കടൽ മണൽ ഖനനത്തിനുള്ള കേന്ദ്ര നീക്കം വേഗത്തിലായിരിക്കെ ആശങ്കയിലാണ് കൊല്ലം ഉൾപ്പെടെയുള്ള തീരദേശ സമൂഹം. മത്സ്യബന്ധനവും മറ്റ് അനുബന്ധമേഖലകളും അതീജീവത്തിന്റെയും നിലനിൽപ്പിന്റെയും മാർഗമായി തിരഞ്ഞെടുത്ത സമൂഹത്തെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര നീക്കം. ഇതിനെതിരെ പ്രതിരോധത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കയാണ് തീരസമൂഹം. കടൽ മണൽ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാത പഠനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് മത്സ്യ തൊഴിലാളി ഐക്യവേദി (ടി.യു സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് അഴിമുഖത്തോട് പറഞ്ഞു. കേരളത്തിലെ പരിസ്ഥിതി നിയമങ്ങളും രാജ്യത്ത് നിലനിൽക്കുന്ന മുഴുവൻ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് കൊണ്ട് കേരള തീരത്തുള്ള കരിമണലും കടൽമണലും നീക്കം ചെയ്യാനുള്ള നികൃഷ്ടമായ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ചാൾസ് കൂട്ടിച്ചേർത്തു.
ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടത്തുന്ന ആഴക്കടൽ ഖനനത്തിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ കോർഡിനേഷൻ കമ്മിറ്റി ഈ മാസം 27ന് വ്യാപകമായി തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. 2021 ഫെബ്രുവരി 17നാണ് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചത്. കേന്ദ്ര ഏജൻസിയായ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന 745 ടൺ കടൽ മണൽ കേരളത്തീരത്ത് ഉണ്ടെന്ന് കണ്ടെത്തിയത് ഇതിനെത്തുടർന്നായിരുന്നു ഖനനത്തിനുള്ള കേന്ദ്ര നീക്കം. 2002ലെ കടൽ മേഖല ധാതു വികസന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് കൊണ്ടാണ് കേന്ദ്ര സർക്കാർ ബ്ലൂ ഇക്കോണമി എന്ന ആശയം രൂപീകരിക്കുന്നത്. കേരളത്തീരത്ത് ലഭ്യമായ മണൽ ഖനനത്തിന് നിലവിലെ നിയമങ്ങൾ വളരെയധികം തടസങ്ങൾ സൃഷ്ടിച്ചിരുന്നതിനാൽ ഖനനം എളുപ്പത്തിലാക്കാൻ നിയമഭേദഗതി വേണമെന്നുമായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി നടത്തിയ പഠനപ്രകാരവും ഇന്ത്യയിലെ ഭൂ ഇക്കോണമി ഡോക്യുമെന്റിലെ കണക്ക് പ്രകാരവും ഇന്ത്യയിലെ ആഴകടക്കടലിൽ 79 മില്യൺ ടൺ ഖര ലോഹങ്ങളും 1,83,999 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം ടൺ നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മണലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്ക് കൊല്ലം വടക്ക് എന്നീ 5 പ്രദേശങ്ങളിലാണ് മണൽ ധാരാളമായുള്ളത്. കൊല്ലം തീരത്തുള്ള 442 ചതുരശ്ര കിലോമീറ്ററിൽ നിന്നും 302.5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് കേന്ദ്ര ഉദ്ദേശം. ഭരണഘടനയുടെ ആർട്ടിക്കിൾ 246 ജനുവരി 2 ലിസ്റ്റ് 21 പ്രകാരം 21 കിലോമീറ്റർ വരെ വരുന്ന കടലിലെ നിയന്ത്രണ അവകാശം സംസ്ഥാന സർക്കാരിനാണ്. അതുപയോഗിച്ചാണ് കേരളം ട്രോളിംഗ് നിരോധനം ഉൾപ്പെടെ നടപ്പാക്കുന്നത്. നിയമം ഭരണഘടന അനുശാസിക്കുന്ന നിയമമാണിത്. ഈ നിയമത്തെ 2023 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത് അതിൽ തീരകടൽ ഖനനത്തിനുള്ള അവകാശം ഉൾപ്പെടുത്തി.
”കോടിക്കണക്കിന് രൂപയുടെ നിക്ഷേപകങ്ങളാണ് കേരളത്തിലെ കടൽത്തീരത്തുള്ളത്. വെളുത്ത മണലിനൊപ്പം തന്നെ കരിമണലിന്റെ അംശങ്ങളും ഖനന സമയത്ത് ലഭിക്കും ഇത് തീരത്ത് കൊണ്ട് വന്ന് എലൂട്രിയേഷൻ എന്ന പ്രക്രിയ വഴി ഖര ലോഹങ്ങൾ മണ്ണിൽ നിന്ന് വേർത്തിരിച്ചെടുക്കും. ഇത് ഖനനത്തിനായി കോൺട്രാക്റ്റ് പിടിക്കുന്ന കമ്പനിയ്ക്ക് ഡബിൾ ധമാക്ക ലഭിക്കുന്നത് പോലാണ്. ഖനനം ബാധിക്കുന്ന ആളുകളുമായിട്ടുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാനവുമായഉള്ള ചർച്ചയോ അഭിപ്രായ രൂപീകരണമോ നടന്നിട്ടില്ല”. ചാൾസ് ജോർജ് വ്യക്തമാക്കി.
കൊല്ലം തീരത്ത് മൂന്ന് മണൽ ബ്ലോക്കുകളിൽ ഖനനം ചെയ്യുന്നതിനുള്ള നടപടിയുമായി കേന്ദ്ര മുന്നോട്ട് വന്നത് ഈ വർഷം ജനുവരിയിൽ ആയിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തി അനുബന്ധ കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രമേ ഖനന നടപടികളുമായി മുന്നോട്ട് പോകൂവെന്ന് അന്ന് മൈനിങ് മന്ത്രാലയം സെക്രട്ടറി വി എൽ കന്തറാവു ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ ഉറപ്പുകളെല്ലാം കാറ്റിൽ പറത്തിയാണ് കേന്ദ്രം ഖനനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിന് തടസം വരാത്ത രീതിയിൽ മാത്രമേ ഖനന നടപടികൾ പ്രാവർത്തികമാക്കാവൂ എന്ന് സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞിരുന്നു. സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ദോഷമുണ്ടാവരുതെന്നും മത്സ്യ സമ്പത്തിന് നാശമുണ്ടാവാൻ പാടില്ലെന്നും അന്ന് ഹനീഷ് ആവശ്യപ്പെട്ടിരുന്നു. കൊല്ലം തീരക്കടലിലെ ബ്ലോക്കുകൾക്ക് പുറമേ രാജ്യത്തെ വിവിധ ബ്ലോക്കുകളിലായി പത്ത് തീരങ്ങളിൽ വിവിധ ധാതുക്കളുടെ ഖനനത്തിനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്.
വിവിധ മത്സ്യ സംഘടനകൾ എതിർപ്പ് ഉയർത്തിയതിന് പിന്നാലെ സംസ്ഥാന സർക്കാരും കേരളത്തീരത്തെ കടൽ മണൽ ഖനനത്തിനെതിരെ
രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് സർക്കാർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൊല്ലത്തിന് പുറമേ കൊച്ചി, ചാവക്കാട്, ആലപ്പുഴ, പൊന്നാനി എന്നിവടങ്ങളിൽ ആയിരിക്കും കടൽ മണൽ ഖനനം നടത്തുക. കടൽ മണൽ നിക്ഷേപത്തിന്റെ ഒന്നര മീറ്റർ കനത്തിൽ വരെ ചെളിയും അവശിഷ്ടങ്ങളും മാറ്റിയാണ് മണൽ ഖനനം നടത്തുക. ജൈവ സമ്പത്തിന്റെയും മത്സ്യസമ്പത്തിന്റെയും ഉറവിടം മേൽമണ്ണാണ്. രണ്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെയും 15 ലക്ഷത്തോളം കുടുംബങ്ങളെയുമാവും കേന്ദ്ര സർക്കാരിന്റെ നടപടി ബാധിക്കുക. കേരളതീരത്തെ മണൽഖനനത്തിനുള്ള കേന്ദ്ര അനുമതിയിൽ ആശങ്ക അറിയിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു. മതിയായ പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയും സംസ്ഥാന താത്പര്യങ്ങളെ പരിഗണിക്കണിക്കാതെയുമുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ചായിരുന്നു കത്ത്. കേന്ദ്ര നീക്കത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യവും കത്തിൽ പരാമർശിച്ചിരുന്നു. ഒരാഴ്ച മുമ്പ് കേരള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ലെങ്കിലും മതിയായ പഠനങ്ങളെല്ലാം നടത്തിയിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. പരിസ്ഥിതി സംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും ആശങ്കയറിയിച്ച്
രംഗത്തെത്തിയിരുന്നു. ”ഛത്തീസ്ഗഡിലെ ലക്ഷക്കണക്കിന് ആദിവാസി ഭൂമി ഏറ്റെടുത്ത് അത് അദാനിയ്ക്ക് കൊടുത്തത് പോലുള്ള ഒരു പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇവിടെ ഖനനത്തിനുള്ള കോൺട്രാക്റ്റ് ആര് നേടിയാലും അത് ലഭിക്കുന്നത് അദാനിയ്ക്ക് ആണ്. കഴിഞ്ഞ ജനുവരി 15ന് ഇതുമായി ബന്ധപ്പെട്ട് ഒരു റോഡ്ഷോ കേരളത്തിൽ നടന്നിരുന്നു. കൊച്ചിയിൽ വച്ചാണ് ഇതിന്റെ യോഗം നടന്നത്. യോഗത്തിൽ അദാനി കമ്പനിയുടെ ബിനാമികളും വേദാന്ത കമ്പനിയും ചില സിമെന്റ് കമ്പനികളും പങ്കെടുത്തിരുന്നു. ഇതിന് വേണ്ട രൂപരേഖകളെല്ലാം തയ്യാറാക്കിയത് സ്റ്റേറ്റ് ഗവൺമെന്റ് ഓഫ് ഇന്ത്യ കാപ്പിറ്റലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണിത്. മണൽ ഖനനം ചെയ്യുന്നതിനുള്ള എല്ലാ തടസവും മാറ്റുമെന്ന് ഈ രേഖയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളത്തിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്”. ചാൾസ് ജോർജ് കൂട്ടിച്ചേർത്തു.
വെളുത്ത മണലിനൊപ്പം തന്നെ ഗ്ലേയ്സിയർ മിനറൽസ് അഥവ കരിമണൽ ലഭ്യമാണ് അതിനകത്ത് ഇലുമിനേറ്റ്, മോണോസൈറ്റ് , റോട്ടെയിൽ, ഗാർനെറ്റ്, സിലിക്കോൺ തുടങ്ങി ഒരുപാട് ധാതുക്കളുണ്ട്. 2023ലെ നിയമപ്രകാരം ഈ ഖര ലോഹങ്ങളിൽ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളൊഴികെയുള്ള ചില ഖര ലോഹങ്ങൾ പൊതുമേഖല സ്ഥപനങ്ങൾക്ക് മാത്രമേ ഖനനം ചെയ്യാനുള്ള അവകാശമുള്ളൂ. ആ അവകാശം എടുത്തുമാറ്റി പ്രൈവറ്റ് സെക്ടറിന് നൽകി സിർക്കോണിന്റെയും ടൈറ്റാനിയത്തിന്റെയും ഖനന അവകാശവും പൊതുമേഖല സ്ഥപനങ്ങളിൽ നിന്ന് മാറ്റി പ്രൈവറ്റ് കമ്പനികൾക്ക് നൽകുകയും ചെയ്തു. ഇത് ടൈറ്റാനിയം പോലുള്ള കമ്പനികളുടെ അടച്ചുപൂട്ടലിന് കാരണമായി. കൊല്ലത്ത് 27 കിലോമീറ്റർ പടിഞ്ഞാറ് നിന്നും 30 കിലോമീറ്റർ പടിഞ്ഞാറ് നിന്നും 33 കിലോമീറ്റർ പടിഞ്ഞാറ് നിന്നുമാണ് മണൽ ഊറ്റിയെടുക്കുന്നത്. മണൽ ഖനനത്തിനായി ഉപയോഗിക്കുന്നത് അദാനി പോർട്ട് ആന്റ് സ്പെഷ്യൽ എക്കണോമിക്സ് സോണിന്റെ ആണ് മൂന്ന് ഡ്രഡ്ജറുകൾ ആണ്.
കടൽ മണലിന് ഒന്നര രണ്ട് മീറ്റർ കനത്തിൽ കടൽപായലും, ചെളിയും ജൈവാവശിഷ്ടങ്ങളുമുള്ള മേൽ മണ്ണുണ്ട്. ഇത് മുഴുവൻ മാറ്റി മേൽ ഭാഗത്ത് നിന്ന് ഒരു കിലോ മണ്ണെടുക്കുമ്പോൾ 4 കിലോഗ്രാം മേൽ മണ്ണാണ് നഷ്ടപ്പെടുന്നത്. ഈ പ്രവർത്തിയിലൂടെ മത്സ്യങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസ വ്യവസ്ഥയും നഷ്ടമാവും.
ഇപ്പോൾ തന്നെ കേരളത്തിലെ മത്തിയുടെ വലിപ്പം മുരടിച്ച് പോയിരിക്കയാണ് അതിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ആഗോളതാപനത്തെ തുടർന്നും എൽനിനോ പ്രതിഭാസത്തെ തുടർന്നും നല്ല മഴ ലഭിച്ചിട്ടും മത്സ്യത്തിന് ആവശ്യമായ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ തടസപ്പെട്ടിരിക്കയാണ് ധാരാളം മത്സ്യകുഞ്ഞുങ്ങൾ ഉണ്ടായെങ്കിൽ പോലും അവയ്ക്ക് വേണ്ട വളർച്ചയില്ലെന്നും ചാൾസ് വ്യക്തമാക്കി. വർക്കലയിൽ നിന്ന് ആരംഭിച്ച് 3300 ചതുരശ്ര കിലോമീറ്റർ വടക്ക് അമ്പലപ്പുഴ വരെ നീണ്ട് നിവർന്ന് കിടക്കുന്ന പ്രദേശമാണ് കൊല്ലത്തെ കൊയിലോൺ ഭാഗം. കൊയിലോൺ ഭാഗത്തിന്റെ സവിശേഷതയെക്കുറിച്ച് 1961 മുതൽ 65 വരെ 5 വർഷക്കാലം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 22 മത്സ്യബന്ധന പ്രദേശങ്ങളിൽ മത്സബന്ധന ശേഷിയുള്ള പ്രദേശം കൊയിലോൺ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. ചാള, വേളൂരി, അയല തുടങ്ങിയ മേൽത്തട്ടിലെ മത്സ്യങ്ങളും കിളിമീൻ, പല്ലി മീൻ, തിരണ്ടി, പൂവാലൻ ചെമ്മീൻ പോലുള്ള അടിത്തട്ടിലെ മത്സ്യങ്ങളും അപൂർവ്വ മത്സ്യങ്ങളുമെല്ലാം കൂടുതലായി ലഭിക്കുന്നതും കൊല്ലം ഭാഗത്ത് നിന്നാണ്. ഈ ഭാഗത്തെ ഗർഭ ഗൃഹങ്ങളെ തകർത്താണ് ഖനനത്തിലൂടെ മണൽ ശേഖരിക്കുന്നത്. കേരളത്തിലെ 3500 ട്രോളിംഗ് ബോട്ടുകളിൽ 1000വും ശക്തികുളങ്ങരയാണുള്ളത് ഏറ്റവും കൂടുതൽ മത്സ്യബന്ധന തൊഴിലാളികൾ ഉപജീവനം നടത്തുന്ന പ്രദേശവും ഇതാണ്. കടലിലെ മണ്ണെടുക്കുമ്പോൾ അവിടെ ഗർത്തം രൂപപ്പെടുകയും കരയിലെ മണ്ണ് കൂടി ആ സമയത്ത് കടൽ വലിച്ചെടുക്കുകയും ചെയ്യുന്നു ഇതോടെ തീരശോഷണം ഗുരുതരമാവുന്നു.
കേരളത്തിലെ നാലിലൊന്ന് മത്സ്യത്തൊഴിലാളി വിഭാഗവും അമ്പലപ്പുഴ, ആലപ്പുഴ, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, വലിയഴീക്കൽ, ചെറിയഴീക്കൽ, കൊല്ലം വാടി, തങ്കശേരി എന്നിവടങ്ങളിലാണ് ജീവിക്കുന്നത്. ഇവയെല്ലാം മത്സ്യബന്ധനകേന്ദ്രങ്ങളാണ്. കേരളത്തിൽ നിരവധി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും അതീജീവനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ കഴിഞ്ഞ 17ന് ഒരു സംയുക്ത കൺവൻഷൻ നടത്തിയിരുന്നു. അതിന്റെ തീരുമാനമാണ് ഈ മാസം 27ന് നടക്കാനിരിക്കുന്ന പണിമുടക്ക്. വരുന്ന മാർച്ച് 12ന് പാർലമെന്റ് മാർച്ചും നടത്തും. കേന്ദ്ര നടപടിയ്ക്കെതിരെ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ സംയുക്ത സമരത്തിനാവും നമ്മൾ സാക്ഷ്യം വഹിക്കുക.
ആലപ്പാടും, ചെല്ലാനവും വിഴിഞ്ഞവുമെല്ലാം ഇപ്പോഴും തീരശോഷണത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. നിർമ്മാണ ആവശ്യങ്ങൾക്കായി ലോകത്ത് മുഴുവനായി വേണ്ടത് 50 ബില്യൺ ടൺ മണലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 8 ബില്യൺ ടൺ വരെ കടലിൽ നിന്നാണ് ശേഖരിക്കുന്നത്. ഖനനത്തിലൂടെ തീരത്ത് നിന്ന് നഷ്ടമായ മണൽ പുനരുജ്ജീവിപ്പിക്കാൻ 1 വർഷം ശരാശരി 16 ബില്യൺ മണലാണ് ആവശ്യം. ഇതിനെതിരെ 140 രാജ്യങ്ങളെ 54ഓളം ഗവേഷകർ ചേർന്ന് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും ഇതിനെതിരെ
രംഗത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഐയുസിഎ എന്ന സ്ഥാപനം ഈ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും പകരം ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഖനനം തുടർന്നാൽ 2050ഓടെ മുംബൈയ്ക്കും കൊൽക്കത്തയ്ക്കും മുമ്പ് വിഴിഞ്ഞം മുങ്ങുമെന്നാണ് കണ്ടെത്തൽ.
content summary: The impacts of sea sand mining on the coastal community, which is being carried out on the Kerala coast as part of the central government’s Blue Economy concept.