June 04, 2026 |
Share on

ജിന്നയ്ക്ക് മുന്‍പേ ഇന്ത്യയെ വിഭജിച്ച ഹിന്ദുത്വയും; മോഡി രാജില്‍ മുസ്ലിമിന് കാവലാകുന്ന ശംഭു ഭര്‍വാദും

മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് കീഴ്പ്പെട്ട് കഴിയുന്ന ഹിന്ദുരാജ്യമായിരുന്നു സവര്‍ക്കറുടെ സ്വപ്നം

1947 ഓഗസ്റ്റില്‍, അതിന് മുന്‍പൊരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്ത സിറില്‍ റാഡ്ക്ലിഫ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെ ഒരു വര വരച്ചു, വിഭജനത്തിന്റെ വര. 1947 ഓഗസ്റ്റ് 9 ന് റാഡ്ക്ലിഫ് തന്റെ വിഭജന ഭൂപടം സമര്‍പ്പിച്ചു. 1947 ഓഗസ്റ്റ് 17 ന് പുതിയ അതിര്‍ത്തികള്‍ നിലവില്‍ വന്നു. അതിര്‍ത്തികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ലക്ഷക്കണക്കിനാളുകള്‍ ഒഴുകി, രാജ്യത്ത് വലിയ കലാപങ്ങളുണ്ടായി. രണ്ട് ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെയാളുകള്‍ കൊല്ലപ്പെട്ടു, ദശലക്ഷക്കണക്കിനാളുകള്‍ ശരീരത്തിലും മനസ്സിലും ആഴത്തില്‍ മുറിവുകളേറ്റു വാങ്ങി. ബ്രിട്ടീഷുകാരാല്‍ തുടങ്ങിയ ഒന്നിന്റെ അവസാനമായിരുന്നു ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മില്‍ വിഭജിച്ച റാഡ്ക്ലിഫ് ലൈന്‍. ബ്രിട്ടീഷുകാര്‍ ഇവിടെ നടപ്പിലാക്കിയ, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന മാക്യവെല്ലിയന്‍ ആശയത്തിന്റെ സ്വാഭാവിക പരിസമാപ്തി.

radcliffe line

റാഡ്ക്ലിഫ് ലൈന്‍

ഇന്ത്യയെന്ന ഭൂമിക ഒരു രാജ്യമെന്ന രീതിയില്‍ അടയാളപ്പെടുത്തപ്പെട്ടത് മൗര്യ സാമ്രാജ്യ സ്ഥാപകനായ, ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തായിരുന്നു. ബിസി 320 മുതല്‍ ബിസി 185 വരെ നിലനിന്ന മൗര്യ സാമ്രാജ്യത്തില്‍ അശോക ചക്രവര്‍ത്തിയുടെ കാലമായപ്പോഴേക്കും ബുദ്ധ മതത്തിന് പ്രാധാന്യം വന്നുവെങ്കിലും, ജൈനമതവും, ഹിന്ദുമതവും നിലനിന്നിരുന്നുവെന്നു മാത്രമല്ല, രാഷ്ട്രത്തിന് ഔദ്യോഗിക മതം പോലെയുള്ള സംഗതികള്‍ ഉണ്ടായിരുന്നില്ല. AD 240 മുതല്‍ AD 420 വരെ നിലനിന്നിരുന്ന ഗുപ്ത സാമ്രാജ്യ കാലത്തു ശൈവ, വൈഷ്ണവ ധാരകളിലുണ്ടായിരുന്ന ഹിന്ദുമതവും, ജൈനമതവും, ബുദ്ധമതവും നിലനിന്നിരുന്നു. പിന്നീട് വന്ന ചോള രാജാക്കന്മാര്‍ ശൈവന്മാര്‍ ആയിരുന്നെങ്കിലും ബുദ്ധ ജൈന മതങ്ങള്‍ക്കും നല്ല സ്വാധീനമുണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍, മുഗള്‍ സാമ്രാജ്യത്തിലെ അക്ബറിന്റെ കാലമൊക്കെ ആയപ്പോഴേക്കും സഹിഷ്ണുതയുടെ പാഠങ്ങള്‍ ഇവിടെ എഴുതി ചേര്‍ക്കപ്പെട്ടിരുന്നു. ജാതി ഇവിടെയൊരു വലിയ വിഭജന മാധ്യമം ആയിരുന്നുവെങ്കിലും മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാത്ത ഭരണാധികാരികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം ഭൂരിപക്ഷമുള്ള കുതിരപ്പടയും, ഹിന്ദു ഭൂരിപക്ഷമുള്ള കാലാള്‍ പടയും ഒന്നിച്ചു ചേര്‍ന്നുള്ള കലാപം സത്യത്തില്‍ ബ്രിട്ടീഷുകാരെ ഞെട്ടിച്ചിരുന്നു. 1859 ല്‍ മുംബൈ ഗവര്‍ണരായിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റോണ്‍, ‘വിഭജിച്ചാല്‍ അധികാരം എന്നതായിരുന്നു പഴയ റോമന്‍ തത്വം, അത് നമ്മുടേതായിരിക്കും’ എന്ന് പീല്‍ കമ്മീഷനിലൂടെ മാതൃരാജ്യത്തിനെ ധരിപ്പിച്ചു. അങ്ങനെ ബ്രിട്ടീഷുകാര്‍ ഔദ്യോഗികമായിത്തന്നെ നമ്മെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിലേക്കെത്തി. എന്നാല്‍ ഔദ്യോഗികമായല്ലാതെ വിഭജനത്തിന്റെ വിത്ത് വിതയ്ക്കുന്ന ഒരു നരേറ്റിവ് ബ്രിട്ടീഷുകാരിവിടെ ഉണ്ടാക്കി വച്ചിരുന്നു. ഈ രാജ്യം മുഗളന്‍മാരില്‍ നിന്ന് പിടിച്ചെടുത്ത, ഹിന്ദുക്കളുടെ സേവിയേഴ്സ് ആണ് തങ്ങള്‍ എന്നൊരു ചിത്രം അവര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.അഫ്ഗാനിസ്ഥാനിലെയും പേര്‍ഷ്യയിലെയും സ്വാധീനമുറപ്പിക്കുന്നതിന് റഷ്യയുമായുള്ള ‘ഗ്രേറ്റ് ഗെയിം’ ഇല്‍ 1842 ല്‍ ബ്രിട്ടന് കാബൂളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ലോര്‍ഡ് എല്ലെന്‍ബറോ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റ സമയമായിരുന്നു അത്. എല്ലെന്‍ബറോ അതിനെയൊരു സുവര്‍ണാവസരമായി കണ്ടു ‘The Proclamation of the Gates’ എന്ന പ്രഖ്യാപനം നടത്തി. ഗസ്നിയിലെ മഹമൂദിന്റെ ശവകുടീരത്തില്‍ നിന്ന് തടി വാതിലുകള്‍ നീക്കം ചെയ്ത് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സൈനികര്‍ക്ക് നല്‍കിയ ഉത്തരവായിരുന്നു അത്. 1026-ല്‍ ഇന്നത്തെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ് ഇത് എന്നൊരു വ്യാജമാണ് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചത്. തരം പോലെ ബ്രിട്ടീഷുകാര്‍, അവരെപ്പോലെ സെമിറ്റിക് വിശ്വാസികളായ മുസ്ലിങ്ങളെയും, ഹിന്ദുക്കളെയും മാറി മാറി പ്രീണിപ്പിച്ചിരുന്നു. ഭിന്നിപ്പിന് ഒരുപാധി മാത്രമായാണ് അവര്‍ ഇതിനെ കണ്ടിരുന്നത്.

1905ല്‍ ബംഗാള്‍ വിഭജനം, ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു. ഭരണപരമായ സൗകര്യത്തിന് വേണ്ടിയെന്നു പറഞ്ഞു ലോര്‍ഡ് കഴ്‌സണിലൂടെ, ബ്രിട്ടീഷുകാര്‍ രാജ്യത്തെ മതപരമായി വിഭജിക്കാന്‍ ശ്രമിച്ചതിലെ പ്രധാന സംഭവമായിരുന്നു ബംഗാളിനെ ഹിന്ദുഭൂരിപക്ഷ പ്രദേശമായ പശ്ചിമ ബംഗാളായും, മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാളായും വിഭജിച്ചത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കുകയും ദേശീയ പ്രസ്ഥാനത്തിന്റെ ഐക്യം ദുര്‍ബലപ്പെടുത്തുകയുമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. കടുത്ത സമ്മര്‍ദ്ദം മൂലം 1911 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ബംഗാള്‍ വിഭജനം റദ്ദാക്കേണ്ടി വന്നു. അവിടെ താത്കാലികമായി ദേശീയ പ്രസ്ഥാനം വിജയിച്ചെങ്കിലും, അത് സാമൂഹിക വിഭജനങ്ങള്‍ വര്‍ധിപ്പിച്ചു. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം, വിഭജനം അവരുദ്ദേശിച്ച ലക്ഷ്യം കണ്ടിരുന്നു. 1906 ഓഗസ്റ്റ് 04 ന് ലാഹോറില്‍ ആദ്യത്തെ ഹിന്ദു സഭ രൂപീകരിക്കപ്പെട്ടു, പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ പ്രകടമായ ബീജാവാപം. പിന്നീട് രാജ്യത്ത് നിരവധി ഹിന്ദു സഭകള്‍ സ്ഥാപിക്കപ്പെട്ടു. 1906 ഡിസംബര്‍ 30ന് ധാക്കയില്‍ ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് (AIML) സ്ഥാപിതമായി. ആര്‍ എസ്എസ് എന്ന പേരിലല്ലങ്കിലും പൊളിറ്റിക്കല്‍ ഹിന്ദുത്വ ഭിന്നിപ്പ് ആളിക്കത്തിക്കാന്‍ ശ്രമിച്ചിരുന്നു. 1915-ലെ ഹരിദ്വാര്‍ കുംഭമേളയില്‍, ഹിന്ദു താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനായി ഒരു പാന്‍-ഇന്ത്യന്‍ ബോഡി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം പഞ്ചാബ് ഹിന്ദു സഭയുടെ അംബാല സെഷന്‍ പാസാക്കി. ഈ പ്രമേയം അനുസരിച്ച്, അഖിലേന്ത്യാ ഹിന്ദു സമ്മേളനം വിളിച്ചുകൂട്ടി, അവിടെ വച്ച് മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ സ്ഥാപിക്കപ്പെട്ടു.

Hindu maha sabha

ഹിന്ദു മഹാസഭ

മുസ്ലിം ലീഗോ, ജിന്നയോ അല്ല, ആദ്യമൊരു മുസ്ലിം രാജ്യം എന്ന ആവശ്യമുയര്‍ത്തിയത്. ഹിന്ദു മഹാസഭയുടെ നേതാവും ഹിന്ദുത്വവാദിയുമായ ഭായ് പര്‍മാനന്ദാണ്, 1909 ല്‍ ‘സിന്ധിന് അപ്പുറമുള്ള പ്രദേശം അഫ്ഗാനിസ്ഥാനുമായും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയുമായും സംയോജിപ്പിച്ച് ഒരു മഹത്തായ മുസല്‍മാന്‍ രാജ്യമാക്കണം. ഈ പ്രദേശത്തെ ഹിന്ദുക്കള്‍ ഇവിടം വിട്ടുപോകണം, അതേസമയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള മുസല്‍മാന്‍മാര്‍ ഈ പ്രദേശത്ത് പോയി സ്ഥിരതാമസമാക്കണം.’ എന്ന് നിര്‍ദ്ദേശിച്ചത്.

1924 ല്‍ ലാലാ ലജ്പത്‌റായി ഈ നിര്‍ദേശങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. ‘എന്റെ പദ്ധതി പ്രകാരം മുസ്ലീങ്ങള്‍ക്ക് നാല് മുസ്ലീം സംസ്ഥാനങ്ങള്‍ ഉണ്ടാകും: (1) വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ പത്താന്‍ പ്രവിശ്യ (2) പടിഞ്ഞാറന്‍ പഞ്ചാബ് (3) സിന്ധ്, (4) കിഴക്കന്‍ ബംഗാള്‍. ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്ത് ഒരു പ്രവിശ്യ രൂപീകരിക്കാന്‍ പര്യാപ്തമായ വലിപ്പമുള്ള മുസ്ലീം സമൂഹങ്ങള്‍ ഉണ്ടെങ്കില്‍, അവയും സമാനമായി രൂപീകരിക്കണം. എന്നാല്‍ ഇത് ഒരു ഏകീകൃത ഇന്ത്യയല്ലെന്ന് വ്യക്തമായി മനസ്സിലാക്കണം. അതിനര്‍ത്ഥം ഇന്ത്യയെ മുസ്ലീം ഇന്ത്യയായും മുസ്ലീം ഇതര ഇന്ത്യയായും വിഭജിക്കുക എന്നതാണ്.’ അദ്ദേഹം പറയുന്നു. 1923 ല്‍ തന്നെ സവര്‍ക്കര്‍ തന്റെ വിവാദപുസ്തകമായ ‘ഹിന്ദുത്വ’ എഴുതി. ഹിന്ദുമതത്തിന് പുറമെ സിഖ്, ജൈന ബുദ്ധ മതങ്ങളെ ഉള്‍ക്കൊള്ളുന്ന, എന്നാല്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ആന്തരിക ഭീഷണികളായിക്കാണുന്ന പ്രത്യേക തരത്തിലുള്ള ‘ഹിന്ദുരാഷ്ട്രമായിരുന്നു’ സവര്‍ക്കര്‍ വിഭാവനം ചെയ്തത്. 1925 ല്‍ നാഗ്പൂരില്‍ ആര്‍ എസ് എസ് സ്ഥാപിക്കപ്പെട്ടു. പിന്നീട് സംഘവും ഇതേ മാതൃക പിന്തുടര്‍ന്നു. 1937 ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ പത്തൊന്‍പതാമത് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കര്‍ പറയുന്നത് നോക്കുക ‘ഇന്ത്യയില്‍ രണ്ട് ശത്രുതാപരമായ രാഷ്ട്രങ്ങള്‍ അടുത്തടുത്തായി ജീവിക്കുന്നുണ്ട്. ഇന്ത്യ ഇതിനകം തന്നെ ഒരു ഐക്യമുള്ള രാഷ്ട്രമായി ലയിച്ചുകഴിഞ്ഞുവെന്നും, അല്ലെങ്കില്‍ അങ്ങനെ ചെയ്യണമെന്ന ആഗ്രഹത്താല്‍ അത് അങ്ങനെ ലയിപ്പിക്കപ്പെടാമെന്നും കരുതുന്നതില്‍ നിരവധി ഇന്‍ഫെന്റ് രാഷ്ട്രീയക്കാര്‍ ഗുരുതരമായ തെറ്റ് ചെയ്യുന്നു. അതുകൊണ്ടാണ് അവര്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ അക്ഷമരാകുകയും അവയെ വര്‍ഗീയ സംഘടനകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത്.”

”ഇന്ന് ഇന്ത്യയെ ഒരു ഏകീകൃതവുമായ രാഷ്ട്രമായി കണക്കാക്കാന്‍ കഴിയില്ല, മറിച്ച്, ഇന്ത്യയില്‍ പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്: ഹിന്ദുക്കളും മുസ്ലീങ്ങളും.’

യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മുന്നോട്ട് വച്ച ആശയം 1940ല്‍ മാത്രമാണ് മുസ്ലിം ലീഗ് ഏറ്റെടുത്തതെന്ന് കാണാം. മുഹമ്മദലി ജിന്ന, അജന്തയില്‍ ആദിപാപം കണ്ടു നടന്ന കാലത്താണ് ഭായി പര്‍മാനന്ദും ഹിന്ദുത്വയും ഈ നാടിനെ വെട്ടി മുറിക്കാനുള്ള ആദ്യ പടി വച്ചത്. എന്നിട്ട് വിഭജനത്തിന്റെ ഉത്തരവാദിത്തം എടുത്തു ഇന്നാട്ടിലെ മുസ്ലിങ്ങളുടെ മേല്‍ വയ്ക്കുക, കോണ്‍ഗ്രസ്സിന്റെ മേല്‍ വയ്ക്കുക എന്നതാണ് അവര്‍ ചെയ്തത്. ഇപ്പോളും അത് തുടരുന്നു. 2019 പൗരത്വ നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് വീണ്ടും പറഞ്ഞു ‘ ഇസ് ദേശ് കാ വിഭജന്‍ അഗര്‍ ധര്‍മ്മ കെ ആധാര്‍ പര്‍ കോണ്‍ഗ്രസ് ന കരി ഹോതി തോ ഈസ് ബില്‍ കാ കാം നഹി ഹോതാ (കോണ്‍ഗ്രസ് ഈ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചില്ലായിരുന്നുവെങ്കില്‍, ഈ ബില്ലിന്റെ ആവശ്യമില്ലായിരുന്നു).’ സത്യത്തില്‍ ഹിന്ദുത്വ തുടങ്ങി വച്ച ദ്വിരാഷ്ട്ര സിദ്ധാന്തം പിന്നീട് ജിന്നയും കൂട്ടാളികളും ഏറ്റെടുക്കുകയാണ് ചെയ്തത്. അഖണ്ഡ ഭാരതം ഒരിക്കലും ഹിന്ദുത്വ ആഗ്രഹിച്ചിരുന്നില്ല, അതൊരു സമര്‍ത്ഥമായ കളവായിരുന്നു, അവര്‍ ഒരു ഹിന്ദുരാഷ്ട്രം മാത്രമാണ് ആഗ്രഹിച്ചത്.

സത്യത്തില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഭിന്നിപ്പിക്കലിന് പതിറ്റാണ്ടുകള്‍ വെള്ളവും വളവും കൊടുത്തു വിഭജനത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഹിന്ദുത്വയായിരുന്നു. 1940 കളിലേക്കെത്തിയപ്പോള്‍ മുസ്ലിം ലീഗും ജിന്നയും കൂടി ഇതേറ്റെടുക്കുകയാണുണ്ടായത്. ഇന്ന് ആര്‍ഷഭാരതവും അഖണ്ഡ ഭാരതവും പറഞ്ഞു നടക്കുന്നവര്‍ ഇന്നത്തെപ്പോലെ തന്നെ അന്നും, മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും അംഗീകരിച്ചിരുന്നില്ല.

‘ഒരു രാഷ്ട്രം vs രണ്ട് രാഷ്ട്രങ്ങള്‍ എന്ന വിഷയത്തില്‍ പരസ്പരം എതിര്‍ക്കുന്നതിനുപകരം മിസ്റ്റര്‍ സവര്‍ക്കറും മിസ്റ്റര്‍ ജിന്നയും അതിനെക്കുറിച്ച് പൂര്‍ണ്ണമായ യോജിപ്പിലാണ് എന്നത് വിചിത്രമായി തോന്നിയേക്കാം. ഇരുവരും സമ്മതിക്കുന്നു, സമ്മതിക്കുക മാത്രമല്ല, ഇന്ത്യയില്‍ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു – ഒന്ന് മുസ്ലീം രാഷ്ട്രവും മറ്റൊന്ന് ഹിന്ദു രാഷ്ട്രവും.’ അംബേദ്കര്‍ പറയുന്നതാണ്. ആകെയുള്ള വ്യത്യാസം ജിന്ന മുസ്ലിം രാജ്യം പ്രത്യേകമായി വേണമെന്ന് പറയുമ്പോള്‍, മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് കീഴ്‌പ്പെട്ട് കഴിയുന്ന ഹിന്ദുരാജ്യമായിരുന്നു സവര്‍ക്കര്‍ സ്വപ്നം കണ്ട കിനാശേരി. വിഭജന ശേഷം ഇതേ നിലപാടുമായാണ് ഹിന്ദുത്വ മുന്നോട്ട് പോയത്.

ഹിന്ദുവും ഹിന്ദുത്വയും രണ്ടും രണ്ടായിരുന്നു എന്നും, അതുപോലെ തന്നെ പൊളിറ്റിക്കല്‍ ഇസ്ലാമും, ഇസ്ലാമും രണ്ട് തന്നെയായിരുന്നു. മുസ്ലിങ്ങളുടെ മുഴുവന്‍ പിന്തുണയോടെയല്ല ജിന്നയും പ്രവര്‍ത്തിച്ചിരുന്നത്. അങ്ങോട്ടുമിങ്ങോട്ടും സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുമായി കഴിഞ്ഞിരുന്ന വിഭാഗങ്ങളായിരുന്നു ഹിന്ദുവും മുസല്‍മാനും. ഒരു പ്രശ്‌നവുമില്ലാതെ അന്യന്റെ വാക്കുകള്‍ സംഗീതം പോലെ എന്നൊന്നുമല്ല, പരസ്പരം ഒത്തുപോകുന്ന രണ്ട് വിഭാഗങ്ങള്‍. അവരെ വിഭജിച്ചു പ്രശ്‌നങ്ങളുണ്ടാക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. അധിനിവേശ ശക്തികള്‍ അത് ചെയ്യുന്നതില്‍ അതിശയമില്ല, എന്നാല്‍ ഈ ഭൂമികയില്‍ ജനിച്ചവരത് ചെയ്യുമ്പോള്‍ അതിനൊരു ഒറ്റു കൊടുക്കലിന്റെ സ്വഭാവമുണ്ട്. ഏതു വിധേനയും അധികാരം എന്നും, ഏതു വിധേനയും ഹിന്ദുരാജ്യം എന്നും ചിന്തിക്കുന്നവര്‍ക്ക് പശ്ചാത്തപമുണ്ടാകാന്‍ വഴിയില്ല എന്ന് മാത്രമല്ല, സ്മൃതികളും പഴയ തത്വ സംഹിതകളും മുറുകെ പിടിക്കുന്നവര്‍ക്ക് അര്‍ത്ഥശാസ്ത്രത്തിലെ ഭേദം (ഭിന്നിപ്പിച്ചു ഭരിക്കുക) എന്നതില്‍ സാധൂകരണവും കണ്ടെത്താം.

ഫാസിസ്റ്റുകള്‍ തോറ്റു പോകുന്നത് മനുഷ്യരുടെ, അവരുടെ സ്‌നേഹഗാഥകളുടെയൊക്കെ മുന്‍പിലാണെന്നു തോന്നുന്നു. പലപ്പോളും അണ്‍സങ് ഹീറോസ് ആയ മനുഷ്യര്‍. വിഭജനാനന്തരം തട്ടിക്കൊണ്ടു പോകപ്പെട്ട നൂറിലധികം സ്ത്രീകളെ രക്ഷിച്ച ഹരിജന്‍ ബാബ, കലാപത്തില്‍ റാവല്‍പിണ്ടിയിലുള്ള ഹിന്ദുക്കളെയും സിഖുകാരെയും രക്ഷിച്ച മുസ്ലിം ഗ്രൂപ്പായ ഖക്‌സറുകളും, നേതാവ് അഷ്റഫ് ഖാനും, ”ഞങ്ങള്‍ രണ്ടു സഹോദരന്മാരും ജീവിച്ചിരിക്കുന്നിടത്തോളം, ഞങ്ങളുടെ റൈഫിളുകളില്‍ വെടിയുണ്ടകളുണ്ടെങ്കില്‍, ഈ ആശുപത്രിയിലെ മുസ്ലീം രോഗികളെ തൊടാന്‍ ഞങ്ങള്‍ ഒരിക്കലും നിങ്ങളെ അനുവദിക്കില്ല’ എന്ന് പറഞ്ഞു ഹിന്ദുത്വ തീവ്രവാദികളെ നേരിട്ട ഡോ. പ്രോഷോത്തം ദത്തും സഹോദരന്‍ ഡോ. നരേന്‍ ദാസും, തന്റെ വീട്ടില്‍ നൂറുകണക്കിന് മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ അമൃത്സറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായിരുന്ന ബാവ ഘന്‍ഷാം, ഡല്‍ഹി വര്‍ഗീയ കലാപത്തിലമര്‍ന്നപ്പോള്‍ ആശ്രമത്തില്‍ മുസ്ലിം കര്‍ഷകരെ സംരക്ഷിച്ച കോണ്‍ഗ്രസുകാരനായ സ്വാമി സരൂപാനന്ദ, അങ്ങനെ പട്ടിക നീളുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ കയ്യില്‍ ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറണം എന്ന് പറഞ്ഞു പുഷ്പ ഗോയല്‍ എന്ന തന്റെ അമ്മയുടെ നമ്പര്‍ കൊടുത്തു. അതിര്‍ത്തിക്കപ്പുറത്തു നിന്ന് വിളിയെത്തി, വിഭജന സമയത്ത്, ഹരിയാനയില്‍, ആക്രമികളില്‍ നിന്ന് തങ്ങളുടെ ജീവന്‍ പൊതിഞ്ഞു പിടിച്ച കുടുംബത്തെ അവര്‍ മറന്നിട്ടുണ്ടായിരുന്നില്ല. 1999 ല്‍ ഇന്‍സമാമിന്റെ വിവാഹത്തിന് പുഷ്പ ഗോയല്‍ ക്ഷണിക്കപ്പെട്ടു. ”സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവന്നത് പോലെയായിരുന്നു അത്. ‘മുള്‍ട്ടാനിലേക്കുള്ള എന്റെ സന്ദര്‍ശനം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.’ എന്നവര്‍ പറയുമ്പോള്‍ അത്, അതിര്‍ത്തികള്‍ക്കതീതമായുള്ള സ്‌നേഹത്തിന്റെ സാക്ഷ്യമാകുന്നു.

ജൈനരെയും, സിഖുകാരെയും, പാഴ്സികളെയും, ക്രിസ്ത്യാനികളെയും ഒക്കെ ഉള്‍ക്കൊള്ളുന്ന, എന്നാല്‍ മുസ്ലിമിനെ ഒഴിവാക്കുന്ന CAA, സംഘിന്റെ കൃത്യമായ വിഭജന രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. സ്വാഭാവികമായും വലിയ പ്രതിഷേധങ്ങളുണ്ടായി. പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും വലിയ സ്റ്റേറ്റ് സ്‌പോണ്‍സര്‍ഡ് വര്‍ഗ്ഗീയ അക്രമമായിരുന്നു സിഎഎ പ്രതിഷേധങ്ങളെതുടര്‍ന്നു ഡല്‍ഹിയില്‍ നടന്നത്. 2020 ഫെബ്രുവരി 23ന് മുന്‍ എ എ പി നേതാവും ബിജെപി ക്കാരനുമായ കപില്‍ മിശ്രയാണ് കലാപത്തിന് തിരി കൊളുത്തിയത്. ഡല്‍ഹിയിലെ ജാഫ്രാബാദിലെ ആന്റി CAA പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്ന് കപില്‍ മിശ്ര പറയുന്നു. ഓര്‍ക്കണം, പോലീസിന്റെ ഒപ്പം നിന്നാണ് പറയുന്നത്. മണിക്കൂറുകള്‍ക്കകം അക്രമം ആരംഭിച്ചു. ബിജെപി നേതാക്കളായ പര്‍വേഷ് വര്‍മ്മ, കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടതില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ‘വേദന’ പ്രകടിപ്പിച്ചപ്പോള്‍, രായ്ക്ക് രാമാനം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് നാടുകടത്തിയാണ് ഹിന്ദുത്വ ഭീകരര്‍ ജസ്റ്റിസ് മുരളീധറിന്റെ വേദന മാറ്റിയത്. പുതിയ ജഡ്ജി സര്‍ക്കാരിന് നടപടിയെടുക്കാന്‍ നാല് ആഴ്ച സമയം നല്‍കി. കപില്‍ മിശ്രയ്ക്കു സംഘിന്റെ പ്രതിഫലം ലഭിച്ചു. കപില്‍ മിശ്ര ഇക്കഴിഞ്ഞ മാസം, 2025 ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ ക്യാബിനറ്റ് പദവിയുള്ള നീതി നിയമകാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. മോഡിഫൈഡ് ഇന്ത്യയില്‍ ഡല്‍ഹിയില്‍ ഒരു കലാപം രണ്ട് ദിവസം അരങ്ങേറുക എന്ന് പറഞ്ഞാല്‍ പോലീസ് എന്ത് ചെയ്തിട്ടുണ്ടാവും എന്ന് ആലോചിച്ചു നോക്കുക. അന്നും ഇന്നും ഹിന്ദുത്വ ശ്രമിക്കുന്നത് ഐക്യത്തിനല്ല. കൗടില്യന്റെ ഭേദവും, ദണ്ഡവും ആണവരുടെ ആയുധം. ഈ നാടിനെ ഇന്നിങ്ങനെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതും അവര്‍ തന്നെയാണ്. ഭേദമെന്നാല്‍ ഭിന്നിപ്പിച്ചു ലക്ഷ്യം നേടുക എന്നു തന്നെയാണ്. ഇവിടെയും സംഘ പരിവാര്‍ തോറ്റു പോകുന്നത് സാധാരണ മനുഷ്യര്‍ക്ക് മുന്നിലാണ്.

2020 മാര്‍ച്ചില്‍ ദി ഗാര്‍ഡിയന്‍ ചെയ്ത സ്റ്റോറി ഇതടയാളപ്പെടുത്തുന്നു. ശിവ് വിഹാറില്‍ ഏഴ് മുസ്ലീം കുടുംബങ്ങളെ രഹസ്യമായി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് പ്രതികാരം ഭയന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഹിന്ദു മനുഷ്യന്‍ പറഞ്ഞു.

‘ഞാന്‍ കുറച്ച് പ്രായമായ ഹിന്ദു അയല്‍ക്കാരെ ഉള്‍പ്പെടുത്തി ഒരു ചെറിയ സംഘം രൂപീകരിച്ചു, ആ മുസ്ലീം വീടുകള്‍ക്ക് നേരെയുള്ള ആസൂത്രിത ആക്രമണങ്ങള്‍ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,’

ഗോകല്‍പുരിയില്‍, 53 വയസ്സുള്ള ഒരു സിഖ് പിതാവായ മൊഹീന്ദര്‍ സിങ്ങും മകന്‍ ഇന്ദര്‍ജിത്തും തങ്ങളുടെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് 70 ഓളം മുസ്ലീം പുരുഷന്മാരെയും കുട്ടികളെയും രക്ഷപ്പെടുത്തി, അതില്‍ പ്രായം കുറഞ്ഞയാള്‍ ഒമ്പത് വയസ്സുകാരനായിരുന്നു. ഒരു ജനക്കൂട്ടം തെരുവുകളില്‍ അലഞ്ഞുനടന്നപ്പോള്‍ അവര്‍ പള്ളിയിലും മദ്രസയിലും കുടുങ്ങിപ്പോയി. സിംഗ് കുട്ടികളെ രണ്ടുപേരായി ബൈക്കില്‍ കയറ്റി, വേഷംമാറി തലപ്പാവ് ധരിച്ചു.

‘അവര്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് എനിക്ക് മനസ്സിലായില്ല, ഞാന്‍ ഇത് ചെയ്തത് മനുഷ്യത്വത്തിനു വേണ്ടിയാണ്,’ മൊഹീന്ദര്‍ പറഞ്ഞു. ‘എനിക്ക് അവരെ രക്ഷിക്കേണ്ടി വന്നു.’

കലാപങ്ങളില്‍ ഹിന്ദുവും, മുസ്ലിമും, സിഖുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും കവചമായി നിന്നതിന്റെ സാക്ഷ്യങ്ങളാണ് മുകളില്‍ പറഞ്ഞവയെല്ലാം.

ഭര്‍വാദ് എന്നൊരു വിഭാഗമുണ്ട് ഗുജറാത്തില്‍, ഇടയന്‍മാരാണെന്ന് പറയാം, കാലിവളര്‍ത്തലൊക്കെയായി ജീവിക്കുന്ന മനുഷ്യര്‍. ശംഭു, കനു, രഘു എന്നിവരാണ് നമ്മുടെ ഹീറോസ്. ഡോണ്ട് യൂ സീ ദി ഐറണി? മൂന്നും ഹിന്ദു നാമധാരികള്‍. ഏതാണ്ട് അയ്യായിരത്തോളം വരുന്ന ഹിന്ദു തീവ്രവാദികള്‍ 2002 ഫെബ്രുവരി 28 ന് നരോദാ പാട്യക്ക് തൊട്ടടുത്തുള്ള നരോദാ ഗാം ആക്രമിക്കുന്നു, 11 പേര്‍ കൊല്ലപ്പെട്ടു. 105 ആളുകള്‍ രക്ഷപ്പെട്ടു.

ഈ ഭര്‍വാദുകളുണ്ടല്ലോ, നല്ല ഇടയന്മാര്‍, അവര്‍ ഈ മനുഷ്യരെ വീടുകളിലും, കാലിത്തൊഴുത്തുകളിലും ഒളിപ്പിച്ചു, അവര്‍ക്ക് ഭക്ഷണം നല്‍കി. അക്രമികള്‍ ഇവരെ കണ്ടെത്തിയില്ല. അക്രമികള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഈ ശംഭുവും, കനുവും, രഘുവുമൊക്കെ ചേര്‍ന്ന് ഈ നൂറിലധികം ആളുകളെ നരോദാ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒന്നാലോചിച്ചു നോക്കിക്കേ, അക്രമികളറിഞ്ഞാല്‍ സ്വന്തം തല പോകുന്ന കാര്യമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഭര്‍വാദുകള്‍ ഇത് ചെയ്തത്. ഓര്‍ക്കണം, നരോദാ പാട്യയില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം എണ്‍പത്തഞ്ചിലധികമായിരുന്നു.

Anne Frank

ആന്‍ ഫ്രാങ്ക്

ദുരിതത്തിന്റെ കയത്തില്‍ നില്‍ക്കുമ്പോളും, മനുഷ്യര്‍ ഹൃദയത്തില്‍ നല്ലവരാണെന്ന് വിശ്വസിച്ച ഒരു പെണ്‍കുട്ടിയെ നമുക്കറിയാം, ആന്‍ ഫ്രാങ്ക്. ഇതിനെ സാധൂകരിക്കുന്നയൊരു കഥ നരോദാ ഗാവിനും പറയാനുണ്ട്.

നൂറിലധികം ആളുകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മൂന്ന് യുവാക്കളുടെ കാര്യം പറഞ്ഞില്ലേ, അതിലൊരാള്‍ സംഘ പരിവാറുകാരനായിരുന്നു. പേര് ശംഭു ഭര്‍വാദ്. ഹിന്ദുക്കളുടെ രോഷം തീര്‍ക്കാന്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, അനുഗ്രഹിച്ചാശീര്‍വദിച്ചു വിട്ട കൊലയാളിക്കൂട്ടത്തോടൊപ്പം അയാള്‍ ചേര്‍ന്നില്ല. അതൊരു ‘പരിവാര്‍’ അല്ലെന്നും, കൊലയാളിക്കൂട്ടമാണെന്നും മനസ്സിലാക്കിയ അയാള്‍ അവരോടൊപ്പം വാളെടുത്തില്ല, മറിച്ചയാള്‍ മുസ്ലിങ്ങള്‍ക്ക് സുരക്ഷയൊരുക്കി, ഭര്‍വാദുകള്‍ അവര്‍ക്ക് ഭക്ഷണം നല്‍കി, അവരെ സുരക്ഷിതരായി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് മൂവരും മടങ്ങിയത്. ശംഭു ഭര്‍വാദിനെപ്പോലെ ചിലര്‍ ആദ്യമേ അപകടം തിരിച്ചറിയുന്നു, ചിലര്‍ അശോക് മോചിയേപ്പോലെ സാവകാശവും. ഓര്‍ക്കുക സിനിമയില്‍, ഹിന്ദുത്വ അക്രമികളില്‍ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു സ്ത്രീയുടെ കഥാപാത്രം സാങ്കല്‍പ്പികമല്ല, ശംഭുവായും, കനുവായും, രഘുവായും, സഞ്ജീവ് ഭട്ടായും, ആര്‍ ബി ശ്രീകുമാറായും അവര്‍ നമുക്കിടയിലുണ്ട്; നമ്മുടെ ഷിന്‍ഡ്ലേഴ്സ്. നാളെ അവരെക്കൊണ്ടാണ് ഈ രാജ്യം സംഘപരിവാറിനെ അതിജീവിക്കുക.Hindutva ideologies contributed to the division of India predated Jinnah’s involvement

Content Summary: Hindutva ideologies contributed to the division of India predated Jinnah’s involvement

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×