June 06, 2026 |

വേരറ്റു പോയ പ്രണയത്തിന്റെ കഥ, ‘ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്’ (ഖിഡ്കീ ഗാവ്)

ബുസാനിലെ മലയാളി തിളക്കം സഞ്ജു സുരേന്ദ്രൻ

സിനിമയെ സൗന്ദര്യശാസ്ത്രപരമായി സമീപിക്കുന്ന ഒരു ചലച്ചിത്രകാരൻ. ഏദൻ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ, സഞ്ജു സുരേന്ദ്രൻ. ഡൽഹിയുടെ തിരക്കേറിയ ജീവിതത്തിനിടയിൽ വേരറ്റുപോയ പ്രണയത്തിന്റെ കഥ പറയുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, ‘ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്’ (ഖിഡ്കീ ഗാവ്) ബുസാൻ ചലച്ചിത്രമേളയിലെ വിഷൻ ഏഷ്യ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സിനിമയെക്കുറിച്ചും ബുസാനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സന്തോഷം അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് സഞ്ജു സുരേന്ദ്രൻ.

ഏദന് ശേഷം വന്ന ഇടവേള

കോവിഡ് കാലത്തിന് ശേഷമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ട് മലയാള സിനിമ ഉയർത്തെഴുന്നേറ്റ് കഴിഞ്ഞ്. ആ യാത്രയിൽ എന്റേതായ ഒരു സംഭാവന നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വ്യത്യസ്ത തലങ്ങളിൽ നിന്ന് നോക്കിയാൽ ചിത്രങ്ങളും അത്ഭുതങ്ങളാണ്. ചർച്ചകളും എഴുത്തുകളും കടന്ന് ചിത്രം യാഥാർത്ഥ്യമാകുന്ന ഒരു ഘട്ടത്തിലേക്ക് എത്താൻ ഏറെ സഞ്ചരിക്കേണ്ടി വരാറുണ്ട്. അതിന് സഹായിക്കുന്ന ശക്തിമത്തായ ആവാസവ്യവസ്ഥ ഇല്ലാത്തതാവാം കാരണം. ഇത് കൊണ്ടാണ് ഏദന് ശേഷം ഒരു നീണ്ട ഇടവേള വന്നത്. അഹല്യ മീഡിയ ഹൗസ് എന്ന പേരിൽ ഒരു നിർമ്മാണ സ്ഥാപനം തുടങ്ങാനുള്ള ചർച്ചകൾക്കും പിറകെയുമായിരുന്നു ഒരു നീണ്ടകാലം. ഏദന് ശേഷം ചിത്രങ്ങളൊന്നും ഇല്ലാതിരുന്നതിന്റെ കാരണങ്ങളും ഇതു തന്നെയാണ്.

ഖിഡ്കി ​ഗാവ്

ഖിഡ്കി ​ഗാവ് ഇന്ത്യയിലെ വളരെ രസകരമായ ഒരു ​ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിങ്ങിനിറഞ്ഞ അപ്പാര്‍ട്ടുമെന്റുകളും ഇടവഴികളും പുരാതനമായ പള്ളികളും അമ്പലങ്ങളും ചരിത്രസ്മാരകങ്ങളും അഫ്ഗാന്‍-ആഫ്രിക്കന്‍ കാന്റീനുകളും നിറഞ്ഞ ഒരു പ്രദേശം. ഖിഡ്കി എന്ന പേരിനോടുള്ള ഇഷ്ടം കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിലിലും ആ പേര് ഉൾപ്പെടുത്തിയത്. എന്നാൽ, വളരെ വെല്ലുവിളികൾ നിറഞ്ഞ ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. കേരളത്തിൽ ഷൂട്ട് ചെയ്യുന്ന ലാഘവത്തോടെ ​ഡൽഹിയിൽ ചെയ്യാൻ കഴിയില്ല. ഒരു ചെറിയ റൂമെടുത്ത് ഷൂട്ട് ചെയ്യണമെങ്കിൽ പോലും കുറേയധികം അനുമതികൾ വാങ്ങണം. അടിസ്ഥാനപരമായ ഘടകങ്ങൾക്ക് പോലും നേരിടേണ്ടി വന്നിരുന്നത് വളരെ വലിയ വെല്ലുവിളികളാണ്. അത്ര വലുതല്ലെങ്കിലും എല്ലാത്തിനും പിന്തുണ നൽകുന്ന ഒരു ടീം ഉണ്ടായിരുന്നത് കൊണ്ടാണ് ചിത്രം ഭം​ഗിയായി പൂർത്തീകരിക്കാൻ സാധിച്ചത്.

രേഖ എന്ന തിരക്കഥാകൃത്ത്

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘ഇഫ് ഓണ്‍ എ വിന്റെര്‍സ് നൈറ്റ്’ (ഖിഡ്കീ ഗാവ്). ഒരുപാട് ചർച്ചകൾക്ക് ഒടുവിലാണ് ചിത്രത്തിന്റെ രചന രേഖയിലേക്ക് എത്തുന്നത്. ചർച്ചകൾക്ക് ഒടുവിൽ ഒറ്റയിരുപ്പിനായിരിക്കും രേഖ തിരക്കഥയെഴുതുന്നത്. അതാണ് രേഖയുടെ രീതി. ഒരു നോവലൊക്കെ പോലെ അത്ര രസകരമായി വായിച്ചു തീർക്കാൻ പറ്റുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. കുറസോവയുടെ ഒരു വാചകമുണ്ട്. ഒരു തിരക്കഥയെടുത്ത് നോക്കിയാൽ അതൊരു മരം പോലെയായിരിക്കും, എന്നാൽ ആ തിരക്കഥ ഒരു സിനിമയാവുമ്പോൾ നിറയെ പൂക്കളും കായ്കളുമുള്ള മരം പോലെയാവും. അതുപോലെ തന്നെയായിരുന്നു ഈ ചിത്രവും. സിനിമയെ ആ രീതിയിൽ തന്നെ സമീപിക്കാനും പൂർത്തീകരിക്കാനും സാധിച്ചു.

പായലിന്റെ വരവ്

പായൽ കപടിയായ്ക്ക് ചിത്രം ഞാൻ അയച്ചു കൊടുത്തിരുന്നു. ചിത്രം പായലിന് വളരെയധികം ഇഷ്ടപ്പെട്ടു. അതിന് ശേഷം എന്നെ ബന്ധപ്പെടുകയും ചിത്രത്തെക്കുറിച്ച് ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു. പ്രൊഡക്ഷൻ ആര് ചെയ്യുമെന്നൊരു ചോദ്യം വന്നപ്പോൾ ആളു തന്നെയാണ് ഇങ്ങോട്ട് ബന്ധപ്പെട്ട് താത്പര്യം പ്രകടിപ്പിച്ചത്.

കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കൾ

പുതിയ കാലത്തെ പ്രണയ ബന്ധങ്ങളെ വിശകലനം ചെയ്യാനുള്ള ശ്രമമായിരുന്നു ചിത്രത്തിന്റേത്. മാറുന്ന കാലത്തെ പുതിയ പ്രണയ ബന്ധങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോഷനും ഭാനുവും അതിനൊപ്പം തന്നെ ആരതിയും ജിതേഷും വളരെ രസകരമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ഷൂട്ട് ആരംഭിക്കുന്നതിന്റെ ഏതാണ്ട് അവസാന ഘട്ടത്തിലാണ് ബാനു ചിത്രത്തിലേക്കെത്തുന്നത്. എന്നാൽ, അതിവേ​ഗം തന്നെ കാര്യങ്ങൾ പഠിച്ചെടുത്തിരുന്നു. ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പായി അഭിജ ശിവകലയുടെ നേതൃത്വത്തിൽ റോഷനടക്കമുള്ള അഭിനേതാക്കൾക്ക് ഒരു ആക്റ്റിം​ഗ് വർക്ക്ഷോപ്പ് നൽകിയിരുന്നു. വളരെ സൂക്ഷ്മമായി എന്നാൽ അതിവേ​ഗത്തിൽ തന്നെ കഥാപാത്രത്തിന്റെ വികാരങ്ങൾ പകർത്താൻ റോഷന് കഴിഞ്ഞിരുന്നു. റോഷനും ഭാനുവും ഒരുമിച്ചുള്ള സീനുകളെല്ലാം സ്ക്രീനിൽ കാണാൻ വളരെ ഭം​ഗിയാണ്. മറ്റു രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആരതിയും ജിതേഷുമാണ്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനം കഴിഞ്ഞ വ്യക്തിയാണ് ജിതേഷ്. ഈ സിനിമയുടെ ഷൂട്ടിം​ഗിന്റെ എല്ലാ ഘട്ടത്തിലും കൂടെയുണ്ടായിരുന്ന ഒരാളാണ് ജിതേഷ്. എന്റെ സുഹൃത്തിന്റെ മകളാണ് ആരതി, കഥാപാത്രത്തെ മനോഹരമാക്കാൻ ആരതിയ്ക്കും സാധിച്ചിട്ടുണ്ട്.

മനേഷിന്റെ മാസ്മരികത

ഏദനിൽ നിന്ന് വ്യക്തമായൊരു സമീപനമാണ് ഇഫ് ഓണ്‍ എ വിന്റെര്‍സ് നൈറ്റ്(ഖിഡ്കീ ഗാവ്)ൽ സ്വീകരിച്ചിട്ടുള്ളത്. ഡൽഹിയുടെ നേർചിത്രങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനെ ഞാൻ ആവശ്യപ്പെട്ട പ്രകാരം തന്നെ പകർത്താൻ മനേഷിന് സാധിച്ചു. ഏഷ്യ സിനിമാറ്റിക് ഫണ്ടിന്റെ ഒരു ​ഗ്രാന്റ് ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ ​ചിത്രത്തിന്റെ കളർ ​ഗ്രേഡിം​ഗ് സിയോളിൽ വച്ചാണ് ചെയ്തത്. ക്രിസ്റ്റോഫ് റോളിന്റെയൊക്കെ ചിത്രങ്ങളുടെ കളർ ​ഗ്രേഡിം​ഗ് ചെയ്തിട്ടുള്ള വ്യക്തിയാണ് ‘ഇഫ് ഓണ്‍ എ വിന്റെര്‍സ് നൈറ്റ്’ (ഖിഡ്കീ ഗാവ്) ന്റെയും ചെയ്യുന്നത്. വളരെയധികം ക്ഷമയും ഉത്സാഹവുണ്ടെങ്കിൽ മാത്രം പൂർത്തീകരിക്കാൻ കഴിയുമായിരുന്ന ചിത്രമാണ്. അതിനെ മനേഷ് ഭം​ഗിയായി തന്നെ കൈകാര്യം ചെയ്തു.

content summary: ‘If on a Winter’s Night’ (Khidkee Gaav) A story of lost love, Sanju Surendran the Malayali star of Busan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×