നവംബര്‍ 5 ന് ഇനി ഒരാഴ്ചയില്‍ താഴെ മാത്രം, എല്ലാ കണ്ണുകളും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്നതില്‍ നിര്‍ണായക തീരുമാനം എടുക്കാന്‍ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കു മേലാണ്. നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ് ഇത്തവണ പോരാട്ടവേദിയില്‍. ആര് വൈറ്റ് ഹൗസില്‍ എത്തുമെന്നതില്‍ അവസാന തീരുമാനം ഇലക്ടറല്‍ കോളേജിലാണ് ഉണ്ടാവുക. ഓരോ സംസ്ഥാനത്തിന്റെയും കോണ്‍ഗ്രസ് പ്രതിനിധികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എണ്ണുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ ആകെയുള്ള 538 ല്‍ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടേണ്ടതുണ്ട്.
ഈ വര്‍ഷത്തെ യുഎസ് തിരഞ്ഞെടുപ്പില്‍ ഏകദേശം 240 ദശലക്ഷം ആളുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഒരു ചെറിയ സംഖ്യയായിരിക്കും അടുത്ത പ്രസിഡന്റ് ആരാകുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനികളാവുക. കമലയ്ക്കും ട്രംപിനും ‘സ്വിംഗ്'(ഡെമോക്രാറ്റുകള്‍ക്കോ റിപ്പബ്ലിക്കന്‍മാര്‍ക്കോ മുന്‍തൂക്കം ഇല്ലാത്ത, എങ്ങോട്ടു വേണമെങ്കിലും ചായാവുന്ന സംസ്ഥാനങ്ങളാണ് സ്വിംഗ് സംസ്ഥാനങ്ങള്‍) സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങള്‍ വൈറ്റ് ഹൗസിന്റെ താക്കോല്‍ കൈവശം വച്ചിട്ടുണ്ട്.
അരിസോണയുടെ പിന്തുണയോടെയായിരുന്നു 2020-ല്‍ ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് സ്ഥാനം നേടിയത്. 1990-കള്‍ക്ക് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ ആദ്യമായിട്ടായിരുന്നു അറിസോണ പിന്തുണച്ചത്. നൂറുകണക്കിന് മൈലുകള്‍ മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനം ദേശീയ കുടിയേറ്റ സംവാദത്തിലെ ഒരു കേന്ദ്രബിന്ദുവാണ്. സമീപകാലത്തായി അതിര്‍ത്തി കടക്കലുകള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുടിയേറ്റം അമേരിക്കന്‍ വോട്ടര്‍മാരുടെ ഇടയിലെ ഒരു പ്രധാന ആശങ്കയാണ്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് കമലയെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. തന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ യുഎസ് ചരിത്രത്തിലെ ‘ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍’ നടത്തുമെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട തര്‍ക്കവും സംവാദങ്ങളും അരിസോണയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഗര്‍ഭഛിദ്രം വിലക്കുന്ന നിയമം പുനസ്ഥാപിക്കുമെന്നാണ് റിപ്പബ്ലിക്കന്മാര്‍ പറയുന്നത്. ഇതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്.
ജോര്‍ജിയയില്‍, ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹം ഇപ്പോള്‍ നേരിടുന്ന നാല് ക്രിമിനല്‍ പ്രോസിക്യൂഷനുകളിലൊന്നിന് കാരണമായിട്ടുണ്ട്. ട്രംപും മറ്റ് 18 പേരും കഴിഞ്ഞ തവണ ബൈഡനെതിരേയുള്ള മത്സരത്തില്‍ വിജയിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ട്രംപ് നിഷേധിക്കുകയാണ്. എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് ഈ കേസ് പരിഹരിക്കപ്പെടാന്‍ സാധ്യതയില്ല. ജോര്‍ജിയയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. 2020 ലെ ബൈഡന്റെ വിജയത്തിന് ഈ വോട്ടര്‍മാര്‍ നിര്‍ണായകമായിരുന്നു. കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ ബൈഡനെതിരായ വികാരം ഉണ്ടെങ്കിലും കമലയ ഇവിടെ സജീവമായി പ്രചാരണത്തിലുണ്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മിഷിഗണ്‍ പിന്തുണ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. 2020-ല്‍ സംസ്ഥാനം ബൈഡനെയായിരുന്നു പിന്തുണച്ചത്. എന്നാല്‍, ഗാസ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ നിലപാട് മിഷിഗണിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിഷിഗണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍, 100,000-ലധികം വോട്ടര്‍മാര്‍ തങ്ങളുടെ ബാലറ്റുകളില്‍ ‘പ്രതിബദ്ധതയില്ലാത്ത’ ഓപ്ഷന്‍ തിരഞ്ഞെടുത്തത്, തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കാനായിരുന്നു. ഇസ്രയേലിനുള്ള സൈനിക സഹായം നിര്‍ത്താന്‍ യുഎസ് ഭരണകൂടത്തെ പ്രേരിപ്പിക്കാനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോരാട്ടത്തിനോട് യോജിക്കുന്ന നിലപാടാണ് മിഷിഗണ്‍ എടുക്കുന്നത്. രാജ്യത്ത് അറബ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതലുള്ളതും മിഷിഗണിലാണ്. ബൈഡനുള്ള പിന്തുണ കുറഞ്ഞ സാഹചര്യത്തില്‍, കമലയുടെ ഇസ്രയേലിനെതിരായ ഉറച്ച നിലപാട് മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം. ഇതുമൂലം ഗാസ അനുകൂലികളുടെ പിന്തുണ കമലയ്ക്ക് നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക്കുകളോട് ചായ്വ് കാണിച്ചിട്ടുള്ള നെവാഡ ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന സൂചനയുണ്ട്. 538 പോള്‍-ട്രാക്കിംഗ് ഏജന്‍സി പറയുന്നത്, ആദ്യഘട്ടത്തില്‍ ട്രംപ് ബൈഡനെക്കാള്‍ മുന്നില്‍ ആയിരുന്നുവെങ്കിലും, ബൈഡന് പകരം കമല ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയതോടെ ലീഡില്‍ കുറവ് വന്നുവെന്നാണ്. രണ്ട് സ്ഥാനാര്‍ത്ഥികളും നെവാഡയില്‍ നിര്‍ണായകമായ ലാറ്റിനോ വോട്ടര്‍മാരെ ലക്ഷ്യമിടുന്നുണ്ട്. ബൈഡന്റെ കീഴില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും, കോവിഡിന് ശേഷമുള്ള സാമ്പത്തികാവസ്ഥ മോശമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് 5.1% ആണ്.
കമല ഹാരിസ് ഡെമോക്രാറ്റിക് നോമിനി ആയതിനുശേഷം നോര്‍ത്ത് കരോലിനയിലെ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മത്സരം മുറുകി. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ സംസ്ഥാനത്തെ ‘ടോസ്-അപ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2020ല്‍ നോര്‍ത്ത് കരോലിനയില്‍ 70,000 വോട്ടുകള്‍ക്ക് വിജയം ട്രംപിനൊപ്പമായിരുന്നു. ജൂലൈയില്‍ നടന്ന കൊലപാതക ശ്രമത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രചാരണം നോര്‍ത്ത് കരോലിനയിലായിരുന്നു. ആ റാലിയില്‍ സംസ്ഥാനത്തിന് ഈ തെരഞ്ഞെടുപ്പിനുള്ള പ്രാധാന്യം അടിവരയിടുകയായിരുന്നു ട്രംപ്.
ട്രംപ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പെന്‍സില്‍വാനിയയാണ് രണ്ടു സ്ഥാനാര്‍ത്ഥികളും കണ്ണ് വച്ചിരിക്കുന്ന മറ്റൊരു നിര്‍ണായക സംസ്ഥാനം. 2020 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം നിര്‍ണായക റോള്‍ വഹിച്ചിരുന്നു. സ്‌ക്രാന്റണില്‍(സംസ്ഥാനത്തെ പ്രധാനമായൊരു നഗരം)ശക്തമായ ബന്ധം നിലനിര്‍ത്തുന്ന ബൈഡനെയായിരുന്നു കഴിഞ്ഞ തവണ പെന്‍സില്‍വാനിയ പിന്തുണച്ചത്. സാമ്പത്തിക ആശങ്കകള്‍, പ്രത്യേകിച്ച് പണപ്പെരുപ്പം എന്നിവയാണ് സംസ്ഥാനം ചര്‍ച്ച ചെയ്യുന്ന പ്രധാന പ്രശ്‌നങ്ങള്‍. പെന്‍സില്‍വാനിയയില്‍ പലചരക്ക് സാധനങ്ങളുടെ വില മറ്റേതൊരു സംസ്ഥാനത്തേക്കാളും വേഗത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതു മൂലം ജനങ്ങളുടെ ജീവിതച്ചെലവ് ഉയര്‍ന്നിരിക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം കമലയ്ക്ക് തിരിച്ചടിയായേക്കും, ബൈഡന്‍ ഭരണകൂടത്തിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ ബന്ധപ്പെടുത്തിയാണ് കമലയ്‌ക്കെതിരേ ട്രംപ് പ്രചാരണം നടത്തുന്നത്.
2016 ലും 2020 ലും വിജയിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെയായിരുന്നു വിസ്‌കോണ്‍സിന്‍ അനുകൂലിച്ചത്. വെറും 20,000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു വിജയികള്‍ക്ക് സംസ്ഥാനം നല്‍കിയത്. മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തരം സംസ്ഥാനങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തി ട്രംപിനെ അനുകൂലിച്ചിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റീനെ അയോഗ്യനാക്കണമെന്നാണ് ഡെമോക്രാറ്റുകള്‍ പരാതിപ്പെടുന്നത്. ‘ഞങ്ങള്‍ വിസ്‌കോണ്‍സിന്‍ ജയിച്ചാല്‍, മുഴുവന്‍ കാര്യങ്ങളും ഞങ്ങള്‍ വിജയിക്കുന്നു’ എന്നാണ് ട്രംപ് പറഞ്ഞത്.
സ്വിംഗ് സംസ്ഥാനങ്ങളിലെ കണക്കുകള്‍
ജോര്‍ജിയ
2016: ട്രംപ് 51%- ഹിലരി ക്ലിന്റണ്‍ 45.9%
2020:: ബൈഡന്‍ 49.5% – ട്രംപ് 49.3%
സര്‍വ്വേ ഫലങ്ങള്‍:
മാരിസ്റ്റ്: ട്രംപ് 49%, ഹാരിസ് 49% (ഒക്ടോ. 17-22; 1,193 വോട്ടര്‍മാര്‍; ±3.9 പോയിന്റ്)
ബ്ലൂംബെര്‍ഗ്: ട്രംപ് 49.9%, ഹാരിസ് 48.4% (ഒക്ടോ. 16-20; 855 വോട്ടര്‍മാര്‍; ±3 പോയിന്റ്)
നോര്‍ത്ത് കരോലിന
2016: ട്രംപ് 50.5% – ക്ലിന്റണ്‍ 46.8%
2020: ട്രംപ് 50.1% – ബൈഡന്‍ 48.7%
സര്‍വ്വേ ഫലങ്ങള്‍:
മാരിസ്റ്റ്: ട്രംപ് 50%, ഹാരിസ് 48% (ഒക്ടോബര്‍ 17-22; 1,226 വോട്ടര്‍മാര്‍; ±3.6 പോയിന്റ്)
എമേഴ്സണ്‍: ട്രംപ് 50%, ഹാരിസ് 48% (ഒക്ടോബര്‍ 21-22; 950 വോട്ടര്‍മാര്‍; ±3.1 പോയിന്റ്)
പെന്‍സില്‍വാനിയ
2016: ട്രംപ് 48.6% – ക്ലിന്റണ്‍ 47.9%
2020: ബൈഡന്‍ 50% – ട്രംപ് 48.8%
സര്‍വ്വേ ഫലങ്ങള്‍:
എമേഴ്സണ്‍: ട്രംപ് 49%, ഹാരിസ് 48% (ഒക്ടോബര്‍ 21-22; 860 വോട്ടര്‍മാര്‍; ±3.3 പോയിന്റ്)
ബ്ലൂംബെര്‍ഗ്: ട്രംപ് 48%, ഹാരിസ് 50% (ഒക്ടോ. 16-20; 812 വോട്ടര്‍മാര്‍; ±3 പോയിന്റ്)
മിഷിഗണ്‍
2016: ട്രംപ് 47.6% – ക്ലിന്റണ്‍ 47.4%
2020: ബൈഡന്‍ 50.6% – ട്രംപ് 47.8%
സര്‍വ്വേ ഫലങ്ങള്‍:
ക്വിന്നിപിയാക്: ട്രംപ് 46%, ഹാരിസ് 49% (ഒക്ടോബര്‍ 17-21; 1,136 വോട്ടര്‍മാര്‍; ±2.9 പോയിന്റ്)
ബ്ലൂംബെര്‍ഗ്: ട്രംപ് 46.5%, ഹാരിസ് 49.6% (ഒക്ടോ. 16-20; 705 വോട്ടര്‍മാര്‍; ±4 പോയിന്റ്)
വിസ്‌കോണ്‍സിന്‍
2016: ട്രംപ് 47.8% – ക്ലിന്റണ്‍ 47%
2020 ഫലങ്ങള്‍: ബൈഡന്‍ 49.6% – ട്രംപ് 48.9%
സര്‍വ്വേ ഫലങ്ങള്‍:
യുഎസ്എ ടുഡേ/സഫോക്ക് യൂണിവേഴ്‌സിറ്റി: ട്രംപ് 48%, ഹാരിസ് 47% (ഒക്ടോ. 20-23; 500 വോട്ടര്‍മാര്‍; ± 4.4 പോയിന്റ്)
എമേഴ്സണ്‍: ട്രംപ് 49%, ഹാരിസ് 48% (ഒക്ടോബര്‍ 21-22; 800 വോട്ടര്‍മാര്‍; ±3.4 പോയിന്റ്)
നെവാഡ
2016: ക്ലിന്റണ്‍ 47.9% – ട്രംപ് 45.5%
2020: ബൈഡന്‍ 50.1% – ട്രംപ് 47.7%
സര്‍വ്വേ ഫലങ്ങള്‍:
ബ്ലൂംബെര്‍ഗ്: ഹാരിസ് 48.8%, ട്രംപ് 48.3% (ഒക്ടോ. 16-26; 420 വോട്ടര്‍മാര്‍; ±5 പോയിന്റ്)
അറ്റ്ലസ് ഇന്റല്‍: ഹാരിസ് 48%, ട്രംപ് 48% (ഒക്ടോബര്‍ 12-17; 1,171 വോട്ടര്‍മാര്‍; ±3 പോയിന്റ്)
അരിസോണ
2016: ട്രംപ് 49% – ക്ലിന്റണ്‍ 45.5%
2020: ബൈഡന്‍ 49.4% – ട്രംപ് 49.1%
സര്‍വ്വേ ഫലങ്ങള്‍:
മാരിസ്റ്റ്: ട്രംപ് 50%, ഹാരിസ് 49% (ഒക്ടോ. 17-22; 1,193 വോട്ടര്‍മാര്‍; ±3.7 പോയിന്റ്)
ബ്ലൂംബെര്‍ഗ്: ട്രംപ് 49%, ഹാരിസ് 49% (ഒക്ടോ. 16-20; 861 വോട്ടര്‍മാര്‍; ±3 പോയിന്റ്). How seven swing state decide US presidential elections
Content Summary; How seven swing state decide US presidential elections