January 25, 2025 |

സംസ്ഥാനത്ത് അതി തീവ്രമഴ തുടരും; കോഴിക്കോട് മേഘവിസ്‌ഫോടനമെന്ന് നിഗമനം

ചക്രവാതച്ചുഴി അന്തരീക്ഷച്ചുഴിയായി മാറിയിട്ടുണ്ട്. ഇത് വടക്കന്‍ കേരളത്തില്‍ മഴ സാധ്യത വര്‍ധിപ്പിക്കും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും അറബിക്കടലിലെ ചക്രവാതചുഴിയുടെയും ഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുകയാണ്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നത്. ഇതോടു ചേര്‍ന്ന് അന്തരീക്ഷത്തിന്റെ അപ്പര്‍ ലെയറില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി ഇന്ന് രാവിലെ രൂപപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷകര്‍ പറഞ്ഞു. ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് എത്തുന്നതോടെ തീവ്രന്യൂനമര്‍ദം ആകും.

കുന്ദമംഗലത്ത് ലഘു മേഘവിസ്ഫോടനം

കോഴിക്കോട് ജില്ലയില്‍ ഇന്നലെ ലഘു മേഘ വിസ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ട്. കുന്ദമംഗലത്താണ് തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തത്. കുന്ദമംഗലത്ത് ഇന്ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ 20.8 സെ.മി മഴ ലഭിച്ചെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനി രേഖപ്പെടുത്തുന്നത്. ഇത് പ്രകാരം ലഘു മേഘവിസ്ഫോടനം ആണ് പ്രദേശത്ത് സംഭവിച്ചതെന്ന നിഗമനമാണ് കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ മെറ്റ് ബീറ്റ് നിരീക്ഷകര്‍ക്കുള്ളത്.
രണ്ടു മണിക്കൂറില്‍ 5 മുതല്‍ 10 സെ.മി മഴ ലഭിക്കുന്നതിനെയാണ് ലഘു മേഘവിസ്ഫോടനം എന്നു പറയുന്നത്. സംസ്ഥാനത്ത് മറ്റെവിടെയും ഇത്രയും തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തില്ല. മലപ്പുറം ജില്ലയിലെ തെന്നല (12.1), തൃശൂര്‍ വിലങ്ങന്‍ കുന്ന് (14), എറണാകുളം നോര്‍ത്ത് പറവൂര്‍ (12.1) , എറണാകുളം ചൂണ്ടി (13.3) , പള്ളുരുത്തി (16.8), കോട്ടയം കുമരകം (19.9), കളമശ്ശേരി (11.2), എറണാകുളം കീരംപാറ (11.2), ആലപ്പുഴ കായംകുളം (11.1) സെ.മി അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ കേരളത്തില്‍ അന്തരീക്ഷച്ചുഴി

കേരള തീരത്ത് കണ്ണൂരിനും കാസര്‍കോടിനും ഇടയിലായി രണ്ടു ചക്രവാത ചുഴികളാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നത്. ഇതിലൊന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും മറ്റൊന്ന് മിഡ് ലെവലിലുമായിരുന്നു. ഇതില്‍ താഴ്ന്ന ലെവവിലുള്ള ചക്രവാതച്ചുഴി ഇന്ന് ദുര്‍ബലമായി. എന്നാല്‍ മിഡ് ലെവലിലെ ചക്രവാതച്ചുഴി അന്തരീക്ഷച്ചുഴിയായി മാറിയിട്ടുണ്ട്. ഇത് വടക്കന്‍ കേരളത്തില്‍ മഴ സാധ്യത വര്‍ധിപ്പിക്കും. 5.8 കി.മി ഉയരത്തിലായാണ് ഈ അന്തരീക്ഷച്ചുഴി നിലകൊള്ളുന്നത്.

 

English summary; heavy rainfall predicted in Kerala

×