കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നുള്ള സിദ്ധരാമയ്യയുടെ പടിയിറക്കം കേവലം പ്രാദേശിക നേതൃമാറ്റമല്ല, മറിച്ച് കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട വലിയ പരാജയങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളുടെ പ്രതിഫലനമാണ്. കഴിഞ്ഞ ആറുമാസമായി കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ പദവി ഒഴിയുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ലോകസഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ ഒരു നേതൃമാറ്റത്തിന് അനുമതി നല്‍കില്ലെന്ന ശക്തമായ വിശ്വാസമായിരുന്നു ഈ വാക്കുകള്‍ക്ക് പിന്നില്‍. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, പടിയിറങ്ങാന്‍ സമയമായെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതോടെ സിദ്ധരാമയ്യയ്ക്ക് രാജിവെക്കേണ്ടി വന്നു. ഇതോടെ, 2023-ലെ വന്‍ വിജയത്തിന് ശേഷം ഉപമുഖ്യമന്ത്രി പദവി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴി തെളിഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിയ ഈ രാഷ്ട്രീയ ശാസനം, ഏകദേശം രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള രാജസ്ഥാന് എന്ന സംസ്ഥാനത്ത് നാല് വര്‍ഷം മുന്‍പ് തങ്ങള്‍ക്ക് സംഭവിച്ച വലിയൊരു വീഴ്ചയില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്.
രാജസ്ഥാന് നല്കിയ പാഠം
2018-ലെ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയപ്പോള്‍ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അന്ന് പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ച പ്രമുഖ യുവനേതാവ് സച്ചിന് പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ന്ന് 2020-ല്‍ 18 എംഎല്‍എമാരുടെ പിന്തുണയോടെ പൈലറ്റ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍, ഹൈക്കമാന്‍ഡ് ഇടപെട്ട് ഒരു അനുരഞ്ജന ഫോര്‍മുല ഉണ്ടാക്കി. ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ സച്ചിന് പൈലറ്റിന് മുഖ്യമന്ത്രി പദം നല്കാമെന്നതായിരുന്നു ആ രഹസ്യ വാഗ്ദാനം.
എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം, അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഗെലോട്ട് ഡല്‍ഹിയിലേക്ക് മാറുന്നതോടെ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് പദ്ധതിയിടുകയും എംഎല്‍എമാരുടെ യോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങള്‍ കൂട്ടത്തോടെ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തി ഗെലോട്ട് അനുകൂലികളായ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ വലിയൊരു കലാപം തന്നെയുണ്ടാക്കി. സര്‍ക്കാര്‍ തകരുമെന്ന് ഭയന്ന ഹൈക്കമാന്‍ഡിന് അന്ന് ആ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഈ അച്ചടക്കലംഘനത്തിന് ഗെലോട്ടിന് വലിയ വില നല്‍കേണ്ടി വരികയും അദ്ദേഹത്തിന്റെ എഐസിസി അധ്യക്ഷ മോഹങ്ങള്‍ തകരുകയും ചെയ്തു. എങ്കിലും ഗെലോട്ട് മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍, മുന്‍പ് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും നഷ്ടപ്പെട്ട സച്ചിന് പൈലറ്റിന് ഒന്നും ലഭിച്ചതുമില്ല. പാര്‍ട്ടിക്കുള്ളിലെ ഈ ആഭ്യന്തര തര്‍ക്കത്തിന്റെ ആഘാതം അടുത്ത തിരഞ്ഞെടുപ്പില്‍ ദൃശ്യമായി; ഭിന്നിച്ചു നിന്ന കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപി രാജസ്ഥാനില്‍ വന്‍ വിജയം നേടി അധികാരം പിടിച്ചെടുത്തു.
കര്‍ണാടകയിലെ പ്രയോഗം
തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കൃത്യമായ ഫോര്‍മുലകള്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. 2022-ലെ പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയ കോണ്‍ഗ്രസ് തന്ത്രം പാളുകയും അവിടെ ഭരണം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെയാണ് കര്‍ണാടകയിലെ നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് കരുതിവെച്ചത്.
കര്‍ണാടകയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഏറ്റവും വലിയ നേതാവാണ് സിദ്ധരാമയ്യ എന്നതും, കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു സാമൂഹിക നീതിയാണെന്നതും വസ്തുതയാണ്. എങ്കിലും ഡി.കെ. ശിവകുമാറിന് അനുകൂലമായി നിന്ന ഏറ്റവും ശക്തമായ വാദം ‘അര്‍ഹമായ പ്രതിഫലം’ നല്‍കുക എന്നതായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിലെ പല പ്രമുഖ യുവനേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത് പതിവായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് കീഴടങ്ങുമ്പോള്‍, തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലായിരുന്നു ഇതിന് കാരണം. രാജസ്ഥാന് പ്രതിസന്ധി ഘട്ടത്തിലും സച്ചിന് പൈലറ്റ് പാര്‍ട്ടി മാറുമെന്ന് പലരും കരുതിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനിന്നു. കര്‍ണാടകയില്‍ 2023-ലെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഡി.കെയെ ഇനിയും അവഗണിച്ചാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയുടെ തിങ്ക് ടാങ്ക് വിലയിരുത്തി. കൂടാതെ, വരാനിരിക്കുന്ന 2028-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദം നിലനിര്‍ത്താനായി ഡി.കെ. ശിവകുമാര്‍ തന്റെ സര്‍വ്വ സജ്ജീകരണങ്ങളും ഉപയോഗിച്ച് പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടി. മറുഭാഗത്ത്, താന്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യയെപ്പോലൊരു മുതിര്‍ന്ന നേതാവിനെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത് ബുദ്ധിയല്ലെന്നും പാര്‍ട്ടി തിരിച്ചറിഞ്ഞു.
മാറിയ ശൈലി രാഹുല്‍
സമീപകാലത്തായി രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളിലുണ്ടായ വേഗതയും ചടുലതയും കോണ്‍ഗ്രസ് വൃത്തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ദശകങ്ങള്‍ പഴക്കമുള്ള ഡിഎംകെ സഖ്യം അവസാനിപ്പിച്ച്, ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തരംഗം സൃഷ്ടിച്ച നടന് വിജയ്യുടെ ടിവികെയുമായി (ഠഢഗ) കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് കാണിച്ച ധൈര്യമായിരുന്നു ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന നേതൃത്വ വെല്ലുവിളിയില്‍, രാഹുലിന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെക്കാള്‍ ‘ജനങ്ങളുടെ ചോയ്സ്’ ആയി മാറിയ ആറുതവണ എംഎല്‍എയായ വി.ഡി. സതീശനെ മുന്നില്‍ നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കര്‍ണാടകയിലെ ഈ നിര്‍ണ്ണായക നേതൃമാറ്റവും സാധ്യമാക്കിയിരിക്കുന്നത്. ഈ കടുത്ത തീരുമാനങ്ങള്‍ വരും നാളുകളില്‍ കോണ്‍ഗ്രസിന് വലിയ വിജയങ്ങള്‍ സമ്മാനിക്കുമോ, അതോ പാര്‍ട്ടിക്കുള്ളില്‍ പുതിയ മുറിവുകള്‍ തുറക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഇനി ഉറ്റുനോക്കുന്നത്.
Content Summary: Learning from its past mistakes in Rajasthan, the Congress High Command moves swiftly in Karnataka to transition power from Siddaramaiah to DK Shivakumar.