ഇന്ത്യ
1894 ഒക്ടോബര്‍ 26-ന് പുറത്തിറങ്ങിയ ഒരു സൈനിക വകുപ്പുതല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലൂടെ ബോംബെ, ബംഗാള്‍, മദ്രാസ് പ്രസിഡന്‍സി സേനകളെ 1895 ഏപ്രില്‍ ഒന്നിന് പിരിച്ചുവിട്ടതോടെ ഇന്ത്യന്‍ കരസേനയുടെ രൂപീകരണത്തിന് വിത്തുപാകി. മുന്ന് പ്രസിഡന്‍സി സേനകളെയും സംയോജിപ്പിച്ചുകൊണ്ട്, പഞ്ചാബ് (വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി ഉള്‍പ്പെടെ), മദ്രാസ്, ബോംബെ സേനകള്‍ ഉള്‍ക്കൊന്ന ഏക ഇന്ത്യന്‍ കരസേനയ്ക്ക് രൂപം നല്‍കി. 1899 മുതല്‍ 1901-വരെ ചൈനയില്‍ നടന്ന ബോക്‌സര്‍ വിപ്ലവത്തിലാണ് ഏകീകൃത ഇന്ത്യന്‍ കരസേന ആദ്യമായി വിന്യസിക്കപ്പെട്ടത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുന്‍ പ്രസിഡന്‍സികളിലെ സേനകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായതോടെയാണ് ഏകീകൃത ഇന്ത്യന്‍ കരസേന രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1949 ജനുവരി 15-ന്, ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് കമാന്റര്‍ ഇന്‍ ചീഫ് ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നും ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫായി ലഫ്റ്റനന്റ് ജനറല്‍ കെ എം കരിയപ്പ സ്ഥാനം ഏറ്റെടുത്തു.
ലോകം
1956 ഏപ്രില്‍ ഒന്ന്: ഏപ്രില്‍ ഫൂള്‍ തട്ടിപ്പ് ആദ്യമായി നടത്തി ബിബിസി ഈ പരിപാടിയ്ക്ക് തുടക്കം കുറിച്ചു

1956 ഏപ്രില്‍ ഒന്നിന്, സ്വിറ്റ്‌സര്‍ലണ്ടിലെ സ്പാഗെറ്റി വിളയെ കുറിച്ചുള്ള ഒരു വ്യാജ ഡോക്യുമെന്ററി പനോരമ എന്ന തങ്ങളുടെ വാര്‍ത്താധിഷ്ടിത പരിപാടിയില്‍ പ്രക്ഷേപണം ചെയ്തു. ടിസിനോയിലെ ഒരു കുടുംബ വാര്‍ഷീക സ്പാഗെറ്റി വിളവെടുപ്പ് നടത്തുന്നതായിരുന്നു ഡോക്യുമെന്ററിയുടെ വിഷയം. ആ സമയത്ത് ബ്രിട്ടണില്‍ സ്പാഗറ്റി അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. 1950-കളില്‍ ബ്രിട്ടണിലെ ദൈനംദിന ഭക്ഷണത്തില്‍ സ്പാഗെറ്റി ഉള്‍പ്പെട്ടിരുന്നില്ല. ഒരു ആഡംബര ഭക്ഷണമായി കരുതിയിരുന്ന ടിന്നിലടച്ചു വരുന്ന തക്കാളി സോസില്‍ ചേര്‍ത്തിരുന്ന സ്പാഗറ്റിയെ കുറിച്ച് മാത്രമാണ് അക്കാലത്ത് അറിവുണ്ടായിരുന്നത്. ബഹുമാനിതനായ അവതാരകനായിരുന്ന റിച്ചാഡ് ഡിംബ്ലെബെ ശബ്ധം നല്‍കിയ ഡോക്യുമെന്ററിയില്‍, ഒരു മരത്തില്‍ നിന്നും സ്ത്രീകള്‍ സ്പാഗറ്റി പറിച്ചെടുക്കുകയും അത് ഉണക്കുന്നതിനായി വെയിലത്ത് വെക്കുന്നതും കാണിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കാണികളെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തത്. തലമുറകളായുള്ള കൃഷിക്കാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി സ്പാഗെറ്റി കുലകള്‍ എങ്ങനെയാണ് ഒരു നീളത്തില്‍ വളരുന്നത് എന്നതിനെ കുറിച്ച് വിശദമായ വിശദീകരണം ഡിംബ്ലെബെ നല്‍കി. പരിപാടിക്ക് സംയുക്ത പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ഇതൊരു തമാശയായി എടുത്തപ്പോള്‍ ബിബിസി പരിധി വിട്ടെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷന്‍ മാധ്യമം ഏപ്രില്‍ ഫൂള്‍ ദിന തട്ടിപ്പ് ആദ്യമായി നടത്തുന്നത് ഈ പരിപാടിയിലൂടെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.