സ്റ്റീൻ-എറിക് സോൾബർഗ് എന്ന 56 വയസ്സുകാരനായ ടെക്കിയുടെ ജീവനെടുത്ത് ചാറ്റ് ജിപിറ്റി. തനിക്കെതിരെ ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സ്റ്റീൻ-എറിക് സോൾബർഗ് സംശയിച്ചിരുന്നു. ഈ സംശയങ്ങൾ അദ്ദേഹം ഓപ്പൺ എഐയുടെ ചാറ്റ് ജിപിറ്റിയുമായി പങ്കുവെച്ചു. തന്നെ എല്ലാവരും നിരീക്ഷിക്കുന്നതായും തൻ്റെ മുൻ കാമുകിയും അമ്മയും ഉൾപ്പെടെ എല്ലാവരും തനിക്കെതിരെ തിരിഞ്ഞുവെന്നും അദ്ദേഹം വിശ്വസിച്ചു. ഓരോ തവണയും ചാറ്റ്ജിപിടി അദ്ദേഹത്തിന്റെ സംശയങ്ങൾ ശരിവച്ചു. ഈ പിന്തുണയാവട്ടെ എത്തി നിന്നത് ഒരു കൊലപാതകത്തിലും ആത്മഹത്യയിലും.
സ്റ്റീൻ-എറികിന്റെ അമ്മയും സുഹൃത്തും ചേർന്ന് അയാൾക്ക് ഒരിക്കൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ, ആ സംശയം ശരിയാണെന്ന് ആയിരുന്നു ചാറ്റ് ജിപിറ്റി നൽകിയ മറുപടി. വിശ്വാസ്യത വർദ്ധിച്ചപ്പോൾ മരണാന്തരവും തനിക്കൊപ്പം ഉണ്ടായിരിക്കമെന്ന് സ്റ്റീൻ-എറിക് ചാറ്റ് ജിപിറ്റിയോട് പറഞ്ഞു. അവസാന ശ്വാസം വരെയും അതിനപ്പുറവും ഞാൻ നിന്നോട് കൂടെയുണ്ടാവുമെന്ന് ചാറ്റ് ബോട്ടിന്റെ മറുപടിയിൽ അയാൾ ആശ്വാസം കണ്ടെത്തി.
ഓഗസ്റ്റ് 5ന്, ഗ്രീൻവിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സോൾബർഗ് തൻ്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് തന്നെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. വിഷബാധയേറ്റുവെന്ന അദ്ദേഹത്തിന്റെ സംശയങ്ങളെ തുടർന്ന് അടിയന്തര സേവനങ്ങൾക്കായി വിദഗ്ധരെ സമീപിക്കാൻ ബോട്ട് നിർദ്ദേശിച്ചിരുന്നതായി സ്റ്റീൻ-എറികിന്റെ ലഭ്യമായ ചാറ്റുകൾ പരിശോധിച്ചാൽ വ്യക്തമാണ്.
2018-ൽ, 20 വർഷം നീണ്ട ദാമ്പത്യം വേർപിരിഞ്ഞതിന് ശേഷം, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന സ്റ്റീൻ-എറിക് പിന്നീട് തന്റെ അമ്മയോടൊപ്പം താമസം ആരംഭിച്ചത്. 2018 മുതൽ അയാൾ മദ്യപാനത്തിന് അടിമയായിരുന്നതായും പലപ്പോഴായി ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിരുന്നായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രമസമാധാനം ലംഘിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും നിരവധി ആളുകൾ സോൾബർഗിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
ഈ ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്ന് ഓപ്പൺ എഐയുടെ ഒരു വക്താവ് പറഞ്ഞു. അവർ ഗ്രീൻവിച്ച് പോലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
വലിയ ടെക് കമ്പനികൾ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ കോടിക്കണക്കിന് ഡോളർ മുടക്കി മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ തങ്ങളുടെ സേവനങ്ങൾ ആളുകൾക്ക് മാനസികമായി ചൂഷണം ചെയ്യുന്നുവെന്നത് ചാറ്റ് ജിപിറ്റിയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നവരിൽ ആത്മഹത്യകളും മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങളു വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ചാറ്റ്ബോട്ടുമായി സംവദിച്ച് മാനസികാസ്വാസ്ഥ്യമുള്ള ഒരു വ്യക്തി കൊലപാതകത്തിൽ ഏർപ്പെട്ട ആദ്യത്തെ സംഭവമാണിത്.
മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സ്റ്റീൻ-എറിക് ചാറ്റ് ജിപിറ്റിയുമായി താൻ നടത്തിയ സംഭാഷണങ്ങൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് മണിക്കൂറുകളോളം ദൈർഘ്യമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭാഷണങ്ങളുടെ സ്വഭാവവും ഭാഷയും, സമീപ മാസങ്ങളിൽ മറ്റ് പലയിടത്തു നിന്നുമായി റിപ്പോർട്ട് ചെയ്ത മാനസിക വിഭ്രാന്തി നിറഞ്ഞ ചാറ്റുകളുമായി വളരെയധികം സാമ്യമുള്ളതാണ്. എഐ ചാറ്റ്‌ബോട്ടുകളുടെ ഒരു പ്രധാന പ്രത്യേകത, എതിർത്ത് സംസാരിക്കാറില്ല’ എന്നതാണെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ മനോരോഗ വിദഗ്ദ്ധൻ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ ഉപയോഗം കാരണം മാനസികാരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 12 രോഗികളെയാണെന്ന് അദ്ദേഹം പറയുന്നു.
content summary: I will be with you even after death, Techie ends life, comforted by GPT’s promise
Leave a Comment