ഉത്തർപ്രദേശിലെ ബറേലിയിൽ ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾ വഹിച്ചുകൊണ്ടെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ക്യാമ്പയിൻ അക്രമാസക്തമായതിനെ തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു. പ്രതിഷേധക്കാരിൽ
നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം, സർക്കാരിന് ഒരു മെമ്മോറാണ്ടം സമർപ്പിക്കാൻ ഒരു പള്ളിക്ക് സമീപം നിരവധി പേർ തടിച്ചുകൂടിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം നടത്താൻ പ്രാദേശിക അധികാരികൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് ആളുകൾ രോഷം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു.
എന്താണ് ബറേലിയിൽ സംഭവിച്ചത്?
‘ഐ ലവ് മുഹമ്മദ്’ എന്ന പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച് മതപുരോഹിതനായ മൗലാനാ തൗക്കീർ റാസ പ്രഖ്യാപിച്ച പ്രതിഷേധം അധികാരികൾ അനുമതി നിഷേധിച്ചതിനെത്തുടർന്ന് അവസാന നിമിഷം പിൻവലിച്ചിരുന്നു. സമരം പിൻവലിച്ചുകൊണ്ടുള്ള അവസാന നിമിഷത്തെ അറിയിപ്പിൽ രോഷാകുലരായ ചില പ്രതിഷേധക്കാർ, റാസയുടെ വീടിനും സമീപത്തെ പള്ളിക്ക് ചുറ്റും ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ബാനറുകളുമായി തടിച്ചുകൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെ ചില പ്രതിഷേധക്കാർ കല്ലെറിയാൻ തുടങ്ങി. ഇതിനുപിന്നാലെ പൊലീസ് ബലം പ്രയോഗിച്ച് ജനക്കൂട്ടത്തെ നീക്കാൻ ശ്രമിച്ചു. ഖലീൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചിലർ വാഹനങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. പ്രതിഷേധത്തിന് മുന്നോടിയായി മൗലാനാ തൗക്കീർ റാസയെ അധികാരികൾ വീട്ടുതടങ്കലിലാക്കിയിരുന്നു.
എന്താണ് ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം ?
‘ഐ ലവ് മുഹമ്മദ്’ എന്ന വിവാദം ആരംഭിക്കുന്നത് ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ്. പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം ആഘോഷിക്കുന്ന ‘ബറാഫത്ത്’ എന്ന ഘോഷയാത്രയുടെ ഭാഗമായി ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഹിന്ദു ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് ഈ ബോർഡുകൾ സ്ഥാപിച്ചത് ഒരു ‘പുതിയ ആചാരം’ ആണെന്നും ഇത് പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണെന്നും ആരോപിച്ച് ചില ഹിന്ദു സംഘടനകൾ രംഗത്തെത്തി. ഇത് ഇരുവിഭാഗങ്ങൾക്കിടയിലും തർക്കങ്ങൾക്ക് കാരണമായി. തുടക്കത്തിൽ പോലീസ് ഈ ബോർഡ് നീക്കം ചെയ്യുകയും ഇരു വിഭാഗങ്ങളെയും ശാന്തരാക്കുകയും ചെയ്തു. പിന്നീട്, ഈ വിഷയവുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസിന്റെ ഈ നടപടി മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പല മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. ഇതോടെ, വിവാദം ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്കും ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് ബറേലിയിലും പ്രതിഷേധങ്ങൾ നടന്നത്.
അതേസമയം, ഈ സംഭവവികാസങ്ങൾക്ക് മറുപടിയായി ‘ഐ ലവ് മഹാദേവ്’, ‘ഐ ലവ് രാം’ തുടങ്ങിയ ഹാഷ്ടാഗുകളുമായി ഒരു ഓൺലൈൻ കാമ്പെയ്നും ആരംഭിച്ചു.
Content Summary: ‘I Love Muhammad’ protest; Protesters carrying banners clash with police in Bareilly
Leave a Comment