July 16, 2026 |
Share on

ഉപേക്ഷിക്കപ്പെട്ട സബ്‌വേ സ്റ്റേഷന്‍ മംദാനിയുടെ സത്യപ്രതിജ്ഞ വേദി

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അധ്വാനിക്കുന്ന ജനവിഭാഗത്തിനോടുള്ള പ്രതിബദ്ധതയും തെളിയിക്കുന്ന ഒരു വേദിയാണ് മംദാനി തിരഞ്ഞെടുത്തിരിക്കുന്നത്

ഇത്തവണത്തെ പുതുവത്സരം ആഘോഷിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടുമ്പോള്‍, അതേ ദിവസം തന്നെ ചരിത്രപ്രാധാന്യമുള്ള മറ്റൊരിടത്തും ചെറിയൊരു ഒത്തുകൂടല്‍ നടക്കും. അത് ഭൂമിക്കടിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ സബ്‌വേ സ്റ്റേഷനിലാണ്.

ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയര്‍ ആയി സൊഹ്റാന്‍ മംദാനിയുടെ സത്യപ്രതിജ്ഞ ചടങ്ങാണ് പഴയ സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനില്‍ നടക്കുന്നത്. ഗില്‍ഡഡ് ഏജ് കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ പ്രതീകമാണ് സിറ്റി ഹാള്‍ സബ്‌വേ സ്‌റ്റേഷന്‍. നഗരത്തിന്റെ പഴയകാല വീര്യത്തിന്റെ അടയാളമായി സബ്‌വേ സ്റ്റേഷന്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞ വേദിയായി ഇവിടം തിരഞ്ഞെടുക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചതെന്നു പറയുന്നു.

‘1904-ല്‍ സിറ്റി ഹാള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍, ന്യൂയോര്‍ക്കിലെ ആദ്യത്തെ 28 സബ്‌വേ സ്റ്റേഷനുകളില്‍ ഒന്നായിരുന്നു ഇത്. മനോഹരമായ കാര്യങ്ങള്‍ നിര്‍മ്മിക്കാനും അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനും ധൈര്യം കാട്ടിയ ഒരു നഗരത്തിന്റെ സ്മാരകമായിരുന്നു ഇത്,’ മംദാനിയുടെ പ്രസ്താവനയിലെ വാചകങ്ങളാണ്. ‘ആ ലക്ഷ്യബോധം നമ്മുടെ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. അത് സിറ്റി ഹാളിന് താഴെയുള്ള തുരങ്കങ്ങളില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതുമല്ല. ന്യൂയോര്‍ക്കുകാരെ സേവിക്കാന്‍ ഭാഗ്യം ലഭിച്ച ഈ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കും ഇത്.’ പ്രസ്താവനയില്‍ മംദാനി തുടരുന്നു.

മംദാനിയുടെ അടുത്ത സുഹൃത്തും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലുമായ ലെറ്റിഷ്യ ജെയിംസ് ആണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മംദാനിയുടെ കുടുംബാംഗങ്ങളും അടുത്ത ഉപദേശകരും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കുമിത്. ‘സ്ട്രീറ്റ്സ് ബ്ലോഗ് എന്‍വൈസി’ ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും അനുയോജ്യമായ ഒരു സ്ഥലമായാണ് സ്ബ്‌വേ സ്റ്റേഷന്‍ തന്നെ സത്യപ്രതിജ്ഞയ്ക്കായി മംദാനി തിരഞ്ഞെടുത്തതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സബ്വേകള്‍ നഗരത്തിന്റെ ‘രക്തധമനികള്‍’ ആണെന്നും എല്ലാ ന്യൂയോര്‍ക്കുകാരെയും ഒരുപോലെ കാണുന്ന ഒന്നാണെന്നും ലെറ്റിഷ്യ ജെയിംസ് പറഞ്ഞു. ‘വ്യക്തിപരമായി നമുക്ക് പല തരം വൈവിധ്യങ്ങള്‍ ഉണ്ടാകാമെങ്കിലും, ട്രെയിനില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഏത് സബ്വേ ലൈന്‍ ഉപയോഗിക്കുന്നവരായാലും, എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം നഗരത്തില്‍ ഉറപ്പാക്കണമെന്ന് സൊഹ്റാന്‍ വിശ്വസിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഏകദേശം 13 മണിക്കൂറുകള്‍ക്ക് ശേഷം, സിറ്റി ഹാളിന് പുറത്ത് വെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ഈ ചടങ്ങിന് നേതൃത്വം നല്‍കും. ഏകദേശം 40,000-ത്തോളം പേര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

1904-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്റ്റേഷന്‍, പുതിയ ട്രെയിനുകളുടെ വാതിലുകളുമായി കൃത്യമായി പൊരുത്തപ്പെടാത്തതിനാല്‍ 1945-ല്‍ അടച്ചുപൂട്ടിയിരുന്നു. വളഞ്ഞ പ്ലാറ്റ്ഫോം കാരണം ട്രെയിനും പ്ലാറ്റ്ഫോമും തമ്മില്‍ വലിയ വിടവ് രൂപപ്പെടുന്നത് അപകടകരമായതിനാലാണ് ഇത് ഒഴിവാക്കിയത്. ഇപ്പോള്‍ ഔദ്യോഗിക ടൂറുകളിലൂടെയോ, അല്ലെങ്കില്‍ 6-ാം നമ്പര്‍ ട്രെയിനിന്റെ അവസാന സ്റ്റോപ്പായ ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ ഇറങ്ങാതെ ട്രെയിന്‍ തിരിയുന്ന സമയത്തോ മാത്രമേ ഈ സ്റ്റേഷന്‍ കാണാന്‍ സാധിക്കൂ.

1904 ഒക്ടോബര്‍ 27-ന് അന്നത്തെ മേയര്‍ ജോര്‍ജ് ബി. മക്ലീലന്‍ ജൂനിയര്‍ ആദ്യത്തെ ട്രെയിന്‍ ഓടിച്ചുകൊണ്ടാണ് ഈ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇത് ലണ്ടന്‍, പാരിസ് തുടങ്ങിയ ലോകോത്തര നഗരങ്ങളുടെ നിരയിലേക്ക് ന്യൂയോര്‍ക്കും എത്തിയതിന്റെ സൂചനയായിരുന്നു.

സ്പാനിഷ് വാസ്തുശില്പികളായ റാഫേല്‍ ഗുസ്തവിനോയും മകനും ചേര്‍ന്നാണ് ഈ സ്റ്റേഷന്റെ മനോഹരമായ കമാനങ്ങള്‍ നിര്‍മ്മിച്ചത്. മൗണ്ട് റഷ്‌മോറിലെ പ്രസിഡന്റുമാരുടെ മുഖങ്ങള്‍ കൊത്തിയ ഗുറ്റ്സണ്‍ ബോര്‍ഗ്ലം ആണ് സ്റ്റേഷനിലെ വെങ്കല ഫലകങ്ങള്‍ നിര്‍മ്മിച്ചത്. നഗരസൗന്ദര്യവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേരുന്ന ‘സിറ്റി ബ്യൂട്ടിഫുള്‍ മൂവ്മെന്റ്’ എന്ന ആശയത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഈ സ്റ്റേഷന്‍ അറിയപ്പെടുന്നത്.

Content Summary; Mayor-elect Zohran Mamdani will be sworn into office at the old City Hall subway station

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×