‘ഓള്‍ ഇന്ത്യാ റേഡിയോ കോഴിക്കോട് ശ്രോതാക്കള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍’ എന്ന് ”അരനൂറ്റാണ്ട് മുന്‍പ് ഇതേ ദിവസം റേഡിയോവിലൂടെ ഒഴുകി വന്നപ്പോള്‍ കേട്ടവരെല്ലാം ഒരു നിമിഷം അഹ്ലാദഭരിതരായി. കോഴിക്കോട് ആകാശവാണി- കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ റേഡിയോ നിലയം. അറബിക്കടലിനെ അഭിമുഖീകരിക്കുന്ന കോഴിക്കോട് ആകാശവാണിയില്‍ നിന്ന് 75 വര്‍ഷം മുന്‍പ് മലയാള പ്രക്ഷേപണം ആരംഭിച്ച പ്രക്ഷേപണത്തിന്റെ ആദ്യ വാചകമായിരുന്നു ശ്രോതാക്കള്‍ കേട്ടത്. മലബാറില്‍ നിന്ന് ഇതാ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നു. പലരും സന്തോഷത്തോടെ ആ സുപരിചിതമായ ശബ്ദം തിരിച്ചറിഞ്ഞു. റേഡിയോവിലെ ഏറ്റവും പ്രശസ്തമായ സ്വരത്തിന്റെ ഉടമ, ഡല്‍ഹിയില്‍ നിന്ന് മലയാള വാര്‍ത്തകള്‍ വായിക്കുന്ന പത്മനാഭന്‍ എന്ന കെ. പത്മനാഭന്‍ നായര്‍. ശ്രോതാക്കളുടെ കാതുകളില്‍ എത്തുന്ന ഏറ്റവും പ്രശസ്തമായ സ്വരമായിരുന്നു അന്ന് റേഡിയോവിലൂടെ കേള്‍ക്കുന്ന അദ്ദേഹത്തിന്റെ സ്വരം. യേശുദാസിന്റെ ശബ്ദം പോലെ.
മദ്രാസില്‍ നിന്ന് ആദ്യമായി റേഡിയോവിലൂടെ കേട്ട മലയാള ശബ്ദം, ഡല്‍ഹിയില്‍ നിന്ന് ആകാശവാണിയിലൂടെ ആദ്യം മലയാള പദം ഉച്ചരിച്ച, മലയാളി വാര്‍ത്ത വായിച്ച വായനക്കാരന്‍, വിദേശ സര്‍വീസിലെ ആദ്യ അവതാരകന്‍, ആദ്യത്തെ നാടക പ്രൊഡ്യൂസര്‍, റേഡിയോവിലെ ഫുട്‌ബോള്‍ ദൃക്‌സാക്ഷി വിവരണത്തിന്റെ ആദ്യത്തെ പ്രൊഡ്യൂസര്‍. എന്നിങ്ങനെ പലതും ആദ്യമായി അവതരിപ്പിച്ച, മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ പ്രക്ഷേപകനാണ് കെ. പത്മനാഭന്‍ നായര്‍. മലയാള പ്രക്ഷേപണത്തിന്റെ പിതാവ് എന്ന് അദേഹം അറിയപ്പെടുന്നു.
ഇന്ത്യയുടെ പ്രക്ഷേപണ ചരിത്രത്തിലെ ആദ്യപടി 1921 ഓഗസ്റ്റില്‍ ബോംബെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിന്റെ സഹായത്തോടെ ‘ടൈംസ് ഓഫ് ഇന്ത്യ’ ഒരു വിദേശ സംഗീത പരിപാടി സംപ്രേഷണം ചെയ്തതാണ്. അന്നത്തെ പ്രവിശ്യാ ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ്ജ് ലോയിഡിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈ പരിപാടി പ്രക്ഷേപണം ചെയ്തു, അദ്ദേഹം പൂനെയില്‍ നിന്ന് പരിപാടി ശ്രവിച്ചു, അത് സ്റ്റേഷനില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയായിരുന്നു. 1936 സെപ്റ്റംബര്‍ 1 ന് മൈസൂറില്‍ സ്റ്റേറ്റ് ബ്രാഡ് കാസ്റ്റിംഗ് വിഭാഗം ഒരു ഹ്രസ്വതരംഗ പ്രസരണി സ്ഥാപിച്ചപ്പോള്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ അതിന് ‘ആകാശവാണി’ യെന്ന് പേരിട്ടു. അര്‍ത്ഥസമ്പുഷ്ടവും കാവ്യാത്മകവുമായ ആ പേര് റേഡിയോ ചരിത്രത്തില്‍ അനശ്വരമായി സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ബ്രാസ് കാസ്റ്റിങ്ങ് സ്റ്റേറ്റ് സര്‍വീസ് എന്ന ഇംഗ്ലീഷ് ചുവയുള്ള വിലക്ഷണമായ പേര് മാറ്റിയത് 1936 ല്‍ ഇന്ത്യന്‍ വൈസ്രോയിയായ ലിന്‍ലിത്‌ഗോ പ്രഭുവാണ്. ഇന്ത്യയിലെ ആദ്യത്തെ കണ്‍ട്രോളര്‍ ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് ലയണല്‍ ഫീല്‍ഡന്‍ വൈസ്രോയി മന്ദിരത്തില്‍ ഒരു വിരുന്നിനെത്തിയപ്പോള്‍ ലിന്‍ലിത്‌ഗോ പ്രഭുവുമായുള്ള സംസാരത്തിനിടയില്‍ ഇപ്പോഴുള്ള വിരസമായ, മതിപ്പുള്ളവാക്കാത്ത ഇന്ത്യന്‍ ബ്രാസ് കാസ്റ്റിങ്ങ് സ്റ്റേറ്റ് സര്‍വീസിന് പകരം പുതിയൊരു പേര് നിര്‍ദേശിക്കാന്‍ ലയണല്‍ ഫീല്‍ഡന്‍ അഭ്യര്‍ത്ഥിച്ചു. വൈസ്രോയി മന്ദഹസിച്ച് കൊണ്ട് പുതിയ പേരിന്‍െ ആദ്യ രണ്ടു വാക്കുകള്‍ പറഞ്ഞു. ‘ഓള്‍. ഇന്ത്യാ’ പിന്നിട് ഒരു നിമിഷം ആലോചനയിലാണ്ടു എന്നിട്ട് മൂന്നാമത്തെ വാക്ക് ഉച്ചരിച്ചു, ‘ റേഡിയോ’ ‘ ഉജ്ജലം ! ഞാന്‍ അറിയാതെ അട്ടഹസിച്ചു പോയി. എത പൊരുത്തമുള്ള ആദ്യാക്ഷരങ്ങള്‍!
എഐ.ആര്‍. വൈസ്രോയി കണ്ടു പിടിച്ച ഓമനപ്പേര്. അങ്ങിനെനെയാണ് ഓള്‍ ഇന്ത്യാ റേഡിയോവിന്റെ ജനനം’ ദി. നാച്ചുറല്‍ ബെന്റ്’ എന്ന തന്റെ പുസ്തകത്തില്‍ രസകരമായി ഈ സംഭവം ലയണല്‍ ഫീല്‍ഡന്‍ വിവരിക്കുന്നു.
കേരളത്തില്‍ ആദ്യമായി, തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷന്‍ വരുന്നതിന് മുന്‍പ് മദ്രാസില്‍ നിന്നാണ് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നത്. പക്ഷേ, സ്വന്തം ഭാഷയായില്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തമിഴര്‍ക്ക് സിലോണ്‍, മലയാ പ്രക്ഷേപണങ്ങളില്‍ നിന്ന് തമിഴ് പരിപാടി കേള്‍ക്കാമായിരുന്നു. മലയാളികളുടെ നിരന്തരമായ ആവശ്യത്തിന്റെ ഫലമായി ഒടുവില്‍ മലയാളം മദ്രാസില്‍ റേഡിയോവിലൂടെ വന്നു. 1939 ല്‍ കൊല്ലങ്കോട് സര്‍ വാസുദേവ രാജ കേരളത്തിന് നല്‍കിയ ഓണസന്ദേശമാണ് മലയാള ഭാഷയിലെ ആദ്യ പ്രക്ഷേപണം.
കൊല്ലങ്കോട് സര്‍ വാസുദേവ രാജ
പിന്നീട് ചില നാടോടി ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. കഴിവും വാസനയും ഉള്ളവര്‍ റേഡിയോ രംഗത്ത് വരാന്‍ മടിച്ചതിനാല്‍ മലയാളം പരിപാടികള്‍ വല്ലപ്പോഴുമായിരുന്നു. കരാറടിസ്ഥാനത്തില്‍ ചില കലാകാരന്മാരെ ക്ഷണിച്ച് നടത്തിയ പരിപാടികളായിരുന്നു അധികവും. ഈ കാലത്താണ് റേഡിയോ സ്റ്റേഷന്‍ പ്രൊഡ്യൂസര്‍ ജി.പി.എസ്. നായരുടെ നേതൃത്വത്തില്‍ റേഡിയോവില്‍ ഒരു നാടകം ആദ്യമായി അവതരിപ്പിച്ചത്. ‘ഹരിശ്ചന്ദ്ര’ എന്ന പേരുള്ള ഒരു സംഗീത നാടകമായിരുന്നു അത്. റേഡിയോവില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത നാടകം ‘ഹരിശ്ചന്ദ്ര’ എഴുതിയത് തയ്യില്‍ കാര്‍ത്ത്യായനി പിള്ള പാര്‍വതി പിള്ളയായിരുന്നു( മലയാള പ്രക്ഷേപണത്തിന്റെ കുലപതിയായ ജി.പി.എസ്. നായരുടെ അമ്മ). നടന്മാരെ കിട്ടിയെങ്കിലും സ്ത്രീ കഥാപാത്രമായ ചന്ദ്രമതിയുടെ ഭാഗമഭിനയിക്കാന്‍ എത്ര ശ്രമിച്ചിട്ടും സ്ത്രീകളെ ആരെയും കിട്ടിയില്ല. ഒടുവില്‍ റേഡിയോ സ്റ്റേഷനിലെ ജി.പി.എസ് നായരുടെ വീട്ടില്‍ നൃത്തം പഠിപ്പിക്കാന്‍ വന്ന നൃത്താധ്യാപകനായ പത്മനാഭ ഭാഗവതര്‍ ആ വേഷം അഭിനയിച്ചു. നടന്റെ സ്ത്രീ ശബ്ദവും അഭിനയവും വളരെ നന്നായതിനാല്‍ നാടകം പാകപ്പിഴയില്ലാതെ നടക്കുകയും വിജയിക്കുകയും ചെയ്തു. അന്നൊക്കെ ‘റെക്കോഡ് ചെയ്ത്, എഡിറ്റ് ചെയ്തല്ല ലൈവായി ആണ് പരിപാടികള്‍ അവതരണം. നാടകം അവസാനിച്ചപ്പോള്‍ സുന്ദരിയായ ചന്ദ്രമതിയെ നേരിട്ട് കാണാന്‍ ആളുകള്‍ തടിച്ച് കൂടി കൂട്ടത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ പി.വി. ആചാര്യയും ഉണ്ടായിരുന്നു. സ്ത്രീകളാരും സ്റ്റുഡിയോവില്‍ നിന്ന് പുറത്ത് വരാതായപ്പോള്‍ അവരെല്ലാം അത്ഭുതപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോള്‍ ജി.പി.എസ്. നായരും സംഘവും പറഞ്ഞു ‘ചന്ദ്രമതി പുരുഷനായി മാറി മറഞ്ഞു കളഞ്ഞു’. സത്യം മനസിലാക്കിയപ്പോള്‍ സ്ത്രീകളെ ഉള്‍പ്പെടുത്താതെ നാടകം വിജയിച്ചതില്‍ ആചാര്യ അത്ഭുതപ്പെട്ടു.
ജിപിഎസ് നായര്‍
1950 മെയ് മാസത്തില്‍ തന്നെ കോഴിക്കോട് നിന്ന് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തമാരംഭിക്കണമെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ ജോലി തുടങ്ങി. മദാസില്‍ നിന്ന് ജി.പി.എസ്. നായര്‍ സ്‌പെഷല്‍ ഓഫിസറായി കോഴിക്കോട് എത്തി. അറബിക്കടലിനഭിമുഖമായിയുള്ള ബീച്ചിലെ ഒരു കെട്ടിടമാണ് എഞ്ചിനിയര്‍മാര്‍ കോഴിക്കോട് റേഡിയോ സ്റ്റേഷന് വേണ്ടി തെരഞ്ഞെടുത്തത്. ആദ്യം തന്നെ തടസ്സം- കെട്ടിട്ടം കോഴിക്കോട് ബിഷപ്പിന്റെ കീഴില്‍ ഒരു ഓഫീസായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കെട്ടിടം വിട്ട് തരാന്‍ ബിഷപ്പ് വൈമനസ്യം കാട്ടി. എതിര്‍പ്പ് ശക്തിയായപ്പോള്‍ ഒടുവില്‍ അത് ലഭിക്കാന്‍ കേന്ദ്രഗവണ്‍മെന്റ ഉത്തരവ് വേണ്ടി വന്നു. തിരക്കിട്ട് പണികള്‍ ആരംഭിച്ചു.
കെ പത്മനാഭന്‍ നായര്‍
ജ.പി.എസ് നായരെ സഹായിക്കാന്‍ എത്തിയ കെ. പത്മനാഭന്‍ നായരായിരുന്നു കലാപരിപാടികളും കലാകാരന്‍മാരെ റേഡിയോ സ്റ്റേഷന്‍മായി കോര്‍ത്തിണക്കേണ്ടത്. ഡല്‍ഹിയില്‍ വാര്‍ത്ത വായനക്ക് പോകും മുന്‍പ് മദ്രാസില്‍ കേരള സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പത്മനാഭന്‍ നായര്‍ നല്ലൊരു എഴുത്തുകാരനും സംഘാടകനുമായിരുന്നു. അക്കാലത്ത് പ്രശസ്തനായിക്കൊണ്ടിരിക്കുന്ന പി. ഭാസ്‌കരനെന്ന യുവകവിയെ സ്‌ക്രിപ്റ്റ് റൈറ്റായി നിയമിച്ചു. മദ്രാസ് റേഡിയോ നിലയത്തിലെ തംബുരു ആര്‍ട്ടിസ്റ്റായ കെ. രാഘവനെ സംഗീത വിഭാഗത്തിലേക്ക് കൊണ്ടുവന്നു. തൃശൂര്‍ രാധാകൃഷ്ണന്‍ മൃദംഗവായനക്കാരനായി നിയമിച്ചു. മദ്രാസിലെ ആദ്യകാല മലയാള പ്രക്ഷേപണത്തിന് മലയാളത്തിന്റെ രാഗവും താളവും നല്‍കാന്‍ സഹായിച്ചിരുന്ന കെ. ബാലകൃഷ്ണന്‍ മേനോന്‍, ഗായികമാരായി ശാന്താ പൊതുവാള്‍, മായാ നാരായണന്‍ തുടങ്ങിയവര്‍.
സ്‌ക്രിപ്റ്റ് റൈറ്റായി ഒരാളുകൂടി വേണമെന്നതിനാല്‍ പത്മനാഭന്‍ നായര്‍ പി. ഭാസ്‌ക്കരനുമായി അലോചിച്ചപ്പോള്‍ പി.സി. കുട്ടിഷ്ണന്റെ പേര് ഉയര്‍ന്നു വന്നു. അങ്ങനെ പി. സി. കുട്ടികൃഷ്ണന്‍ സ്റ്റാഫ് അംഗമായി. ആ കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി പ്രശസ്തനായിക്കൊണ്ടിരിക്കുന്ന കാലം. റേഡിയോ സ്റ്റാഫിന് അധികൃതരുടെ സമ്മതിപത്രം ഇല്ലാതെ ഒന്നും പ്രസിദ്ധീകരിക്കാന്‍ അനുവാദമില്ല. അങ്ങനെ മറ്റൊരു പേരില്‍ എഴുതേണ്ടി വന്നു. അങ്ങനെ ‘ഉറൂബ് ‘ എന്ന തൂലിക നാമം ജനിച്ചു. കോഴിക്കോട്ടെ സാംസ്‌ക്കാരിക സംഘടനകളും നാടകസമിതികളുമായി പത്മനാഭന്‍ നായര്‍ ബന്ധപ്പെട്ടു സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അവരെല്ലാം തുറന്ന മനസ്സോടെ സഹകരിക്കാര്‍ തയ്യാറായി. കോഴിക്കോട് നഗരത്തിലെ ഏറ്റവും പ്രധാനികളൊരാളായ മാതൃഭൂമി പത്രാധിപര്‍ കെ. പി. കേശവ മേനോന്‍, മാതൃഭുമി ദിനപത്രത്തിലെ മുതിര്‍ന്ന എസിറ്റര്‍ സി.എച്ച് കുഞ്ഞപ്പ, ചരിത്ര നോവലിസ്റ്റും പ്രൗരപ്രമുഖനുമായ കപ്പന കൃഷ്ണമേനോന്‍, എസ്. കെ. പൊറ്റെക്കാട് സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വി. അബ്ദുള്ള, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരൊക്കെ പത്മനാഭന്‍ നായക്ക് വേണ്ട വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി.
കെ. രാഘവൻ്റെ നേതൃത്വത്തിൽ ആകാശവാണിയിൽ ഗാനമൊരുക്കുന്നു.
റേഡിയോ നാടകങ്ങള്‍ക്ക് ആവശ്യമായ നടീ നടന്മാരെ സംഘടിപ്പിക്കാനായിരുന്നു കുറച്ച് ക്ലേശിച്ചത്. ഒടുവില്‍ നാടകരംഗത്തെ അറിയപ്പെടുന്ന കുഞ്ഞാണ്ടി, കെ.പി. ഉമ്മര്‍ തുടങ്ങിയവരൊക്കെ സഹകരിക്കാമെന്നേറ്റു . ഇവരെല്ലാം കാലക്രമേണ പ്രശസ്തരായ സിനിമാ തരങ്ങളായി. പ്രക്ഷേപണ മാധ്യമത്തില്‍ പരിചയസമ്പന്നരല്ലെങ്കിലും മലയാളത്തിനുള്ള ഒരു റേഡിയോ നിലയത്തിന് അനുയോജ്യമായ ടീമായിരുന്നു അത്. രചന: പി.ഭാസ്‌കരന്‍, പി.സി. കുട്ടികൃഷ്ണന്‍. സംഗീതം – കെ. രാഘവന്‍, ആലാപനം-ശാന്താ പൊതുവാള്‍, അഭിനയം കെ. ബാലകൃഷ്ണ മേനോന്‍, സി. ലക്ഷ്മി ദേവി. മായാ നാരായണന്‍ തുടങ്ങിയവര്‍. കേരളശ്രീയെന്ന സംഗീതശില്‍പ്പമായിരുന്ന ഉല്‍ഘാടന ദിവസത്തെ പ്രധാന പരിപാടി. പി. ഭാസ്‌കരന്റെ ഗാനവരികള്‍, ഉറൂബ് എഴുതിയ ആഖ്യാനങ്ങള്‍, കെ.രാഘവന്റെ മലയാള തനിമയോട് കൂടിയ ലളിത സംഗീതം. ശാന്താ പൊതുവാളിന്റെ ഹൃദ്യമായ ആലാപനം. കൂടാതെ നാടന്‍ ശീലുകള്‍ പാടാന്‍ ബാലകൃഷ്ണ മേനോന്‍.
നാദോപസകന്‍ സാക്ഷാല്‍ ചെമ്പെയുടെ കച്ചേരിയായായിരുന്നു മറ്റൊരു പ്രധാന ഇനം. കൂടാതെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ അയച്ചു തരുന്ന അഭിവാദന ഗാനങ്ങള്‍. ഇതൊക്കെയായിരുന്നു ആദ്യദിനത്തിലെ പരിപാടികള്‍. എങ്കിലും മലയാള സങ്കല്‍പ്പത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പരിപാടി വേണമെന്ന് പത്മനാഭന്‍ നായര്‍ക്ക് തോന്നി. പുരാതനവും പരമ്പരാഗതവുമായ പുള്ളുവന്‍ പാട്ട് കേരളീയ സംസ്‌കാരിക സങ്കല്‍പ്പത്തിലെ നാടന്‍ ജീവിതത്തിന്റെ തുടിപ്പാണ്.
കെ. ബാലകൃഷ്ണന്‍ മൂളിയ പുള്ളുവന്‍ പാട്ട് തന്നെ മതി. പക്ഷേ, ഗായകര്‍ പുള്ളുവന്‍ പാട്ടുകാര്‍ തന്നെ വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. പാട്ടിലൂടെ കോഴിക്കോട് റേഡിയോ നിലയത്തിലെ പ്രക്ഷേപണമെന്ന പുത്തന്‍ കലയ്ക്ക് ‘നാവോറു’ പാടണമെന്ന് പത്മനാഭന്‍ നായര്‍ തീരുമാനിച്ചു. പുള്ളുവനേയും പുള്ളുവത്തിയേയും പുള്ളുവക്കുടത്തേയും തേടി കോഴിക്കോട് തെരുവിലേക്കിറങ്ങി. പുള്ളോര്‍ക്കുടവും പുള്ളുവനേയും അന്വേഷിച്ചിറങ്ങായ യാത്ര ഒടുവില്‍ ചാലപ്പുറത്ത് എത്തി. പുള്ളുവനെ അന്വേഷിച്ചെത്തിയ റേഡിയോ വാനില്‍ വന്നിറങ്ങിയ ആള്‍ ഡല്‍ഹിയില്‍ നിന്ന് മലയാളത്തില്‍ വാര്‍ത്തകള്‍ വായിക്കുന്ന പത്മനാഭനാണെന്നറിഞ്ഞതോടെ കാണാന്‍ ആളുകള്‍ കൂടി. നല്ല സ്വീകരണം ചായ വന്നു. വാടകയ്ക്ക് വീട് കിട്ടി. ശബ്ദത്തിലൂടെ ലഭിച്ച അംഗീകാരം. ഒരു സിനിമാ താരത്തിന്റെ ഗ്ലാമര്‍ – ഒരു വാര്‍ത്താ പ്രക്ഷേപകനോ? പത്മനാഭന്‍ നായര്‍ക്ക് അത് അവിശ്വസനീയമായ അല്‍ഭുതമായിരുന്നു. റേഡിയോവില്‍ വാര്‍ത്ത വായിക്കുന്ന പത്മനാഭനെ നേരില്‍ കാണാന്‍ ആളു കൂടിയത് കണ്ടു പത്മനാഭന്‍ അമ്പരന്നു. ചലച്ചിത്ര രംഗം പോലെ റേഡിയോ താരമായിരുന്ന കാലത്ത് അത് അത്ഭുതമല്ലായിരുന്നു. ചാലപ്പുറത്തെ ശ്രോതാക്കളുടെ സ്‌നേഹാദരവുകള്‍ എറ്റു വാങ്ങിയ പത്മനാഭന്‍ നായര്‍ക്ക് രാമനാട്ടു കരയില്‍ ഒരു പുള്ളുവന്‍ ഉണ്ടെന്ന് അറിവ് കിട്ടി. അയാളുടെ വീട് കണ്ടു പിടിച്ച് അവിടെ എത്തിയപ്പോള്‍ അവിടെ ഭര്‍ത്താവ് ലഹരിയില്‍ ഭാര്യയെ ചീത്തവിളിക്കുന്നു. കുടംബ കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍. റോഡില്‍ നിറുത്തിയ വാന്‍ കണ്ട് പോലീസാണെന്ന് ധരിച്ച് പുള്ളുവ ദമ്പതികള്‍ ഞെട്ടി. പോലീസല്ലന്ന് പറഞ്ഞ് അരി വാങ്ങാന്‍ 2 രൂപ കൊടുത്തപ്പോഴെ അവര്‍ വിശ്വസിച്ചുള്ളൂ. ഉല്‍ഘാടനത്തിന് അവരെ ഏര്‍പ്പാടാക്കി.
പി ഭാസ്‌കരന്‍-തിക്കൊടിയന്‍
1950 മെയ് 14 ന് ഞായറാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് ഉല്‍ഘാടനം നിശ്ചയച്ചത്. ഈ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ മറ്റൊരു വിചിത്രമായ ഒരു വാര്‍ത്ത രൂപം കൊണ്ടു. അന്ന് നല്ല ദിവസമല്ല, ഞായറാഴ്ച 6 മണി വരെ രാഹുകാലമാണ്. കോഴിക്കോട്ടെ പല ദിവ്യന്‍മാരും രാഹുകാല തടസ്സം പറഞ്ഞ് രംഗത്തെത്തി. നല്ലൊരു കലാക്ഷേത്രം രാഹുകാലത്ത് തുടങ്ങുന്നത് അവര്‍ക്ക് പൊറുക്കാനാവില്ലായിരുന്നു. മാതൃഭൂമി ദിനപത്രം മുഖപ്രസംഗം വരെ എഴുതി. പക്ഷേ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നിശ്ചയിച്ച സമയം അണുവിട മാറ്റാന്‍ കേന്ദ്രം തയ്യാറായില്ല. കോഴിക്കോട് ഓള്‍ ഇന്ത്യാ റേഡിയോ വന്നത് ‘ഒരു രാഹു’ കാലത്താണെങ്കില്‍ തിരുവനന്തപുരത്തെ റേഡിയോ സ്റ്റേഷന്‍ തുടങ്ങിയത് ഏപ്രില്‍ 1 ന് – അതായത് ഏപ്രില്‍ ഫൂളില്‍- ലോക വിഢി ദിനത്തിലാണെന്ന സവിശേഷത കൂടിയുണ്ട്. സ്റ്റുഡിയോ തയാറാവാത്തതിനാല്‍, റേഡിയോ സ്റ്റേഷന്റെ പിന്‍വളപ്പിലെ പുളിമരച്ചുവട്ടില്‍ വെച്ചായിരുന്നു ആദ്യ പരിപാടികളുടെ റിഹേഴ്‌സല്‍ നടത്തിയത്. സര്‍ദാര്‍ കെ.എം. പണിക്കരുടെ മകന്‍ മധു പണിക്കരായിരുന്നു കോഴിക്കോട് സ്റ്റേഷന്റെ ആദ്യ ഡയറക്ടര്‍. ഒരു കിലോവാട്ട് മാത്രം ശക്തിയുള്ള സ്റ്റേഷനായിരുന്നു ഇത്. എങ്കിലും മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്ക് റേഡിയോ പ്രക്ഷേപണമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു.
അന്നത്തെ മദ്രാസ് ഗവര്‍ണ്ണറായ ഭാവ്‌നഗര്‍ മഹാരാജാവായിരുന്നു സ്റ്റേഷന്‍ ഉല്‍ഘാടകന്‍ പക്ഷേ, അദ്ദേഹം വന്നില്ല. ഉല്‍ഘാടന സമയം വരെ മഴയായിരുന്നു. കണ്ടോ രാഹുകാലത്തിന്റെ കളി തുടങ്ങി ‘ വിമര്‍ശകര്‍ പറഞ്ഞു. ഒടുവില്‍ മദ്രാസ് സംസ്ഥാനത്തെ മന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവ മേനോന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിച്ചു. പ്രസംഗത്തില്‍ പ്രക്ഷേപണ കേന്ദ്രം എന്നതിന് മന്ത്രി പറഞ്ഞത് പ്രക്ഷോഭണ കേന്ദ്രമെന്ന്’ ( പിന്നെയും രാഹു ഇടപെട്ടു?)1950 മെയ് 14, ഞായറാഴ്ച സമയം വൈകിട്ട് 5.30. കോഴിക്കോട് റേഡിയോ നിലയത്തില്‍ നിന്ന് കെ. പത്മനാഭന്‍ നായരുടെ ആദ്യത്തെ മലയാളം വാചകങ്ങള്‍ റേഡിയോവിലൂടെ ഒഴുകി വന്നത് മലബാറിലെ റേഡിയോ ശ്രോതാക്കള്‍ കേട്ടു. ”ഓള്‍ ഇന്ത്യാ റേഡിയോ കോഴിക്കോട് ശ്രോതാക്കള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍’. ഒരു ഇടവേളക്ക് ശേഷം പത്മനാഭന്‍ നായരുടെ ചിരപരിചിതമായ സ്വരം റേഡിയോവിലൂടെ ശ്രവിച്ച മലബാറിലെ ജനങ്ങള്‍ തങ്ങളുടെ ദേശത്തെ ആകാശവാണിയുടെ ആദ്യ സ്വരങ്ങളെ ആഹ്ലാദത്തോടെ വരവേറ്റു.
‘മദിരാശിയില്‍ സ്ഥിരാടിസ്ഥാനത്തില്‍ ആദ്യം കേട്ടതും, ദൂരപൗരസ്ത്യദേശങ്ങളിലേക്ക് മലയാളികള്‍ക്കായി ഡല്‍ഹിയിലെ ശക്തിയേറിയ പ്രസരണിയില്‍ ആദ്യം ലയിച്ചതും, വാര്‍ത്താ പ്രക്ഷേപണ ശ്യംഖലയില്‍ ആദ്യം മലയാളം വാര്‍ത്തകള്‍ വായിച്ചതും, ഇപ്പോഴിതാ മലയാളത്തില്‍ സ്വന്തമായുള്ള ഒരു കേന്ദ്രം എന്ന സാക്ഷാല്‍ക്കാരത്തിന്റെ സാഫല്യത്തില്‍ അക്കാര്യം കേരളീയരോട് അതിനായുള്ള പ്രസരണിയില്‍ സംസാരിച്ചതും ഓരേ ശബ്ദം. ആ ശബ്ദത്തിന്റെ ഉടമയാകുക അങ്ങനെ മലയാള പ്രക്ഷേപണനാടകത്തിന്റെ ആദ്യത്തെ നാല് അങ്കങ്ങളുടെയും സൂത്രധാരത്വം വഹിക്കുക – പ്രക്ഷേപണ രംഗത്ത് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത പ്രത്യേകത’ ആ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് പത്മനാഭന്‍ നായര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി.
പുതിയ നിലയത്തിന് മറ്റു റേഡിയോ നിലയങ്ങള്‍ നല്‍കിയ അഭിവാദന ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തു. ശേഷം വാര്‍ത്ത. തുടര്‍ന്ന് മലയാളത്തനിമ നിറഞ്ഞ പരിപാടികളുടെ വരവായി. കോഴിക്കോട് റേഡിയോ നിലയത്തിന് നാവേറ് നേരും പോലെ പുള്ളുവന്‍ രാമനും പുള്ളുവത്തിയും ശ്രീ മഹാദേവന്റെ പുള്ളോര്‍ക്കുടം കൊണ്ട് പുള്ളുവന്‍ പാട്ട് പാടി. ഏറ്റവും വിശിഷ്ടമായ പരിപാടി ചെമ്പെയുടെ സംഗീത കച്ചേരിരിയായിരുന്നു. പക്ഷേ, ചെമ്പെക്ക് തൃശ്‌നാപ്പള്ളിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ കഴിഞ്ഞില്ല. പകരം തൃശ്‌നാപ്പള്ളി നിലയത്തില്‍ കച്ചേരി നടത്തി അത് പകര്‍ത്തി ടെലിഫോണിലൂടെ കോഴിക്കോട് നിലയത്തിലെ പ്രസരണിയില്‍ എത്തിച്ചു. കച്ചേരി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രാഹു കാലത്തിന്റെ നിഴല്‍ പോലെ ദേ വരുന്നു ഒരു തടസ്സം. റേഡിയോവില്‍ ഒന്നും കേള്‍ക്കാനില്ല. ഈയവസരത്തില്‍ എന്ത് ചെയ്യണമെന്ന് ഒരു നിര്‍ദേശവും ആരും നല്‍കിയിരുന്നില്ല. പത്മനാഭന്‍ നായര്‍ ഉടനെ ഒരു വാദ്യ സംഗീത റെക്കോഡ് വെച്ചു. പ്രക്ഷേപണം മുറിയാന്‍ പാടില്ലല്ലോ. അപ്പോഴെക്കും തടസ്സം നീങ്ങി ചെമ്പെയുടെ കച്ചേരി തുടര്‍ന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരിപാടി തുടരുമ്പോള്‍ ആ കാര്യം ശ്രോതാക്കളെ അറിയിക്കാന്‍ ടെക്‌നിക്കല്‍ ഫോള്‍ട്ട് എന്ന ഒഴികഴിവാണ് സാധാരണ അനൗണ്‍സ് ചെയ്യാറ്. പത്മനാഭന്‍ നായര്‍ ആ സ്ഥിരം വാചകം മാറ്റം വരുത്തി കൊണ്ട് അനൗണ്‍സ് ചെയ്തു. ‘സാങ്കേതിക കാരണങ്ങളാല്‍ കച്ചേരിക്ക് തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു. ഇതാ കച്ചേരി തുടരുന്നു’ 75 വര്‍ഷം മുന്‍പ് അദ്ദേഹത്തില്‍ നിന്ന് ഉതിര്‍ന്ന് വീണ ആ വാചകങ്ങള്‍ പിന്നീട് ആകാശവാണിയുടെ ക്ഷമാപണവാക്കുകളായി പ്രക്ഷേപണതടസ്സം വരുമ്പോള്‍ ഇന്നും തുടരുന്നു.
5 മണിക്ക് തുടങ്ങിയ പ്രക്ഷേപണം 10 മണിക്ക് അവസാനിച്ചപ്പോള്‍. പരിപാടികളെല്ലാം ശ്രദ്ധയോടെ കണ്ടും കേട്ടുമിരുന്ന അവിടെയുണ്ടായിരുന്ന വി.ഐ.പി മദ്രാസ് സ്റ്റേഷന്‍ ഡയറക്ടറായ ജി.ടി. ശാസ്ത്രിയും, ജി.പി.എസ് നായരും പത്മനാഭന്‍ നായരെ കൈ കുലുക്കി അഭിനന്ദിനിച്ചു. ഒരു കപ്പ് ചൂടുള്ള ചായ നീട്ടിക്കൊണ്ട് പറഞ്ഞു. ‘Good ! Your best achievement ‘ .
തിക്കൊടിയൻ കുട്ടികളുടെ പരിപാടിയിൽ
മലയാള റേഡിയോ പ്രക്ഷേണപണത്തിന്റെ പിതാവായ പത്മനാഭന്‍ നായരാണ് ഡല്‍ഹിയില്‍ നിന്ന് ആദ്യമായി റേഡിയോവില്‍ മലയാളത്തില്‍ വാര്‍ത്ത വായിച്ചത്. ഇദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് പിന്നീട് ചലച്ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍(1967). കമ്യൂണിസ്റ്റ്കാരനായതിന്റെ പേരില്‍ ഇദ്ദേഹം എറെ വേട്ടയാടപ്പെട്ട കലാകാരനായിരുന്നു. ഇടയ്ക്ക് ഇടതുപക്ഷ രാഷ്ട്രീയം ആരോപിച്ച് ആകാശവാണി പുറത്താക്കിയപ്പോള്‍ എ. കെ. ജി. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനോട് നേരിട്ട് ആവശ്യപ്പെട്ട് തിരിച്ചെടുപ്പിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം നിലയത്തില്‍ ഏറ്റവും മികച്ച ചില പരിപാടികള്‍ അദ്ദേഹം സംവിധാനം ചെയ്തു അവതരിപ്പിച്ചു.
കെ. പത്മനാഭന്‍ നായരാണ് തിരുവനന്തപുരത്ത് നിന്ന്. 1970 കളില്‍ മാസത്തില്‍ ഒന്ന് എന്ന രീതിയില്‍ സ്ഥിരമായി ചലചിത്ര ശബ്ദരേഖ പ്രക്ഷേപണം തുടങ്ങിയത്. 20 ചിത്രങ്ങളുടെ ശബ്ദരേഖാ രംഗം കോര്‍ത്തിണക്കി നാഗവള്ളി ആര്‍. എസ് കുറുപ്പുമായി ചേര്‍ന്ന് പത്മനാഭന്‍ നായര്‍ മലയാള സിനിമയുടെ ചരിത്രം വിവരിക്കുന്ന ഒരു ശബ്ദരേഖ അക്കാലത്ത് തിരുവനന്തപുരം നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്തു. നീലക്കുയില്‍ മുതല്‍ അരനാഴികനേരം വരെയുള്ള മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങള്‍ – ചെമ്മീന്‍ , യക്ഷി, വാഴ്വേമായം, തുലാഭാരം ഭാര്‍ഗവിനിലയം വരെ. സത്യന്‍ കൊട്ടാരക്കര തിക്കുറുശി, നസീര്‍, മധു രാഗിണി, അംബിക( പഴയ നടി), ഷീല , ശാരദ എന്നിവരുടെ സ്വരം മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ആ കാലത്ത് ഈ പരിപാടി വന്‍ ജനപ്രീതി നേടി.
ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ജീവിതത്തിന്റ എറ്റവും ഉജ്ജലമായ ഒരു കാലഘട്ടമായിരുന്നു കോഴിക്കോട്ടെ ആകാശവാണിക്കാലം. കോഴിക്കോട് ആകാശവാണി നിലയം ആരംഭിച്ചപ്പോള്‍ അവിടെ ചേര്‍ന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എഴുതിയ’ വീര കേരളം’ എന്ന സംഗീതശില്‍പ്പമായിരുന്നു ആദ്യ ദിവസം പ്രക്ഷേപണം ചെയ്ത ഒരു പരിപാടി. അവിടെയുണ്ടായിരുന്ന പി.സി. കുട്ടി കൃഷ്ണന്‍ (ഉറുബ്) അക്കിത്തം, കെ. എ. കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുമായി സൗഹൃദം ഉറപ്പിച്ച കാലം. പിന്നിട് ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ചലചിത്ര ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കെ. രാഘവനുമായി ഉണ്ടായ ആത്മബന്ധം കോഴിക്കോട് ആകാശവാണിയിലൂടെയാണ് ആരംഭിക്കുന്നത്.
കെ പി കേശവ മേനോന്‍
കേരളത്തില്‍ റേഡിയോവില്‍ ലളിതം സംഗീതത്തിന് തുടക്കം കുറിച്ചത് ഭാസ്‌ക്കരന്‍ മാസ്റ്ററാണ്. ശാസ്ത്രീയ സംഗീതത്തില്‍ ഒതുങ്ങിയ തന്നെ ലളിത-സിനിമാ സംഗീതത്തിലേക്ക് ആ നയിച്ചത് ഭാസ്‌ക്കരന്‍ മാഷാണെന്ന് കെ. രാഘവന്‍ പറഞ്ഞിട്ടുണ്ട്. ആകാശവാണിയില്‍ അക്കാലത്ത് ഇരുവരും നിരവധി ഗാനങ്ങള്‍ ഒരുക്കി. ‘ഭാസ്‌ക്കരന്‍ മാസ്റ്ററെ പോലെ മാപ്പിളപ്പാട്ട് എഴുതാന്‍ ആരുമില്ല’. ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതിയ ആകാശവാണി ലളിത ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് പ്രിയങ്കരമായതോടെയാണ് ഉറൂബും, തിക്കൊടിയനും, കക്കാടും അക്കിത്തവുമൊക്കെ ലളിത ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.
ഏറെക്കാലം ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ആകാശവാണിയില്‍ തുടരാനായില്ല. മുന്‍ കമ്യൂണിസ്റ്റ് എന്ന പേര് ദോഷം നിരന്തരം വേട്ടയാടി. 1953 ല്‍ ആകാശവാണി കരാര്‍ അവസാനിച്ചിച്ചു. സ്റ്റേഷന്‍ ഡയറക്ടറായ ജി.പി.എസ്. നായര്‍ ഭാസ്‌കരന്‍ മാഷെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കും -‘ രാഷ്ട്രീയം എഴുതി കുഴപ്പമാക്കല്ലെ ഭാസ്‌ക്കരാ’. എന്നാല്‍ രാഷ്ട്രീയം എഴുതാതെ തന്നെ ഭാസ്‌കരന്‍ മാസ്റ്റര്‍ പുറത്തായി. പിന്നീട് ആകാശവാണി തിരികെ വരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അതിന് വഴങ്ങാതെ ഭാസ്‌കരന്‍ മാസ്റ്റര്‍ സിനിമാ രംഗത്ത് ഉറച്ചു.
കോഴിക്കോട് നിലയത്തെ സമ്പന്നമാക്കിയ മറ്റ് കലാകാരന്മാര്‍ പിറകെ എത്തി. തിക്കൊടിയന്‍ , കെ. എ. കൊടുങ്ങല്ലൂര്‍, എന്‍. എന്‍. കക്കാട്, അക്കിത്തം തുടങ്ങിയവര്‍. അക്കിത്തം, എന്‍.എന്‍. കാക്കക്കാട്, പി. ഭാസ്‌കരന്‍, തിക്കോടിയന്‍, കെ. രാഘവന്‍, ഉറൂബ് തുടങ്ങിയ മലയാള സാഹിത്യ പ്രതിഭാധനരായ എഴുത്തുകാരുടെ അനുഗ്രഹം ആകാശവാണി കോഴിക്കോടിനുണ്ടായിരുന്നു. എം.ടി.വാസുദേവന്‍ നായര്‍, പത്മരാജന്‍, എസ്.കെ.പൊറ്റെക്കാടിന്റെ കഥകള്‍ ഈ സ്റ്റേഷനിലൂടെ പ്രക്ഷേപണം ചെയ്തു. പ്രേംജി, ബാലന്‍. കെ.നായര്‍, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, കുതിരവട്ടം പപ്പു, കെ.പി. ഉമ്മര്‍, വാസു പ്രദീപ്, ശാന്താദേവി എന്നിവരുടെ ‘നാടക്കക്കളരി’ (നാടകശില്പശാല) കോഴിക്കോട് റേഡിയാ സ്റ്റേഷനിലായിരുന്നു നടന്നത്. തിക്കോടിയന്‍ കോഴിക്കോട് ആകാശവാണിയെക്കുറിച്ച് പറയുന്നു.; ‘സ്റ്റേഷന്‍ ഒരു തേന്‍കട്ട പോലെ ശബ്ദമയമായിരുന്നു. നിരവധി മികച്ച കലാകാരന്മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ എല്ലാ പിരിമുറുക്കങ്ങളും അപ്രത്യക്ഷമായി. ഞാന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്ത, ഒരിക്കല്‍ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ആളുകളുടെ മുന്നിലാണ് ഞാന്‍.
സാമൂഹികവും വിദ്യാഭ്യാസപരവുമായ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് രാഷ്ട്രനിര്‍മ്മാണത്തിന് വളരെയധികം കഴിവുള്ള വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഏകോപിപ്പിക്കുന്നതില്‍ ആകാശവാണി കോഴിക്കോടിന്റെ പങ്ക് ശ്രദ്ധേയമാണ്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനായി കാര്‍ഷിക സാങ്കേതിക വിദഗ്ധരും പരമ്പരാഗത കര്‍ഷകരും പങ്കെടുത്ത ‘വയലും വീട് ‘ എന്ന പരിപാടി ആകാശവാണി കോഴിക്കോടിന്റെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു. ‘ബാലതരംഗം’ മറ്റൊരു പരിപാടിയായിരുന്നു, അക്കാലത്ത് പുരുഷോത്തമന്‍ നായര്‍ ആയിരുന്നു ആ പരിപാടിയിലെ ‘ബാലേട്ടന്‍’. കുഞ്ഞുണ്ണി മാസ്റ്ററും കുട്ടികളും അതില്‍ പങ്കെടുത്തതോടെ ഈ പരിപാടി വളരെ ജനപ്രിയമായി.
മലയാള സാഹിത്യത്തിനും കേരളീയ കലാരൂപങ്ങള്‍ക്കും കോഴിക്കോട് നിലയം വഴി ലഭിച്ച പ്രോത്സാഹനവും വികാസവും വളരെ വലുതായിരുന്നു. വടക്കന്‍ പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, നാടോടിപ്പാടുകള്‍. എന്നിവയ്ക്ക് കേരളമൊട്ടുക്കു പ്രചാരം ലഭിക്കാന്‍ കോഴിക്കോട് നിലയം നിമിത്തമായി. ലക്ഷദ്വീപിലെ കലയും സാഹിത്യവും സംസ്‌കാരവും പ്രചരിച്ചതില്‍ നല്ലൊരു പങ്ക് കോഴിക്കോട് ആകാശവാണിയുടേതാണ്. മലയാളിയല്ലാത്ത, കോഴിക്കോട്ടെ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന പി.പി. കൃഷ്ണമൂര്‍ത്തി മലയാള ഭാഷയെ സ്‌നേഹിക്കുകയും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യമുള്ള തിരഞ്ഞെടുത്ത നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. നമ്പൂതിരി സമുദായത്തിലെ വിപ്ലവത്തിന് തിരികൊളുത്തിയ നാടകം. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ‘ ഇങ്ങനെ പ്രക്ഷേപണം ചെയ്ത നാടകമാണ്. 1983 ല്‍ ലോക നാടകദിനത്തില്‍ ഒരു മണിക്കൂര്‍ നാടോടി നാടകം ‘കാക്കാശ്ശേരി നാടകം’ കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തു. ആകാശവാണിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത ഈ സമ്പൂര്‍ണ നാടോടി നാടകത്തിന് കെ. രാഘവന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന് മനോഹരമാക്കി.
റേഡിയോ നിലയം ആരംഭിച്ച വര്‍ഷം ശ്രീനാരായണ ഗുരു ജയന്തിക്ക് കോഴിക്കോട് നിലയം ഒരു പ്രത്യേക പരിപാടിയും അവതരിപ്പിക്കുന്നില്ലെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നു. കോഴിക്കോട് നിലയം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധ സൂചകമായി കരിങ്കൊടി ജാഥ നടത്തുമെന്നും അവരുടെ സംഘടന പ്രഖ്യാപിച്ചു. ഇത് നടന്നത് നാരായണ ജയന്തിക്ക് മൂന്നു ദിവസം മുന്‍പായിരുന്നു. എന്നാല്‍ പി. ഭാസ്‌കരന്‍ മാസ്റ്റര്‍ ഗുരുദേവനെ കുറിച്ച് മനോഹരമായ ഒരു സംഗീത പരിപാടി സംവിധാനം ചെയ്തിരുന്നു. അത് ശ്രീ നാരായണ ജയന്തിക്ക് പ്രക്ഷേപണം ചെയ്തതോടെ വിമര്‍ശകര്‍ അഭിനന്ദനവുമായി റേഡിയോ സ്റ്റേഷനിലെത്തി. ‘നാട്ടിന്‍ പുറം’ എന്ന് കെ. പത്മനാഭന്‍ നായര്‍ പേരിട്ട ഗ്രാമീണര്‍ക്കായുള്ള പരിപാടി കോഴിക്കോട് നിലയത്തിന്റെ ഏറ്റവും മികച്ച ജനപ്രീതി നേടിയ പരിപാടിയായിരുന്നു. മമ്മദ് എന്ന സ്ഥിരം കഥാപാത്രം തന്റെ ചായ പീടികയില്‍ യുദ്ധം മുതല്‍ കോഴി വളര്‍ത്തല്‍ വരെ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടി. ഉറുബും തിക്കൊടിയനുമായിരുന്നു ഇത് എഴുതിയിരുന്നത്. മമ്മദായി അഭിനയിച്ചത് പിന്നീട് ‘കാക്ക മേനോന്‍ ‘എന്ന് അറിയപ്പെട്ട കോച്ചാട്ടില്‍ ബാലകൃഷ്ണ മേനോനായിരുന്നു. മാപ്പിള ഭാഷ ഇത്ര തന്‍മയത്തോടെ അവതരിപ്പിക്കാന്‍ മലബാര്‍ മുസ്ലീമിനു പോലും കഴിയില്ല. അത്ര മികച്ചതായിരുന്നു സ്വാഭാവികമായ അദ്ദേഹത്തിന്റെ മാപ്പിള മൊഴിയാട്ടം. റേഡിയോവിലെ എറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ഈ മമ്മദിനെ നേരില്‍ കാണാന്‍ പലരും കോഴിക്കോട് നിലയം സന്ദര്‍ശിച്ചിരുന്നു. നീലക്കുയിലിലെ ഏറ്റവും പ്രശസ്തമായ ഗാനം ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ സിനിമയില്‍ പാടി അഭിനയിച്ചത് ഈ ബാലകൃഷ്ണ മേനോനാണ്. ഇതേ തന്മയത്വത്തോടെ വള്ളുവനാടന്‍ നമ്പൂതിരിയായി അഭിനയിക്കുമെന്നതാണ് ബാലകൃഷ്ണ മേനോനെന്ന നടന്റെ പ്രതിഭ.
1982 ല്‍ ഡല്‍ഹിയില്‍ ഇ. ജെ. എം വെണ്ണിയൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായപ്പോള്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച ഫോക്ക് മ്യൂസിക്ക് യൂണിറ്റ് എന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആകാശവാണി നാടന്‍ കലകളുടെ പ്രക്ഷേപണത്തിന് വളരെയധികം പ്രാധാന്യം നല്‍കി. അവ ശേഖരിക്കാനും കൂടുതല്‍ വ്യവസ്ഥാപിതമായി പ്രക്ഷേപണം ചെയ്യാനും സഹായിച്ച നാടന്‍ സംഗീത യൂണിറ്റ് 1981 ല്‍ ആരംഭിച്ചു. ജി. ഭാര്‍ഗവന്‍ പിള്ളയായിരുന്നു അതിന്റെ ചുമതലക്കാരന്‍.
വിലയേറിയ നാടന്‍ കലകള്‍ ശേഖരിച്ച് പ്രക്ഷേപണം ചെയ്യുക, ആകാശവാണിയുടെ ശബ്ദ ശേഖരത്തില്‍ അവ ശേഖരിക്കുക, വിവിധ സ്ഥലങ്ങളില്‍ ഈ നാടന്‍ പ്രകടനങ്ങള്‍ അവതരിപ്പിക്കുക എന്നിവയായിരുന്നു നാടന്‍ സംഗീത യൂണിറ്റിന്റെ ചുമതലകള്‍. 1983 ല്‍ കോഴിക്കോട് നടത്തിയ നാടന്‍ കലാമേള ഈ മേഖലയില്‍ ആകാശവാണി കോഴിക്കോടിന്റെ പ്രധാന സംഭാവനകളില്‍ ഒന്നാണ്. നാടന്‍ പരിപാടികള്‍ പുറത്തു ‘വെച്ച് റെക്കോര്‍ഡ് ചെയ്തു, നാടന്‍ കലാകാരന്മാരോടൊപ്പം ദിവസങ്ങള്‍ ചെലവഴിച്ചു. കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള തുളു ഭാഷയില്‍ റെക്കോര്‍ഡുചെയ്ത ‘ബിധുകമ്പല’ത്തിന്റെയും ‘യക്ഷഗാനം’ ത്തിന്റെയും ടേപ്പുകള്‍ സൗണ്ട് ലൈബ്രറിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കുറിച്യരുടെ പാട്ടുകള്‍, പണിയര്‍, നാട്ടിപ്പാട്ട്, തൃശ്ശല്ലേരി കാളന്‍ അവതരിപ്പിച്ച മാരിത്തെയ്യം, ബസവനും സംഘവും അവതരിപ്പിച്ച ഗാധിപ്പാട്ട്, മഞ്ചേരി ചാത്തനും സംഘവും അവതരിപ്പിക്കുന്ന ചോലനായ്ക്കരുടെ പാട്ടുകള്‍, അടിയാരുടെ പാട്ടുകള്‍, വെള്ളാട്ടു പാട്ടുകള്‍ തുടങ്ങി വംശനാശം സംഭവിച്ച പല നാടന്‍ കലകളുടെയും രേഖകള്‍ കോഴിക്കോട് ആകാശവാണിയുടെ ശബ്ദശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ മാപ്പിളപ്പാട്ട് ഗായകരായ സി.എ.ബൂബക്കര്‍, വി.എം.കുട്ടി, വിളയില്‍ വത്സല , എസ്.എം.കോയ, ഉബൈദ് തുടങ്ങിയവര്‍ ഗാനങ്ങള്‍ കോഴിക്കോട് ആകാശവാണിയിലൂടെ സംപ്രേക്ഷണം ചെയ്ത് ജനപ്രീതി നേടിയവയാണ്. മാരിപ്പാട്ട്, കളംപാട്ട്, തുടങ്ങിയ കലാരൂപങ്ങളാം കോഴിക്കോട് ആകാശവാണിയുടെ സംപ്രേക്ഷണത്തില്‍ ഇടം പിടിച്ചവയാണ്.
ഖാന്‍ കാവില്‍
കോഴിക്കോട് ആകാശവാണിയുടെ രണ്ടാം തലമുറക്കാരനായി പ്രവര്‍ത്തിച്ച ഖാന്‍ കാവില്‍ ആധുനിക കോഴിക്കോട്ട് നിലയത്തിലെ ഏറ്റവും ശ്രദ്ധേയനായിരുന്നു. തൃശൂര്‍ ആകാശവാണിയില്‍ നിന്ന് കോഴിക്കോട് ആകാശവാണിയില്‍ എത്തിയ അദ്ദേഹം1978 മുതല്‍ 1997 വരെ അവിടെ ജോലി ചെയ്തു. ഏകദേശം പത്ത് വര്‍ഷത്തോളം അദ്ദേഹം ‘യുവവാണി’യുടെ പ്രോഗ്രാമറായിരുന്നു. ‘യുവവാണിയില്‍ പുതിയ കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിച്ചു, ഖാന്‍ കാവില്‍ പ്രോഗ്രാമിന് ഒരു പുതുമ കൊണ്ടുവന്നു, ഇത് ആകാശവാണിയുടെയും പ്രശസ്തിക്ക് കാരണമായി.
ഖാന്‍ കാവിലിന്റെ യഥാര്‍ത്ഥ പേര് തരുവായ് എന്നായിരുന്നു, തരുവായ് ഖാന്‍ കാവായി മാറിയതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. നാടക നടനായ കെ.പി.എ.സി.എ.കെ.ഖാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. സുഹൃത്തുക്കളുടെ മുന്നില്‍ കെ.പി.എ.സി.എ.കെ. ഖാന്റെ ശബ്ദം അനുകരിക്കുക എന്നത് ഖാന്റെ വിനോദമായിരുന്നു. അതിനാല്‍, അദ്ദേഹത്തിന് കെ.പി.എ.സി.എ.കെ ഖാന്‍ എന്ന ശബ്ദ ഗുണവും അഭിനയ വൈദഗ്ധ്യവും ഉണ്ടായിരുന്നതിനാല്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ഖാന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പിന്നീട് അദ്ദേഹം തന്റെ പേരിനൊപ്പം തന്റെ ഗ്രാമത്തിന്റെ പേര് ചേര്‍ത്ത് ഖാന്‍ കാവില്‍ ആയി.
നാടകവത്കൃത കഥ ആകാശവാണിയില്‍ ഖാന്‍ കാവില്‍ പരീക്ഷിച്ച് വിജയിച്ച ഒരു ശൈലിയായിരുന്നു. കഥാകൃത്തിന്റെ മാത്രം ശബ്ദത്തിലുള്ള കഥ പറച്ചില്‍ കൂടാതെ കഥാപാത്രങ്ങളുടെ ശബ്ദങ്ങള്‍ കൂടി സന്നിവേശിപ്പിച്ചുള്ള ആഖ്യാന രീതിയാണത്. അത് ശ്രോതാക്കളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് ഖാന്‍ ഖാവില്‍ കണ്ടെത്തി. അത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു.
ഖാന്‍ നിരവധി നാടകങ്ങള്‍ക്കും, ഡോക്യുമെന്ററികള്‍ക്കും, ‘ആകാശവാണിയുടെ ശബ്ദം’ എന്നറിയപ്പെടുന്ന ‘എഴുത്തുപ്പെട്ടി’ക്കും ശബ്ദം നല്‍കി. റേഡിയോ പ്രക്ഷേപണത്തിന്റെ ശക്തിയും പ്രക്ഷേപണ കലയുടെ ഭംഗിയും മനസ്സിലാക്കിയ ഒരു കലാകാരനായിരുന്നു അദ്ദേഹം. തിക്കോടിയന്‍, എം.ടി.വാസുദേവന്‍ നായര്‍, ജയപ്രകാശ് കുളൂര്‍, എന്‍.പി.എച്ച്.അഫിസ് മുഹമ്മദ്, ഒ. ഉദയ ചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത മലയാള എഴുത്തുകാരുടെ രചനകളെ അദ്ദേഹം റേഡിയോ നാടകങ്ങളാക്കി മാറ്റി. എം.ടി.വാസുദേവന്‍ നായരുടെ ‘ കാലം’, ‘കരിയിലകള്‍ മൂടപ്പെട്ട വഴിത്താരകള്‍’ എന്നിവ ഇവയില്‍ ശ്രദ്ധേയമാണ്. കോഴിക്കോട് ആകാശവാണി ‘എ ഗ്രേഡ്’ നാടക ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ലളിത സംഗീതത്തിനും ഖാന്‍ ഗണ്യമായ സംഭാവന നല്‍കി റേഡിയോ നാടകങ്ങള്‍ തയ്യാറാക്കാന്‍ അദ്ദേഹത്തിന് സ്വന്തം ശബ്ദ ശേഖരം ഉണ്ടായിരുന്നു, ഖാന്‍ കാവില്‍ നിരവധി മികച്ച റേഡിയോ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു.
14 ഭാഷകളില്‍ റേഡിയോവിലൂടെ സംപ്രേഷണം ചെയ്ത ‘മംഗള്‍ പാണ്ഡെ’ എന്ന നാടകം മലയാളത്തില്‍ സംപ്രേഷണം ചെയ്തപ്പോള്‍ മലയാളത്തില്‍ മംഗള്‍ പാണ്ഡെ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഖാന്‍ കാവിലായിരുന്നു. കാപ്പില്‍.വി.സുകുമാരന്റെ സംവിധാനത്തില്‍ ‘ ചെമ്മീന്‍ ‘ ഡോക്യുമെന്ററിയായപ്പോള്‍, ഖാന്‍ കാവില്‍ പളനി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കി. തിക്കോടിയന്റെ മകളായ ആകാശവാണി കലാകാരി പുഷ്പയാണ് കറുത്തമ്മയ്ക്ക് ശബ്ദം നല്‍കിയത് , ഉറൂബിന്റെ ‘ഉമ്മാച്ചു’ റേഡിയോ നാടകമായപ്പോള്‍ ഖാന്‍ കാവിലും പുഷ്പയുമായിരുന്നു കഥാപാത്രങ്ങളുടെ ശബ്ദം.
‘തൃപ്തിപ്പെടുത്താന്‍ പ്രയാസമുള്ള ദൈവമാണ് പ്രക്ഷേപണം. അതിന്റെ സൃഷ്ടികള്‍ പലപ്പോഴും ഭവ്യഷത്തുകള്‍ ക്ഷണിച്ചു വരുത്തും. ഈ ബോധം ഏത് പ്രക്ഷേപകനുമുണ്ടാകണം.’ കോഴിക്കോട് ആകാശവാണിയുടെ പ്രക്ഷേപണ ശില്‍പ്പിയും മലയാള പ്രക്ഷേപണത്തിന്റെ പിതാവുമായ കെ. പത്മനാഭന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞു. Kozhikode All India Radio, the second radio station in Kerala, turns 75
Content Summary; Kozhikode All India Radio, the second radio station in Kerala, turns 75
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.