ആരാണ് ബൈജൂസിന്റെ ആ നിഗൂഡ ഇടനിലക്കാരന്‍, രൂപിന്‍ ബാങ്കര്‍? ബൈജൂസിന്റെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നത് ഈ മംഗലാപൂരം സ്വദേശിയാണെന്നാണ് തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. ബൈജൂസിന്റെ പേരിലുള്ള 10,400 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 4650 കോടി രൂപ കാണാതായതിനു പിന്നിലും ഈ പേര് പ്രധാനമായി തന്നെയുണ്ട്.
മംഗലാപുരത്തെ ഒരു പ്രധാന കുടുംബാംഗമാണ് രൂപിന്‍. ലണ്ടന്‍ ആസ്ഥാനമായുള്ള ഒ.സി.ഐ ലിമിറ്റഡ് എന്ന കമ്പനിയിലെ സ്ട്രക്ചറിങ് വിഭാഗത്തിന്റെ തലവനാണ്. കമ്പനിയിലെ ഇന്ത്യയിലേയും സൗത്ത് ഈസ്റ്റ് ഏഷ്യയിലേയും പ്രവര്‍ത്തനങ്ങളുടെ ചുമതല രൂപിനാണ്. ഈ കമ്പനിയെ ആണ് ബൈജൂസ് തങ്ങളുടെ വായ്പാതുകയുടെ സുപ്രധാനമായ ഒരു ഭാഗത്തിന്റെ വിനിയോഗത്തിന്റെ നടത്തിപ്പുകാരായി തിരഞ്ഞെടുത്തത്.
ന്യൂയോര്‍ക്കിലെ കോടതി രേഖകളനുസരിച്ച് 2022 മാര്‍ച്ചില്‍ ഹാരിമാക്സ് കള്‍സള്‍ട്ടന്റ്സിന്റെ മാനേജിങ് പാര്‍ട്ട്നര്‍ ആയിട്ടുള്ള ബോര്‍ഗര്‍സെന്നിനെ രൂപിന്‍ ബാങ്കര്‍ ബന്ധപ്പെട്ടു. ഒ.സി.ഐയും ബൈജൂസും തമ്മിലുള്ള ഏകദേശം 2679 കോടി രൂപയുടെ (318 മില്യണ്‍ ഡോളര്‍) ഇടപാട് നടത്താന്‍ പറ്റുന്ന ഒരു സ്ഥാപനത്തെ തിരഞ്ഞെടുക്കാനായിരുന്നു ബോര്‍ഗര്‍സെന്‍-ന്റെ സഹായം രൂപിന്‍ ബാങ്കര്‍ക്ക് വേണ്ടത്. തുടര്‍ന്ന്, കോടതി രേഖകള്‍ അനുസരിച്ച്, ബോര്‍ഗെര്‍സെന്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ (എസ്.ഇ.സി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബെഞ്ച് മാര്‍ക്ക് ഇന്‍വെന്റ്മെന്റിന്റെ റോബര്‍ട്ട് ഫോര്‍ട്ടെയെയുമായി ബന്ധപ്പെടുകയും ബൈജൂസിന്റെ സാമ്പത്തിക ഇടപാടിന്റെ നടത്തിപ്പിനായി മയാമി ആസ്ഥാനമായുള്ള കാംഷാഫ്റ്റ് കാപിറ്റല്‍ ഫണ്ടിനെ ഏല്‍പ്പിക്കുകയും ചെയ്തു.
2024 സെപ്തംബര്‍ 23ന് ഡെലവെയര്‍ സുപ്രീം കോടതി 1.2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10400 കോടി രൂപ) വായ്പ തിരിച്ചടിക്കാതെ കുടിശിക വരുത്തിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചതോടെ ഉയര്‍ന്ന് വന്ന സുപ്രധാന ചോദ്യം ബൈജൂസ് ആല്‍ഫ എന്തിനാണ്, എങ്ങനെയാണ് നൂറുകണക്കിന് കോടി രൂപ അഥവാ ദശലക്ഷക്കണക്കിന് ഡോളര്‍, പാന്‍കേക്ക് വില്പനക്കടയായ ഐ.എച്ച്.ഒ.പിയില്‍ ഓഫീസ് വച്ച് നടത്തുന്ന ഒരു ഹെഡ്ജ്ഫണ്ട് സ്ഥാപനത്തെ ഏല്‍പ്പിച്ചത് എന്നതാണ്. ഈ ഇടപാടുകളൊക്കെ നടത്തിയെന്ന് കരുതപ്പെടുന്ന രുപിന്‍ ബാങ്കര്‍ എന്നയാളിലേയ്ക്ക് ശ്രദ്ധ വരുന്നത് അങ്ങനെയാണ്.
രൂപമില്ലാത്ത രൂപിന്‍
രൂപിന്‍ ബാങ്കറുടെ ഒരു ഫോട്ടോ പോലും അദ്ദേഹത്തിന്റെ കമ്പിനിയുടെ വെബ്സൈറ്റിലോ ഇന്റര്‍നെറ്റിലെങ്ങുമോ ഇല്ല. ഒരിക്കല്‍ മംഗലാപുരത്ത് വലിയ ബിസിനസുകാരനായിരുന്ന ഹേമന്ത്ബാങ്കറുടെ മകനാണ് രൂപിന്‍ ബാങ്കര്‍. ബാങ്കര്‍ കുടുംബത്തിന്റെ ചരിത്രം തപ്പിയെടുക്കാന്‍ അസാധ്യമാം വിധം ഇരുളിലാണ്. അവരുടെ കുടുംബത്തിലെന്തോ പ്രതിസന്ധിയുണ്ടായി എന്നും അവര്‍ പിന്നീട് മുംബൈയിലേയ്ക്ക് താമസം മാറിയെന്നും അയല്‍ക്കാര്‍ പറയുന്നു.
കുടുംബത്തിന്റെ മംഗലാപുരത്ത് നിന്നുള്ള മാറ്റത്തിന് ശേഷം രൂപന്‍ ബാങ്കറെ കുറിച്ച് നമുക്ക് ലഭ്യമായ വിവരമെല്ലാം കോടതി രേഖകളില്‍ നിന്ന് കൂട്ടിയോജിപ്പിച്ചവയാണ്. 2018-ല്‍ മുംബൈയിലെ ഒരു കെട്ടിട നിര്‍മ്മാതാവ് അയാളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് രൂപിന്‍ ബാങ്കര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രഭാദേവി പ്രദേശത്ത് 2011-ല്‍ 8.5 കോടി രൂപയ്ക്ക് ഒരു വസ്തു രൂപിന്‍ ബാങ്കര്‍ വാങ്ങിയിരുന്നു. അതിന് ഏഴു കോടി രൂപ പണം നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍മ്മാണം നിയമക്കുരുക്കില്‍ പെട്ട് തടസപ്പെട്ടപ്പോള്‍ മൂന്ന് ക്രിമിനലുകള്‍ക്ക് ഒന്നര കോടി രൂപ നല്‍കി കെട്ടിട നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി തനിക്കുള്ള നഷ്ടപരിഹാരമായി 11 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്.
കാപ് ടേബ്ളില് ലഭിച്ച രേഖകളിലുള്ള, 2022-ലെ ഒരു ദുബായ് കോടതി നോട്ടീസ് പ്രകാരം, ബാങ്കര്‍ ദുബായില്‍ വ്യാജരേഖകളുണ്ടാക്കി മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ കൈലാഷ് അഗര്‍വാളിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 35 കോടി രൂപ തട്ടിയെടുത്ത കേസില്‍ രൂപിന്‍ ബാങ്കര്‍ പ്രതിയാണ്. പിന്നീട് ദുബായോ തായ്ലാന്‍ഡോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക വ്യക്തി വിജയ് ഷെട്ടിയുമായി ചേര്‍ന്ന് ഈ കേസ് പിന്‍വലിക്കാന്‍ ബാങ്കര്‍ ഭീഷണിപ്പെടുത്തിയെന്ന് അഗര്‍വാള്‍ പിന്നീട് ആരോപിച്ചു. ആദ്യം ദുബായ് പോലീസിലും പിന്നീട് മുംബൈയിലെ വര്‍ളി സ്റ്റേഷനിലും അഗര്‍വാള്‍ പരാതി നല്‍കി. എന്നാല്‍ ബാങ്കര്‍ ആരോപിക്കുന്നത് അക്കാലത്തെ മുംബൈ പോലീസ് കമ്മീഷര്‍ പരം ബീര്‍ സിങ്ങ് തനിക്കെതിരെ വ്യാജ കേസ് ചുമത്തി 15 കോടി രൂപ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ്.
എന്തായാലും മുംബൈ ഹൈക്കോടതി ബാങ്കര്‍ക്കെതിരായ കേസ് തള്ളിക്കളഞ്ഞു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെയുള്ള പണം തട്ടിയെടുക്കാനുള്ള ശ്രമം സംബന്ധിച്ച കേസ് സി.ബി.ഐ അന്വേഷണം നടത്തിയ ശേഷം റദ്ദാക്കി.
കാപ്ടേബിളിന് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം പല വായ്പകളും രൂപിന്‍ ബാങ്കര്‍ തിരിച്ചടിച്ചിട്ടില്ല. പല ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ വസ്തുവഹകള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതാണ് യു.കെ ആസ്ഥാനമായുള്ള ഒ.സി.ഐ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയില്‍ ബൈജൂസില്‍ എത്തുകയും ഇന്ത്യയിലെ എഡ്യുടെക് മേഖലയുടെ അടയാളമായുന്ന സ്ഥാപനവും ഏതോ ഒരു പാന്‍കേക്ക് കടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും തമ്മില്‍ കോടാനുകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക ഇടപാടിന്റെ ഇടനിലക്കാരനാവുകയും ചെയ്ത ആളുടെ ബയോഡാറ്റ. Byju’s financial issues, who is Rupin Banker?
Content Summary; Byju’s financial issues, who is Rupin Banker?