ന്യൂയോര്‍ക്കിലെ വാടക പ്രശ്‌നവും മംദാനിയുടെ വിജയവും

തിരഞ്ഞെടുപ്പ് വിജയത്തിന് സൊഹ്‌റാന്‍ മംദാനിക്കൊപ്പം നിന്ന വോട്ടര്‍മാര്‍ ആരെല്ലാം?

New York City Mayor Election

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. .

സൊഹ്‌റാന്‍ ഈ തിരഞ്ഞെടിപ്പില്‍ ഒരു ദശലക്ഷത്തിലധികം വോട്ടുകളാണ് നേടിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍, വിജയിച്ച ഏതൊരു സ്ഥാനാര്‍ത്ഥിക്കും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണിതെന്നു കാണാം.

കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആയിരുന്നു ഇത്തവണ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. സമീപകാലത്തെ തിരഞ്ഞെടുപ്പുകളേക്കാള്‍ ഇരട്ടിയാണ്. 1969 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. ആകെ പോള്‍ ചെയ്തതില്‍ ഏകദേശം അമ്പത് ശതമാനം സൊഹ്‌റാന്‍ നേടുകയും ചെയ്തു.

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പിന്തുണയില്‍ അല്ല സൊഹ്‌റാന്‍ മംദാനി വിജയിച്ചതെന്നും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കാണാം. വിവിധ വിഭാഗങ്ങളിലുള്ള വോട്ടര്‍മാര് ഈ ഡെമോക്രാറ്റിന് പിന്തുണ നല്‍കി.

പ്രൈമറിയില്‍ കണ്ട ഫല സൂചനകള്‍ പൊതു തിരഞ്ഞെടുപ്പില്‍ മാറി മറിയുന്നതും കണ്ടു.

പ്രൈമറി തിരഞ്ഞെടുപ്പില്‍, 50,000 ഡോളറില്‍ താഴെ(ഏകദേശം 44.38 ലക്ഷം) വാര്‍ഷിക വരുമാനമുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ സൊഹ്‌റാനെക്കാള്‍ മുന്നില്‍ നിന്നിരുന്നത് ഡെമോക്രാറ്റിക് സ്വതന്ത്രന്‍ ആന്‍ഡ്രൂ ക്യൂമോ ആയിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പില്‍ ഈ വിഭാഗം വോട്ടര്‍മാരുടെ ഇടയില്‍ നിന്നും ഏകദേശം ഒമ്പത് ശതമാനം കൂടുതല്‍ വോട്ട് നേടിയത് സൊഹ്‌റാന്‍ ആയിരുന്നു.

അതുപോലെ പ്രൈമറിയില്‍ ക്യൂമോയെ അനുകൂലിച്ചിരുന്ന, ബ്രോണ്‍ക്‌സ് പോലെയുള്ള, ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാരും പൊതുതിരഞ്ഞെടുപ്പില്‍ മംദാനിക്ക് അനുകൂലമായി തിരിഞ്ഞു.

വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയിലെ പിന്തുണ പോലെ തന്നെയാണ് വംശീയമായി വ്യത്യസ്തരായവരുടെ വോട്ടും സൊഹ്‌റാന് അനുകൂലമായത്. ഭൂരിപക്ഷം കറുത്തവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മംദാനി ഏകദേശം 30 ശതമാനം പോയിന്റിന്റെ ഭൂരിപക്ഷത്തോടെ വിജയം നേടി. ഭൂരിപക്ഷം ഹിസ്പാനിക്/ലാറ്റിനോ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ 20 ശതമാനം പോയിന്റിലധികം ഭൂരിപക്ഷം മാണ് കിട്ടിയത്.

എന്നാല്‍ ഭൂരിപക്ഷം വെള്ളക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ക്യൂമോ ആണ് ഏകദേശം 9 ശതമാനം പോയിന്റിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്നും കാണാം.

സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തില്‍ നിര്‍ണായകമായത് ന്യൂയോര്‍ക്ക് സിറ്റിയിലെ താങ്ങാനാകാത്ത വാടകയാണെന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വാടകക്കാര്‍ക്കിടയില്‍ നിന്നും മംദാനി ശക്തമായ പിന്തുണയാണ് സ്വന്തമാക്കിയത്. ഏകദേശം 24 ശതമാനം പോയിന്റിലധികമാണ് ഭൂരിപക്ഷം.

വാടകച്ചെലവ് കൂടുതലുള്ള ഹാര്‍ലെം, ഫ്‌ളാറ്റ്ബുഷ്, ബെഡ്‌ഫോര്‍ഡ്-സ്‌റ്റൈവെസന്റ് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ ഏകദേശം 10 ശതമാനം പോയിന്റിന്റെ ഭൂരിപക്ഷമാണ് സൊഹ്‌റാന് നല്‍കിയത്.

നഗരത്തിലെ ഉയര്‍ന്ന ജീവിതച്ചെലവ് കുറയ്ക്കുമെന്നതായിരുന്നു സൊഹ്‌റാന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.

ബസ് സര്‍വീസ് സൗജന്യമാക്കുക, അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ സൗജന്യ ശിശു സംരക്ഷണത്തിന് അര്‍ഹരാക്കുക എന്നതിനൊപ്പം അദ്ദേഹം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നടത്തിയ പ്രധാന വാഗ്ദാനം, നഗരത്തില്‍ ഒരു ദശലക്ഷത്തോളം വാടക-സ്ഥിരതയുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ വാടക മരവിപ്പിക്കും എന്നതായിരുന്നു. നിയമം പറയുന്ന പരിധി കടക്കാതെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക വര്‍ഷാവര്‍ഷം ഒരു നിശ്ചിത ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഉടമകള്‍ക്ക്് കഴിയുമായിരുന്നു. ആ വര്‍ദ്ധനവ് പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് മംദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

താങ്ങാനാവുന്ന ജീവിതച്ചെലവിലേക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ ജനങ്ങളെ കൊണ്ടുവരുമെന്നതായിരുന്നു മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. നഗരത്തിലെ ഭീമമായ വാടകയും താങ്ങാനാവാത്ത ജീവിത ചെലവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പറയുന്നത്, സൊഹ്‌റാന്‍ മംദാനിക്ക് വാടകക്കാരില്‍ നിന്ന് ശക്തമായ പിന്തുണ നേടാന്‍ കഴിഞ്ഞുവെന്നാണ്. ഈ വിഭാഗത്തില്‍ നിന്നും അദ്ദേഹത്തിന് 24 ശതമാനം പോയിന്റിലധികം ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.

അതായത്, ഭവന ഉടമകളായ വോട്ടര്‍മാരെക്കാള്‍, വാടകക്കാരായ വോട്ടര്‍മാര്‍ മംദാനിക്കൊപ്പം നിന്നു. ഉയര്‍ന്ന വാടകയുള്ള പ്രദേശങ്ങളില്‍ മംദാനി നേടിയ വോട്ടുകള്‍ അത് വ്യക്തമാക്കുന്നുണ്ട്.

ഹാര്‍ലെം, ഫ്‌ളാറ്റ്ബുഷ്, ബെഡ്‌ഫോര്‍ഡ്-സ്‌റ്റൈവെസന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ മംദാനി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പ്രദേശങ്ങളിലെ വാടക ചെലവ് സാധാരണക്കാരെ വല്ലാതെ വലച്ചിരുന്നു.

ഈ തിരഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ചാല്‍ സൊഹ്‌റാന്‍ മംദാനി നേടിയ വിജയം പ്രധാനമായും അദ്ദേഹത്തിന്റെ വാടക നിയന്ത്രണത്തിനും താങ്ങാനാവുന്ന ജീവിതച്ചെലവിനുമുള്ള നിലപാടുകളുടെ വിജയമായി കാണാം. ഉയര്‍ന്ന വാടകയും ഭവന പ്രതിസന്ധിയും ന്യൂയോര്‍ക്ക് നഗരത്തിലെ വോട്ടര്‍മാരെ എത്രത്തോളം ബാധിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

ന്യൂയോര്‍ക്ക് സിറ്റിയില്‍ വാടക പ്രശ്‌നം വളരെ രൂക്ഷമാണ്. ഈ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് അതിനുള്ള ശക്തമായ തെളിവ്. മംദാനി തന്റെ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തത് തന്നെ ‘ഉയര്‍ന്ന ജീവിത ചെലവിന്റെ കാര്യത്തില്‍ കുപ്രസിദ്ധമായ നഗരത്തിലെ ജീവിതച്ചെലവ് ലഘൂകരിക്കുമെന്നതിലായിരുന്നു.

നഗരത്തിലെ ഭൂരിഭാഗം ആളുകളും വാടകക്കാരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ആശ്വാസം നല്‍കുന്ന മംദാനിക്ക് അവരുടെ പിന്തുണ നല്‍കി. വാടകക്കാര്‍ക്കിടയില്‍ 24 ശതമാനം പോയിന്റിലധികം ഭൂരിപക്ഷം ലഭിച്ചു എന്നത്, വാടക നിയന്ത്രണത്തിനായുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വോട്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്നു എന്നതാണ് വ്യക്തമാക്കുന്നതും.

ന്യൂയോര്‍ക്ക് സിറ്റിയിലെ താമസ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും, അത് ഒരു രാഷ്ട്രീയ വിഷയമായി തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരികയും ചെയ്തുവെന്നതാണ് സൊഹ്‌റാന്‍ മംദാനിയുടെ വിജയം നിരീക്ഷിക്കുമ്പോള്‍ എടുത്തു പറയേണ്ടത്.

കടപ്പാട്: ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍

Content Summary: How the cost of living in New York City influenced Zohran Mamdani’s Election victory

This post was last modified on November 6, 2025 10:53 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment