ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ജാഗ്രത

ചക്രവാത ചുഴിയെ തുടര്‍ന്നാണ് മഴ

ഇന്നും നാളെയും കൂടി മഴ ശക്തമായി തന്നെ തുടരും. ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ പെയ്യുക. നിലവില്‍ എറണാകുളം മുതല്‍ കോഴിക്കോട് വരെ മഴ തുടരുകയാണ്. ഇന്ന് രാത്രിയോടെയും നാളെ രാവിലെയോടെയും കൂടി മഴയുടെ ദിശ വടക്കന്‍ ജില്ലകളിലേക്ക് മാറുമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം അഴിമുഖത്തോട് പറഞ്ഞു.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്രാപിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്.

മധ്യകേരളത്തിന്റെ മുകളിലായി രൂപംകൊണ്ട ചക്രവാത ചുഴിയെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലും വടക്കന്‍ ജില്ലകളിലും മഴ ശക്തമായിരിക്കുന്നത്. ഇന്ന് ഏറ്റവും അധികം മഴ ലഭിച്ചത് എറണാകുളം ജില്ലയില്‍ പിറവത്തായിരുന്നു. 217 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പിന്നെ തൃശൂര്‍ പീച്ചിയില്‍ 126 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് തീരദേശ, മലയോര മേഖലകളില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 40-50 മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും വ്യാഴാഴ്ച മുതല്‍ സാധാരണ രീതിയിലുള്ള മഴയാകും ഉണ്ടാകുകയെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ എറണാകുളം നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം, തൃപ്പൂണിത്തുറ, കളമേശരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരട്-പേട്ട റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് പേട്ടയില്‍ കാര്‍ കാനയില്‍ വീണു. തോപ്പുംപടി സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് അപകടത്തില്‍ പെട്ടത്.

തൃശൂരിലും പാലക്കാടും ശക്തമായ മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. കോട്ടയത്തും, ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകള്‍ ഒഴിവാക്കന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ലോ റേഞ്ചിലാണ് മഴ ശക്തം. മഴ ശക്തമായ സാഹചര്യത്തില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും. കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Heavy rains to continue; alert in kannur and kasargod districts tomorrow

Content Summary: Heavy rains to continue; alert in kannur and kasargod districts tomorrow

This post was last modified on August 5, 2025 3:04 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment