June 03, 2026 |

‘നരകക്കുഴി’ പരിഹാസം: ട്രംപിന്റെ ഇന്ത്യാവിരുദ്ധതയും സൗത്ത് ബ്ലോക്കിന്റെ മൗനവും

ഏറ്റവും ഖേദകരം, ഈ അപമാനത്തോടുള്ള നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ മൃദുലമായ പ്രതികരണമാണ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വന്തം സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോഡ്കാസ്റ്റ് ഉദ്ധരണി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘നരകക്കുഴി’ (hellhole) എന്ന് വിളിച്ച് അപമാനിച്ചിരിക്കുകയാണ്. യാഥാസ്ഥിതിക കമന്റേറ്ററായ മൈക്കിള്‍ സാവേജിന്റെ വാക്കുകളാണ് ട്രംപ് ഉദ്ധരിച്ചത്. ‘ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞ് ഉടന്‍ പൗരനാകും, പിന്നെ അവര്‍ ചൈനയില്‍നിന്നോ ഇന്ത്യയില്‍നിന്നോ അല്ലെങ്കില്‍ ഭൂമിയിലെ മറ്റേതെങ്കിലും നരകക്കുഴിയില്‍നിന്നോ മുഴുവന്‍ കുടുംബത്തെയും കൊണ്ടുവരും.’ അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തെച്ചൊല്ലി (Birthright citizenship) യു എസ് സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വംശീയവും അടിസ്ഥാനരഹിതവുമായ പരാമര്‍ശം ഉണ്ടായത് . യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ജന്മനായുള്ള പൗരത്വം പരിമിതപ്പെടുത്താനാകുമോ എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചാണ് ഈ കേസ് നടക്കുന്നത്. അന്തിമ വിധി ജൂലൈക്ക് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് വിവാദ പരമായ പരാമര്‍ശം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെ, അതിന് പ്രസിഡന്‍ഷ്യല്‍ അംഗീകാരം ലഭിച്ചിരിക്കുമായാണ് .

ട്രംപ് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന ദേശീയവാദ മുദ്രാവാക്യത്തിന്റെ ഉള്‍പ്പിരിവുകളില്‍ എന്നും കുടിയേറ്റക്കാര്‍ക്കെതിരായ വിഷം ഒളിഞ്ഞിരുന്നു. കറുത്ത വര്‍ഗക്കാരെയും ലാറ്റിനോകളെയും പിന്നീട് മുസ്ലിങ്ങളെയും ഇപ്പോള്‍ ഇന്ത്യക്കാരെയും ചൈനക്കാരെയും ലക്ഷ്യമാക്കുന്ന ‘Make America Great Again’ എന്ന ട്രംപിയന്‍ രാഷ്ട്രീയത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണിത്. സിലിക്കണ്‍ വാലിയിലെയും വാള്‍ സ്ട്രീറ്റിലെയും നേതൃസ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ വംശജര്‍ കടന്ന് വരുന്നതില്‍ നിന്നും ഉടലെടുത്ത അസ്വസ്ഥതയാണ് ഇതിന് ആക്കം കൂട്ടുന്നത്. തന്നെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ട്രംപ് എളുപ്പം ഉപയോഗിക്കുന്ന ആയുധമാണ്’അന്യന്‍’ എന്ന നരേറ്റീവ് .

വാക്കുകളേക്കാള്‍ വലിയ ആഘാതമേല്‍പ്പിക്കുന്നതായിരുന്നു ട്രംപിന്റെ നയങ്ങള്‍ . 2025 സെപ്റ്റംബറില്‍ H-1B വിസയുടെ പുതിയ അപേക്ഷകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറിന്റെ ഫീസ് ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ഐടി വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ വിസയുടെ 70 ശതമാനവും ലഭിച്ചിരുന്നത് ഇന്ത്യക്കാര്‍ക്കായിരുന്നു. അത് കൊണ്ട് തന്നെ, ഇന്‍ഫോസിസ്, ടിസിഎസ്, എല്‍ടിഐ മൈന്‍ഡ്ട്രീ, ബിര്‍ലസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ ലക്ഷക്കണക്കിന് സാങ്കേതിക വിദഗ്ധര്‍ വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചു. അതിന് തൊട്ടുമുമ്പ്, 2025 ഓഗസ്റ്റില്‍, റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ താരിഫ് ട്രംപ് അടിച്ചേല്‍പ്പിക്കുകയായിരുന്നു . തുണിത്തരങ്ങള്‍, രത്‌നാഭരണങ്ങള്‍, ചെമ്മീന്‍, ചെറുകിട നിര്‍മ്മാണ മേഖല തുടങ്ങി ഇന്ത്യയുടെ കയറ്റുമതി സമ്പദ്ഘടനയുടെ സിരാവ്യൂഹമാണ് ഈ നടപടി കാരണം തകര്‍ന്നത്. വിയറ്റ്‌നാം, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇതിലും കുറഞ്ഞ താരിഫായിരുന്നു എന്നത് ഇന്ത്യയോടുള്ള വിവേചനത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. നയതന്ത്രതലത്തിലാകട്ടെ, ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചത് താനായിരുന്നു എന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍, പാകിസ്ഥാന്‍ സൈനികനേതൃത്വത്തെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചത്, ക്വാഡ് ഉച്ചകോടി അലങ്കോലപ്പെടുത്തിയത് എന്നിങ്ങനെ ഇന്ത്യയെ അപമാനിക്കുന്ന നിലപാടുകളായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റേ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായത്.

ബില്‍ ക്ലിന്റണ്‍ 2000-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ശീതയുദ്ധാനന്തര ഇന്ത്യ-യുഎസ് സൗഹൃദത്തിന് യഥാര്‍ത്ഥ തുടക്കം കുറിക്കപ്പെട്ടത്. ജോര്‍ജ് ഡബ്ല്യു ബുഷ് 2008-ലെ സിവില്‍ ആണവ കരാറിലൂടെ ഇന്ത്യയുടെ ആണവ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുകയും ഇന്ത്യയെ ‘ഉത്തരവാദിത്വമുള്ള ആണവശക്തി’യായി അംഗീകരിക്കുകയും ചെയ്തു. ഈ കരാറിന്റെ അടിസ്ഥാന രൂപരേഖ 2005 ജൂലൈ 18-ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് രൂപപ്പെട്ടത്. ബരാക് ഒബാമയാകട്ടെ, രണ്ടുതവണ ഇന്ത്യയിലെത്തി, റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ആദ്യ അമേരിക്കന്‍ പ്രസിഡന്റായി ഇന്ത്യയുടെ UNSC സ്ഥിര അംഗത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ഈ സൂക്ഷ്മസന്തുലനത്തെയാണ് ട്രംപ് ഒറ്റവാക്കില്‍ ‘നരകക്കുഴി’ എന്ന് വിളിച്ച് തച്ചുടച്ചത്.

ഏറ്റവും ഖേദകരം, ഈ അപമാനത്തോടുള്ള നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ മൃദുലമായ പ്രതികരണമാണ്. വിദേശ കാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞത് ഇത്രമാത്രം: ‘ഈ പരാമര്‍ശങ്ങള്‍ വ്യക്തമായും അറിവില്ലാത്തതും അനുചിതവും മോശവുമാണ് . പരസ്പര ബഹുമാനത്തിലും താത്പര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാര്‍ത്ഥ്യത്തെ അവ പ്രതിഫലിപ്പിക്കുന്നില്ല.’ ഔപചാരികമായ നയതന്ത്ര ഭാഷയിലുള്ള ഒരു നിരാശാജനകമായ പ്രസ്താവന മാത്രം.
ശക്തമായ പ്രതിഷേധമോ അംബാസഡറെ വിളിപ്പിക്കലോ ഒന്നും ഉണ്ടായില്ല.

എന്നാല്‍, തികച്ചും അപ്രതീക്ഷിതമായ ഒരിടത്തുനിന്ന് ഇന്ത്യക്ക് വേണ്ടി ശക്തമായ ഒരു ശബ്ദം മുഴങ്ങി . ഇറാന്റെ ഭാഗത്ത് നിന്ന്. മുംബൈയിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചതിങ്ങിനെയാണ് : ‘ഒരുപക്ഷേ മിസ്റ്റര്‍ ട്രംപിന് വേണ്ടി ആരെങ്കിലും ഒരു സാംസ്‌കാരിക ശുദ്ധീകരണ യാത്ര ബുക്ക് ചെയ്ത് കൊടുക്കേണ്ടി വരും
അതിലൂടെ അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്തം പറച്ചില്‍ (റാന്‍ഡം ബക്വാസ്)കുറച്ചെങ്കിലും കുറക്കാനാകും. ഇന്ത്യയില്‍ വന്ന് സ്വയം കാണൂ, എന്നിട്ട് സംസാരിക്കൂ.’

ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റിന്റെ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്ത് ഇന്ത്യയുടെ സാംസ്‌കാരിക സമൃദ്ധിയെ എടുത്തുകാട്ടിക്കൊണ്ടായിരുന്നു. മുംബൈയിലെ ദൈനംദിന അനുഭവങ്ങളെ പ്രശംസിച്ച്‌കൊണ്ട് അവര്‍ ഇങ്ങിനെ കുറിച്ചു:”ഒരിക്കല്‍ ഇന്ത്യയില്‍ വന്ന് ഒരു ചായ കുടിക്കൂ, വടപാവ് രുചിക്കൂ, ഒരു ബണ്‍ മസ്‌ക കഴിച്ചുനോക്കൂ. എന്നിട്ട് സംസാരിക്കാം. ദക്ഷിണേന്ത്യയിലേക്ക് കാലെടുത്തുവെച്ചാല്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് .ഇന്ത്യ അതിന്റെ ‘സ്വര്‍ഗ്ഗമോഡ്’ അണ്‍ലോക്ക് ചെയ്തത് പോലെ തോന്നും. വിശ്വസിക്കൂ, അത് ഈ പറയുന്നതിലും മനോഹരമാണ്.’എന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ഉപരോധങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നയതന്ത്ര കേന്ദ്രങ്ങള്‍, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തേക്കാള്‍ ആത്മാഭിമാനത്തോടെ ഇന്ത്യയെ പ്രതിരോധിച്ചു എന്നതില്‍നിന്ന് നമുക്ക് പഠിക്കാനേറെയുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യക്കാരോടുള്ള ഇറാന്റെ സ്‌നേഹമാണ് ഇതെല്ലാം കാണിക്കുന്നത്.

സൗത്ത് ബ്ലോക്ക് ഇവിടെ ഒരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്: ഒരു വന്‍ശക്തിയുടെ പ്രസിഡന്റ് നമ്മുടെ രാജ്യത്തെ ‘നരകക്കുഴി’ എന്ന് വിളിച്ചിട്ടും നാം ഇത്രമേല്‍ മയത്തില്‍ പ്രതികരിക്കുന്നുവെങ്കില്‍, വിശ്വഗുരു എന്ന നമ്മുടെ അവകാശവാദത്തിന്റെ അര്‍ത്ഥമെന്താണ്? വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതിന്റെ പേരില്‍ നട്ടെല്ല് വളക്കുന്ന നയതന്ത്രം ഒരിക്കലും നമ്മുടെ ദേശാഭിമാനത്തിന് ചേരുന്നതല്ല . ട്രംപിന്റെ ‘ബക്വാസി’ന് ഇറാന്‍ നല്‍കിയ മറുപടി ഒരു പാഠമാണ്. ബഹുമാനം ആവശ്യപ്പെട്ട് വാങ്ങേണ്ടതോ യാചിച്ച് കിട്ടേണ്ടതോ അല്ല. അത് നമ്മുടെ നിലപാട് കാരണം സ്വയമേവ കിട്ടേണ്ടതാണ്.

Content Summary: Hellhole’ Remark: Trump’s Anti-India Jibe and South Block’s Silence. Donald Trump- Narendra Modi. Anti- India

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×