ഒരു യാത്ര പോയി വരാം… നമുക്ക് ഒരു യാത്ര പോകാം… എന്നൊക്കെ ആലങ്കാരികമായി പറയുന്നത് ഒരു പതിവ് വാചകമാണ്. യാത്രകള്‍ പലതരത്തിലുണ്ട്. ഓരോ യാത്രയും വ്യത്യസ്തമായിരിക്കും എന്നുള്ളതാണ് അതിന്റെ സൗന്ദര്യം. ഓരോ യാത്രയും മനുഷ്യന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്റെ സ്വഭാവത്തെ രൂപീകരിക്കുന്നതില്‍ യാത്രയ്ക്ക് വലിയ പങ്കുണ്ട്. യാത്രകള്‍ മൂലം എപ്പോഴും ഒരാള്‍ നല്ല വഴിക്ക് പോകുന്നു എന്ന് പറയുവാന്‍ സാധിക്കുകയില്ല. നല്ല വഴി മാത്രമല്ല മോശം വഴിയില്‍ പോകുവാനും യാത്രകള്‍ കാരണമാകാറുണ്ട്. ഒരാള്‍ തെരഞ്ഞെടുക്കുന്ന ലക്ഷ്യ സ്ഥാനമാണ് അവരെ നല്ല സ്വഭാവം രൂപീകരിക്കുന്നതിനും ചീത്ത സ്വഭാവം രൂപീകരിക്കുന്നതിനും കാരണമാകുന്നത്. ഒരാള്‍ സ്ഥിരമായി മദ്യപന്മാരുടെ കേന്ദ്രത്തിലേക്കാണ് യാത്ര ചെയ്യുന്നത് എന്ന് കരുതുക. അയാള്‍ മിക്കവാറും മദ്യത്തിന് അടിമയായി മാറുന്നു എന്ന് നാം കാണുന്നു. വേറൊരാള്‍ ക്ഷേത്രങ്ങളിലും പള്ളികളിലേക്കും ആണ് പോകുന്നത് എന്ന് കരുതുക. അയാള്‍ ഭക്തി മാര്‍ഗ്ഗത്തിലേക്ക് എത്തുന്നു എന്ന് നാം കാണുന്നു. മറ്റൊരാള്‍ വായനയുടെയും ചിന്തയുടെയും ലോകമായ വായനശാലയിലേക്കാണ് പോകുന്നത് എന്ന് കരുതുക. ചിന്തയുടെയും വിജ്ഞാനത്തിന്റെയും മേഖലകളിലേക്ക് അയാള്‍ എത്തിപ്പെടും. അത്തരത്തില്‍ ഓരോ വ്യക്തിയും തെരഞ്ഞെടുക്കുന്ന വഴികളിലെ യാത്രകളാണ് അയാളുടെ വ്യക്തിത്വത്തെ തെളിയിക്കുന്നത്.
യാത്രകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ശങ്കരാചാര്യരെ കുറിച്ച് പരാമര്‍ശിക്കാതെ തുടങ്ങുവാന്‍ സാധിക്കില്ല. അദ്ദേഹമാണല്ലോ ഇന്ത്യ മുഴുവന്‍ നടന്ന് ജ്ഞാനം സ്വന്തമാക്കിയ മഹാനായ ദീര്‍ഘയാത്രികന്‍. ഭാരതത്തിന്റെ ആത്മാവ് കണ്ടെത്തിയത് ശങ്കരാചാര്യരുടെ യാത്രകളിലൂടെയാണ് എന്ന് നാം തിരിച്ചറിയുന്നു. അതുപോലെ തന്നെ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ് വിവേകാനന്ദന്‍. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര നടത്തി ഇന്ത്യയെ തന്നെ കണ്ടെത്തിയ മഹാത്മാ ഗാന്ധിയും നമുക്ക് മുന്നിലുണ്ട്.
കേരളത്തിലെ കാലടിയില്‍ നിന്ന് ശങ്കരാചാര്യര്‍ ഇന്ത്യ മുഴുവനും സന്ദര്‍ശിച്ചു എന്നാണ് പറയുന്നത്. മധ്യകേരളത്തില്‍ അങ്കമാലിക്കടുത്ത്, പെരിയാറിന് സമീപമുള്ള കാലടിയില്‍ വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജന്‍ എന്ന ബ്രാഹ്‌മണശ്രേഷ്ഠന്റെ മകനായാണ് ശങ്കരാചാര്യര്‍ ജനിച്ചത്. ശങ്കരാചാര്യര്‍ പിതാവിന്റെ മരണശേഷമാണ് സന്ന്യാസിയാകുന്നത്. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. അറുപതോളം സംസ്‌കൃത ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന്‍ നൂറ്റാണ്ടുകളായി തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
ദ്വൈതവാദത്തെ തോല്‍പ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു എന്നാണ് ചരിത്രം പറയുന്നത്. ദ്വൈതവാദത്തിന്റെ പ്രമുഖ വക്താക്കളായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യന്‍ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്വിജയം എന്നാണ് അറിയപ്പെടുന്നത്.
ശങ്കരാചാര്യര്‍ തന്റെ ശിഷ്യന്‍മാരോടും സുധന്വാവ് എന്ന രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് പോയത്. അവിടെ വച്ച് ശാക്തേയന്‍മാര്‍ എന്ന ഭോഗാലസരും മദ്യപന്‍മാരുമായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് ശിഷ്യന്‍മാരാക്കി. ഇവിടെ ശങ്കരാചാര്യര്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കര്‍ണ്ണാടകത്തിലേയ്ക്ക് യാത്രയായി. തുടര്‍ന്ന് ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ശങ്കരാചാര്യര്‍ എത്തി. യാത്രയിലുടനീളം അദ്ദേഹം ശിഷ്യ സമ്പത്തുണ്ടാക്കി.
തന്റെ സന്ദേശങ്ങള്‍ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരന്‍ നാലു മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥില്‍ സ്ഥാപിച്ച ജ്യോതിര്‍മഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയില്‍ സ്ഥാപിച്ച ഗോവര്‍ദ്ധനമഠം, തെക്ക് കര്‍ണാടകയിലെ ശൃംഗേരിയില്‍ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യര്‍, ഹസ്താമലകാചാര്യര്‍, പദ്മപാദാചാര്യര്‍ തോടകാചാര്യര്‍ എന്നിവരാണവര്‍.
ശങ്കരാചാര്യരെ പോലെ തന്നെ യാത്രകളിലൂടെ അത്ഭുതം സ്യഷ്ടിച്ച വ്യക്തിത്ത്വമാണ് സ്വാമി വിവേകാനന്ദന്‍. കല്‍ക്കട്ടയിലെ ബംഗാളി കുടുംബത്തില്‍ ജനിച്ച വിവേകാനന്ദന്‍ ചെറുപ്പം മുതലേ മതത്തിലും ആത്മീയതയിലും താത്പര്യമുള്ളവനായിരുന്നു. അദ്ദേഹം ഗുരുവായി ശ്രീരാമകൃഷ്ണനെ കണ്ടെത്തി സ്വയം സന്യാസിയായി. ശ്രീരാമകൃഷ്ണന്റെ മരണശേഷം, വിവേകാനന്ദന്‍ ഇന്ത്യയില്‍ നടത്തിയ യാത്ര പ്രശസ്തമാണ്. വിവേകാനന്ദന്‍ നടത്തിയ ഇന്ത്യന്‍ യാത്രയില്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യന്‍ ജനതയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് നേരിട്ട് അറിവ് നേടാനായി എന്ന് പറഞ്ഞിട്ടുണ്ട്. 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സില്‍ പങ്കെടുത്തതിന് ശേഷം ഒരു ജനപ്രിയ വ്യക്തിയായിത്തീര്‍ന്നു. ‘സഹോദരിമാരെ… ഒപ്പം അമേരിക്കയിലെ സഹോദരന്മാരെ…’ എന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തുടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അദ്ദേഹം പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സില്‍ ലോകത്തിന് മുന്നില്‍ വളരെയധികം സ്വാധീനം ചെലുത്തി.
വിവേകാനന്ദന്‍ തന്റെ സമകാലിക ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള തത്ത്വചിന്തകരില്‍ ഒരാളും സാമൂഹിക പരിഷ്‌കര്‍ത്താവും പാശ്ചാത്യ ലോകത്തെ ഏറ്റവും വിജയകരമായ വേദാന്ത മിഷനറിമാരുമായിരുന്നു. സമകാലിക ഹിന്ദു നവീകരണ പ്രസ്ഥാനങ്ങളിലെ ഒരു പ്രധാന ശക്തി കൂടിയായ അദ്ദേഹം കൊളോണിയല്‍ ഇന്ത്യയില്‍ ദേശീയത എന്ന ആശയത്തിന് സംഭാവന നല്‍കി. ആധുനിക ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ആളുകളില്‍ ഒരാളായും ദേശസ്‌നേഹിയായ സന്യാസിയായും അദ്ദേഹം ഇപ്പോള്‍ പരക്കെ കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.
മഹാത്മാ ഗാന്ധിയും ഭാരതം മുഴുവന്‍ യാത്ര ചെയ്ത വ്യക്തിയാണ്. ശങ്കരാചാര്യരെ പോലെ, സ്വാമി വിവേകാനന്ദനെ പോലെ മഹാത്മാ ഗാന്ധിയും യാത്രകളുടെ വ്യക്താക്കളാണ്. അവരുടെ ജീവിത വിജയത്തിന് യാത്രകള്‍ക്ക് വലിയ പങ്കുണ്ട്. മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നതിന് തക്കതായ കാരണങ്ങള്‍ തന്നെയുണ്ട്. അഹിംസയിലൂടെ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകത്തെമ്പാടും ഗാന്ധിജി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തമായി മാറി. വിദേശയാത്രകളില്‍ നിന്ന് അദ്ദേഹം സ്വാംശീകരിച്ച അറിവുകള്‍ സമരമാര്‍ഗങ്ങളായി മാറി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുവാന്‍ സത്യാഗ്രഹം എന്ന ശക്തമായ ആയുധം അദ്ദേഹം കരസ്ഥമാക്കിയത് യാത്രകളിലൂടെ തന്നെയാകണം. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ പിന്‍ബലത്തില്‍ തന്നെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം പടപൊരുതിയത്. ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള യുദ്ധമുഖത്ത് ആയുധങ്ങള്‍ കൊണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ പടപൊരുതല്‍.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടത്തിലും സത്യം, അഹിംസ എന്നീ മൂല്യങ്ങള്‍ അടിയുറച്ച് പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളെ തൊട്ടറിഞ്ഞ യാത്രകള്‍ അദ്ദേഹത്തെ മറ്റു നേതാക്കളില്‍ നിന്ന് വേറിട്ടുള്ള വ്യക്തിത്വമാക്കി മാറ്റി. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരില്‍പെടുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു.
ശങ്കരാചാര്യരും, വിവേകാനന്ദനും, മഹാത്മാഗാന്ധിയും, ഒക്കെ ഭാരതത്തിലൂടെ യാത്ര ചെയ്തത് ഭാരതത്തെ അറിഞ്ഞ് മഹാന്മാരായി തീര്‍ന്നവരാണ്. ലോകം ചുറ്റി കാണുക, ഭാരതം ചുറ്റി കാണുക, എന്നത് മാത്രമല്ല അറിവിലേയ്ക്കും, ലോകം അറിയുവാനുമുള്ള യാത്രയെന്ന് ഗുരുദേവന്‍ കാണിച്ചുതരുന്നു. ഗുരുദേവനെ അനുഗ്രഹിച്ച ചട്ടമ്പി സ്വാമികളും യാത്രകളിലൂടെ അറിവ് സമ്പാദിച്ച് മഹാന്‍മാരായവരില്‍ പ്രധാനിയാണ്. യാത്ര ചെയ്തത് കൊണ്ട് മാത്രം ജ്ഞാനം ലഭിക്കില്ല. യാത്രകള്‍ അറിവിലേയ്ക്കുള്ള വഴിയാണ്. അറിവ് പകര്‍ന്ന് തരുന്നവരും, പ്രദേശങ്ങളും യാത്രയില്‍ ഉണ്ടാകും.
ചട്ടമ്പിസ്വാമികള്‍ നടത്തിയിട്ടുള്ള യാത്രകള്‍ വളരെ പ്രശസ്തമാണ്. അദ്ദേഹം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹിന്ദുമതത്തിലെ ബ്രാഹ്‌മണാധിപത്യത്തെ ചോദ്യം ചെയ്തും, ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതിയും, വര്‍ണ്ണ വിവേചനത്തിനെതിരേയും, സ്ത്രീപുരുഷ സമത്വത്തിനായും എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം ചെയ്തുമാണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. തിരുവനന്തപുരത്ത് ദരിദ്ര നായര്‍ കുടുംബത്തില്‍ 1853 ഓഗസ്റ്റ് 25നാണ് സ്വാമികള്‍ ജനിച്ചത്. അച്ഛന്‍ താമരശേരി വാസുദേവ ശര്‍മ്മ, അമ്മ നങ്കാദേവി. അയ്യപ്പന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
വിദ്യഭ്യാസത്തിന് ശേഷം കുഞ്ഞന്‍പിള്ള കുറെക്കാലം ദക്ഷിണ ഭാരതത്തിലെമ്പാടും യാത്രകള്‍ ചെയ്തിരുന്നതായി കാണാം. തമിഴ് നാട്ടിലും, ആന്ധ്രാപ്രദേശിലും, മറ്റും നടത്തിയ യാത്രകളിലൂടെ കുഞ്ഞന്‍പിള്ള അറിവുകള്‍ നേടി. രാത്രി മുഴുവന്‍ സഞ്ചാരം. പകലെല്ലാം പാതവക്കുകളിലുള്ള പൊതുവഴിയമ്പലങ്ങളിലോ, ക്ഷേത്രങ്ങളിലോ, മരത്തണലുകളിലോ, തുറന്ന മൈതാനങ്ങളിലോ വിശ്രമിക്കും. കുഞ്ഞന്‍പിള്ള മധുര, തഞ്ചാവൂര്‍, ചിദംബരം, കാഞ്ചീപുരം, രാമേശ്വരം, തിരുപ്പരം കുന്റം തുടങ്ങി പലയിടങ്ങളിലും യാത്ര ചെയ്തു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ തയ്യാറാക്കിയ ജീവചരിത്രത്തില്‍ പറയുന്നത് പഠനശേഷമുള്ള ഈ തീര്‍ത്ഥാടനത്തില്‍ കന്യാകുമാരി മുതല്‍ ബദരീനാഥം വരെയും, ഭൃഗുകച്ഛം തൊട്ടു കാമരൂപം വരെയും ഉള്ള പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ്.
ചട്ടമ്പി സ്വാമികളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യനായി പരിഗണിക്കാവുന്ന ശ്രീനാരായണ ഗുരുവിനെ കൂടി പരാമര്‍ശിക്കണം. തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി ഗ്രാമത്തില്‍ ആയുര്‍വേദ വൈദ്യന്മാരുടെ ഒരു ഈഴവ കുടുംബത്തില്‍ മാടന്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856 ഓഗസ്റ്റ് 20 ന് ആണ് നാണു എന്ന നാരായണന്‍ ജനിച്ചത്. ചെമ്പഴന്തി മൂത്തപിള്ളയ്ക്ക് കീഴില്‍ ഗുരുകുല രീതിയിലായിരുന്നു നാരായണന്റെ പ്രാഥമിക വിദ്യാഭ്യാസം. സംസ്‌കൃതത്തില്‍ നാരായണന് നല്ല പാണ്ഡിത്യം സിദ്ധിക്കുകയുണ്ടായി. വളരെ ചെറുപ്രായത്തില്‍ വിവാഹിതനായെങ്കിലും ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായി തന്റെ പൊതുജീവിതം ആരംഭിക്കുന്നതിനായി വിവാഹാനന്തര ജീവിതത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയും ചെയ്തു. സ്വന്തം ഗ്രാമത്തില്‍ ഒരു ഗ്രാമീണ വിദ്യാലയം ആരംഭിച്ച അദ്ദേഹം പിന്നീട് വീടുവിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും യാത്രകള്‍ ചെയ്തു. ഈ യാത്രയില്‍ അദ്ദേഹം ഒരു സാമൂഹിക മതപരിഷ്‌കര്‍ത്താവായ ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടി. നാരായണന്റെ ചിന്തകള്‍ക്ക് വലിയ മാറ്റം ചട്ടമ്പി സ്വാമികളുടെ സാമീപ്യത്തില്‍ നിന്ന് ലഭിച്ചു. ചട്ടമ്പി സ്വാമികളുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ ധ്യാനവും യോഗയും പഠിച്ച അയ്യാവു സ്വാമികള്‍ നാരായണനേയും അത് പഠിപ്പിച്ചു. മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ എത്തുന്നതുവരെ നാരായണന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. അവിടെ അദ്ദേഹം ഒരു ആശ്രമം സ്ഥാപിക്കുകയും അടുത്ത എട്ട് വര്‍ഷം ധ്യാനം പരിശീലിക്കുകയും ചെയ്തു.
1888ല്‍ അരുവിപ്പുറം സന്ദര്‍ശിച്ച അദ്ദേഹം നെയ്യാര്‍ നദിക്കടുത്തുള്ള ഒരു ഗുഹയില്‍ ധ്യാനനിരതനായി സമയം ചെലവഴിച്ചു. നെയ്യാര്‍ നദിയില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് മുഖ്യ പ്രതിഷ്ഠയാക്കി ഒരു ക്ഷേത്രം അദ്ദേഹം പണിതു. അരുവിപ്പുറം പ്രതിഷ്ഠ എന്നാണ് അത് അറിയപ്പെട്ടത്. വിഗ്രഹപ്രതിഷ്ഠ നടത്താനുള്ള ഗുരുവിന്റെ അവകാശത്തെ ചോദ്യം ചെയ്ത സവര്‍ണ ബ്രാഹ്‌മണര്‍ക്കിടയില്‍ ഒരു സാമൂഹിക കോലാഹലം സൃഷ്ടിച്ചു. ‘ഇത് ബ്രാഹ്‌മണ ശിവനല്ല, ഈഴവ ശിവനാണ്’ എന്ന അദ്ദേഹത്തിന്റെ മറുപടി പിന്നീട് ജാതീയതയ്‌ക്കെതിരെ ഉപയോഗിച്ച ഒരു പ്രസിദ്ധമായ ഉദ്ധരണിയായി മാറി. അങ്ങനെയാണ് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്എന്‍ഡിപി യോഗം) സ്ഥാപിതമായത്.
ശ്രീനാരായണഗുരു 1904-ല്‍ വര്‍ക്കലയ്ക്കടുത്തുള്ള ശിവഗിരിയിലേക്ക് തന്റെ താവളം മാറ്റുകയും, അവിടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുറക്കുകയും ഉണ്ടായി. ശിവഗിരിയില്‍ ഒരു ക്ഷേത്രം പണിയാന്‍ നാരായണഗുരുവിന് ഏഴു വര്‍ഷമെടുത്തു, 1912-ലാണ് ശാരദാമഠം പണിതത്. തൃശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം യാത്ര ചെയ്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ഗുരുദേവന്‍ കേരളം മുഴുവനും യാത്ര ചെയ്ത് കേരളീയരുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിച്ച മഹാനായ വ്യക്തിയാണ്. ഗുരുദേവന്‍ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും യാത്ര ചെയ്ത വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കേരളത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി ഗുരുദേവന് ശക്തി നല്‍കിയത് അദ്ദേഹത്തിന്റെ യാത്രകള്‍ തന്നെയാണ്.
ശ്രീബുദ്ധനെക്കുറിച്ചും നമ്മള്‍ ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ശ്രീബുദ്ധനും യാത്ര ചെയ്ത മഹാനായ വ്യക്തിയാണ്. യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ മനംമാറ്റം നാം അറിയണം. ബുദ്ധമത പാരമ്പര്യങ്ങള്‍ പ്രകാരം ചരിത്രപുരുഷനായ സിദ്ധാര്‍ത്ഥന്‍ എന്ന ഗൗതമബുദ്ധന്‍ മഗധസാമ്രാജ്യത്തെ കപിലവസ്തുവിലെ ശുദ്ധോധനരാജാവിന്റെ മകനാണ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. സിദ്ധാര്‍ത്ഥന്‍ സാമാന്യലോകയാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചറിയാനും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
ബോധിവൃക്ഷം എന്ന പിപ്പലമരച്ചുവട്ടില്‍ പരമമായ സത്യം കണ്ടെത്തുന്നതിനായി സിദ്ധാര്‍ത്ഥന്‍ നടത്തിയ ധ്യാനം പ്രസിദ്ധമാണ്. 35 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധന്‍ എന്നും ശ്രീബുദ്ധന്‍ എന്നും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ജീവിതത്തിലെ ശേഷിച്ച 45 വര്‍ഷക്കാലം ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മനുഷ്യരെ തന്റെ ദര്‍ശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്. ബുദ്ധമതത്തിന്റെ എന്നല്ല എല്ലാ മതങ്ങളുടേയും പ്രചാരം യാത്രകളിലൂടെയാണ്.
വാസ്‌കോഡ ഗാമ കച്ചവടത്തിന് വേണ്ടിയാണെങ്കിലും യാത്ര നടത്തിയിരുന്നു. സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകള്‍ വളരെ പ്രശസ്തമാണ്. അദ്ദേഹം നടത്തിയ യാത്രകള്‍ കൊണ്ട് ലോകത്തിനുണ്ടായ ഗുണങ്ങള്‍ ഒട്ടേറെയുണ്ട്. സമുദ്രമാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ യൂറോപ്യന്‍ സഞ്ചാരിയാണ് വാസ്‌കോ ഡ ഗാമ. ഇത്തരത്തില്‍ യാത്രകള്‍ നടത്തിയവരാണ് അറബികളും, പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷുകാരും, ഡച്ചുകാരും. ഇവരുടെയെല്ലാം യാത്രകള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്ന് പറയാതിരിക്കുവാന്‍ സാധിക്കുകയില്ല. കച്ചവടമായിരുന്നു എല്ലാവരുടേയും ലക്ഷ്യം എന്നതില്‍ സംശയവുമില്ല. നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പുരോഗതിക്ക് ഇവരുടെ വരവ് വലിയ അളവില്‍ ഗുണം ചെയ്തു എന്ന് തന്നെ പറയണം.
ജര്‍മന്‍ പാതിരിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ നമ്മള്‍ എങ്ങനെ മറക്കും. കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു റെവ. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അദ്ദേഹം മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ലോക യാത്ര നടത്തിയത്. ഇരുപത്തിമൂന്ന് വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞ അദ്ദേഹം കേരളത്തില്‍ താമസിച്ചത് ഇരുപതു വര്‍ഷമാണ്. ഒന്‍പതു വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചത് തലശ്ശേരിയിലായിരുന്നു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ട് പരിഭാഷപ്പെടുത്തി. 1847-ല്‍ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവര്‍ത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.
കേരളത്തിലെ വിദ്യാഭ്യാസരംഗം വളരെയേറെ വളര്‍ന്നതിനു പിന്നിലും ക്രിസ്ത്യന്‍ മതപ്രചാരകരുടെ സംഭാവനയുണ്ട്. കുര്യാക്കോസ് ഏലിയാസ് ചവറ എന്ന ചാവറയച്ചന്‍ കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു. ആലപ്പുഴയിലെ ക്കൈനകരിയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. അദ്ദേഹം ചെറുപ്പകാലത്തില്‍ ഒട്ടേറെ യാത്ര നടത്തുകയും സമൂഹത്തിന് അത്യാവശ്യം വേണ്ടത് വിദ്യാഭ്യാസമാണെന്ന് തിരിച്ചറിയുകയും ചെയ്തു. മതപഠനം പൂര്‍ത്തിയാക്കി പുരോഹിത പ്രവര്‍ത്തികളോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹം അറിയപ്പെടുന്ന വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ജാതിമതഭേദമെന്ന്യേ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോരുകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഒരു മതവിഭാഗത്തിന്റെ പുരോഹിതന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്നത് തന്നെ ശ്രദ്ധേയമായിരുന്നു.
1864ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ ആയിരിക്കവേ മാര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരില്‍ എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉല്‍ഭവത്തിന് കാരണമായി. അങ്ങനെ ആയിരക്കണക്കിന് പള്ളിക്കൂടങ്ങള്‍ കേരളത്തില്‍ സ്ഥാപിതമായിട്ടുണ്ട്.
നമ്മള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ മഹാന്മാരായ എല്ലാവരും യാത്രകളിലൂടെ തന്നെയാണ് മഹാന്‍മാരായിട്ടുള്ളത് എന്ന് കാണാം. യാത്രകള്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റിമറിക്കുന്നതിന് കാരണമാകുന്നു. വര്‍ത്തമാനകാലത്ത് ശ്രദ്ധേയരായ രാഷ്ട്രീയ നേതാക്കള്‍ ചെറുതും വലുതുമായ ഒട്ടേറെ യാത്രകള്‍ ചെയ്തിട്ടുള്ളവരായിരിക്കും. സമൂഹത്തെ മനസ്സിലാക്കുന്നതിനും സംസ്‌കാരത്തെ മനസ്സിലാക്കുന്നതിനും യാത്രകള്‍ ഒരു അനിവാര്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഈ നേതാക്കള്‍. അതുകൊണ്ട് യാത്രകള്‍ എല്ലാ നേതാക്കളും വിജയത്തിലേക്കുള്ള വഴിയായി തന്നെ കണക്കാക്കുന്നു. അതുകൊണ്ടാണല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയാധിഷ്ടിതമായ ലക്ഷ്യം വെച്ചുകൊണ്ട് ചെറുതും വലുതുമായ യാത്രകള്‍ നടത്തുന്നത്. അവരുടെ ആശയം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണല്ലോ ഏറ്റവും നല്ല മാര്‍ഗമായി യാത്രകളെ കാണുന്നത്. how travel change life and experiences
Content Summary; how travel is changing life and experiences