ചൈനയിലെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിനെ (എച്ച്എംപിവി) കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യയിൽ രണ്ട് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. എച്ച്എംപിവി ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ പ്രചരിക്കുന്നുണ്ടെന്നും പല രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ കണ്ടെത്തിയ രണ്ട് കേസുകളിലും വ്യക്തികൾ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്തവരല്ലെന്നും ചൈനയിലെ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സമീപകാല വർദ്ധനയുമായി ഈ കേസുകൾക്ക് ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിക്കും എട്ട് മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി അണുബാധ കണ്ടെത്തിയത്. ഇവർക്ക് ന്യുമോണിയ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തുവെന്നും ആൺകുട്ടി സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു ജോയിൻ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ പലപ്പോഴും വർദ്ധിക്കാറുണ്ട്. വിഷയത്തിൽ ചൈനീസ് ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ചൈനയിലെ സ്ഥിതിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകണമെന്ന് ജോയിൻ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്താണ് എച്ച്എംപിവി
കോവിഡ് വൈറസിൽ നിന്നും വ്യത്യസ്തമാണ് എച്ച്എംപിവി. കുട്ടികളിൽ ഏകദേശം 12 ശതമാനം ശ്വാസകോശ അണുബാധയ്ക്ക് എച്ച്എംപിവി വൈറസ് കാരണമാകുന്നു. ഇത് മറ്റൊരു വൈറൽ അണുബാധയായ ആർഎസ്വി (റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്) പോലെയാണ്. 2001-ൽ നെതർലാൻഡിലെ 28 കുട്ടികളിലാണ് എച്ച്എംപിവി ആദ്യമായി കണ്ടെത്തിയത്. ഇത് വിവിധ പക്ഷികളെ ബാധിക്കുന്ന ഏവിയൻ മെറ്റാപ്‌ന്യൂമോവൈറസുമായി ബന്ധപ്പെട്ടതാണ്.
ലക്ഷണങ്ങൾ
ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. ഇത് ചിലപ്പോൾ ന്യുമോണിയ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവർക്ക് ഇൻഫ്ലുവൻസയ്ക്ക് സമാനമായ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മൈകോപ്ലാസ്മ ന്യുമോണിയ, വാക്കിംഗ് ന്യുമോണിയയ്ക്ക് കാരണമാകുന്നു. ഇത് ന്യുമോണിയയുടെ നേരിയ രൂപമാണ്, ഇതിന് ബെഡ് റെസ്റ്റും ആശുപത്രിവാസവും ആവശ്യമില്ല. ഈ വൈറസുകൾ പല സാധാരണ ശ്വാസകോശ അണുബാധകൾക്കും കാരണമാകാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഇന്ത്യയിൽ ഇൻഫ്ലുവൻസ വൈറസുകളും ആർഎസ്വിയും ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ നിരീക്ഷിക്കുന്നുണ്ട്. സമീപകാല ഡാറ്റ അനുസരിച്ച്, ഇൻഫ്ലുവൻസ ബി വിക്ടോറിയ വംശപരമ്പരയും ആർഎസ്വിയുമാണ് കഴിഞ്ഞ മാസം ശ്വാസകോശ സംബന്ധമായ അണുബാധയുടെ കാരണങ്ങൾ.