ഹോര്‍മുസിന് പിന്നാലെ ചെങ്കടലും യുദ്ധക്കളം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇരട്ടപ്രഹരം

എണ്ണവില ബാരലിന് 200 ഡോളറിലേക്കോ?

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതര്‍ ഇസ്രയേലിനെതിരെ നേരിട്ട് മിസൈല്‍ ആക്രമണം നടത്തിയതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകള്‍ കടുത്ത ഭീഷണിയിലായി. ഹോര്‍മുസ് കടലിടുക്കിന് പിന്നാലെ ബാബ് അല്‍-മന്ദാബ് കടലിടുക്കും യുദ്ധക്കളമാകുന്നതോടെ ആഗോള എണ്ണ വിപണിയില്‍ ബാരലിന് 200 ഡോളര്‍ വരെ വില ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

യെമന്റെ പടിഞ്ഞാറന്‍ തീരവും തന്ത്രപ്രധാനമായ പര്‍വതമേഖലകളും നിയന്ത്രിക്കുന്ന ഹൂത്തികള്‍ക്ക്, ചെങ്കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദാബ് കടലിടുക്കിന്മേല്‍ ശക്തമായ സ്വാധീനമുണ്ട്.

ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹൂത്തികള്‍ നടത്തിയ ആക്രമണം മേഖലയിലെ സമാധാന ചര്‍ച്ചകളെ അവതാളത്തിലാക്കി. ലോകത്തെ കടല്‍മാര്‍ഗമുള്ള ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ 10 മുതല്‍ 12 ശതമാനം വരെ ഈ പാതയിലൂടെയാണ് നടക്കുന്നത്. 2023-ന്റെ തുടക്കത്തില്‍ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരല്‍ എണ്ണ ഇതിലൂടെ കടന്നുപോയിരുന്നു.

യുദ്ധഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്ക ഷിപ്പിംഗ് കമ്പനികളും തങ്ങളുടെ കപ്പലുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം ചുറ്റിയുള്ള ദീര്‍ഘദൂര പാതയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീമമാണ്. റൂട്ട് മാറ്റുന്നത് മൂലം ഒരു ബാരല്‍ എണ്ണയ്ക്ക് 2 ഡോളര്‍ വരെ അധിക ചിലവ് വരുന്നു.

കൂടാതെ വലിയ എണ്ണക്കപ്പലുകളുടെ ചാര്‍ട്ടര്‍ നിരക്കുകള്‍ പ്രതിദിനം 2 ലക്ഷം ഡോളറില്‍ നിന്നും 4.25 ലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു. ചില കരാറുകള്‍ 7 ലക്ഷം ഡോളറില്‍ വരെ എത്തിനില്‍ക്കുന്നു. എണ്ണയ്ക്ക് പുറമെ യന്ത്രങ്ങള്‍, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണത്തെയും ഇത് ബാധിക്കുന്നു. ഇത് ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകും.

ഹോര്‍മുസും ഇറാന്റെ തന്ത്രവും

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ കണ്ടെത്തിയ മാര്‍ഗമായിരുന്നു പൈപ്പ്ലൈനുകള്‍ വഴി എണ്ണ പടിഞ്ഞാറന്‍ തീരത്തെ യാന്‍ബു തുറമുഖത്തെത്തിക്കുക എന്നത്. എന്നാല്‍ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമണം ആരംഭിച്ചതോടെ, ഇവിടെ പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുകയാണ്. ഇറാന്‍ ഇതിനോടകം തന്നെ ഹോര്‍മുസ് കടലിടുക്കിലെ 35 ശതമാനം വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എണ്ണയുടെ വിതരണം തടസ്സപ്പെടുന്നത് വിപണിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും.

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശ്വാസകരമായ ചില ഘടകങ്ങളുണ്ടെങ്കിലും ഇരട്ട പ്രഹരമാണ് നല്‍കുന്നത്. റഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിവിധ സ്രോതസ്സുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും, ചരക്ക് നീക്കത്തിനുള്ള ചിലവ് വര്‍ദ്ധിക്കുന്നത് ആഭ്യന്തര വിപണിയില്‍ ഇന്ധനവില കൂട്ടാന്‍ കാരണമാകും. എണ്ണയ്ക്ക് പുറമെ യന്ത്രങ്ങള്‍, പയറുവര്‍ഗങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കണ്ടെയ്‌നര്‍ ഗതാഗതത്തെ ഈ പ്രതിസന്ധി ബാധിക്കും. ഇത് വിതരണ ശ്യംഖല തടസ്സപ്പെടുത്തുകയും ദരിദ്ര-മധ്യവര്‍ഗ വിഭാഗങ്ങളെ ബാധിക്കുന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും.

വിപണിയിലെ പ്രവചനങ്ങള്‍

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ സാഹചര്യം വഷളായാല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഉടന്‍ തന്നെ ബാരലിന് 150 ഡോളര്‍ കടക്കും. ഹൂത്തികള്‍ കേവലം രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ പോലും ചെങ്കടല്‍ വഴിയുള്ള മുഴുവന്‍ വാണിജ്യ ഗതാഗതവും നിലച്ചേക്കാം. അതുകൊണ്ട് തന്നെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 200 ഡോളര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇത് ലോകത്തെ ഒരു വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ആധുനിക യുദ്ധം വെറും വെടിയുണ്ടകള്‍ കൊണ്ട് മാത്രമല്ല, സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ടും വിതരണ ശൃംഖലകള്‍ തകര്‍ത്തുമാണ് നടക്കുന്നത്. ഹൂത്തികളുടെ യുദ്ധപ്രവേശനം വെറുമൊരു സൈനിക നീക്കമല്ല, മറിച്ച് ആഗോള വിപണിയുടെ മേലുള്ള വ്യക്തമായ കടന്നാക്രമണമാണ്. പശ്ചിമേഷ്യയിലെ ഈ ‘തീയണഞ്ഞില്ലെങ്കില്‍’ അതിന്റെ ചൂട് ലോകമെമ്പാടുമുള്ള അടുക്കളകളിലും വ്യവസായ ശാലകളിലും പ്രതിഫലിക്കുമെന്നത് ഉറപ്പാണ്.

Content Summary: Houthi war entry shakes global oil market: could brent crude hit 200 dollar?

This post was last modified on March 31, 2026 6:21 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment