പുരോഗമനപരമായതെല്ലാം അന്ധവിശ്വാസമാണെന്ന് കരുതുന്നവരാണ് സംഘപരിവാര്‍. അവര്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്നില്ല. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തിലും അവര്‍ ഇന്ത്യയെ കാണാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഉറുദു ഭാഷയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സത്യത്തില്‍ സംഘപരിവാറിന് ഹിന്ദിയോട് മമതയുണ്ടോ? ഇല്ല എന്ന് അവരുടെ ചെയ്തികള്‍ തന്നെ തെളിയിക്കും. ആര്‍എസ്എസ് ന്റെ വെബ്‌സൈറ്റ് ഹിന്ദിയില്‍ ആണോ? അല്ല. അത് ഇംഗ്ലീഷില്‍ ആണ്. ഹിന്ദിയില്‍ വായിക്കാനുള്ള ഒരു പ്ലഗിംഗ് ഉണ്ടെങ്കിലും അത് തുറന്നുവരുമ്പോള്‍ മുഖ്യ തലക്കെട്ട് ഇംഗ്ലീഷിലാണ്!
ആര്‍എസ്എസ് വെബ്‌സൈറ്റ് ഹോം പേജ്
സംഘപരിവാറിന്റെ മൗത്ത് പീസായ ഓര്‍ഗനൈസര്‍ ഇറങ്ങുന്നത് ഹിന്ദിയില്‍ അല്ല. അതിന്റെ അച്ചടി, ഓണ്‍ലൈന്‍ പതിപ്പുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്! നമ്മുടെ പ്രധാനമന്ത്രി ഹിന്ദിയില്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. പരിശുദ്ധമായ ഹിന്ദിയില്‍ ആണോ അദ്ദേഹം സംസാരിക്കുന്നത്. അല്ല. ഒരു ഗുജറാത്തി ഹിന്ദി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ‘ഗുജറാത്തിത്വം’ ആ ഉച്ചാരണത്തില്‍ ഉണ്ട്. കേരളീയര്‍ ഹിന്ദി സംസാരിക്കുമ്പോള്‍ അതില്‍ ഉള്ളടങ്ങിയിട്ടുള്ള മലയാളിത്തം പോലെ ഒന്ന്. ഇങ്ങനെ അന്യഭാഷ സംസാരിക്കുന്ന ഇന്ത്യക്കാര്‍ ഹിന്ദി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ‘മാതൃത്വം’ ആണ് നമ്മുടെ ബഹുസ്വരതകളില്‍ ഒന്ന്. ഇന്ത്യ നിലനില്‍ക്കുന്നത് ഇത്തരം ബഹുസ്വരതയിലാണ്.
ഹിന്ദി ഭാഷാപ്രേമം രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഹിന്ദി, സംഘത്തിന്റെ പോലും ഇഷ്ട ഭാഷയല്ല. സംഘപരിവാറിന്റെ ജനപ്രതിനിധികള്‍ പോലും തങ്ങളുടെ പാര്‍ട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍ ബിജെപി എന്നാണ് പറയാറ്. ബാജ്പ എന്ന് പറയാറുണ്ടോ? B യും J യും P യും ഹിന്ദി ആണോ? ഒരു രാഷ്ട്രം ഒരു ഭാഷ ( One Nation, One Language ) എന്ന മുദ്രാവാക്യം പോലും നമ്മുടെ ബഹുസ്വരതയ്ക്ക് എതിരാണ്. ഹിന്ദി, രാജ്യത്തിന്റെ പൊതുഭാഷയാക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തിനെതിരെ പല സംസ്ഥാനങ്ങളും രംഗത്ത് വന്നിരുന്നു. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നും ദേശീയ ഹിന്ദി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കവേയാണ് അമിത് ഷാ പറഞ്ഞിരുന്നത്. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഈ പ്രസ്താവനയില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
എല്ലാ ഭാഷകള്‍ക്കും തുല്യ പ്രാധാന്യമാണ് ഉള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികള്‍ ഉണ്ട്. ഇന്ത്യയുടെ നിലനില്‍പുതന്നെ വൈവിധ്യമാര്‍ന്ന ഭാഷാ, വര്‍ഗവേഷങ്ങളില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഒരു രാജ്യം ഒരു ഭാഷ എന്ന രാഷ്ട്രീയ അജണ്ട നമ്മുടെ റിപ്പബ്ലിക്കിന്റെ താല്പര്യങ്ങള്‍ക്കെതിരാണ്. ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും ആധിപത്യം കാരണം ഉത്തരേന്ത്യയിലെ 25-ലധികം തദ്ദേശീയ ഭാഷകള്‍ നഷ്ടപ്പെട്ടുവെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ വൈവിധ്യങ്ങളെ നിലനിര്‍ത്താന്‍ ഭരണകൂടം ബാധ്യസ്ഥമാണ്, പക്ഷേ അത്തരം ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല, ബഹുസ്വരതയെ നശിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് ആക്കം കൂട്ടുന്നത്.
ഹിന്ദി ഹിന്ദുക്കളുടെ ഭാഷയാണെന്ന സാംസ്‌കാരിക ദേശീയതയില്‍ അധിഷ്ഠിതമായ ഒരു സങ്കല്പം നിര്‍മ്മിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രചാരത്തില്‍ ഇല്ലാത്ത ഇടങ്ങളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഹിന്ദു എന്ന വാക്കുപോലും അറബികളുടെ സംഭാവനയാണെന്ന് ചരിത്രം അറിയുന്നവര്‍ക്ക് അറിയാം!
ഹിന്ദി ഹിന്ദുക്കളുടെ ഭാഷയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കൂടിയാണ് ഉറുദു മുസ്ലിംകളുടെ ഭാഷയാണെന്ന് പറഞ്ഞ് അയിത്തം കല്‍പ്പിക്കുന്നത്. ഉര്‍ദുവിലുള്ള സൂചനാ ബോര്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് എടുത്ത് മാറ്റണമെന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ താല്പര്യങ്ങളൊക്കെ ഇതില്‍ നിന്നുണ്ടാവുന്നതാണ്. ഹിന്ദി ഹിന്ദുക്കളുടെ ഭാഷയല്ലാത്തതുപോലെ ഉറുദു മുസ്ലീങ്ങളുടെ ഭാഷയും അല്ല. ഭാഷകള്‍ സത്യത്തില്‍ ഒരു സംസ്‌കാരവും ജീവിതരീതിയും ആണ്.
ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഏകദേശം 14 ശതമാനമാണ്, ഉറുദു മാതൃഭാഷ/ഒന്നാം ഭാഷയായി സംസാരിക്കുന്നവരുടെ അനുപാതം വെറും നാല് ശതമാനം മാത്രമാണ്. എന്നാല്‍ വസ്തുത എന്താണെന്നുവെച്ചാല്‍ ഈ നാല് ശതമാനം ഉറുദു സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളല്ല എന്നതാണ്. അതിനാല്‍, മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗത്തിനും മാതൃഭാഷ/ഒന്നാം ഭാഷ ഉറുദു അല്ല എന്നര്‍ത്ഥം.
ഉറുദു ഭാഷയെ എതിര്‍ക്കുന്ന സംഘപരിവാര്‍, അവരുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉപയോഗിച്ചത് ഉറുദു ആണെന്ന് നാം മറന്നുകൂടാ. ഇതില്‍നിന്നെല്ലാം ഒരു കാര്യം വളരെ വ്യക്തമാണ്. ഭാഷയെ ആളുകളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായാണ് സംഘപരിവാര്‍ ഉപയോഗിക്കുന്നത്. വിഭാഗീയത സൃഷ്ടിക്കാന്‍ അവര്‍ ഭാഷാതീവ്രവാദം നടപ്പിലാക്കുന്നു.
മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ബോര്‍ഡ് ഉര്‍ദുവില്‍ എഴുതിയത് എടുത്തു മാറ്റരുതെന്ന് സുപ്രീംകോടതി വിധി വന്നു. ഇന്ത്യയില്‍ ഉദയം ചെയ്ത ഉറുദു ജനങ്ങളുടെ ഭാഷയാണെന്നും അതൊരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഷ അല്ലെന്നും കോടതി നിരീക്ഷിച്ചു. കൊളോണിയല്‍ ശക്തികള്‍ ആണ് ഹിന്ദി ഹിന്ദുക്കളുടെ ഭാഷയും ഉറുദു മുസ്ലീങ്ങളുടെ ഭാഷയും ആണെന്ന് വരുത്തിത്തീര്‍ത്തത് എന്നും, നമ്മുടെ ഭരണഘടനയുടെ ഷെഡ്യൂള്‍ എട്ട് പ്രകാരം ഹിന്ദിക്കും ഉര്‍ദുവിനും ഒരേ സ്ഥാനമാണുള്ളതെന്നും, കഴിഞ്ഞ ഏപ്രില്‍ 15ന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രിംകോടതി പറഞ്ഞു.
മുസ്ലിം അധിനിവേശ ശക്തികള്‍ നമ്മുടെ രാജ്യത്ത് കൊണ്ടുവന്ന ഭാഷയാണ് ഉറുദു എന്ന് പ്രചരിപ്പിച്ച സംഘപരിവാര്‍ ശക്തികള്‍ക്ക് കിട്ടിയ വലിയ പ്രഹരമാണ് ഈ വിധി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉറുദു ഉപയോഗിക്കുന്ന മുസ്ലിമുകള്‍, മതഭ്രാന്തന്മാരാണെന്ന ( kathmulla) അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയിരുന്നു.
ഒരു ഭാഗത്ത് ഇന്ത്യന്‍ ഭാഷയെയും ഇന്ത്യക്കാരായ മതന്യൂനപക്ഷങ്ങളെയും വെറുക്കാന്‍ പഠിപ്പിക്കുന്ന സംഘപരിവാര്‍, ഇലക്ഷന്‍ കാലത്ത് വോട്ട് കിട്ടാന്‍ വേണ്ടി ഉറുദു ഭാഷയുടെ കാര്യത്തില്‍ മലക്കംമറിയാറുമുണ്ട്. യുപിയിലെ മുസ്ലിം ഭൂരിപക്ഷമുള്ള പോളിംഗ് ബൂത്ത് പരിസരങ്ങളില്‍ ഉറുദുവില്‍ ആയിരുന്നു ബിജെപിയുടെ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവ് ബസ്സിദ് അലിയാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. അവിടെയുള്ള വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേര്‍ക്കും ഉറുദു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇതില്‍നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. ആളുകളെ തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയം പ്രാവര്‍ത്തികമാക്കാനാണ് ഭാഷയെയും മതത്തെയും സംഘപരിവാര്‍ ഉപയോഗിക്കുന്നത്.
ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലിന്റെ ഇലക്ഷനോടനുബന്ധിച്ച് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത് ഉറുദുവില്‍ ആയിരുന്നു. ബിജെപി നേതാവും ജമ്മു കശ്മീര്‍ ജനറല്‍ സെക്രട്ടറിയുമായ വിബോദ് ഗുപ്തയാണ് ഉറുദുവിലുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക പത്രസമ്മേളനത്തില്‍ റിലീസ് ചെയ്തത്. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി നിരന്തരം രാഷ്ട്രീയ ദുഷ്ടലാക്കോടെ വാദിക്കുന്ന ഹിന്ദുത്വശക്തികള്‍, പണ്ഡിറ്റുകള്‍ ഉപയോഗിക്കുന്ന ഭാഷ ഉര്‍ദുവാണെന്ന കാര്യം മറന്നു പോകുന്നു!
യൂണിയന്‍ ഗവണ്‍മെന്റ് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പല സംസ്ഥാനങ്ങളില്‍ നിന്നും ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. തമിഴ്നാട് സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉറച്ച നിലപാട് എടുത്തിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ത്രിഭാഷാ നയത്തെ ഡിഎംകെ നിരന്തരം എതിര്‍ത്തിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സംസാരിച്ചിരുന്ന മൈഥിലി, ബ്രജ്ഭാഷ, അവധി, ബുണ്ടേലി തുടങ്ങിയ നിരവധി ഉത്തരേന്ത്യന്‍ ഭാഷകള്‍ ഹിന്ദിയുടെ ‘ആധിപത്യ വികാസം’ മൂലം അസ്തിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വിത്തിനങ്ങള്‍, ഭാഷ, ചരിത്ര സ്മാരകങ്ങള്‍, ഭക്ഷണ രീതികള്‍, മനുഷ്യാവകാശം എല്ലാം സംരക്ഷിക്കേണ്ട ബാധ്യത സ്റ്റേറ്റിനാണ്. കാരണം ഇതെല്ലാം ഒരു രാജ്യത്തിന്റെ പൈതൃകമാണ്.
ജാതി-രാഷ്ട്രീയവും മത രാഷ്ട്രീയവും കളിക്കുന്നത് പോലെ ഭാഷാ രാഷ്ട്രീയവും കളിച്ചുകൊണ്ടാണ് വോട്ടര്‍മാര്‍ക്കിടയിലും ഇടകലര്‍ന്ന് ജീവിക്കുന്ന ആളുകള്‍ക്കിടയിലും സംഘപരിവാര്‍ ശക്തികള്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നത്. കോര്‍പ്പറേറ്റുകളും വമ്പന്‍ ബ്രാന്‍ഡുകളും വരെ സംഘപരിവാറിന്റെ ഭാഷാ തീവ്രവാദത്തിനും, ഭാഷയെ ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂടില്‍ കുടുക്കുന്നതിന്റെയും ഇരകളാവേണ്ടിവരുന്നുണ്ട്.
കഴിഞ്ഞ ദീപാവലിക്ക് ഫാബ് ഇന്ത്യാ എന്ന ബ്രാന്‍ഡിന് അത്തരത്തില്‍ സംഘപരിവാറിന്റെ ആക്രമണം നേരിടേണ്ടിവന്നു. ദീപാവലിക്ക് ഇറങ്ങിയ അവരുടെ ഒരു പരസ്യത്തില്‍ Jashn-e-Riwaaz എന്ന ഉറുദു സ്തുതിവാക്കുണ്ടായിരുന്നു.
‘As we welcome the festival of love and light, Jashn-e-Riwaaz by Fabindia is a collection that beautifully pays homage to Indian culture.’
ഇതായിരുന്നു ഫാബ് ഇന്ത്യയുടെ പരസ്യവാചകം. ബിജെപി എംപി തേജസ്വി സൂര്യയാണ് ആദ്യം ഇതിനെതിരെ രംഗത്തുവന്നത്. ഹിന്ദു ഉത്സവങ്ങളെ അബ്രാഹ്‌മണീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ പരസ്യത്തിന്റെ പിന്നിലുള്ളതെന്ന് അവര്‍ ആരോപിച്ചു. പരസ്യത്തില്‍ അഭിനയിച്ച മോഡലുകള്‍ ഹിന്ദു വസ്ത്രധാരണ രീതിയല്ല അവലംബിച്ചത് എന്നും എംപി പറയുകയുണ്ടായി.
കശ്മീരിലെ ഹിന്ദുവിന്റെ വസ്ത്രധാരണ രീതിയാണോ ഗുജറാത്തിലെ ഹിന്ദുവിന്റെ വസ്ത്രധാരണ രീതി, കേരളത്തിലെ ഹിന്ദുവിന്റെ വസ്ത്രധാരണ രീതിയാണോ മണിപ്പൂരിലെ ഹിന്ദുവിന്റെ വസ്ത്രധാരണ രീതി. അല്ല. അതിനര്‍ത്ഥം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പൊതു വസ്ത്രധാരണരീതി ഇല്ല എന്നാണ്. എന്നിട്ടും അവരുടെ വാക്കുകള്‍ പ്രകോപനപരമായി സംഘപരിവാറിന്റെ ഹാന്‍ഡിലുകള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഓരോ സംഭവങ്ങളും വാക്കുകളും ഹിന്ദുത്വ തീവ്രവാദികള്‍ വിഭാഗീയത ഉണ്ടാക്കാന്‍ പ്രയോജനപ്പെടുത്തുകയാണ്. ഈ പരസ്യത്തില്‍ അഭിനയിച്ച മോഡലുകള്‍ സിന്ദൂരം അണിഞ്ഞിട്ടില്ല എന്നും പറഞ്ഞ് സംഘപരിവാറുകാര്‍ പിന്നെയും പുകിലുണ്ടാക്കി. അവസാനം കച്ചവടം പൂട്ടും എന്ന് പേടിച്ച് ഫാബിന്ത്യ പരസ്യം പിന്‍വലിച്ചു. Jashn-E-Riwaaz തങ്ങളുടെ ദീപാവലി വസ്ത്ര കളക്ഷന്‍ അല്ല എന്നും അവര്‍ പത്രക്കുറിപ്പ് ഇറക്കി. സംഗതി പരസ്യം ആണെങ്കിലും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള ആക്രമണമായിട്ട് വേണം കാണാന്‍.
ഒരുഭാഗത്ത് ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ നടക്കുമ്പോള്‍, മറുവശത്ത് ഉറുദു ഭാഷ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയും സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിന്റെ ഒരു മികച്ച ഉദാഹരണം പറയാം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരവേലയുടെ ഭാഗമായി, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ബിജെപി പുസ്തകരൂപത്തില്‍ ഇറക്കിയിരുന്നു. ഉറുദുവില്‍ ആയിരുന്നു അത് അച്ചടിച്ചത്. 114 പേജുള്ള ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് തബിഷ് ഫരീധിയാണ്. (Tabish Faridi) ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് സംഘപരിവാറിന്റെ പൊള്ളത്തരവും ഇരട്ടത്താപ്പുമാണ്. ഭാഷയുടെ പേരിലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന അതിമോഹം മാത്രമേ ഇവര്‍ക്കുള്ളൂ. ഇവര്‍ക്ക് രാജ്യത്തോട് യാതൊരു കൂറുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഉദയംകൊണ്ട ഉറുദു ഭാഷയെ ഇവര്‍ അവഹേളിക്കുമായിരുന്നോ? വെറുപ്പിന്റെ രാഷ്ട്രീയം ഉല്പാദിപ്പിക്കാന്‍ ആണ് സംഘപരിവാര്‍ ഇങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നത്.
ബിജെപിയുടെ പുതിയ മുദ്രാവാക്യം ഉര്‍ദുവില്‍ നിന്നുള്ള മനോഹരമായ ഒരു പ്രയോഗമാണ്. Namumkin ab mumkin hai’ അസാധ്യമായത് ഇപ്പോള്‍ സാധ്യമാണ് എന്നര്‍ത്ഥം. ഈ മുദ്രാവാക്യം മാറ്റി ഹിന്ദിയില്‍ Asambhav ab sambhav hai’ എന്നാക്കണമെന്ന് എന്തുകൊണ്ട് ഫാബ് ഇന്ത്യയ്‌ക്കെതിരെ ആക്രോശിച്ച തേജസ്വി സൂര്യയെ പോലുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല. ഇതില്‍ നിന്നെല്ലാം ഇവരുടെ വ്യാജ ദേശീയത വ്യക്തമാകും.
ജാവേദ് അക്തര്‍ ഹിന്ദി സിനിമയില്‍ അനേകം ഗാനങ്ങള്‍ എഴുതിയ ആളാണ്. പല പാട്ടുകളിലും മനോഹരമായ ഉറുദു ശബ്ദങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഈയിടെ അദ്ദേഹം എക്‌സില്‍ കുറിച്ച കാര്യം സംഘപരിവാറിന്റെ വ്യാജ ഹിന്ദി സ്‌നേഹം തുറന്നു കാട്ടുന്നതാണ്.
” soch imaandar kaaam dumdaar ‘
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഈ പുതിയ മുദ്രാവാക്യത്തില്‍ മൂന്ന് ഉര്‍ദു വാക്കുകളുണ്ട്. ഇമാന്താര്‍, കാം, ധൂംദാര്‍. (honest, work, powerful) നാല് വാക്കുകള്‍ ചേര്‍ന്ന മുദ്രാവാക്യത്തിന്റെ ഒറ്റ വരിയില്‍, മൂന്നു വാക്കും ഉര്‍ദുവാണ്!
ഇന്ത്യ, ഭരണഘടനയില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടേത് എന്നതുപോലെ ഉറുദുവും ഇന്ത്യക്കാരുടേതാണ്. Hindi-urdu controversy; communalism through languages
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Hindi-urdu controversy; communalism through languages
This post was last modified on May 14, 2025 4:13 pm
Leave a Comment