം. ഇത്തരത്തിലുള്ള ഒരു പഠനത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ഡ്രെയ്ക്ക് ഫൗണ്ടേഷന്‍ പറയുന്നത്. തീരുമാനത്തെ പ്രൊഫഷണല്‍ ഫുട്‌ബോളെര്‍സ് അസോസിയേഷനും സ്വാഗതം ചെയ്തു.

×