March 15, 2025 |

അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തി

നൂറിലധികം ആളുകളുമായി എത്തുന്ന വിമാനം ഇറങ്ങിയത്‌
അമൃത്സറില്‍

ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമ്യത്സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 പേർ സ്ത്രീകളും 13 പേർ കുട്ടികളുമാണുള്ളത്.

യു.എസ് സൈനിക വിമാനം സി -17 ആണ് ബുധനാഴ്‌ച ഉച്ചക്ക് 1.45 ഓടെ ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. മെക്സിക്കൽ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്താമെന്നാണ് അധികൃതർ നൽകുന്ന സൂചന.

പഞ്ചാബിന് പുറമെ ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനക്കാരെയാണ് കയറ്റി അയച്ചിരുന്നത്‌.

ഇന്ത്യയിൽ ഇറങ്ങുന്നതിന് മുമ്പ് ജർമനിയിലെ റാംസ്റ്റെയിനിൽ വിമാനം ഇന്ധനം നിറയ്ക്കാൻ ഇറക്കിയിരുന്നു. വിമാനത്താവളത്തിൽ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമൃത്സറിലെലെത്തിയ വിമാനത്തിലെ യാത്രക്കാർ ഇന്ത്യയിൽന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തിൽ അമേരിക്ക തിരിച്ചയയ്ക്കുന്നത്. ഇന്ത്യക്ക് പുറമേ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ആളുകളെ അമേരിക്ക കയറ്റിയയച്ചത്. യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്നാണ് യുഎസ് നടപടിയോട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രതികരിച്ചത്.

content summary; Illegal Indian Immigrants Return; US plane carrying over 100 deported Indians to land in Amritsar

×