ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റേതുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി കമ്പനികളുടെ സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കിയ ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനം പിരിച്ചുവിടൽ പ്രഖ്യാപിച്ചു. യുഎസ് ആസ്ഥാനമായുള്ള ഷോട്ട് സെല്ലറാണ് ഹിൻഡൻബർഗ് റിസർച്ച്.
”കഴിഞ്ഞ വർഷം അവസാനത്തോടെ ഞാൻ കുടുംബത്തോടും, സുഹൃത്തുക്കളോടും പറഞ്ഞത് പോലെ, ഹിൻഡൻബർഗ് പിരിച്ചുവിടാൻ പോവുകയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തീരുന്നതോടെ അവസാനിപ്പിക്കാനാണ് തീരുമാനം.” ഹിൻഡൻബർഗിന്റെ സ്ഥാപകൻ നേറ്റ് ആൻഡേഴ്‌സൺ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കുറിച്ചു.
2023 ജനുവരിയിലായിരുന്നു ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് മാർക്കറ്റിലെ കൃത്രിമത്വവും അക്കൗണ്ടിങിലെ തട്ടിപ്പുകളും ആരോപിച്ച് രംഗത്തെത്തിയത്. എന്നാൽ പോർട്ട്-ടു-പവർ കമ്പനി അത് നിഷേധിക്കുകയായിരുന്നു.
2024 ഓഗസ്റ്റിൽ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവ് ദവൽ ബുച്ചും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെടുന്ന ഓഫ്‌ഷോർ ഫണ്ട് ഓഹരികൾ സ്വന്തമാക്കിയിരുന്നതായി ഹിൻഡ്ബർഗ് ആരോപിച്ചു. എന്നാൽ ദമ്പതികൾ ഈ ആരോപണം നിഷേധിക്കുകയും, ഹിൻഡ്ബർഗ് ആളുകളെ തെറ്റിധരിപ്പിക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യ ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിനെപ്പറ്റി എന്തിനാണ് ഹിൻഡൻബർഗ് അന്വേഷിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് യുഎസ് കോൺഗ്രസ് അംഗം ലാൻഡ് ഗൂഡൻ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അറ്റോർണി ജനറൽ മെറിക് ബി ഗാർലന്റിന് കത്തെഴുതിയിരുന്നു, ഇതിന് പിന്നാലെയാണ് ഹിൻഡൻബർഗ് അടച്ചുപൂട്ടുന്നു എന്ന പ്രഖ്യാപനം വന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക,് ലാഭകരമായ സൗരോർജ്ജ വിതരണ കരാറുകൾ നേടിയെടുക്കുന്നതിന് പകരമായി 2029 കോടി രൂപ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും മറ്റ് ആറുപേരും ചേർന്ന് നൽകി എന്ന കേസ് യുഎസ് പ്രോസിക്യൂഷൻ ചാർജ് ചെയ്യുന്നത്.
‘വീടുകളിൽ വർധിച്ചുവരുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ പൊതുജനങ്ങൾ ആശങ്കയിലാണ്. എന്നാൽ വിദേശ രാജ്യങ്ങളിലെ ബിസിനസുകാരുടെ അഴിമതികളിലും മറ്റുമാണ് ഡിഓജെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുദാഹരണമാണ് ഒരു ഇന്ത്യൻ കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾക്കെതിരെ അടുത്തിടെ സ്ഥാപനം കണ്ടെത്തിയ കുറ്റങ്ങൾ.” ജനുവരി ഏഴിന് അയച്ച കത്തിൽ ഗുഡൻ വ്യക്തമാക്കി.
അദാനി കേസിലെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാലും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ചുമതല ഞങ്ങളെ ഏൽപ്പിക്കരുത്. ഈ പണം ഇന്ത്യയിലെ കമ്പനി എക്‌സിക്യൂട്ടിവുകൾ, ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകി എന്ന് പറയപ്പെടുന്നതാണ്, അതിൽ യുഎസിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും നേരിട്ട് പങ്കാളിത്തമോ, യാതൊരു വിധ പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉചിതവും നിർണായകവുമായ അധികാരപരിധികളുണ്ടെങ്കിൽ മാത്രം ഡിഓജെ കേസുകൾ പിന്തുടരുന്നതിലേക്ക് പോവുക അതായിരിക്കും നന്നാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശതകോടീശ്വരന്മാരും, പ്രഭുക്കന്മാരുമുൾപ്പെടെ തന്റെ സ്ഥാപനത്തിന്റെ വെളിപ്പെടുത്തലുകളിലൂടെ സിവിൽ കേസിലോ, ക്രിമിനൽ കേസിലോ ഉൾപ്പെട്ടിരിക്കുന്നവർ 100ൽ അധികമാളുകളുണ്ടെന്ന് ആൻഡേഴ്‌സൺ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
”തുടക്കത്തിൽ ഇതിനൊരു വ്യക്തമായ പാത കണ്ടെത്താൻ കഴിയുമോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഇതൊരു എളുപ്പമുള്ള ഓപ്ഷൻ ആയിരുന്നില്ല, പക്ഷെ ഞാൻ അപകടത്തെക്കുറിച്ചും അത്രയധികം ബോധവാനായിരുന്നില്ല. ഏതോ ഒരു പ്രലോഭനത്തിൽ എത്തിപ്പെട്ടതാണ്. ഇപ്പോൾ ഹിൻഡൻബർഗിനെ എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് ഞാൻ കാണുന്നത്, അല്ലാതെ അത് എന്നെ നിർവചിക്കുന്ന ഒരു കേന്ദ്ര ബിന്ദുവല്ല.’ ആൻഡേഴ്‌സൺ കുറിപ്പിൽ എഴുതി.
content summary; Hindenburg founder to shut down firm behind Adani, Nikola high-profile short-selling campaigns