ഇറ്റലിയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരം​ഗം; ഏറ്റവും ചൂടേറിയ മാസമായി ജൂൺ

ഔട്ട്ഡോർ ജോലികൾക്ക് നിരോധനം

തെക്കൻ യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ഉഷ്ണതരം​ഗം തുടരുന്നതിനാൽ ഇറ്റലിയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഔട്ടഡോർ ജോലികൾ നിരോധിച്ചു. ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ പുറത്തെ ജോലികൾ ചെയ്യരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശമെന്ന് ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇറ്റലിയിൽ ലോംബാർഡി, എമിലിയ-റൊമാഗ്ന എന്നിവയുൾപ്പെടെ 11 പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 4:00 വരെ തുറസ്സായ സ്ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബൊളോണയ്ക്ക് സമീപം 47 വയസ്സുള്ള ഒരു നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്നാണ് നടപടി. വിസെൻസയ്ക്ക് സമീപം മറ്റ് രണ്ട് തൊഴിലാളികൾ ബോധരഹിതരായി വീണിരുന്നു.

യൂറോപ്പിലുടനീളമുള്ള അതിശക്തമായ ചൂട് മൂലം മൂന്ന് മരണങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സമീപ ദിവസങ്ങളിൽ ഇറ്റലിയിൽ നിർജ്ജലീകരണം കാരണം ആശുപത്രികളിൽ അടിയന്തര പ്രവേശനങ്ങൾ നേടിയവരുടെ എണ്ണം15 മുതൽ 20 ശതമാനം വരെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രായമായവരാണ് നിർജ്ജലീകരണം മൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്. തുർക്കിയിൽ ഉഷ്ണതരംഗം കഠിനമായത് കാട്ടുതീക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്. പതിനായിരക്കണക്കിന് ജനങ്ങളെയാണ് കാട്ടുതീ കാരണം വീടുകൾ ഒഴിപ്പിക്കേണ്ടി വന്നത്. ഫ്രാൻസിന്റെ ചില ഭാഗങ്ങളിൽ ക്ലാസ് മുറികൾ അപകടകരമാംവിധം ചൂടായതിനാൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്.

വടക്കേ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണക്കാറ്റ് ക്രൊയേഷ്യയിലേക്ക് വ്യാപിക്കുകയും ഇവിടങ്ങളിൽ താപനില കുതിച്ചുയരുന്നതിനു കാരണമാകുകയും ചെയ്തു. തീവ്രമായ ഉഷ്ണതരംഗമാണ് ഇപ്പോഴുള്ളതെന്നും സാധാരണയായി ജൂലൈയിലും ഓഗസ്റ്റ് ആദ്യവും ഭൂഖണ്ഡത്തിൽ ഉയർന്ന താപനില അനുഭവപ്പെടാറുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിനാൽ യൂറോപ്പിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട നിലയിലാണ്. പാരീസിൽ, താപനില 38°C ലേക്ക് എത്തിയതിനെ തുടർന്ന് ഐഫൽ ടവറിന്റെ മുകൾഭാഗം അടച്ചിരുന്നു.

ഉഷ്ണതരംഗത്തിൽ കൂടുതൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ കമ്പനികളോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം പുറത്തെ ജോലി സാഹചര്യങ്ങളെ കൂടുതൽ അപകടകരമാക്കിയിട്ടുണ്ടെന്നും തൊഴിലാളി സംരക്ഷണത്തിന് മുൻ‌ഗണന നൽകണമെന്നുമാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.

ശക്തമായ കാറ്റിനെ തുടർന്ന് ഫ്രാൻസിന്റെ ദേശീയ റെയിൽ കമ്പനിയായ എസ്‌എൻ‌സി‌എഫ് ഫ്രാൻസിനും ഇറ്റലിക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ ദിവസങ്ങളോളം നിർത്തിവച്ചു. 2025 ജൂണിലേത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്നാണ് സ്പെയിനിന്റെ കാലാവസ്ഥാ ഏജൻസിയായ എമെറ്റ് റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലുടനീളമുള്ള നിരവധി സ്കൂളുകൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ എന്നിവ ഇത്രയും കഠിനമായ ചൂടിനെ നേരിടാൻ സജ്ജമല്ലെന്ന് വ്യവസായ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പല യൂറോപ്യൻ നഗരങ്ങളിലും അസാധാരണമാംവിധം ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്.

Content Summary: heatwave in Europe; Italy bans outdoor work

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment