ഹോര്‍മുസ് കടലിടുക്ക് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ നാമാവശേഷമാക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്കന്‍ ഭീഷണി ഇറാനെ കൂടുതല്‍ പ്രകോപിപ്പിച്ചതോടെ മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. ട്രംപ് തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ടാല്‍, മേഖലയിലെ കുടിവെള്ള വിതരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ‘തിരിച്ചുപിടിക്കാനാവാത്ത വിധം നശിപ്പിക്കുമെന്ന്’ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
നാലാം വാരത്തിലേക്ക് കടന്ന യുദ്ധം ഭയാനകമായ തലത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം രാത്രി രണ്ട് ഇസ്രയേലിലെ രണ്ടു തെക്കന്‍ നഗരങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം. നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റ ഈ ആക്രമണത്തില്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകളും ഇറാന്‍ പ്രയോഗിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പൊതുസൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചതോടെ വലിയൊരു മാനുഷിക ദുരന്തത്തിനുള്ള സാധ്യതയേറി.
വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ‘യുദ്ധക്കുറ്റമായി’ കണക്കാക്കാമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റെവല്യൂഷണറി ഗാര്‍ഡ് നിയന്ത്രിക്കുന്ന ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നത് അവരുടെ യുദ്ധശേഷി ഇല്ലാതാക്കാന്‍ അത്യാവശ്യമാണെന്നാണ് യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്സിന്റെ നിലപാട്. ഏറ്റവും വലിയ പവര്‍ പ്ലാന്റ് മുതല്‍ തകര്‍ക്കാനാണ് ട്രംപിന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെയാണ് ട്രംപ് ഇറാനു സമയം നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ട്രംപുമായി ഫോണില്‍ സംസാരിക്കുകയും കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍, ‘ഇറാന്റെ ശത്രുക്കള്‍’ ഒഴികെയുള്ളവര്‍ക്ക് കടലിടുക്ക് തുറന്നിട്ടുണ്ടെന്നാണ് ഇറാന്‍ പ്രതിനിധി അലി മൂസവി അവകാശപ്പെടുന്നത്. നിലവില്‍ 5% കപ്പലുകള്‍ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. ഇത് 1970-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കും യൂറോപ്പിലെ വാതക വില 35% വര്‍ദ്ധിക്കാനും കാരണമായി.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ഇറാനില്‍ മാത്രം ഇതുവരെ 2,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുള്ള ആണവ കേന്ദ്രത്തിന് സമീപമുള്ള ദിമോണ, അരാദ് എന്നീ നഗരങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. ഇതിന് തിരിച്ചടിയായി ടെഹ്റാനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
അതേസമയം, ഇന്ത്യന്‍ സമുദ്രത്തിലെ യുഎസ്-ബ്രിട്ടീഷ് സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു. ഇതില്‍ ഒന്ന് ലക്ഷ്യസ്ഥാനത്തെത്തും മുന്‍പേ തകരുകയും മറ്റൊന്ന് തടയുകയും ചെയ്തതായി ബ്രിട്ടീഷ് മന്ത്രി സ്റ്റീവ് റീഡ് അറിയിച്ചു. ഇറാന് യൂറോപ്പിനെ ആക്രമിക്കാനുള്ള ശേഷിയുണ്ടെന്ന ഇസ്രയേലിന്റെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
ഇറാഖിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് നേരെയും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍ ഇസ്രയേല്‍ ശക്തമാക്കി. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍ ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ്.
ആണവ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പരിസ്ഥിതിക്കും ആരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം ആഗോള വിപണികളില്‍ വന്‍ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Content Summary: Hormuz; Trump’s threat to obliterate Iran’s power plants, Iran vows to destroy Middle East water and energy facilities
This post was last modified on March 23, 2026 6:43 pm
Leave a Comment