July 13, 2025 |

കാലവർഷം നീളും; കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ ജില്ലകളിലാണ് വരുന്ന ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത

സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് വരുന്ന ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദ​ഗ്ധൻ അഴിമുഖത്തോട് പറഞ്ഞു. അതിൽ കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിലാണ് അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വിദ​ഗ്ധൻ വ്യക്തമാക്കി.

‘കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. അതിതീവ്രമായ മഴയും അതിശക്തമായ മഴയും വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസം റെഡ് അലർട്ടാണ് രണ്ട് ജില്ലകളിലും നൽകിയിരുന്നത്. എന്നാൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വരുന്ന മൂന്ന് ദിവസങ്ങളിൽ തുടർച്ചയായ മഴയുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ശക്തി കൂടി പരിശോധിച്ചിട്ടാണ് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലാണ് നിലവിൽ മഴ ശക്തി പ്രാപിക്കുന്നത്. അതിൽ പ്രധാന ഇടങ്ങളായി നിൽക്കുന്നത് കണ്ണൂരും കാസർ​ഗോഡുമാണ്. 200 മില്ലിമീറ്റർ മഴ പെയ്യുന്നതല്ല ഇരുജില്ലകളിലും പ്രശ്നമാകുന്നത്. മറിച്ച് തുടക്കം തന്നെ അവിടെ ധാരാളം മഴ ലഭിച്ചതിനാൽ ഇനിയും മഴ പെയ്താൽ പ്രശ്നമാകാൻ സാധ്യതയുണ്ട്.

ഒരു ദിവസം തുടർച്ചയായി മഴ നിൽക്കാനുള്ള സാധ്യത കുറവാണ്. അതേസമയം, ഇടവേളകളിൽ മഴ ശക്തമാകാനാണ് സാധ്യത. എല്ലാ ദിവസങ്ങളിലും മഴയുണ്ടാകും. എന്നാൽ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മഴയുണ്ടാകില്ല. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രകൃതിക്ഷോഭങ്ങളുടെ സാധ്യത കാണുന്നില്ല.

നിലവിൽ തെക്കൻ ജില്ലകളിൽ വലിയ രീതിയിലുള്ള മഴ ലഭിക്കുന്നില്ല. സ്വാഭാവികമായും മൺസൂണിൽ ലഭിക്കുന്ന മഴ തന്നെയാണ് ഈ വർഷവും ലഭിക്കുന്നത്. മെയ് അവസാന ആഴ്ചയോടടുപ്പിച്ച് ആരംഭിച്ച മൺസൂൺ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജൂൺ 10, 12 തീയതികളിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ നോർമൽ ലെവലിലാണ് മഴ നിൽക്കുന്നത്. ഈ വർഷത്തെ മൺസൂണിന്റെ തുടക്കത്തിൽ കാറ്റിന് നല്ല ശക്തിയുണ്ടായിരുന്നു. ഇപ്പോൾ അത് കുറയുന്നതായാണ് കാണുന്നത്,’ കാലാവസ്ഥാ വിദ​ഗ്ധൻ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

Content Summary: heavy rain in Kerala; Kasaragod and Kannur districts expects extreme rain

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×