യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DoJ) അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ ബിസിനസ്സ് സഹപ്രവര്‍ത്തകര്‍ക്കും എതിരെ അഞ്ച് ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,029 കോടി രൂപ (265 മില്യണ്‍ ഡോളര്‍)കൈക്കൂലി വാഗ്ദാനം ചെയ്യുക, തെറ്റായ വിവരങ്ങള്‍ നല്‍കി ഓഹരി വിപണിയെ കബിളിപ്പിക്കുക, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചു കോടിക്കണക്കിന് ഡോളറുകളുടെ പദ്ധതി ആസൂത്രണം ചെയ്യുക എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി (അദാനി ഗ്രീന്‍ എനര്‍ജി മേധാവി), ഒരിക്കല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്ന റിന്യൂവബിള്‍ എനര്‍ജി സ്ഥാപനമായ അസൂര്‍ പവറിലെ ടോപ്പ് എക്‌സിക്യൂട്ടീവായ സിറില്‍ കബനീസ് തുടങ്ങിയവര്‍ക്കെതിരെയാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) കുറ്റം ചുമത്തിയിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയും അസൂര്‍ പവറും തമ്മില്‍ വന്‍ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഡിഒജെ ക്രിമിനല്‍ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്, എസ്ഇസി-യുടെ ആരോപണങ്ങള്‍ സിവില്‍ സ്വഭാവമുള്ളതും.
അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരായ കുറ്റപത്രത്തില്‍, ഓഹരി വിപണയിലെ തട്ടിപ്പുകള്‍, വിദേശ അഴിമതി സമ്പ്രദായ നിയമം (എഫ്‌സിപിഎ), ഫോറിന്‍ എക്‌സ്റ്റോര്‍ഷന്‍ പ്രിവന്‍ഷന്‍ ആക്റ്റ് (എഫ്ഇപിഎ) എന്നിവയുടെ ലംഘനങ്ങള്‍ എസ്ഇസി വിശദീകരിച്ചിട്ടുണ്ട്. ഈ കുറ്റങ്ങള്‍ യു എസില്‍ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നവയാണ്, പ്രത്യേകിച്ച് വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍.
യുഎസ്സിന്റെ വിശാലമായ നിയമപരിധി
യുഎസ് നിയമപ്രകാരം, പ്രത്യേകിച്ച് എഫ്‌സിപിഎ ചുമത്തുന്ന കുറ്റപത്രങ്ങള്‍ ഗുരുതരമായ കുറ്റകൃത്യത്തെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് നേട്ടങ്ങള്‍ക്കോ, അവ നിലനിര്‍ത്തുന്നതിനോ വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് എഫ്‌സിപിഎ പ്രത്യേകം വിലക്കുന്നുണ്ട്. ഈ കേസിനെ സങ്കീര്‍ണ്ണമാക്കുന്നത് എഫ്‌സിപിഎയുടെ രാജ്യന്തര അധികാരപരിധിയാണ്, അത് യു.എസ്. സാമ്പത്തിക വ്യവസ്ഥകള്‍ ലംഘിക്കുന്ന അഴിമതികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ, അവര്‍ അമേരിക്കയ്ക്ക് പുറത്തുള്ളവരാണെങ്കില്‍ പോലും-നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. അതായത്, ഗൗതം അദാനിയെപ്പോലുള്ള വിദേശ പൗരന്മാര്‍ ഡോളര്‍ മൂല്യത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ ഇടപാടുകള്‍ക്ക് പ്രയോജനപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള അമേരിക്കന്‍ വ്യാപര ബന്ധമുണ്ടെങ്കില്‍ അവരെ യുഎസ് കോടതികളില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്നാണ് ഇതിനര്‍ത്ഥം.
അദാനിക്കു നേരിടേണ്ടി വരുന്ന വെല്ലുവിളി അദ്ദേഹത്തിന്റെ ബിസിനസ് യുഎസ് താല്‍പ്പര്യങ്ങള്‍ക്്ക വിരുദ്ധമാണോ എന്നതിനെ ആശ്രയിച്ചായിരിക്കും. സുപ്രിം കോടതി അഭിഭാഷകനായ തുഷാര്‍ കുമാറിന്റെ അഭിപ്രായത്തില്‍, ‘ആരോപിക്കപ്പെടുന്ന കൈക്കൂലി കുറ്റത്തില്‍ പറയുന്ന കാര്യങ്ങളിലെതെങ്കിലും യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതാണെങ്കില്‍ – സാമ്പത്തിക സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ യുഎസ് വാണിജ്യത്തെ ബാധിക്കുന്ന കരാറുകള്‍ പോലെ – യുഎസ് കോടതികള്‍ക്ക് അവരുടെ അധികാരം ഉപയോഗിക്കാം.’ എന്നിരുന്നാലും, കുറ്റാരോപിതര്‍ക്കെതിരേ ശിക്ഷ നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ അധികാരികളുടെ സഹകരണം ആവശ്യമാണ്. നയതന്ത്രപരമായ ആശങ്കകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഈ തീരുമാനം ഉടനടിയെടുക്കാന്‍ സാധ്യതിയല്ല, ഒരുപക്ഷേ തീരുമാനം എടുക്കാതെയുമിരിക്കാം.
ഈ കേസില്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് സമാന്തര അന്വേഷണം നടത്താനാകുമെന്നും കുമാര്‍ അഭിപ്രായപ്പെടുന്നു. യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍ പരസ്പര നിയമ സഹായ ഉടമ്പടികള്‍ പ്രകാരം ഒരു ഔപചാരിക അഭ്യര്‍ത്ഥന സമര്‍പ്പിച്ചാല്‍, ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നിയമനടപടികള്‍ ആരംഭിച്ചേക്കാം, പ്രത്യേകിച്ച് ആരോപണങ്ങളില്‍ പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍.
നിയമപരമായ അനന്തരഫലങ്ങളും കൈമാറ്റവും
കേസ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍, കുറ്റാരോപിതരെ യുഎസിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുന്നതിനായി യുഎസ് അധികൃതര്‍ കൈമാറല്‍ നടപടികള്‍ സ്വീകരിച്ചേക്കാമെന്നാണ് സിംഘാനിയ ആന്‍ഡ് കമ്പനിയുടെ പ്രതിനിധിയായ കുനാല്‍ ശര്‍മ്മ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തോട് സംസാരിക്കവെ പറഞ്ഞത്. അറസ്റ്റിന് ശേഷം, പ്രതികള്‍ ഒരു മജിസ്‌ട്രേറ്റ് ജഡ്ജിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. എന്നാല്‍ ജാമ്യം അനുവദിക്കപ്പെടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മോചനത്തിനുള്ള വ്യവസ്ഥകള്‍ നിര്‍ണ്ണായകമാകും.
ഗൗതം അദാനിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച്, ഇന്റര്‍പോള്‍ റെഡ് നോട്ടിസോ സമാനമായ അന്താരാഷ്ട്ര വാറന്റോ പുറപ്പെടുവിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര യാത്രയില്‍ നിന്ന് അദ്ദേഹത്തെ തടയുന്നതിന് ഉടനടി നിയമ തടസ്സമില്ലെന്നാണ് കുമാര്‍ പറഞ്ഞത്. യുഎസുമായി കുറ്റവാളികളെ കൈമാറല്‍ ഉടമ്പടികളുള്ള രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പരിമിതപ്പെടുത്താന്‍ അത്തരം നോട്ടീസുകള്‍ കൊണ്ട് കഴിയും. കൂടാതെ, 1967 ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം അദാനിയുടെ പാസ്‌പോര്‍ട്ട് സസ്പെന്‍ഡ് ചെയ്യുകയോ അസാധുവാക്കുകയോ ചെയ്യുന്നത് പോലുള്ള ആഭ്യന്തര നടപടികള്‍ ഇന്ത്യന്‍ അധികാരികള്‍ക്കും കൈക്കൊള്ളാം.
ഇന്ത്യയുടെ അന്താരാഷ്ട്ര കടമകള്‍- പ്രത്യേകിച്ച് അഴിമതിക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്‍ പോലുള്ള ബഹുമുഖ കണ്‍വെന്‍ഷനുകള്‍ക്ക് കീഴില്‍ വരുന്നവ- യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തുകയും കൈമാറല്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ അദാനിയുടെ നീക്കത്തെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
അദാനിക്ക് ഇനി എന്തു ചെയ്യാം
നിയമപരമായി പ്രതിരോധം തീര്‍ക്കുന്നതിനായി ഗൗതം അദാനിക്ക് സ്വീകരിക്കാവുന്ന നിരവധി തന്ത്രങ്ങളുണ്ട്. തുഷാര്‍ കുമാര്‍ പറയുന്നതനുസരിച്ച്, പ്രാഥമിക പ്രതിരോധം യുഎസ് കോടതികളുടെ അധികാരപരിധിയെ വെല്ലുവിളിക്കുക എന്നതാണ്. ആരോപണവിധേയമായ പ്രവര്‍ത്തികള്‍ യുഎസ് അധികാരപരിധിയില്‍ വരുന്ന സ്ഥലത്ത് നടന്നതല്ലെന്നു വാദിക്കാം. പ്രോസിക്യൂഷന്‍ മുന്നോട്ടു വയ്ക്കുന്ന സാഹചര്യത്തെളിവുകളെയും പൂര്‍ണ വിശ്വാസ്യതയില്ലാത്ത സാക്ഷി മൊഴികളുടെയും ആധികാരികതയെയും ചോദ്യം ചെയ്യാം. ആരോപണവിധേയമായ ഏതെങ്കിലും കുറ്റകൃത്യത്തെ കുറിച്ച് അദാനിക്ക് നേരിട്ടുള്ള അറിവോ പങ്കാളിത്തമോ ഇല്ലെന്നതാകാം മറ്റൊരു പ്രതിരോധ മാര്‍ഗം. അദാനി ഗ്രൂപ്പ് പോലുള്ളൊരു കമ്പനിക്ക് തെറ്റായ നീക്കങ്ങള്‍ തടയുന്നതിന് പര്യാപ്തമായ ആഭ്യന്തര നിയന്ത്രണങ്ങള്‍ ഉറപ്പാക്കാറുണ്ടെന്ന വാദവും മുന്നോട്ടു വയ്ക്കാവുന്നതാണ്.
അതേസമയം, അദാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന് (സെബി) സമ്മര്‍ദ്ദം ചെലുത്താമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അദാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സെബിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതായി അക്കോര്‍ഡ് ജൂറിസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അലയ് റസ്വി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശം അനുസരിക്കുന്നതില്‍ പരാജയപ്പെടുന്നത് സെബിയുടെ വിശ്വാസ്യതയെ തകര്‍ക്കും, ഇത് ഓഹരി വിപണിയിലെ മാന്ദ്യത്തിനും നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കാനും ഇടയാക്കും.
വൈറ്റ് & ബ്രീഫ് അഡ്വക്കേറ്റ്‌സ് ആന്‍ഡ് സോളിസിറ്റേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറായ നിലേഷ് ത്രിഭുവന്‍, ആരോപണങ്ങളുടെ വിശാലമായ പ്രത്യാഘാതങ്ങള്‍ ഊന്നിപ്പറഞ്ഞു. സെബി പോലുള്ള ആഭ്യന്തര നിയന്ത്രണ സ്ഥാപനങ്ങളും അന്താരാഷ്ട്ര നിക്ഷേപകരും അദാനിയുടെ കീഴ്വഴക്കങ്ങള്‍ പരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇത് ഇന്ത്യ-യു.എസ്. ബിസിനസ് ബന്ധങ്ങളും വിദേശ നിക്ഷേപം നിരുത്സാഹപ്പെടുത്തലും.
ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍
ഗൗതം അദാനിക്കും കൂട്ടാളികള്‍ക്കുമെതിരായ യു.എസ് കുറ്റപത്രത്തില്‍ ഉടനടിയുള്ള നിയമനടപടികള്‍ക്കപ്പുറം ഭാവിയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകളുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ക്ക്, പ്രത്യേകിച്ച് നേതൃത്വ തലത്തില്‍ ഇരിക്കുന്ന വ്യക്തികളെ ഉത്തരവാദികളാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം ആരോപണങ്ങള്‍ അടിവരയിടുന്നതെന്ന് സുപ്രിം കോടതി അഭിഭാഷകനായ ആയുഷ് ജിന്‍ഡാല്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ക്രമക്കേടുകള്‍ കമ്പനിയുടെ പേര്, വിപണികളിലെ തിരച്ചടി, നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ബിസിനസ് സമ്പ്രദായങ്ങളിലെ സുതാര്യതയുടെയും നിയന്ത്രണ പരിശോധനയുടെയും വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും അദാനിക്ക് എതിരായ ആരോപണങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. യുഎസിലും ഇന്ത്യയിലും നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍, അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിനും അദ്ദേഹത്തിന്റെ പ്രശസ്തിക്കും ഇന്ത്യയുടെ നിയന്ത്രണ പരിധിക്കും കാര്യമായ അനന്തരഫലങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം.
ഗുരുതരമായ കുറ്റം
ഓഹരി വിപണിയിലെ വഞ്ചന, എഫ്‌സിപിഎ, എഫ്ഇപിഎ നിയമങ്ങളുടെ ലംഘനങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു
കുറ്റാരോപണം യു.എസ്. നിയമത്തിന് കീഴിലുള്ള ഗുരുതരമായ കുറ്റകൃത്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. കഠിനമായ ശിക്ഷകള്‍ക്ക് സാധ്യതയുണ്ട്
എഫ്‌സിപിഎ പ്രകാരം വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ബിസിനസ്സ് നേട്ടം ഉണ്ടാക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അദാനിയുടെ കേസ് യുഎസ് നിയമത്തിന്റെ രാജ്യന്തര അധികാര പരിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ വെല്ലുവിളികള്‍ക്കിടയിലും, യു.എസ്-ഇന്ത്യ ബന്ധത്തിന്റെ ശക്തമായ അടിത്തറയില്‍ യുഎസ് ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി ആരോപണങ്ങള്‍ അംഗീകരിക്കുകയും നിയമനടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. വിചാരണ മുന്നോട്ടു പോകുമ്പോള്‍, അദാനിയുടെ നിയമസംഘം ആഭ്യന്തര, അന്തര്‍ദേശീയ നിയമങ്ങളുടെ സങ്കീര്‍ണ്ണതയെ പ്രതിരോധിക്കേണ്ടി വരും. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിനും ഇന്ത്യയുടെ അധികാരങ്ങള്‍ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ അദാനിയെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെങ്കിലും അത് ഒരിക്കലും എളുപ്പമാകില്ല.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കേസ് കൂടുതല്‍ അനുഭാവപൂര്‍വം കൈകാര്യം ചെയ്യുമെന്നാണ് ചില വിശകലന വിദഗ്ധര്‍ വാദിക്കുന്നത്. എന്നാല്‍ ഗൗതം അദാനിക്കെതിരായ ആരോപണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാധ്യത കുറവാണ്. ഈ ആരോപണങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ‘ആദ്യം അമേരിക്കയ്‌ക്കൊപ്പം’, ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നീ ആഹ്വാനങ്ങള്‍ ഉയര്‍ത്തുന്ന ട്രംപ്, അദാനി കേസിനെ കുട്ടിക്കളിയായി കാണില്ലെന്ന് ഉറപ്പ്.