കേരളത്തില്‍ നാടുനീളെ ഇപ്പോള്‍ സനാതന ധര്‍മ്മത്തെ കുറിച്ചാണ് ചര്‍ച്ച. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഷര്‍ട്ട് ധരിക്കണോ, വേണ്ടയോ…? ഷര്‍ട്ട് ധരിച്ചാല്‍ ബട്ടന്‍ ധരിക്കണോ, വേണ്ടയോ…? മേല്‍മുണ്ട് ധരിക്കണോ, വേണ്ടയോ…? ശരീരം മറയ്ക്കണോ, വേണ്ടയോ…? തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ചര്‍ച്ചാ വിഷയങ്ങളായി വരുന്നുണ്ട്. വളരെ കൗതുകം എന്ന് പറയട്ടെ മതപണ്ഡിതന്മാരും മത നേതാക്കളും ഒക്കെ ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്. അതിന് കൂട്ടുപിടിച്ച് കുറെ രാഷ്ട്രീയ നേതാക്കളും. വളരെ ലജ്ജ തോന്നുന്ന ഒരു ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കുവാന്‍ വയ്യ. How Sree Narayana Guru’s attire changed from white to saffron
ഇത് ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ തന്നെ മറ്റൊരു കാര്യം ബഹുമാനപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ശ്രീനാരായണ ഗുരു സാധാരണ ധരിച്ചിരുന്ന വെളുത്ത വസ്ത്രം മഞ്ഞയായും മഞ്ഞ വസ്ത്രം കാവിയായും നിറം മാറിക്കൊണ്ടിരിക്കുന്ന വിവരം എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് എടുക്കുന്നില്ല എന്നുള്ള ഒരു സംശയം ബാക്കി നില്‍ക്കുകയാണ്. അത് വിഷയമാക്കേണ്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു. മന്നത്ത് പത്മനാഭന്‍ വെളുത്ത ഖദര്‍ വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത് എന്ന ചരിത്രസത്യം ഇവിടെ ചുമ്മാ സൂചിപ്പിക്കുന്നു.
ശ്രീനാരായണ ഗുരു വെളുത്ത നിറമുള്ള വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. പക്ഷേ, ഇപ്പോഴത് കാവിയായി മാറിയിട്ടുണ്ട്. ഇതിന് മുന്‍പ് മഞ്ഞയായിരുന്നു നിറം. എന്ത് നിറമാണ് ശരി എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. നാരായണ ഗുരുവിന്റെ രചനകളും, ഗുരുവിനെ കുറിച്ചുള്ള രചനകളും നൂറുകണക്കിന് ലഭ്യമാണ്. അതില്‍ വായിച്ചതും, വായിച്ചവര്‍ പറഞ്ഞ് കേട്ടതും ശ്രീനാരായണ ഗുരു വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത് എന്നാണ്. പിന്നെ എങ്ങനെയാണ് നാരായണ ഗുരുവിന്റെ വസ്ത്രം മഞ്ഞയും, ഇപ്പോള്‍ കാവിയും ആയത്…?
പ്രമുഖ ബുദ്ധമത കേന്ദ്രമായ സിലോണ്‍ സന്ദര്‍ശിക്കുന്നതിനായി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് ശ്രീനാരായണ ഗുരു ശിഷ്യരോടൊത്ത് കപ്പലില്‍ 1918, സെപ്തംബര്‍ 16 ന് പുറപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ ആദ്യ വിദേശയാത്ര ആയിരുന്നു അത്. മറ്റ് സന്യാസിമാരെ പോലെ ശ്രീനാരായണ ഗുരുവും കാഷായ വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും എന്ന അഭിപ്രായം ശിഷ്യര്‍ പ്രകടിപ്പിക്കുകയുണ്ടായി. ഗുരുവിനൊപ്പം സഞ്ചരിച്ചിരുന്ന ഗൃഹസ്ത ശിഷ്യനായ ചേറ്റുവാരി ഗോവിന്ദന്‍ ശിരസ്തദാര്‍ ശിഷ്യരുടെ ചര്‍ച്ചാ വിഷയം ഗുരുവിനെ അറിയിച്ചു. യാത്രയില്‍ അങ്ങനെ ശിഷ്യരില്‍ നിന്ന് ഗുരു കാഷായ വസ്ത്രം സ്വീകരിച്ചു.
ശ്രീനാരായണ ഗുരുവിന്റെ എല്ലാ ജീവചരിത്ര ഗ്രന്ഥങ്ങളിലും ഇത് കാണാം. എന്നാല്‍ ഒരു ഗ്രന്ഥത്തിലും ഗുരു പിന്നീട് കാഷായ വേഷമാണ് ധരിച്ചിരുന്നത് എന്നില്ല. എന്നാല്‍ സമീപകാല രചനകളില്‍ അതുണ്ട് താനും. പില്‍ക്കാലത്തുള്ള ഗുരുവിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ശുഭ്രവസ്ത്രധാരിയായി മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കൂ.
‘നമുക്ക് നാം തന്നെ ഗുരു’ എന്ന് പറഞ്ഞുകൊണ്ട് ഗുരുതന്നെ കാഷായ വസ്ത്രം എടുത്ത് ധരിക്കുകയും ചെയ്തത് ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്. സാധാരണ ഗുരുവില്‍ നിന്നാണ് ശിഷ്യര്‍ കാഷായ വസ്ത്രം സ്വീകരിക്കാറ്. ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. കാവി ധരിക്കുന്നതിനെപ്പറ്റി ശ്രീനാരായണ ഗുരു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ‘രാജാവിന് കിരീടം പോലെയാണ് സന്യാസിക്ക് കാവി. രാജാവല്ലാത്തവന്‍ കിരീടം വെച്ചത് കൊണ്ട് രാജാവാകുന്നില്ല. കിരീടം വയ്ക്കാത്തതുകൊണ്ട് രാജാവിന് ഒരു കുറവും സംഭവിക്കുന്നുമില്ല’. വര്‍ത്തമാനകാലത്ത് ഗുരുവിന്റെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
ശിവഗിരി തീര്‍ത്ഥാടന സമയത്ത് എന്തായിരിക്കണം തീര്‍ത്ഥാടകരുടെ പൊതുവായ വേഷം എന്ന് ശിഷ്യര്‍ ചോദിക്കുകയുണ്ടായി. മാലിന്യം ഇല്ലായ്മ ചെയ്യുന്ന മഞ്ഞളിന്റെ വെള്ളത്തില്‍ മുക്കിയ വെള്ള വസ്ത്രം തന്നെ ആയിക്കോട്ടെ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതായി രേഖകളില്‍ ഉണ്ട്. അതായത് ശിവഗിരി തീര്‍ത്ഥാടന സമയത്ത് തീര്‍ത്ഥാടകര്‍ ഉടുക്കേണ്ടത് ഉപയോഗത്തിലുള്ള വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കിയത് എന്ന് മാത്രമാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്. എന്ന് കരുതി മഞ്ഞപ്പട്ട് വാങ്ങി ധരിക്കേണ്ടതില്ല എന്നും ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് ശേഷം വസ്ത്രങ്ങള്‍ കഴുകി വെള്ള വസ്ത്രമായി തന്നെ ഉപയോഗിക്കാമെന്നും ഗുരു പറഞ്ഞിട്ടുണ്ട്.
ശുഭ്രവസ്ത്രധാരികള്‍ ആയിരുന്നു ഗുരുവിന്റെ ശിഷ്യന്മാരൊക്കയും എന്ന് പല രേഖകളിലും കാണാവുന്നതാണ്. എസ്എന്‍ഡിപി രൂപീകരണം കൊണ്ട സമയത്തും എല്ലാവരും വെളുത്ത വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ആര്‍ ശങ്കര്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വന്നതോടുകൂടി മഞ്ഞക്കൊടി നിലവില്‍ വരികയായിരുന്നു. മഞ്ഞക്കൊടിക്ക് പിന്നാലെ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം മഞ്ഞ നിറം വ്യാപകമായി. ഇന്നിപ്പോള്‍ മഞ്ഞയും കാവിയുമായി. നാരായണ ഭക്തി അലങ്കാരമാക്കുന്നതും വ്യാപകമായി.
സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടികളാണല്ലോ ഇപ്പോള്‍. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. സ്വാഭാവികമായും ലോകം മുഴുവനും നാരായണ ഭക്തരും ഉണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ ശ്രീനാരായണ ഗുരു മാത്രമല്ല, അതിഥികളെയും, ആദരിക്കപ്പെട്ടവരെയെല്ലാം കാവി പുതപ്പിച്ചു.
അടുത്തിടെ കേരളത്തിലെ റോഡിലൂടെ യാത്ര നടത്തിയപ്പോള്‍ ഒട്ടേറെ എസ്.എന്‍.ഡി.പി. ഹോഡിങ്ങുകള്‍ കാണുവാന്‍ ഇടയായി. ശ്രീനാരായണ ഗുരുവിന്റെ രൂപം വളരെ ചെറുതും നേതാക്കളുടെ രൂപം വലുതുമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ് കാണുവാന്‍ സാധിച്ചത്. ഈ വിവരം വളരെ വിഷമത്തോടെ കേരളത്തിലെ പ്രമുഖനായ ഒരു ഡിസൈനറുമായി പങ്കുവച്ചു. അദ്ദേഹത്തിന് അടുത്ത ബന്ധമുള്ളവര്‍ തന്നെയാണ് ഈ പോസ്റ്ററുകള്‍ ചെയ്തതെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലാക്കി. ഇതേ വിഷയം അവര്‍ മുന്‍പ് സംസാരിച്ചിരുന്നു എന്നും മനസ്സിലായി. അദ്ദേഹം പറയുന്നത് ഡിസൈന്‍ ജോലിക്ക് പണം നല്‍കുന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്നാണ്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഇത്തരം വിലകുറഞ്ഞ പ്രചരണം നടത്തുന്നത് ലജ്ജാകരമാണ് എന്നേ പറയുവാന്‍ സാധിക്കൂ.How Sree Narayana Guru’s attire changed from white to saffron
Content Summary:How Sree Narayana Guru’s attire changed from white to yello and saffron