മണിപ്പൂരിൽ മഴക്കെടുതിയിൽ 19,000ലധികം ആളുകൾ ദുരിതത്തിലായതായി റിപ്പോർട്ട്. നദികൾ കരവകവിഞ്ഞ് ഒഴുകിയതും അണക്കെട്ട് തകർന്നതുമാണ് ദുരിതത്തിന് കാരണം. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 3365 വീടുകൾ തകർന്നതായും 19,811 പേർ ദുരിതത്തിലായതായും ഔദ്യോഗിക വൃത്തം അറിയിച്ചു.
ദുരിതബാധിതരെ മാറ്റി താമസിപ്പിക്കാൻ ഇംഫാൽ താഴ്വരയിൽ മാത്രമായി ഏകദേശം 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഹെയ്ൻഗാങ്, വാങ്കെ, ഖുറൈ നിയമസഭകളെയാണ് മഴക്കെടുതി കൂടുതലായി ബാധിച്ചത്. കഴിഞ്ഞ നാല് ദിവത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 47 മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഖുറായ്, ഹെയ്ൻഗാങ്, ചെക്കോൺ പ്രദേശങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തലസ്ഥാനമായ ഇംഫാലിലെ നിരവധി പ്രദേശങ്ങളും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇംഫാൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ചെക്കോൺ പ്രദേശത്തെ സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ റേഡിയോ ഇംഫാൽ സമുച്ചയം, സർക്കാർ സ്ഥാപനമായ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്നിവയുൾപ്പെടെ നിരവധി ഓഫീസുകൾ, ആരോഗ്യ സംവിധാനങ്ങൾ, എന്നിവയുടെ പരിസരത്ത് വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പൊറോമ്പാട്ടിലുള്ള ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസിൽ ചികിത്സയിലായിരുന്ന നിരവധി രോഗികളെ ഞായറാഴ്ച വൈകുന്നേരത്തോടെ മറ്റു ആശുപത്രികളിലേക്ക് മാറ്റി താമസിപ്പിച്ചു. ആശുപത്രികളിൽ വെള്ളം കേറിയതിനെ തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ആളുകളെ ആശുപത്രികളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചത്.
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ഇംഫാൽ പ്രദേശത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇംഫാൽ ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്നായി സൈന്യവും അസം റൈഫിൾസും ചേർന്ന് 800ഓളം പേരെ രക്ഷിച്ചു. അജയ് കുമാർ ഭല്ല, ചീഫ് സെക്രട്ടറി പി കെ സിംഗ് എന്നിവർ ചേർന്ന് ഇംഫാലിലെ കാംഗ്ല നോങ്‌പോക്ക് തോങ്, ലൈറിക്യേങ്‌ബാം ലെയ്‌കായ്, സിംഗ്ജമൈ പാലം എന്നിവ സന്ദർശിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തിയതായി രാജ്ഭവൻ പ്രസ്താവനയിൽ പറയുന്നു. ഇംഫാൽ ജില്ലയിലെ ഇറിൽ നദിയിലെ ജലനിരപ്പ് ജലനിരപ്പ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. മഴ കനത്തതിനെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ സ്കൂളുകൾ ആരംഭിക്കാൻ വെകിയേക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് ഗവർണർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.
content summary: Heavy rainfall has triggered landslides at 47 locations across Manipur, with 3,365 houses reported damaged