June 23, 2026 |
Share on

വരാനിരിക്കുന്നത് അതിശക്തമായ കാറ്റ്; കേരളതീരത്ത് ജാഗ്രതാ നിർദ്ദേശം

മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കൊപ്പം കാറ്റും ശക്തമാവുകയാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിശക്തമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം അതിശക്തമായ കാറ്റ് സംസ്ഥാനത്തെ ഒരു വലിയ ദുരന്തമായി മാറുന്നു. അതിശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗാൾ ഉൾക്കടലിൽ തീവ്രമായ ഒരു ന്യൂനമർദ്ദം ഇന്നലെ തന്നെ രൂപപ്പെട്ടിട്ടുണ്ട്. അത് ഇനി ഒറീസ ജാർഖണ്ഡ് ഭാഗത്തേക്ക് നീങ്ങുന്നത് അനുസരിച്ച് കേരളത്തീരത്ത് കാറ്റുശക്തമാവാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളം അഴിമുഖത്തോട് പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി രാജീവൻ എരിക്കുളം കൂട്ടിച്ചേർത്തു.

മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ദിവസം മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. മഴയേക്കാൾ കൂടുതൽ കാറ്റായിരിക്കും ഉണ്ടാവുന്നത്. മെയ് മാസത്തിൽ കേരളത്തിൽ അനുഭവപ്പെട്ട അതേ തീവ്രത തന്നെ പ്രതീക്ഷിക്കാം. നിലവിൽ ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലാണ് കൂടുതൽ ശക്തമായ കാറ്റു നാശം വിതച്ചയായി റെക്കോർഡ് ചെയ്തിട്ടുള്ളത്.

കേരളത്തിലാകെ കാറ്റു നാശം വിതച്ചായുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിലായി കാറ്റിന്റെ തീവ്രത വർദ്ധിക്കാനാണ് സാധ്യത. നിലവിൽ തെക്കൻ കേരളത്തിൽ ആഞ്ഞടിക്കുന്ന കാറ്റ് അതേ തീവ്രതയിൽ ഈ രണ്ടു ദിവസങ്ങളിലുമായി വടക്കൻ കേരളത്തിലേക്ക് കടന്നേക്കാം. നാശനഷ്ടങ്ങളുടെ തോതും വർദ്ധിച്ചേക്കാം. ന്യൂനമർദ്ദത്തിന്റെ ഫലമായുണ്ടായ കാറ്റിന്റെ തീവ്രത വർദ്ധിക്കാൻ അറബിക്കടലിൽ രൂപപ്പെട്ട ഒരു ന്യൂനമർദ്ദ പാത്തി കൂടി കാരണമായി. മഹാരാഷ്ട്ര മുതൽ കേരളത്തീരം വരെയാണ് ഈ ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടത്. ഈ രണ്ടു കാരണങ്ങൾ കൊണ്ടും കാറ്റു തീവ്രമായേക്കാം. ഒപ്പം മഴയും ഉണ്ടായേക്കാം.

തുടർച്ചയായി മഴ പെയ്യാൻ സാധ്യതക്കുറവാണ്. നിശ്ചിത ഇടവേളകൾക്കിടയിൽ മഴ പെയ്തേക്കാമെന്നാണ് കരുതുന്നത്. അതിനനുസരിച്ചുള്ള മേഘരൂപീകരണമേ അറബിക്കടലിലുള്ളൂ. കാറ്റിന്റെ തീവ്രത വർദ്ധിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായുണ്ട രാജീവൻ എരിക്കുളം വ്യക്തമാക്കി.

content summary: Kerala is expected to experience strong winds over the next two days, with speeds ranging from 50 to 60 kilometers per hour

Leave a Reply

Your email address will not be published. Required fields are marked *

×