കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തിയിരിക്കുകയാണ്. സാധാരണയുള്ളതിലും എട്ട് ദിവസം മുൻപാണ് സംസ്ഥാനത്ത് മഴ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 30 നായിരുന്നു കാലവർഷം ആരംഭിച്ചത്. 16 വർഷത്തിനിടയിൽ ഇതാദ്യമാണ് കാലവർഷം നേരത്തെയെത്തുന്നതെന്നും മെയ് 30 വരെ ശക്തമായ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗധർ അഴിമുഖത്തോട് പ്രതികരിച്ചു. മഴയേക്കാളേറെ നിലവിൽ കാറ്റാണ് കൂടുതലെന്നും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നുമാണ് കാലാവസ്ഥാ വിദഗധർ അഴിമുഖത്തോട് സംസാരിച്ചപ്പോൾ പറഞ്ഞത്.
‘മെയ് 30 വരെ മഴ ശക്തമായി തുടരാനാണ് സാധ്യത. എന്നാൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പുകൾ ഇനി നൽകില്ലായെന്നാണ് മനസിലാകുന്നത്. ഓറഞ്ച് അലർട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്ന തരത്തിലുള്ള മഴയാണ് ഈ മാസം അവസാനം വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത്തവണ നേരത്തെയാണ് കാലവർഷം കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. സാധാരണ ജൂൺ ഒന്നിന് പ്രതിക്ഷിച്ചിരുന്ന മഴ, ഇത്തവണ മെയ് 24ന് എത്തിയിരിക്കുകയാണ്. 16 വർഷത്തിന് ശേഷമാണ് കാലവർഷം നേരത്തെ എത്തിയിരിക്കുന്നത്. സാധാരണയിലും എട്ട് ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ്. 1990 ( മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്.
മഴയെക്കൂടാതെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കാറ്റാണ്. 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് നിലവിൽ കാറ്റ് വീശുന്നത്. എല്ലാ ജില്ലയിലും സമാനമായ രീതിയിലാണ് ഇത്തവണ മഴ ലഭിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അൽപം കുറഞ്ഞ മഴ ലഭിക്കുന്നത്. എന്നാൽ ഏത് നിമിഷം വേണമെങ്കിലും അവിടെയും മഴ കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരേ രീതിയിലുള്ള ജാഗ്രത എല്ലാ ജില്ലകൾക്കും ആവശ്യമാണ്. അടുത്ത ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലെ മഴ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തെ ആശ്രയിച്ചാകും ലഭിക്കുക. എത്രമാത്രം ശക്തമാകുമെന്നും കുറയുമെന്നും ന്യൂനമർദത്തെ അവലേകനം ചെയ്ത് മാത്രമാകും പറയാൻ കഴിയുക.
കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരമാണെങ്കിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നൽകുന്ന തരത്തിൽ മഴ ലഭിച്ചിരുന്നു. മറ്റ് ജില്ലകളിൽ ഓറഞ്ച് ലെവൽ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം മലയോര മേഖലയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മലയോര മേഖലയിലും തീരപ്രദേശങ്ങളിലുമെല്ലാം ശ്രദ്ധ നൽകേണ്ടതുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ്. എല്ലാം തന്നെ നിലവിൽ അടച്ചിരിക്കുകയാണ്’, കാലാവസ്ഥാ വിദഗധർ അഴിമുഖത്തോട് പറഞ്ഞു.
സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര, തീരദേശ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Summary: heavy rain in kerala; Monsoon arrives early
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.