1947ല്‍ ഇന്ത്യ ഒരു ദേശരാഷ്ട്രമായി രൂപം പ്രാപിക്കുമ്പോള്‍ അതിനെ നയിക്കാന്‍ നിയോഗമുണ്ടായത് ജവഹര്‍ലാല്‍ നെഹ്‌റുവിനാണ്. പ്രഥമ പ്രധാനമന്ത്രി പദം അദ്ദേഹം ഏറ്റെടുത്തു. അദ്ദേഹത്തിനൊപ്പം വെറും 15 കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. അന്നത്തെ ‘ബേബി’ ഇന്ത്യയെ ഇന്ന് കാണുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വളര്‍ത്തിയത് ആ 15 പേരാണ്. അവരാണ് രാജ്യത്തിന്റെ സമസ്ത മേഖലയിലെ വളര്‍ച്ചയ്ക്കും അടിത്തറ ഒരുക്കിവച്ചത്. അക്കൂട്ടത്തില്‍ രണ്ട് പേര്‍ മുസ്ലീം പ്രതിനിധികളാണ്. ഒന്നാമന്‍ രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുല്‍ കലാം ആസാദ്, രണ്ടാമന്‍ വാര്‍ത്ത വിനിമയ മന്ത്രിയായിരുന്ന റാഫി അഹമ്മദ് കിദ്വെ. അന്ന് തൊട്ട് ഇന്നോളം മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത കാബിനറ്റ് രാജ്യത്ത് വന്നിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 17 ലോക്‌സഭകളിലും ആ പ്രാതിനിധ്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍, 18ാം ലോക്‌സഭയില്‍ ആ തുടര്‍ച്ചയ്ക്ക് അവസാനമായോ എന്ന ചോദ്യം ഉയര്‍ന്നു. കാരണം രാജ്യചരിത്രത്തില്‍ ആദ്യമായി മുസ്ലിം പ്രാതിനിധ്യമില്ലാതെ ഒരു കേന്ദ്രസര്‍ക്കാരാണ് അധികാരത്തിലേറിയിരിക്കുന്നത്. നെഹ്‌റു മന്ത്രിസഭയില്‍ 15 അംഗങ്ങളായിരുന്നത് മൂന്നാം മോദി സര്‍ക്കാരില്‍ 72ആയി ഉയര്‍ന്നപ്പോഴാണ് ഈ മാറ്റമെന്ന് കൂടി വായിക്കണം. എസ്‌സി, എസ്ടി, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗക്കാരെല്ലാം മന്ത്രിസഭയിലുണ്ടെന്നതും. Modi govt 3.0 Muslims
പൗരത്വം നല്‍കുന്ന വിദേശിയരുടെ പട്ടികയില്‍ നിന്ന് നേരത്തെ തന്നെ മുസ്ലിങ്ങളെ വെട്ടിയത് രാജ്യം കണ്ടതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമര്‍ശങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞതും ഇതൊക്കെ തന്നെയാണ്. മുന്‍ ലോക്‌സഭയിലേക്ക് നോക്കിയാല്‍, രണ്ടാം മോദി സര്‍ക്കാരിലെ ഏക മുസ്ലിം സാന്നിധ്യം മുക്താര്‍ അബ്ബാസ് നഖ്‌വിയായിരുന്നു. രാജ്യസഭ അംഗമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതോടെ മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യവും അവസാനിച്ചു. നഖ്വിയെ വീണ്ടും സഭയിലെത്തിക്കാനോ, പകരമൊരു മുസ്ലിമിനെ സഭയിലേക്കും മന്ത്രിസഭയിലേക്കും കൊണ്ടു വരാനും മോദിയോ ബിജെപിയോ മനസ് വച്ചില്ല. അന്ന് മുതല്‍ പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യമില്ലെന്നതാണ് വസ്തുത. പൊതുവേ രാഷ്ട്രീയ സ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം രാജ്യത്ത് കുറച്ച് കാലമായി കുറഞ്ഞ് വരികയാണ്. അതിന് മറ്റൊരു ഉദാഹരണം ഇന്ത്യയിലെ ഭരണഘടനാപരമായ സ്ഥാനങ്ങളാണ്. ആ കൂട്ടത്തില്‍ ഒരേ ഒരു മുസ്ലീം വ്യക്തിയെ ഇപ്പോള്‍ കാണാന്‍ സാധിക്കു. കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍. അതായത് രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍ തുടങ്ങിയ ഭരണഘടനാ പദവികളിലും ഇപ്പോള്‍ മുസ്ലിങ്ങളില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും മുസ്ലിം മുഖ്യമന്ത്രിമാരുമില്ല. ഏതായാലും സത്യ പ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയവരില്‍ ഇസ്ലാം വിശ്വാസികളായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവും ഉണ്ടായിരുന്നു എന്നതാണ് ഏക ആശ്വാസം, വിരോധം രാജ്യത്തിന് പുറത്തേക്കില്ലല്ലോ!.
2014ല്‍ ആരംഭിച്ച പ്രവണത
ലോകത്തെ മുസ്ലിം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആകെ ജനസംഖ്യയുടെ 14 ശതമാനം വരുമിത്. അവയില്‍ തന്നെ ജനസംഖ്യയുടെ ഭൂരിപക്ഷവും ചിതറി കിടക്കുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. അസം, തെലങ്കാന, കേരള സംസ്ഥാനങ്ങളാണ് ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍. മുസ്ലീം ഭൂരിപക്ഷമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ ജമ്മു- കാശ്മീരും ലക്ഷദ്വീപുമാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം മുസ്ലീങ്ങള്‍ ന്യൂനപക്ഷങ്ങളുമാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള മുസ്ലിം സാഹചര്യമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.
ഇനി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് വന്നാല്‍ മുസ്ലീം പ്രാതിനിധ്യം തീര്‍ത്തും ഇല്ലാതാവുന്ന പ്രവണത കണ്ട് തുടങ്ങിയത് 2014 മുതലാണെന്ന് പറയാം. ഇതിന് മുന്‍പ് ബിജെപിയുടെ നേതൃത്വത്തില്‍ വന്ന വാജ്‌പേയ് സര്‍ക്കാരില്‍ വരെ മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. 16 ദിവസം മാത്രം ആയുസുണ്ടായിരുന്ന വാജ്‌പേയ് സര്‍ക്കാരില്‍ സിക്കന്ദര്‍ ഭക്ത് മുസ്ലീം പങ്കാളിത്തം ഉറപ്പിച്ചപ്പോള്‍ അടുത്ത അവസരത്തില്‍ ഷാനവാസ് ഹുസൈനും ഒമര്‍ അബുദുല്ലയും മന്ത്രിയായി.
ആ യാത്രയ്ക്ക് കോട്ടം സംഭവിച്ചത് 2014ല്‍ മോദി സര്‍ക്കാര്‍ വന്നപ്പോഴാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അക്കാലം മുതലാണ് പടി പടിയായി പ്രാതിനിധ്യം ചുരുങ്ങാന്‍ തുടങ്ങിയതെന്ന് കാണാം. മോദിയുടെ ആദ്യ രണ്ട് ടേമിലും പേരിനെങ്കിലും മുസ്ലീം പങ്കാളിത്തം ഉണ്ടായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ നജ്മ ഹെപ്തുല്ലയും രണ്ടാം സര്‍ക്കാരില്‍ മുക്താര്‍ അബ്ബാസ് നഖ്വിയും.
2014ല്‍ ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളില്‍, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 303 സീറ്റുകള്‍ കൈവശം വച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന് (എന്‍ഡിഎ) ഏകദേശം 46 അംഗങ്ങളുണ്ട്, അതിലാവട്ടെ ഒരു മുസ്ലീം അംഗമാണ് ഉണ്ടായിരുന്നത്. ലോക് ജനശക്തി പാര്‍ട്ടിയില്‍(എല്‍ജെപി) നിന്നുള്ള മഹ്ബൂബ് അലി കൈസര്‍. എന്‍ഡിഎയുടെ ഏക മുസ്ലിം മുഖം അദ്ദേഹമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തെ മന്ത്രിസഭയിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ല. നിലവില്‍ സംസ്ഥാന നിയമസഭകളിലെ അവസ്ഥയും പരിതാപകരമാണ്. ഇന്ത്യയില്‍ ആകെ 4,121 നിയമസഭാ സീറ്റുകളാണുള്ളത്. ഈ സീറ്റുകളില്‍ മുസ്ലീങ്ങള്‍ പ്രതിനിധീകരിക്കുന്നത് 236 ആണ്. അതായത് ആറ് ശതമാനം. സംസ്ഥാനങ്ങളില്‍ 530 കാബിനറ്റ് സീറ്റുകളാണുള്ളത്. മുസ്ലീങ്ങള്‍ ഈ മന്ത്രിസ്ഥാനങ്ങളില്‍ 19 എണ്ണത്തെ മാത്രമാണ് പ്രതിനിധീകരിച്ചത്, അതായത് 3.5 ശതമാനം. ഓരോ സംസ്ഥാനത്തും ഓരോ പ്രതിനിധി പോലുമില്ലാത്ത അവസ്ഥ.
അന്ന് ഗെയിം ചേഞ്ചേഴ്‌സ്, ഇന്ന് ചിത്രത്തില്‍ തന്നെയില്ല
ഒരു ദശാബ്ദം മുമ്പ്, ഉത്തര്‍പ്രദേശ് അടക്കം പല സംസ്ഥാനങ്ങളിലും കിങ് മേക്കേഴ്‌സ് ആയിരുന്നു മുസ്ലീങ്ങള്‍. അക്കാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആവട്ടെ, മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ആവട്ടേ എല്ലാവരും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും മുസ്ലിങ്ങളെയാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) യുപിയിലും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ബീഹാറിലും വേരോട്ടം നടത്തിയപ്പോഴാണ് കോണ്‍ഗ്രസ് സമുദായവുമായി കൂടുതല്‍ അടുക്കുന്നത്. ഇതിന്റെ ഭാഗമായി കുടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്തു. എന്നാല്‍ പിന്നീട് ട്രെന്‍ഡ് തീരുമാനിച്ചത് ബിജെപിയാണ്. തദ്ഫലമായി വലുതപക്ഷ രാഷ്ട്രീയവും ആശയങ്ങളും സജീവമായതോടെ രാഷ്ട്രീയ അന്തരീക്ഷത്തിലെ മാറ്റത്തിനൊപ്പം നീങ്ങാന്‍ മതേതര പാര്‍ട്ടികളും തയ്യാറായി. ഹിന്ദുത്വ ആശയങ്ങള്‍ വോട്ട് കിട്ടാന്‍ പ്രധാനമാണെന്ന തോന്നലാണ് ഇതിന് കാരണമായതും.
ഈ പ്രവണതയുടെ ആരംഭം പരിശോധിച്ചാല്‍ 2009ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള കാലത്തിനാണ് പ്രാധാന്യം. കോണ്‍ഗ്രസ് 29 മുസ്ലിം നേതാക്കള്‍ക്കാണ് 2009ല്‍ ടിക്കറ്റ് നല്‍കിയത്. ഇതില്‍ 10 പേര്‍ എംപിമാരായി. അതേവര്‍ഷം ബിജെപി സീറ്റ് നല്‍കിയത് 4 പേര്‍ക്ക് മാത്രമാണ്. ഒരു ജയം. 2014ല്‍ ഏഴു മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി കളത്തിലിറക്കിയെങ്കിലും ഒരാള്‍ പോലും വിജയിച്ചില്ല. 2014ല്‍ കോണ്‍ഗ്രസ് 31 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഏഴു പേര്‍ മാത്രമാണ് വിജയിച്ചത്. 2019ലെത്തുമ്പോള്‍ 6 മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തി. ഒരാള്‍ പോലും ജയിച്ചില്ല. കാരണം പാര്‍ട്ടിയ്ക്ക് വേരോട്ടം ഇല്ലാത്ത സ്ഥലങ്ങളിലായിരുന്നു അവരുടെ മല്‍സരം. മൂന്നു പേര്‍ കശ്മീരിലും രണ്ടു പേര്‍ പശ്ചിമബംഗാളിലും ഒരാള്‍ ലക്ഷദ്വീപിലുമാണ് മല്‍സരിച്ചത്.
അപ്പോഴേക്കും ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളും മുസ്ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നിരസിക്കുന്ന പ്രവണത ആരംഭിച്ചു. ഫലത്തില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഏല്‍ക്കാന്‍ തുടങ്ങി. ഇത്തവണ ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെഡി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥികളെപ്പോലും കളത്തിലിറക്കിയില്ല.
സംസ്ഥാനതലത്തിലേക്ക് വന്നാല്‍ തമിഴ്നാട്, ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപിയെ അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചത്. പ്രാദേശിക പാര്‍ട്ടികളാണ് മുസ്ലിങ്ങള്‍ക്ക് കാബിനറ്റ് നല്‍കിയിട്ടുള്ളതെന്നും കാണാം. എന്നാല്‍ ജനസംഖ്യാനുപാധികമായി അവരുടെ പ്രാതിനിധ്യം ഈ സംസ്ഥാനങ്ങളില്‍ പോലും അപര്യാപ്തമാണ്. ബിജെപി അധികാരത്തിലിരിക്കുന്ന 18 സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും ബിജെപിക്ക് മുസ്ലിം എംഎല്‍എമാരില്ല. അസം, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മണിപൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡിഷ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് മുസ്ലിം മന്ത്രിമാരില്ലാത്ത സംസ്ഥാനങ്ങള്‍. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത്. ഏഴു പേര്‍- ഫിര്‍ഹാദ് ഹകീം, ഗുലാം റബ്ബാനി, ജാവേദ് അഹ്മദ് ഖാന്‍, സിദ്ദീഖുല്ലാ ചൗധരി, അഖ്റുസ്സമാന്‍, യാസ്മിന്‍ സബിന, ഹുമയൂണ്‍ കബീര്‍ എന്നിവര്‍.കേരളത്തില്‍ വി അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിസഭയിലെ മുസ്ലിം അംഗങ്ങള്‍.
ജനസംഖ്യയുടെ 13 ശതമാനം മുസ്ലിംകള്‍ വസിക്കുന്ന ഡല്‍ഹിയിലെ ആപ് മന്ത്രിസഭയില്‍ ഒരു മുസ്ലിം മന്ത്രി മാത്രമാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള സംസ്ഥാനമായ യുപിയില്‍ ഒറ്റ മുസ്ലിം മന്ത്രി മാത്രമേയുള്ളൂ.- ഡാനിഷ് ആസാദ് അന്‍സാരി. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.
English Summary: In a first, no Muslim takes oath as minister