ജമ്മു കശ്മീരിന് സമീപം പുല്‍വാമയില്‍ മലയാളിയായ മുഹമ്മദ് ഷാനിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബാംഗ്ലൂരില്‍ വിവാഹം കഴിച്ച് കൊടുത്ത പെങ്ങളുടെ അടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പാലക്കാട് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി അഴിമുഖത്തോട് പറഞ്ഞു.
“ബാംഗ്ലൂരില്‍ ജോലി കിട്ടിയെന്നും പെങ്ങളെയും കുടുംബത്തെയും കണ്ട ശേഷം ജോലിയില്‍ പ്രവേശിക്കുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ അവിടെ ചെന്നിട്ടില്ലെന്നാണ് പെങ്ങളും കുടുംബവും പറഞ്ഞത്. പുതുതായി ലഭിച്ച ജോലി സംബന്ധിച്ചും വീട്ടുകാര്‍ക്ക് അറിവൊന്നുമില്ലെന്നും” എംഎല്‍എ വ്യക്തമാക്കി.
“ഇടയ്ക്കിടെ യാത്രകള്‍ പോകുന്ന വ്യക്തിയാണ് ഷാനിബ്. പോകുമ്പോഴൊന്നും ഫോണില്‍ നിരന്തരം വീട്ടുകാരുമായി സംസാരിക്കുന്ന പ്രകൃതമല്ല. ചിലപ്പോള്‍ 15 ദിവസത്തിനിടെ ഒരിക്കലൊക്കെയാകും വീട്ടിലേക്ക് മെസേജ് അയയ്ക്കുക. പിന്നെ തിരികെ വരികയാണ് പതിവ്. അതുകൊണ്ട് തന്നെ ഇത്തവണയും വീട്ടുകാര്‍ ഷാനിബിനെ തിരക്കിയിരുന്നില്ലെന്നും” ശാന്തകുമാരി അഴിമുഖത്തോട് പറഞ്ഞു.
ഏപ്രില്‍ 13 നാണ് പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ 26 കാരന്‍ മുഹമ്മദ് ഷാനിബ് ബാംഗ്ലൂരിലേക്ക് എന്ന് പറഞ്ഞ് പോയത്. പുല്‍വാമയിലെ വനപ്രദേശത്തോട് ചേര്‍ന്ന് മരിച്ച നിലയില്‍ ഷാനിബിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ട്. ഇയാള്‍ എങ്ങനെ കശ്മീരിലെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്‌റ്റേഷനില്‍ നിന്ന് ഷാനിബിന്റെ മാതാവിന്റെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി അഴിമുഖത്തോട് പറഞ്ഞു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഹമ്മദ് ഷാനിബ് അവിവാഹിതനാണ്. ‘ആദ്യകാലങ്ങളില്‍ വയറിംഗ് ജോലിക്കായി പോകുമായിരുന്നു. എന്നാല്‍ അടുത്തിടെയായി പാലക്കാട്ടെ ഹോട്ടലുകളില്‍ ജോലി ചെയ്തതൊഴിച്ചാല്‍ മറ്റ് ജോലികളൊന്നും ഇയാള്‍ ചെയ്തതായി അറിവില്ലെന്ന്’ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അഴിമുഖത്തോട് പറഞ്ഞു.
പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കറുവാന്‍തൊടി അബ്ദുള്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹാനിബ്. ഷാനിബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി എംഎല്‍എ നോര്‍ക്കയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദുബൈയിലുള്ള പിതാവും സഹോദരനും നാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് രാത്രി പത്ത് മണിക്ക് കുടുംബം ഡല്‍ഹിയിലേക്ക് പുറപ്പെടും.How did muhammad shanib reach the kashmir forest area
Content Summary: How did muhammad shanib reach the kashmir forest area