കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ ലാ ലിന പ്രതിഭാസത്തിന്റെ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. രാജ്യത്ത് ജൂലൈ മുതല്‍ ലാ ലിന പ്രതിഭാസത്തിന്റെ ആദ്യ ഘട്ടം തുടങ്ങുമെന്നും ആഗസ്ത്- സെപ്തംബര്‍ മാസങ്ങളില്‍ അതി തീവ്രമഴ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതുവരെ രാജ്യം നേരിട്ടിരുന്നത് എല്‍ നിനോ പ്രതിഭാസമായിരുന്നു. പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതലം ചൂടുപിടിക്കുന്നതിന്റെ ഫലമായാണ് എല്‍ നിനോ ഫലങ്ങള്‍ രാജ്യത്തുണ്ടായത്. ഇതിന് വിപരീതമാണ് ലാ നിനോ.
ലോകമെമ്പാടും വ്യത്യസ്ത സ്വാധീനമാണ് ഇവ പുലര്‍ത്തുന്നത്. സാധാരണഗതിയില്‍ എല്‍ നിനോ ഇന്ത്യയില്‍ മഴ കുറയ്ക്കുകയും ലാ നിന കൂട്ടുകയും ചെയ്യും. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഇത്തവണ അതിശക്തമായ മഴ സംസ്ഥാനത്തുണ്ടാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്നവയില്‍ ന്യൂനമര്‍ദ്ദങ്ങള്‍ അടക്കമുള്ള ഘടകങ്ങളുണ്ടെങ്കിലും ഇത്തവണ ലാ നിന തന്നെയായിരിക്കും മഴയുടെ തോത് നിര്‍ണയിക്കുക എന്നാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞത്. പ്രത്യേകിച്ച് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. തെക്കന്‍ ഉപദ്വീപിലും മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും സാധാരണ മഴ ലഭിക്കുമ്പോള്‍ കിഴക്ക്, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ജൂണ്‍ – സെപ്റ്റംബര്‍ കാലയളവില്‍ ശരാശരിയില്‍ താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതും.
എല്‍സോയും അതി തീവ്രമഴയും
എല്‍നിനോയും ലാനിനായും, എന്‍സോ അഥവാ എല്‍ നിനോ സതേണ്‍ ഓസിലേഷന്‍ എന്ന ചക്രത്തിന്റെ രണ്ടു വിപരീത ഘട്ടങ്ങളാണ്. ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കടുത്തുള്ള കിഴക്കു-മധ്യഭാഗത്തെ അന്തരീക്ഷവും സമുദ്രവും തമ്മിലുള്ള താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വ്യതിയാനത്തെയാണ് ശാസ്ത്രലോകം എന്‍സോ എന്ന് വിളിക്കുന്നത്. ലാ നിന എന്നത് എന്‍സോയുടെ തണുത്ത ഘട്ടവും, എല്‍ നിനോ എന്‍സോയുടെ ചൂടുള്ള ഘട്ടവും ആണ്. ഇത്തവണ ജൂണില്‍ എല്‍സോയുടെ ന്യൂട്രല്‍ രൂപം അനുഭവപ്പെടുമ്പോള്‍ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ എല്‍സോ ലാ നിനയായി രൂപാന്തരം പ്രാപിക്കുമെന്നുമാണ് ഇന്ത്യന്‍ കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.
മേഘവിസ്‌ഫോടനം മുതല്‍ വെള്ളപ്പൊക്കം വരെ
ലാ ലിനയുടെ ഫലമായി കനത്ത മഴയ്‌ക്കൊപ്പം നദീതീരങ്ങളിലും നഗരങ്ങളിലും വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മേഘവിസ്‌ഫോടനം എന്നിവ ഉണ്ടാകാമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് തരുന്നുണ്ട്. ലാ നിന വര്‍ഷങ്ങളില്‍ ചുഴലിക്കാറ്റ് സാധ്യത സാധാരണയേക്കാള്‍ കൂടുതലാണെന്നും മുന്നറിയിപ്പിലുണ്ട്. ലാ നിന ഇന്ത്യന്‍ മണ്‍സൂണിനെ അനുകൂലമായി ബാധിക്കുന്നതിനാല്‍ കിഴക്ക്, വടക്കുകിഴക്കന്‍ ഇന്ത്യാ പ്രദേശങ്ങള്‍ ഒഴികെയുളളയിടങ്ങളില്‍ മഴ സാധാരണമോ അതിലധികമോ ആയി ലഭിക്കും. ലാ നിനയുടെ ഫലമായി ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം കൂടാം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകളൊന്നുമില്ലെന്നുംപൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ പറഞ്ഞു.
English Summary: IMD: La Nina to emerge by July, more rainfall during August-September