പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് തന്നെ; എങ്കിലും സത്യന്‍-ലാല്‍ ചേരുവയുടെ ലഹരിയില്‍ പ്രേക്ഷകര്‍ വീഴും

സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രം ഹിന്ദിയിലെ ഒരു പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍ മോഹന്‍ലാലിന് 'ബായേ ഹാഥ് കാ കാം' ആണ്

രണ്ട് പതിറ്റാണ്ട് മുമ്പ്, 2006-ല്‍, രസതന്ത്രം എന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ ആലോചിച്ചത്, ചെറുപ്പത്തിലേ ഉത്സവം കാണാന്‍ പോകാറുള്ളതാണ്. സകലതും നിങ്ങള്‍ക്കറിയാവുന്നതാണ്. മിനുട്ട് മിനുട്ടിന് അവിടെ എന്താണ് നടക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാം. പഞ്ചവാദ്യവും താലപ്പൊലിയും എഴുന്നള്ളിപ്പും നാടകവും ഗാനമേളയും എല്ലാം ഒരേപോലെ. ടീമുകള്‍ മാറും. ആനകള്‍ മിക്കവാറും എല്ലാവര്‍ഷവും ഒന്ന് തന്നെയാകും. താളവാദ്യക്കാര്‍ പലരും ആവര്‍ത്തിക്കും. എങ്കിലും സകലര്‍ക്കും ഉത്സവം പുതുമായാണ്. അടുത്ത ഉത്സവകാലം വരെ ഈ ഉത്സവത്തിന്റെ വിശേഷങ്ങള്‍ പരസ്പരം പറയും. ഒരുതരത്തില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ ഈ നാട്ടിന്‍പുറ ഉത്സവങ്ങള്‍ പോലെയാണ്. പുതിയ കുടങ്ങളിലെത്തുന്ന പഴയ വീഞ്ഞ്. പക്ഷേ പഴയ വീഞ്ഞെന്നും വീഞ്ഞ് തന്നെ. പഴകും തോറും വീര്യമേറുന്ന വീഞ്ഞ്. അത്തരമൊരു വീഞ്ഞാണ് മോഹന്‍ലാല്‍.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ നായികയ്ക്കോ നായകനോ പലപ്പോഴുമുള്ള ഒരു അനാഥത്വമുണ്ട്. ബന്ധുബലമില്ലായ്മയെ മറികടക്കുന്ന സൗഹൃദബലം കൊണ്ടാണ് അവര്‍ ദൂരങ്ങള്‍ കടക്കുക. ജീവിത പ്രയാസങ്ങള്‍ താണ്ടുക. അത്തരമൊരു നായകനാണ് മോഹന്‍ലാലിന്റെ സന്ദീപ് ബാലകൃഷ്ണന്‍. ബന്ധുക്കളെ പോലെ വിശ്വസിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ക്കൊപ്പം അയാള്‍ നടത്തുന്ന റസ്റ്റോറന്റും അതിനോട് ചേര്‍ന്ന കെട്ടിടത്തില്‍ താമസിപ്പിച്ചിട്ടുള്ള സിനിമമോഹികളായ ചെറുപ്പക്കാരും എല്ലാമാണ് അയാളുടെ ലോകം. മുപ്പത് വയസു മുതല്‍ ഹൃദ്രോഗിയായ സന്ദീപിന്റെ ഹൃദയം മാറ്റ ശസ്ത്രക്രിയയിലാണ് സിനിമ ആരംഭിക്കുന്നത്. പൂണെയില്‍ അപകടത്തില്‍ പെട്ട ഒരു കേണലിന്റെ ഹൃദയമാണ് സന്ദീപിന്റെ ഉള്ളിലിപ്പോള്‍ മിടിക്കുന്നത്. ഭാര്യയും കുടുബവുമില്ലാത്ത, ഒരു ചേച്ചിയും അളിയനും പ്രായം ചെന്ന ചിറ്റപ്പനും മാത്രം ബന്ധുക്കളായുള്ള സന്ദീപിന് ആശുപത്രി വിടുമ്പോള്‍ ഒരു ഹോം നേഴ്സിനെ കൂടെ കിട്ടുന്നുണ്ട്-ജെറി. സംഗീത് പ്രതാപിന്റെ ജെറിയാണ് ഈ പാക്കേജിന്റെ ന്യൂജെന്‍ എലമെന്റ്. സംഗീത് പ്രതാപിന്റെ വണ്‍ലൈനറുകളും മോഹന്‍ലാലിനെ പോലൊരു പ്രതിഭാസത്തിന് മുന്നില്‍ പതറാതെ പിടിച്ച് നില്‍ക്കുന്ന സ്വഭാവികതയും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ജഗതി, മുകേഷ്, ഇന്നസെന്റ് എന്നവരെ പോലെ മോഹന്‍ലാലിന്റെ താളത്തിനൊപ്പം മുഴനീളെ പിടിച്ച് നില്‍ക്കുക എന്നത് ചില്ലറക്കാര്യമല്ല. സംഗീതിന് ഇക്കാര്യത്തില്‍ പത്തില്‍ പത്താണ്.

സന്ദീപില്‍ ഇപ്പോള്‍ മിടിക്കുന്ന ഹൃദയത്തിന്റെ ഉടമയായിരുന്ന കേണല്‍ രവീന്ദ്രന്റെ മകള്‍ ഹരിത പൂനെയില്‍ നിന്ന് സന്ദീപിനെ തേടി വരുന്നത് അവരുടെ വിവാഹ ഇന്‍ഗേജ്മെന്റിന് അയാളുടെ സാന്നിധ്യമുണ്ടാകുന്നതിനാണ്. ജീവിതത്തിലുടനീളം സകല സുപ്രധാന നിമിഷങ്ങള്‍ക്കും താങ്ങും തണലുമായി നിന്നിരുന്ന അച്ഛന്റെ ഹൃദയത്തിന്റെ മിടിപ്പ് തന്റെ ജീവതത്തിലെ ശുഭമുഹൂര്‍ത്തങ്ങളില്‍ കൂടെയുണ്ടാകണം എന്ന ഒരു മകളുടെ ആഗ്രഹം. ഒന്ന് മടിച്ചിട്ടാണെങ്കിലും സന്ദീപ് പുനെയിലേയ്ക്ക് ജെറിക്കൊപ്പം പോകുന്നു. രണ്ട് ദിവസത്തേയ്ക്കുള്ള യാത്ര ഒരു മാസം നീണ്ടു നില്‍ക്കുന്നതാകുന്നു. അതിനിടയിലുണ്ടാകുന്ന കൊച്ച് കൊച്ച് സംഭവങ്ങള്‍. ഇതാണ് ചുരുക്കി പറഞ്ഞാല്‍ ഹൃദയപൂര്‍വ്വം. നമ്മളെ അത്ഭുതപരതന്ത്രരാക്കുന്ന ക്ലൈമാക്സോ കഥാഗതിയിലുണ്ടാകുന്ന പൊടുന്നനെയുള്ള വഴിത്തിരിവുകളോ ഒന്നുമില്ല, അതല്ലെങ്കിലും നമ്മള്‍ സത്യന്‍ അന്തിക്കാട് സിനിമകളില്‍ പ്രതീക്ഷിക്കാറില്ല.

ചെറിയ പാക്കേജുകള്‍, ഷോര്‍ട്ട്ഫിലിമുകള്‍, സ്‌കിറ്റുകള്‍ ഒരു മൂലകഥയോട് ചേര്‍ത്ത് വച്ചിട്ടുള്ള ഒരു കഥപറച്ചിലാണ് മറ്റ് സിനിമകളിലേ പോലെ തന്നെ സത്യന്‍ അന്തിക്കാട് ഇതിലും പരീക്ഷിക്കുന്നത്. ലോഹിതദാസ്, രഞ്ജന്‍ പ്രമോദ് തുടങ്ങിയ വലിയ എഴുത്തുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ശേഷം സ്വന്തം തിരക്കഥയിലേയ്ക്ക് അദ്ദേഹം തിരിഞ്ഞ കാലം മുതല്‍ ആവര്‍ത്തിക്കുന്ന ചില മാനുഷിക നന്മങ്ങളുടെ കിരണങ്ങള്‍, അദ്ദേഹത്തിന്റെ തിരക്കഥയല്ലെങ്കിലും, തെളിഞ്ഞ് കാണാം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ അഖില്‍ സത്യന്റെ കഥയും സോനു ടി.പിയുടെ തിരക്കഥയുമാണ് സിനിമയുടേത്. സകല സത്യന്‍ അന്തിക്കാട് സിനിമ ചേരുവകളും ഉള്‍പ്പെട്ട ഒരു ന്യൂജെന്‍ സ്‌ക്രിപ്റ്റ് എന്ന് വേണമെങ്കില്‍ പറയാം. പള്ളിപ്പെരുന്നാളിന്റേയും ഉത്സവങ്ങളുടേയും ചുമതല പുതുതലമുറ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന കളര്‍ മാറ്റങ്ങളും ഗാനമേളയുടെ ട്രൂപ്പ് മാറ്റവും പോസ്റ്ററിങ് മാറ്റവും പോലെ രൂപത്തിലുള്ള ചില മാറ്റങ്ങള്‍ ഇവിടെ കാണാം.

അമിത സ്വാഭാവികതയ്ക്ക് വേണ്ടിയുള്ള കൃത്രിമത്വം നിറഞ്ഞ സിദ്ദീഖിന്റെ അഭിനയമൊഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മുറുക്കമുള്ളതും വൃത്തിയായി അവതരിക്കപ്പെട്ടതുമാണ്. സിദ്ദീഖിന്റെ പ്രാര്‍ഥനയും ചായകുടിയും പോലുള്ള ഏതോ പുരാതനകാലത്തെ കോമഡി ശ്രമങ്ങളൊഴികെയുള്ള സംഭാഷണങ്ങളും നല്ലതാണ്. നേരത്തേ പറഞ്ഞത് പോലെ അത്ഭുതപ്പെടുത്തുന്നതോ കോരിത്തരിപ്പിക്കുന്നതോ ഒന്നുമല്ലെങ്കിലും രംഗങ്ങളോട് ചേര്‍ന്ന് പോകുന്ന വര്‍ത്തമാനങ്ങളായി അവ മാറുന്നുണ്ട്. അനൂ മൂത്തേടത്ത് എന്ന സിനിമാറ്റോഗ്രാഫര്‍ ഈ സിനിമയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഒന്നാന്തരം ഏരിയല്‍ ഷോട്ടുകളും നല്ല വെളിച്ച വിന്യാസവും എല്ലാം ചേര്‍ന്ന് പ്ലെസന്റായ ഒരു ഫാമിലി ടോണ്‍ സിനിമയ്ക്ക് അനു മൂത്തേടന്‍ നല്‍കുന്നു. അതുപോലെ തന്നെ നിര്‍ണായകമാണ് രാജഗോപാലിന്റെ എഡിറ്റിങ്ങും. ജസ്റ്റിന്റെ സംഗീതമാണ് സിനിമയെ രസകരമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മറ്റൊരു ഘടകം. പക്ഷേ എന്തിനാണ് ഇക്കാലത്ത് ഇത്രയും പാട്ടുകള്‍ ഒരു സിനിമയില്‍ എന്ന് കണ്ടിരിക്കുമ്പോള്‍ അത്ഭുതം തോന്നും. സിനിമയുടെ കഥ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ പാട്ടുകള്‍ക്ക് എന്തെങ്കിലും കടമ നിര്‍വ്വഹിക്കാനുണ്ടോ? സംശയമാണ്.

മാളവിക മോഹന്‍ അതരിപ്പിക്കുന്ന ഹരിത വലിയ കഥാപാത്രമാണ്. സിനിമയിലുടനീളമുള്ള പ്രധാന റോള്‍. പുനെക്കാരി ഹരിത, കേണല്‍ രവീന്ദ്രന്റെ പുന്നാരമോള്‍ മാളവികയുടെ കൈവശം ഭദ്രമായിരുന്നു. മലയാളിയുടെ ചിന്താവിഷ്ടയായ ശ്യാമള, സംഗീതയാണ് ഹരിതയുടെ അമ്മ. പുണെയില്‍ ഹരീന്ദ്രന്റെ സുഹൃത്തായി വരുന്ന ലാലു അലക്സ് ക്യാരക്ടറും ഒറ്റ സീനിലാണെങ്കിലും വന്ന് തകര്‍ത്തിട്ട് പോകുന്ന ജനാര്‍ദ്ദനന്റെ ചിറ്റപ്പനും താലി കെട്ടിന് തൊട്ട് മുമ്പ് ‘തേച്ചുപോയ’ പഴയ വധുവും സിനിമാക്കാര് പിള്ളേരും ഗസ്റ്റ് അപിയറന്‍സിലെത്തുന്ന മൂന്ന് പേരും (ആരെന്ന് പറഞ്ഞ് സ്പോയ്ലര്‍ ആക്കുന്നില്ല) അതിഗംഭീകരമാണ്. സിദ്ദീഖിന്റെ കഥാപാത്രം പോലെ തൊണ്ണൂറില്‍ നിന്ന് ബസ് കിട്ടാത്ത രണ്ട് മൂന്ന് വില്ലന്മാര്‍ പുനെയിലുണ്ട്. കാര്യമായി പരിഗണിക്കേണ്ടത് പോലുമില്ലാത്ത ചിലര്.

ഒന്നാലോചിച്ച് നോക്കിയാല്‍ പുതുതായി ഒന്നുമില്ല. സിനിമ ട്രാക്കില്‍ കേറുമ്പോഴേ ഇതിന്റെ കഥാഗതിയെ കുറിച്ച് നമുക്കൊരു ധാരണ ലഭിക്കും. തൊണ്ണൂറുകളില്‍ തറച്ച് നില്‍ക്കുന്ന ഭാവുകത്വമാണ്. പക്ഷേ അതിനെ എല്ലാം മറികടന്ന് കൊണ്ട് മോഹന്‍ലാലിന്റെ അയത്നലളിതമായ, അതിസുന്ദരമായ പ്രകടനം നമുക്ക് കാണാം. പ്രേക്ഷകരുടെ നൊസ്റ്റാള്‍ജ്യയില്‍ മാത്രം നിലനിന്നിരുന്ന, എന്നാല്‍ മലയാളത്തിന് സുപരിചിതമായ മോഹന്‍ലാല്‍ എന്ന നടനം. സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രം ഹിന്ദിയിലെ ഒരു പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍ മോഹന്‍ലാലിന് ‘ബായേ ഹാഥ് കാ കാം’ ആണ്. ഇടത്തേ കൈകൊണ്ട് ചെയ്യാവുന്നത്. അതീവ ലളിതം. എങ്കിലും ആ ലാളിത്യത്തില്‍ സ്വയം മറന്ന് കഥാപാത്രമായി മിണ്ടുന്ന, ചിരിക്കുന്ന, നടിക്കുന്ന, പ്രേമിക്കുന്ന, ചമ്മുന്ന, സങ്കടമൊളിപ്പിക്കുന്ന, ലാലിനെ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. ആ ഇഷ്ടത്തിലേയ്ക്കാണ് ചുരുക്കി പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട് നമ്മളെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ആദ്യം ആലോചിച്ചത് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് കണ്ട രസതന്ത്രത്തിലേതിലും ചെറുപ്പമായിരിക്കുന്നു ലാല്‍ എന്നാണ്. ആ ചെറുപ്പം നീണാള്‍ വാഴട്ടെ.

ഒരോ പെരുന്നാളിലും ഉത്സവത്തിനും നമ്മള്‍ പോകുന്നത് പോലെ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്കും നമ്മള്‍ പോകുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവമായിരുന്നോ ഇത്തവണത്തെ ഉത്സവമായിരുന്നോ കൂടുതല്‍ മെച്ചമെന്നും കഴിഞ്ഞ ഉത്സവത്തിന്റെ ഗാനമേളയേക്കാള്‍ കൂടുതല്‍ നല്ലതായിരുന്നോ ഇത്തവണത്തേത് എന്നും ചര്‍ച്ച ചെയ്യാം. പക്ഷേ ഈ ഉത്സവമില്ലാതെ ഈ ഉത്സവകാലം പൂര്‍ത്തിയാകില്ല.  Hridayapoorvam; Mohanlal-Sathyan Anthikad movie review 

Content Summary; Hridayapoorvam; Mohanlal-Sathyan Anthikad movie review

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

This post was last modified on August 29, 2025 7:20 am

ശ്രീജിത്ത് ദിവാകരന്‍: അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍
Related Post
Leave a Comment