June 17, 2026 |
Share on

വേനല്‍ച്ചൂടില്‍ നിന്ന് രക്ഷ നേടാന്‍!

കുസാറ്റ് അന്തരീക്ഷ റഡാര്‍ ഗവേഷണ നൂതന കേന്ദ്രം ഡയറക്ടര്‍ ഡോ അഭിലാഷ്. എസ് സംസാരിക്കുന്നു

അസഹ്യമായ വേനല്‍ച്ചൂടില്‍ പൊറുതിമുട്ടുകയാണ് കേരളം. ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നമ്മള്‍ ഈ ചൂടിനെ കരുതിയിരിക്കേണ്ടതില്ലേ? ഓരോ വര്‍ഷം കഴിയുമ്പോഴും വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ അസഹനീയമായ ചൂടിന് പിന്നിലെ കാരണങ്ങളെയും അതില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളെയും കുറിച്ച് കുസാറ്റിലെ അന്തരീക്ഷ റഡാര്‍ ഗവേഷണ നൂതന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ അഭിലാഷ്. എസ് സംസാരിക്കുന്നു.

ആഗോളപരമായി ഏറ്റവും ചൂട് കൂടിയ 11 വര്‍ഷങ്ങളും കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ആണ് കടന്ന് പോയത്. ഇത് ആഗോളതാപനത്തിന്റെ കൃത്യമായ സൂചനയാണോ?

ആഗോളതാപനത്തിന്റെ സിഗ്‌നല്‍ തന്നെയാണ്. 1850-കള്‍ക്ക് ശേഷം അതായത്, വ്യവസായ വിപ്ലവത്തിന് ശേഷം ആഗോളതാപനിലയില്‍ ഏറ്റവും ചൂട് കൂടിയ 11 വര്‍ഷങ്ങള്‍ സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളിലാണ്. അതില്‍ത്തന്നെ ഏറ്റവും ചൂട് കൂടിയ വര്‍ഷം 2024 ആയിരുന്നു. തീര്‍ച്ചയായും, ലോകം മുഴുവന്‍ സാക്ഷ്യം വഹിക്കുന്ന ആഗോളതാപനത്തിന്റെ പ്രതിഫലനമായിട്ടാണ് ഓരോ വര്‍ഷവും ഇത്തരത്തില്‍ ചൂട് കൂടുന്നത്.

എല്‍നിനോ പ്രതിഭാസം കാരണം മണ്‍സൂണ്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എല്‍നിനോ കാരണം ചൂട് കൂടാന്‍ സാധ്യതയുണ്ടോ?

2024-ല്‍ മണ്‍സൂണിന് മുന്‍പുള്ള വേനല്‍ മാസങ്ങളില്‍ എല്‍നിനോയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എല്‍നിനോ ഏത് സമയത്ത് വരുന്നു എന്നത് വളരെ പ്രധാനമാണ്. 2024-ല്‍ ആഗോളതാപനത്തോടൊപ്പം എല്‍നിനോയും കൂടിയപ്പോഴാണ് ഏറ്റവും കൂടിയ താപനിലയിലേക്ക് എത്തിയത്. എന്നാല്‍, ഈ വര്‍ഷം എല്‍നിനോയുടെ അഭാവത്തിലും ചൂട് വളരെ കൂടുതലാണ്. അതൊരു ഗൗരവമുള്ള വിഷയമാണ്. നിലവില്‍ കേരളത്തില്‍ എല്‍നിനോ പ്രവചിക്കപ്പെട്ടിരിക്കുന്നത് വേനല്‍ കഴിഞ്ഞിട്ടുള്ള ജൂണ്‍-ജൂലൈ മാസങ്ങളിലാണ്. അപ്പോള്‍ കേരളത്തില്‍ മണ്‍സൂണ്‍ സീസണാണ്. കേരളത്തെ സംബന്ധിച്ച്, ഈ വേനല്‍ക്കാലത്ത് എല്‍നിനോ കാരണമുള്ള അധിക താപനത്തിന്റെ സാധ്യത കുറവാണ്. പക്ഷേ, കേരളത്തിലെ മണ്‍സൂണ്‍ മഴയെ എല്‍നിനോ കാര്യമായി ബാധിക്കാനുള്ള സാധ്യത കാണുന്നുണ്ട്. പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നത് എല്‍നിനോയുണ്ടാകുന്ന ഭൂരിഭാഗം വര്‍ഷങ്ങളിലും ഇന്ത്യയുടെ മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നതാണ്. ഇവിടെയും എല്‍നിനോ ഏത് മാസങ്ങളില്‍ ഉണ്ടാകുന്നു എന്നത് വളരെ പ്രധാനമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മണ്‍സൂണ്‍ കാലമായ ജൂണ്‍-ജൂലൈ മാസങ്ങള്‍ക്ക് ശേഷമാണ് എല്‍നിനോ ബാധിക്കുന്നത് എങ്കില്‍ മഴയില്‍ വലിയ കുറവുണ്ടാകില്ല.

എല്‍നിനോ പ്രതിഭാസം വേനല്‍ മാസങ്ങളില്‍ കേരളത്തെ ബാധിക്കുമ്പോഴാണോ ഹീറ്റ് വേവ് ഉണ്ടാകുന്നത്? അതോ എല്‍നിനോ ഇല്ലാതെയും ഈ സമയത്ത് ഹീറ്റ് വേവിന് സാധ്യത ഉണ്ടോ?

ഹീറ്റ് വേവ് അല്ലെങ്കില്‍ ഉഷ്ണതരംഗമുണ്ടാകാന്‍ എല്‍ലിനോ ഉണ്ടാകണമെന്നില്ല. എല്‍നിനോ വരുന്നത് 4-5 വര്‍ഷങ്ങളുടെ ഇടവേളകളിലാണ്. 2016-ലേത് ഏറ്റവും ശക്തമായ എല്‍നിനോയായിരുന്നു. അത് കഴിഞ്ഞ് വലിയ ശക്തമായിരുന്നില്ലെങ്കിലും 2021-2022 വര്‍ഷങ്ങളില്‍ എല്‍നിനോ പ്രഭാവം ഉണ്ടായിരുന്നു. അതിന് ശേഷം 2026-ലെ ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും നമ്മള്‍ വീണ്ടും എല്‍നിനോയെ അഭിമുഖീകരിക്കുക. പക്ഷേ മിക്കവാറും വര്‍ഷങ്ങളില്‍ നമ്മള്‍ ഹീറ്റ് വേവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഹീറ്റ് വേവ് ഉണ്ടാകാന്‍ എല്‍നിനോ വേണമെന്നില്ല. പക്ഷേ എല്‍നിനോയുടെ സാന്നിധ്യമുണ്ടെങ്കില്‍ ഹീറ്റ് വേവിന്റെ പ്രഭാവം വളരെയധികമായിരിക്കും.

എന്താണ് ഉഷ്ണതരംഗം അല്ലെങ്കില്‍ ഹീറ്റ് വേവ്? ഹീറ്റ് വേവ് പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

പൊതുവേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഹീറ്റ് വേവിനെ വര്‍ഗീകരിച്ചിരിക്കുന്നത് ചില മാനദണ്ഡങ്ങള്‍ പ്രകാരമാണ്. ഒരു നിരപ്പായ ഭൂപ്രദേശമാണെങ്കില്‍, 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില പോകുകയും ഓരോ ദിവസവുമുള്ള ദീര്‍ഘകാല ശരാശരി താപനിലയില്‍ നിന്നും 4-5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയും ചെയ്യുമ്പോഴാണ് അവിടെ ഹീറ്റ് വേവുണ്ടെന്ന് സ്ഥിരീകരിക്കുക. പക്ഷേ, ഓരോ പ്രദേശത്തിനനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് തീരപ്രദേശമാണെങ്കില്‍ 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില പോയാല്‍ ഹീറ്റ് വേവ് പ്രഖ്യാപിക്കാം. പര്‍വ്വതപ്രദേശങ്ങളിലാണെങ്കില്‍ താപനില 30 ഡിഗ്രിയിലേക്ക് ഉയര്‍ന്നാല്‍ മതിയാകും. എന്നാല്‍, ഹീറ്റ് വേവ് പ്രഖ്യാപിക്കണമെങ്കില്‍ എല്ലായിടത്തും ശരാശരി താപനിലയില്‍ നിന്നും 4-5 ഡിഗ്രി കൂടിയിരിക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു പ്രദേശത്തെ താപനിലയും, പിന്നെ ദീര്‍ഘ കാല ശരാശരി താപനിലയില്‍ നിന്ന് 4-5 ഡിഗ്രി കൂടുന്നുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടുമാണ് ഹീറ്റ് വേവ് പ്രഖ്യാപിക്കുന്നത്.

ഹീറ്റ് വേവ് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നമുക്ക് ഈ വേനല്‍ ചൂടിനെ കരുതിയിരിക്കേണ്ടതില്ലേ?

ഹീറ്റ് വേവ് പ്രഖ്യാപിക്കണമെങ്കില്‍ നേരത്തെ പറഞ്ഞപോലത്തെ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പക്ഷേ, ഹീറ്റ് വേവില്ലെങ്കിലും മനുഷ്യര്‍ക്ക് സൂര്യാഘാതമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകമായ പരിതഃസ്ഥിയില്‍ ഒരു പ്രദേശത്തെ അബ്‌സോല്യൂട്ട് താപനിലയെ അടിസ്ഥാനമാക്കിയാണ് ഹീറ്റ് വേവ് പ്രഖ്യാപിക്കുന്നത്. അത് ഭൂനിരപ്പില്‍ നിന്നും 1.5-2 മീറ്റര്‍ ഉയരത്തിലുള്ള, സ്റ്റീവന്‍സണ്‍സ് സ്‌ക്രീന്‍ എന്ന ഒരു തടിക്കൂടിനുള്ളിലെ വായുവിന്റെ താപനിലയാണത്. പക്ഷേ, എല്ലാ സ്ഥലങ്ങളിലും അതായിരിക്കില്ല നമ്മള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ താപനില. ഉദാഹരണത്തിന്, ഒരു നഗരത്തില്‍ നമ്മള്‍ അനുഭവിക്കുന്നത്, രേഖപ്പെടുത്തുന്ന താപനിലയേക്കാളും 4-5 ഡിഗ്രി കൂടുതലായിരിക്കും. ഒരു നഗരത്തില്‍ തന്നെ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നതും വളരെ പ്രധാനമാണ്. മരങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങള്‍ മാത്രമുള്ള നഗരപ്രദേശമാണെങ്കില്‍ ചൂട് പിന്നെയും കൂടും. ചുരുക്കിപ്പറഞ്ഞാല്‍, ഈ അളക്കുന്ന താപനിലയല്ല നമ്മള്‍ അനുഭവിക്കുന്ന ചൂട്. അതുകൊണ്ടാണ് ഹീറ്റ് വേവ് ഇല്ലെങ്കിലും, ചൂടിന്റെ കാഠിന്യം പലര്‍ക്കും സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നത്. വ്യക്തിപരമായിപ്പറഞ്ഞാല്‍ എനിക്ക് ഈ ചൂട് വളരെ കഠിനമായാണ് തോന്നുന്നത്. പുറത്തിറങ്ങാനേ തോന്നുന്നില്ല. പിന്നെ, ചൂടിന്റെ അനുഭവം ആള്‍ക്കാരില്‍ ആപേക്ഷികവുമായിരിക്കും. പൊതുവേ ആള്‍ക്കാര്‍ പങ്കുവെക്കുന്നത് പകല്‍ പുറത്തിറങ്ങി വന്നാല്‍ തലവേദനയും ക്ഷീണവും വരുന്നെന്ന അനുഭവമാണ്. ഹീറ്റ് വേവ് ഇല്ലെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുകയാണ്. അളക്കുന്ന താപനിലയും അനുഭവിക്കുന്ന ചൂടും തമ്മില്‍ വലിയ അന്തരമാണുള്ളത്. നഗരങ്ങളിലെ കെട്ടിടങ്ങളും ടാറിട്ട റോഡുകളുമൊക്കെ ഒരുപാട് ചൂട് ആഗിരണം ചെയ്ത് വയ്ക്കുന്നുണ്ട്. അവ പിന്നെ തൊട്ടടുത്തുള്ള വായുവിലേക്ക് ചൂട് പുറത്ത് വിടും. പിന്നെ ഹ്യൂമിഡിറ്റി(അന്തരീക്ഷ ആര്‍ദ്രത) മറ്റൊരു പ്രധാന ഘടകമാണ്. അന്തരീക്ഷ താപനിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഹീറ്റ് വേവ് അളക്കുന്നതെങ്കി, ഹീറ്റ് ഇന്‍ഡെക്‌സ് അളക്കുന്നത് ഹ്യുമിഡിറ്റിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഹീറ്റ് ഇന്‍ഡെക്‌സ് മനുഷ്യര്‍ക്ക് ചൂട് എത്രത്തോളം അനുഭവവേദ്യമാകുന്നു എന്നത് വ്യക്തമാക്കുന്ന സൂചകമാണ്. 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയും 50% ഹ്യുമിഡിറ്റിയും അന്തരീക്ഷത്തിലുണ്ടെങ്കില്‍ നമ്മള്‍ അനുഭവിക്കുന്ന ചൂട് 45 ഡിഗ്രി താപനിലയ്ക്ക് മുകളിലായിരിക്കും. ഹ്യുമിഡിറ്റിയും കൂടെ പരിഗണിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക് ചൂട് എത്രത്തോളം അസഹനീയമാണെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ ശരീരതാപനില 37 ഡിഗ്രിയാണ്. അതില്‍നിന്നും ഒരു ഡിഗ്രി താഴോട്ടോ മേലോട്ടോ ഒക്കെ ചിലപ്പോള്‍ ആയേക്കാം. ഈ റേഞ്ചില്‍ ശരീരതാപനില നിലനിര്‍ത്താന്‍ ശരീരത്തിനകത്തെ താപനില പുറത്ത് വിടുക എന്നത് വളരെ പ്രധാനമാണ്. അതിനാണ് നമ്മള്‍ വിയര്‍ക്കുന്നത്. വിയര്‍പ്പാറുമ്പോള്‍ ശരീരം തണുക്കും. അന്തരീക്ഷത്തിലെ താപനില 37 ഡിഗ്രി ആണെങ്കില്‍ സാധാരണ ഗതിയില്‍ വലിയ ചൂട് തോന്നേണ്ടതല്ല. നഗരവത്കരണവും കൂടെ ഹ്യുമിഡിറ്റിയും കൂടെ ആകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ചൂടിന്റെ അളവില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ജലാംശം കൂടുമ്പോഴാണ് ഹ്യുമിഡിറ്റിയും കൂടുന്നത്. അന്തരീക്ഷത്തില്‍ ഹ്യൂമിഡിറ്റി കൂടിയാല്‍ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് ആറുന്ന പ്രക്രിയ്യയില്‍ കുറവ് വരും. അപ്പോള്‍ ശരീരത്തിന് തണുക്കാനുള്ള അവസരം നഷ്ടമാകുകയാണ്. അതിനെത്തുടര്‍ന്ന് ശരീരതാപനില പിടിച്ചുനിര്‍ത്താനായി നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടിവരുകയാണ്. അങ്ങനെയാണ് ഹൃദയരോഗങ്ങള്‍ കൂടുന്നത്. സിഗരറ്റ് വലിയും കായികാഭ്യാസവുമൊക്കെ നമ്മളിലുണ്ടാക്കുന്നപോലത്തെ സ്‌ട്രെസ്സ് ചൂട് കൂടുമ്പോഴും സംഭവിക്കും.

നഗരത്തില്‍ വായുസഞ്ചാരം തീരെയില്ലാതെയുള്ള കെട്ടിടനിര്‍മ്മാണവും, മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കാത്തതും, ഉള്ളവ നീക്കം ചെയ്യുന്നതും, ഹ്യുമിഡിറ്റിയും എല്ലാമാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ചൂടിന്റെ അളവ് കുത്തനെ ഉയരുകയാണ്. റോഡൊക്കെ പണിയുമ്പോള്‍ 30ഉം 40ഉം വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ മരങ്ങള്‍ വെട്ടിമാറ്റി പുതിയ ചെടികള്‍ വച്ചുപിടിപ്പിക്കുമെങ്കിലും അവ ചൂട് കുറയ്ക്കാന്‍ മാത്രം വളര്‍ന്നു വലുതാവാന്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ എടുക്കും. ഹൈവേകള്‍ നമുക്കൊക്കെ ആവശ്യമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള മരം വെട്ടല്‍ വലിയ രീതിയില്‍ നഗരത്തിലെ ചൂട് കൂട്ടും.

ഹീറ്റ് വേവ് ന്റെ സാഹചര്യം ഇല്ലെങ്കിലും നമുക്ക് അനുഭവവേദ്യമാകുന്ന ചൂട് അസഹനീയമാകുന്ന അവസ്ഥ ഉണ്ടെന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ട് ഹീറ്റ് ഇന്‍ഡെക്‌സ്(അനുഭവവേദ്യമാകുന്ന ചൂട്) നെ അടിസ്ഥാനപ്പെടുത്തിയാണോ നിലവിലെ വേനല്‍ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കുന്നത്?

അതിന്റെ കൂടെയുള്ള മറ്റൊരു പ്രശ്‌നമെന്ന് പറയുന്നത്, ഈ സമയത്ത് തന്നെയാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ കുത്തനെ വരുന്നത്. നഗര താപതുരുത്തുകള്‍ ഉണ്ടാകുന്നതും, വായുസഞ്ചാരം കുറയുന്നതും, ഹീറ്റ് ഇന്‍ഡെക്‌സും അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സും കൂടുന്നതും ഒക്കെയാണ് ഇത്തരത്തില്‍ ചൂട് വലിയ തോതില്‍ അനുഭവപ്പെടാനുള്ള കാരണം. ഇതെല്ലാം പരിഗണിച്ചാല്‍ മാത്രമേ നമുക്ക് മുന്‍കരുതലുകള്‍ എടുക്കന്‍ സാധിക്കുകയുള്ളൂ. ലോകമെമ്പാടും നോക്കുകയാണെങ്കില്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ഏറ്റവും വലിയ അസമത്വവും അനീതിയും ചൂടിന്റെ കാര്യത്തിലാണ്. പണക്കാരും പാവപ്പെട്ടവരും, ആരോഗ്യമുള്ളവരും അസുഖമുള്ളവരും, വയോജനങ്ങളും ചെറുപ്പക്കാരുമൊക്കെയുള്ള സമൂഹമാണ് നമ്മുടേത്. ഇത്തരത്തില്‍ വ്യത്യസ്ത ധ്രുവങ്ങളിലുള്ള ആള്‍ക്കാരില്‍ ചൂടുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലും വലിയ അന്തരമുണ്ട്. ഇതില്‍ ഏറ്റവും വേഗത്തില്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കൂട്ടരെയാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ചൂട് ഒരു സാമൂഹിക-സാമ്പത്തിക പ്രശ്‌നം കൂടിയാണ്.

എല്ലാവര്‍ക്കും ചൂട് ശമിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമായിരിക്കില്ല. അതില്ലാത്തവരെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ ഉപയോഗിക്കുന്ന എയര്‍ കണ്ടീഷനുകള്‍ പോലുള്ള കൂളിംഗ് മാര്‍ഗങ്ങള്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും താപം കടത്തിവിടുന്നുണ്ട്.
അതുകൊണ്ട് താങ്കള്‍ ചോദിച്ചത് പോലെ വളരെ പൊതുവായ രീതിയിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിടുകമാത്രമാണ് നമ്മള്‍ ചെയ്യുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗം മനുഷ്യരേയും ചൂട് എങ്ങനെ ബാധിക്കുമെന്ന് പഠിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കേണ്ടതായിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ വേനല്‍ച്ചൂട് ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഗവണ്‍മെന്റ് വളരെയധികം ഗൗരവത്തില്‍ കാണേണ്ട സംഗതിയാണിത്.

ഉഷ്ണതരംഗത്തിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ പുറം രാജ്യങ്ങളിലോ ആയി നമുക്ക് മുന്നില്‍ മികച്ച മാതൃകകള്‍ ഉണ്ടോ?

ലോകവ്യാപകമായി രാജ്യങ്ങള്‍ ചെയ്തുവരുന്നത് ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ ഉണ്ടാക്കുകയെന്നതാണ്. ഉദാഹരണം പറയുകയാണെങ്കില്‍, നമ്മുടെ രാജ്യത്ത് തന്നെ, ഗുജറാത്തിലെ അഹമ്മദാബാദില്‍, 2015-ല്‍ ഹീറ്റ് വേവിനെ തുടര്‍ന്ന് 5000-ന് മുകളില്‍ ആള്‍ക്കാര്‍ മരിച്ചുപോയിരുന്നു. അങ്ങനെയാണ് 2017-ന് ശേഷം, ഒരു ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ആ സിറ്റിയില്‍ കൊണ്ടുവരുന്നത്. ഓരോ വിഭാഗത്തെയും പ്രത്യേകമായി പരിഗണിച്ചുള്ള, താഴെത്തട്ടില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനമായിരുന്നു അത്.
പിന്നെ, നഗരങ്ങളുടെ ഹരിതവല്‍ക്കരണം ആണ് നല്ലൊരു മാര്‍ഗം. അതാണ് യൂറോപ്യന്‍ രാജ്യങ്ങളൊക്കെ ചെയ്യുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു വര്‍ഷം ലോകവ്യാപകമായി അഞ്ച് ലക്ഷം പേര്‍ ഹീറ്റ് വേവിന്റെ ഫലമായി മരണമടയുന്നുണ്ട്. ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളെയാണ് കൂടുതലും ഇത് ബാധിക്കുന്നത്. ആ രാജ്യങ്ങളില്‍ തന്നെ നഗരങ്ങളാണ് ചൂടിന്റെ പ്രതിസന്ധികള്‍ കൂടുതല്‍ നേരിടുന്നത്. യൂറോപ്പിലൊക്കെ ഹരിതവല്‍ക്കരണമാണ് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യുന്ന മാര്‍ഗം. ഇതിലൂടെ നമ്മള്‍ മുന്‍പ് സംസാരിച്ച കൂളിങ് മാര്‍ഗങ്ങളിലുള്ള സാമൂഹിക അസമത്വം ഒരു പരിധി വരെ കുറക്കാന്‍ കഴിയും. പാവപ്പെട്ട ആള്‍ക്കാര്‍ക്ക് വീടിന് മുന്നില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള സൗകര്യം ഉണ്ടാവില്ല. പൊതുവായ സ്ഥലത്ത് വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ തണല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമല്ലോ.
പക്ഷേ, ഇവിടെ മറ്റൊരു പ്രശ്‌നമുദിക്കുന്നുണ്ട്. മിക്കവാറും ഹീറ്റ് വേവിന്റെ സമയത്ത് ശുദ്ധജലക്ഷാമവുമുണ്ടാകും. ആ സമയങ്ങളില്‍ നമുക്ക് ചെടികള്‍ക്ക് ജലസേചനം നടത്താന്‍ കഴിയണമെന്നില്ല. പുതിയ ചെടികള്‍ക്കാണ് ജലസേചനം ആവശ്യമായി വരുന്നത്. അവിടെയാണ് വന്മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കേണ്ടത്. നഗരങ്ങളില്‍ മാത്രമല്ല മലമ്പ്രദേശങ്ങളിലും വന്മരങ്ങള്‍ മുറിച്ചു മാറ്റുന്നത് വളരെയധികം ചൂട് കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് കൂടുതല്‍ സമഗ്രമായ പ്രവര്‍ത്തന പദ്ധതികള്‍ ആവശ്യമാണ്.

Content Summary: Is there a heatwave in Kerala? Will the monsoon be weak? How can we resist this summer heat? Dr. Abhilash S Talking

വിനയൻ രാഘവൻ

വിനയൻ രാഘവൻ

അഴിമുഖം സബ് എഡിറ്റര്‍ ട്രെയ്‌നി

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×