June 26, 2026 |
Share on

മനുഷ്യ- വന്യജീവി സംഘർഷം; ‘പരിഹാരത്തിന് സംസ്ഥാനം മുൻകൈയെടുക്കണം സ്വയരക്ഷയ്ക്കായി വന്യമൃ​ഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് കിഫ’

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 200 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്

972ലെ വന്യജീവി സംര​ക്ഷണ നിയമം ഭേ​ദ​ഗതി ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയ്ക്ക് വീണ്ടും കത്തയച്ചിരിക്കയാണ് സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര ശുപാർശ ചെയ്യുന്ന വന്യജീവി സംരക്ഷണ നിയമം നിലവിൽ പരിമിതമായ അധികാരങ്ങൾ മാത്രമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടിയാണ് കത്തയച്ചിരിക്കുന്നത്.

കേന്ദ്ര നിയമത്തില്‍ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കില്‍ മാത്രമെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി കത്തില്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു. അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിര്‍ണായക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നും അതിനാല്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാതെ വരുന്നതായും കേന്ദ്ര മന്ത്രിയ്ക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കേരളത്തിൽ വന്യജീവി ആക്രമണവും തുടർന്നുള്ള മരണങ്ങളും വർധിക്കുകയാണ്. മൂന്ന് മാസത്തിനിടെ 10 ജീവനുകളാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഇതിൽ എട്ടുപേരും മരിച്ചത് കാട്ടാന ആക്രമണത്തെ തുടർന്ന്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 207 പേരാണ്. ആകെ വന്യജീവി ആക്രമണ മരണത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികം വരുമിത്. 2016 മുതൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചത് 300 പേരാണ്. ഇതിൽ 58 പേർ കാട്ടുപന്നി ആക്രമണത്തെ തുടർന്നാണ് മരിച്ചത്.

വന്യജീവി ആക്രമണത്തെ തുടർന്ന് ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായത് 2021-22 വർഷത്തിലാണ് (48 മരണം). കഴിഞ്ഞ വർഷം 33 പേർ കൊല്ലപ്പെട്ടപ്പോൾ കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം പാലക്കാടും ഗൂഢല്ലൂരിലുമായി രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മെയ് 19നും പാലക്കാട് കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 15ന് കാളികാവിൽ യുവാവിനെ കടുവയും പിടിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 200 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. വനഭൂമി മനുഷ്യർ കൈയേറുന്നതും, ആവാസവ്യവസ്ഥ നശിക്കുന്നതും വന്യമൃഗങ്ങൾ കാടിറങ്ങാനും മനുഷ്യരുമായി ഏറ്റുമുട്ടാനും കാരണമാവുന്നതായി വിലയിരുത്തലുകളുണ്ട്.

സെഷൻ 11 (2) എന്ന വകുപ്പ് പ്രകാരം സ്വയരക്ഷയ്ക്കായി വന്യമൃ​ഗങ്ങളെ കൊല്ലുവാനുള്ള അനുമതി ജനങ്ങൾക്ക് നൽകണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അഴിമുഖത്തോട് പറഞ്ഞു. ഇടുക്കിയിൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ച കടുവയെ ഫോറസ്റ്റുകാർ വെടിവച്ച് കൊന്നത് ഈ വകുപ്പ് പ്രകാരമാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ വനാതിർത്തി വിട്ട് പുറത്തേക്ക് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വരുന്ന വന്യമൃ​ഗങ്ങളെ കൊല്ലാനുള്ള അധികാരം ജനങ്ങൾക്ക് നൽകണം. അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ചെയ്താലാണ് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രത്തിലേക്ക് കത്തെഴുതിയത് കൊണ്ട് മാത്രമായില്ല. കേരളത്തിന് മാത്രമായി കേന്ദ്രം ഒരു ഇളവും ചെയ്ത് തരില്ല. നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥ കേരളം ഉപയോ​ഗിക്കണം. ഈ വ്യവസ്ഥകൾ ഉപയോ​ഗിക്കാതെ കേന്ദ്രത്തിലേക്ക് കത്തെഴുതി കളിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലുള്ള ആത്മാർത്ഥത ഇല്ലായ്മയുടെ തെളിവാണെന്നതാണ് കിഫയുടെ നിലപാട്. കടുവ, പുലി, ആന എന്നിവയുൾപ്പെടെ ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവികളെയാണ് അപകടകാരികളായി പരി​ഗണിക്കുന്നത്. ഇടുക്കി മാങ്കുളത്ത് ​ഗോപാലനെന്ന ഒരു വ്യക്തി പുലിയെ കൊന്നിരുന്നു. സ്വയര​ക്ഷയ്ക്കായി പുലി കൊന്നത് കൊണ്ടാണ് അയാൾക്കെതിരെ കേസെടുക്കാതിരുന്നത്. ആ ഒരു വ്യവസ്ഥ ഉപയോ​ഗിച്ചാൽ മാത്രമേ കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധീക്കൂ അതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടയെന്നും അലക്സ് വ്യക്തമാക്കി.

മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തിന് മറ്റു ചില നിർദേശങ്ങൾ കൂടി കിഫ നൽകിയിരുന്നു. വനാതിർത്തിയിൽ നൂറ് മീറ്റർ വീതിയിൽ വനം വെട്ടി തെളിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. ഇത് ചെയ്യുന്നതോടെ വന്യജീവികളുടെ ശല്യം കുറയും സ്വയരക്ഷയ്ക്കായി മൃ​ഗങ്ങളെ കൊന്നാൽ കേസെടുക്കില്ലെന്ന് സംസ്ഥാനം ഉറപ്പ് നൽകണം, എൻഎസിറ്റി ആക്ട് പ്രകാരം ന്യായമായ നഷ്ടപരിഹാരവും നൽകണം. ഈ മൂന്ന് കാര്യങ്ങളാണ് ഈ വിഷയത്തിൽ അടിയന്തരമായി സംസ്ഥാനം ചെയ്യേണ്ടതെന്ന് അലക്സ് പറഞ്ഞു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓഫീസറാണ്. നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് സാഹചര്യത്തെപറ്റി ബോധ്യപ്പെട്ടാൽ വന്യജീവികളെ വെടിവച്ച് കൊല്ലാം. എന്നാൽ ഇതിന് വിരുദ്ധമായിട്ടുള്ള നിബന്ധനകളാണ് എസ്ഒപിയിൽ വന്നിരിക്കുന്നത്. ആർജ്ജവമുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡനും സംസ്ഥാന സർക്കാരുമാണുള്ളതെങ്കിൽ വന്യജീവികളെ വെടിവച്ച് കൊല്ലാൻ സാധിച്ചേനെ. എസ്ഒപിയുടെ മുകളിലാണ് നിയമം. അതുകൊണ്ട് തന്നെ ഇതെല്ലാം ഒഴിവുകഴിവ് പറയുന്നതായാണ് തോന്നുന്നതെന്ന് അലക്സ് ആരോപിച്ചു

കേന്ദ്ര മന്ത്രാലയം 2025 ജൂണ്‍ 11ന് അയച്ച കത്തില്‍ ചില അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉള്‍പ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിയമം നിരോധിച്ചിട്ടുണ്ടെന്ന് പറയുന്നു. ഒരു മനുഷ്യനെ വന്യജീവി ആക്രമിക്കുന്നതും കൊല്ലുന്നതും അസാധാരണ സാഹചര്യമല്ലേ. മലപ്പുറം കാളികാവിൽ ഒരാളെ കടുവ കൊന്നിട്ട് ഒരു മാസം കഴിയുന്നുൽ ഇതുവരെ കടുവയെ പിടിക്കാനുള്ള സംവിധാനം ചെയ്തിട്ടില്ല. കൂടുവയ്ക്കാൻ മാത്രമാണ് നിലവിൽ ഉത്തരവ് നൽകിയിരിക്കുന്നത്. ഇതിനുള്ള ആർജ്ജവം കാണിക്കാതെ പരസ്പരം പഴി ചാരി കളിക്കുന്ന ഒരു സമീപനമാണ് നടക്കുന്നതെന്ന് അലക്സ് വ്യക്തമാക്കി

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെോട് കിഫ പൂർണ്ണ യോജിപ്പാണ്. വളരെ ചുരുങ്ങിയ തുകയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് ആ തുക കൂട്ടണം. സോളാർ തൂക്കുവേലി, ആനമതിൽ എന്നീ പദ്ധതികൾ പാതിവഴിയിൽ മുടങ്ങി പോയതിന്റെ കാരണം ഫണ്ടില്ലാത്തതാണ്. ആ കാര്യത്തിൽ കേന്ദ്രം പരിഹാരം കാണണമെന്നു അലക്സ് പറഞ്ഞു.

content summary: human-animal conflict, the state must take effective measures to address the issue says KIFA

Leave a Reply

Your email address will not be published. Required fields are marked *

×