June 03, 2026 |

മനുഷ്യന്‍-വന്യജീവി സംഘര്‍ഷവും പരിഹാരവും

പാമ്പുകള്‍ക്ക് ശേഷം ഏറ്റവുമധികം ജീവനുകള്‍ അപഹരിച്ച വന്യജീവി കാട്ടാനയാണ്

മനുഷ്യന്‍-വന്യജീവി ഇടപെടലുകള്‍ക്ക് മനുഷ്യോല്‍പ്പത്തിയോളം തന്നെ പഴക്കമുണ്ട്. വേട്ടയാടല്‍-ശേഖരിക്കല്‍ (Nomadic hunter-gatherer) നിന്ന് തുടങ്ങിയ ഈ ഇടപെടല്‍ ജീവികള്‍ ഭൂമുഖത്ത് അവശേഷിക്കുന്ന കാലത്തോളം നിലനില്‍ക്കുന്നതാണ്. ഇത് ഭൂമിയിലെ ജീവസന്ധാരണത്തിന് അനിവാര്യമായത് പോലെത്തന്നെ സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നവയുമാണ്. വന്യജീവികളുടെ സാന്നിധ്യം മനുഷ്യരുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് പൊതുവെ മനുഷ്യ-വന്യജീവി സംഘര്‍ഷം (Human-wildlife conflict) എന്ന് വിളിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ ഇപ്രകാരമാണ് നിര്‍വചിച്ചിരിക്കുന്നത്: ‘വന്യജീവികളുടെ സാന്നിധ്യമോ പെരുമാറ്റമോ മനുഷ്യതാല്‍പര്യങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ നേരിട്ടും ആവര്‍ത്തിച്ചുള്ളതുമായ ഭീഷണി ഉയര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും അവ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുന്ന വിയോജിപ്പും, ആളുകളുടേയും വന്യജീവികളുടേയും മേലുള്ള ദോഷകരമായ ഫലങ്ങളുമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം’ (IUCN, 2022).

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2016 നും 2025 നുമിടയില്‍ മാത്രം സംസ്ഥാനത്ത് 904 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24 ല്‍ മാത്രം 94 പേരാണ് കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണങ്ങളെ മനുഷ്യ -വന്യജീവി സംഘര്‍ഷമായി മാത്രം ഒതുക്കുന്നതില്‍ ശരികേടുണ്ട്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യ -വന്യജീവി സംഘര്‍ഷങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങളുണ്ട്. പാമ്പ്, കാട്ടാന, കടുവ, കാട്ടുപ്പന്നി, കാട്ടുപോത്ത്, കരടി, മയില്‍ തുടങ്ങിയ വന്യജീവികളാണ് പ്രധാനമായും മനുഷ്യരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നത്.

സംഘര്‍ഷത്തിന്റെ കാരണങ്ങള്‍

ആവാസ വ്യവസ്ഥിതിയിലെ ശോഷണം, അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, മാലിന്യ നിക്ഷേപം, വനമേഖലയിലെ പ്ലാന്റേഷനുകള്‍, ടൂറിസം പദ്ധതികള്‍, വനത്തിനുള്ളിലെ ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും ലഭ്യതക്കുറവ്, വനമേഖലയുടെ അടുത്ത പ്രദേശങ്ങളിലെ കൃഷിരീതി എന്നിവ മനുഷ്യ വന്യജീവി സംഘര്‍ഷത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. വനമേഖലകളിലേക്കുള്ള മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം കാരണം വനവിസ്തൃതി കുറഞ്ഞതും വന്യജീവികളുടെ നിലനില്‍പിന് ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിലില്ലാതായതോടെ ആഹാരം തേടി വന്യജീവികള്‍ കാടിനോരം ചേര്‍ന്ന ജനവാസമേഖലകളിലേക്കിറങ്ങുന്നതുമാണ് കാര്യമായും സംഘര്‍ഷം രൂപപ്പെടുത്തുന്നത്. വിറകും പുല്ലും പോലെയുള്ള വനവിഭവങ്ങള്‍ തേടി വനാന്തരങ്ങളിലേക്കുള്ള മനുഷ്യസഞ്ചാരം വര്‍ധിച്ചതും വിദേശീയ ചെടികളുടെ കടന്നുകയറ്റവും കളകളുടെ (weeds) സാന്നിധ്യവും സംഘര്‍ഷത്തെ വര്‍ധിപ്പിച്ചു. വയനാട്ടില്‍ കണ്ടുവരുന്ന സെന്ന സ്‌പെക്റ്റബിലിസ് (Senna spectabilis) ഇത്തരത്തിലുള്ള കളകളുടെ ഉദാഹരണമാണ്. ആനകളടക്കമുള്ള പല വന്യജീവികളെയും മനുഷ്യവാസസ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതില്‍ നമ്മുടെ കാര്‍ഷികരീതിക്ക് കൂടി വലിയ പങ്കുണ്ട്. അവയുടെ ഇഷ്ട ഭക്ഷണങ്ങളായ വാഴ, മറ്റു ഫലവൃക്ഷങ്ങള്‍, കരിമ്പ്, പച്ചക്കറികള്‍, റബ്ബര്‍, എണ്ണപ്പന തുടങ്ങിയ വിളകള്‍ അവരുടെ ശല്യം വര്‍ധിക്കാന്‍ ഇടവരുത്തും. സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്ന വന്യജീവി ആക്രമണങ്ങള്‍ കേവലം സംഘര്‍ഷം മാത്രമല്ല.

സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍

മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഗൗരവതരമായ വിഷയമാണ്. വന്യജീവി സംഘര്‍ഷം താഴ്ന്ന വരുമാനമുള്ള സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വരുത്തുന്ന ആഘാതം സമ്പന്നരേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. വന്യജീവി ആക്രമണത്തില്‍ സംഭവിക്കുന്ന ഒരൊറ്റ കന്നുകാലി നഷ്ടത്തില്‍ വാര്‍ഷിക വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം വരെ പല കുടുംബങ്ങള്‍ക്കും ഇല്ലാതാവുന്നുണ്ടെന്ന് ആഗോളതലത്തില്‍ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ ഒരു കന്നുകാലി നഷ്ടമായാല്‍ അത് ഒരു കുട്ടിക്ക് ഏതാണ്ട് ഒന്നര വര്‍ഷത്തേക്ക് ലഭിക്കേണ്ട കലോറിയുടെ നഷ്ടമായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവവായുവായി കാര്‍ഷികവൃത്തിയെ കാണുന്നവര്‍ക്ക് വന്യജീവികള്‍ വരുത്തുന്ന കൃഷി നഷ്ടങ്ങള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. വന്യജീവി ആക്രമണത്തില്‍ പ്രധാനമായും ഇരകളാകുന്നത് ആദിവാസികള്‍, അധ്വാന വിഭാഗങ്ങളില്‍ പെട്ട സാധാരണക്കാര്‍ തുടങ്ങിയവരാണ്. സമൂഹത്തിലെ സമ്പന്നരോ ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗമോ പൊതുവെ വന്യജീവി ആക്രമണത്തിന് ഇരയാകാറില്ല.

പാമ്പ് കടിയേറ്റ് മരിക്കുന്നു

മനുഷ്യ -വന്യജീവി സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ എഴുപത് ശതമാനവും പാമ്പ് കടിയേറ്റ് മരിക്കുന്നവരാണ്. ജന്തുലോകത്തെ പ്രധാന വിഭാഗമായ ഉരഗ (Reptile)ങ്ങളില്‍ പെട്ട പാമ്പുകള്‍ 130-ഓളം ഇനങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ പത്തിനം പാമ്പുകള്‍ക്ക് മാത്രമേ വിഷമുള്ളൂ. മൂര്‍ഖന്‍ (Spectacled cobra), ശംഖു വരയന്‍ (common krait), അണലി (Russell’s wiper), (saw scaled viper) എന്നി ‘ബിഗ് ഫോറ്’ പാമ്പുകളുടെ കടിയേറ്റാണ് മരണങ്ങള്‍ സംഭവിക്കുന്നത്.

പാമ്പുകള്‍ മനുഷ്യ സാന്നിധ്യം തീരെ ഇഷ്ടപ്പെടാത്ത ജീവികളാണ്. പാമ്പുകള്‍ക്ക് മനുഷ്യരെ പൊതുവേ ഭയമാണ്. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോള്‍ മാത്രം ഇര തേടുക, ഭക്ഷണശേഷം വിശ്രമിക്കുക എന്നിവയാണ് പാമ്പുകളുടെ രീതി. മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ പാമ്പുകളെ ശല്യപ്പെടുത്തുമ്പോഴാണ് അവ പലപ്പോഴും ആക്രമിക്കുന്നത്. ഇരയാണെന്ന് തെറ്റുധരിച്ചും സ്വയം രക്ഷാര്‍ഥവുമാണ് പാമ്പുകള്‍ ആക്രമിക്കുന്നത്. പാമ്പുകളുടെ ഇഷ്ട വാസസ്ഥലങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കരുതല്‍ സ്വീകരിച്ചും, നമ്മുടെ പരിസരങ്ങളില്‍ അവയുടെ വളര്‍ച്ചക്ക് സാഹചര്യം ഒരുക്കാതിരിക്കുകയുമാണ് പരിഹാരം.

കാടിറങ്ങുന്ന കാട്ടാന

പാമ്പുകള്‍ക്ക് ശേഷം ഏറ്റവുമധികം ജീവനുകള്‍ അപഹരിച്ച വന്യജീവി കാട്ടാനയാണ്. പ്രായപൂര്‍ത്തിയായ ഒരു ആനയ്ക്ക് പ്രതിദിനം 200 കിലോഗ്രാം പച്ചപ്പുല്ലും 150 ലിറ്റര്‍ ശുദ്ധജലവും ആവശ്യമാണ്. ആനകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശിഥിലവനങ്ങളിലൂടെയും മനുഷ്യവാസ മേഖലകളിലൂടെയും സഞ്ചരിക്കേണ്ടി വരുന്നതാണ് സംഘര്‍ഷത്തിന്റെ മുഖ്യ ഹേതു.

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ വന്യജീവികളെ ആകര്‍ഷിക്കുന്നതും നാടന്‍ കുരങ്ങുകളെ (bonnet macaque) യും തെരുവ് നായകളെയും വിളിച്ചു വരുത്തുന്നതാണ്. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തെരുവ് നായകള്‍ പെരുകുന്നത് പുള്ളിപുലികളെ ആകര്‍ഷിക്കാനിടയുണ്ട്. ഇങ്ങനെ നീളുന്നതാണ് സംഘര്‍ഷത്തിന്റെ ശൃംഖല.

പരിഹാരങ്ങള്‍

ഒന്നാമതായി മനുഷ്യ -വന്യജീവി സംഘര്‍ഷങ്ങളെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാനോ ഇല്ലാതാക്കാനോ സാധ്യമല്ല. എത്രയോ നൂറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ ഇനിയും ഏറിയും കുറഞ്ഞും തുടരാന്‍ തന്നെയാണ് സാധ്യത. വന്യജീവി സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അപകടനില തരണം ചെയ്യുന്നതിനും സ്വീകരിക്കാവുന്ന നിരവധി നടപടികളുണ്ട്. വന്യജീവികളുടെ പ്രവേശനം തടയുന്ന ഭൗതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാണ് (Physical Barriers) പ്രധാന പ്രതിരോധ മാര്‍ഗം. സോളാര്‍ വൈദ്യുത വേലികള്‍ (solar electric fence),സൗരോര്‍ജ വേലികള്‍ (Solar power fence), കിടങ്ങുകള്‍ ഇതില്‍പ്പെടുന്നു. കാവല്‍, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, വികര്‍ഷണ തന്ത്രങ്ങള്‍ (സൈറണുകള്‍, ലൈറ്റുകള്‍, ഡ്രോണുകള്‍, റേഡിയോ കോളര്‍), മൃഗങ്ങളെ സ്ഥലം മാറ്റല്‍, സ്ഥലം മാറേണ്ടി വരുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാരം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ്, അപകടസാധ്യത കുറയ്ക്കുന്ന ബദലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വനവത്കരണം കാരണം വനവിസ്തൃതി കുറയുന്നത് കൊണ്ടും മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ടും ഭക്ഷണത്തിനായി കാട് വിട്ടിറങ്ങുന്ന വന്യ ജീവികള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന തരത്തില്‍ സ്വാദിഷ്ടവും പോഷകഗുണമുള്ളതുമായ ഭക്ഷണം കാട്ടിനുള്ളിലോ ബഫര്‍സോണിലോ ഉറപ്പാക്കിയാല്‍ വലിയൊരളവോളം വന്യജീവി സംഘര്‍ഷം കുറക്കാനാവും. മുമ്പ് ആനകളുടെ ഇഷ്ട ഭക്ഷണമായ മുളയുടെ ഇലകള്‍ കാട്ടില്‍ ലഭ്യമാകാതിരുന്നപ്പോള്‍ വനം വകുപ്പ് വനസങ്കേതങ്ങള്‍ക്കുള്ളില്‍ നെല്ല്, കരിമ്പ് മുതലായവ കൃഷി ചെയ്തിരുന്നു. വനാതിര്‍ത്തികളോട് ചേര്‍ന്ന കൃഷി രീതികള്‍ മാറ്റിയും വനത്തിനുളളില്‍ പുല്‍മേടുകളും ജലാശയങ്ങളും രൂപപ്പെടുത്തി കാടിനകത്തെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തിയും വലിയൊരളവോളം ഈ സംഘര്‍ഷത്തെ ലഘൂകരിക്കാനാവും.

മനുഷ്യരെപ്പോലെ ഭൂമിയുടെ അവകാശികളാണ് മൃഗങ്ങളും. ഭൂമുഖത്ത് മൃഗങ്ങളില്ലാതാകുന്നത് മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്. മനുഷ്യ-വന്യജീവി പാരസ്പര്യത്തോടെ മാത്രമേ ഭൂമിയുടെ ശുഭകരമായ ഭാവി സാധ്യമാകൂ. മനുഷ്യ – വന്യജീവി സഹവര്‍ത്തിത്വം മാത്രമാണ് പരിഹാരം.

Content Summary: Human-Wildlife Conflict and Solutions

Leave a Reply

Your email address will not be published. Required fields are marked *

×