July 08, 2026 |

മുഗള്‍ സ്മാരകങ്ങളിലെ അഞ്ചു വര്‍ഷത്തെ വരുമാനം 548 കോടി

ചരിത്രം മായ്ക്കാനും തല്ലിത്തകര്‍ക്കാനും ശ്രമങ്ങള്‍ തുടരുമ്പോള്‍

2014ൽ ബിജെപി അധികാരത്തിൽ വന്ന ശേഷം മുഗളന്മാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ രാജ്യത്ത് മുൻ കാലങ്ങളിലായി ഭരിച്ചിരുന്ന നിരവധി മുഗള ഭരണാധികാരികൾ നിർമ്മിച്ച ഏറ്റവും പ്രശസ്തവും ചരിത്രപ്രാധാന്യവുമുള്ള സ്മാരകങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാരിന് നേടിക്കൊടുത്ത വരുമാനം 500 കോടിയിലധികം രൂപയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.5 years, 2 Mughal monuments 548 crore in revenue 

ഏപ്രിൽ മൂന്നിന് സാംസ്‌കാരിക മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ താജ്മഹൽ, ന്യൂഡൽഹിയിലെ കുത്തബ്മിനാർ, ചെങ്കോട്ട, ആഗ്ര കോട്ട, മഹാരാഷ്ട്രയിലെ റാബിയ ദുറാനിയുടെ ശവകുടീരം എന്നിവ വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട മുഗൾ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട സ്മാരകങ്ങളാണെന്ന് വ്യക്തമാക്കുന്നു.

2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷങ്ങളിലായി ഈ സ്മാരകങ്ങളിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലൂടെ കേന്ദ്രസർക്കാർ കണ്ടെത്തിയത് 548 കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു. കൂടാതെ സ്മരകങ്ങളിലെ വിവിധ മേഖലകളിലായി നിരവധി ആളുകൾക്കാണ് തൊഴിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ സ്മാരകങ്ങളുടെ നിലനിൽപ്പിനും മറ്റുമായി ഇന്ത്യയുടെ ആർക്കിയോളജി വകുപ്പ് ചിലവഴിക്കുന്ന തുക വളരെ കുറവാണ്. 2023-24 വർഷത്തിൽ ആഗ്ര നഗരത്തിലെ സംരക്ഷിത സ്മാരകങ്ങളുടെ അറ്റകുറ്റ പണികൾക്കായി ആർക്കിയോളജി വകുപ്പ് 23.52 കോടി രൂപയാണ് നീക്കിവെച്ചത്. അതേസമയം ആ വർഷം താജ്മഹലിലെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് 98.5 കോടി രൂപയായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ ഭാര്യ മുംതാസ് മഹലിന് ആദര സൂചകമായി നിർമ്മിച്ച താജ്മഹൽ എന്ന ലോകാത്ഭുതം കാണാൻ രാജ്യത്തിനകത്തെ ആളുകളിൽ നിന്ന് 50 രൂപയും, വിനോദസഞ്ചാരികൾ 1,100 രൂപയും നൽകണം. താജ്മഹലിനുള്ളിലെ പ്രധാനശവകുടീരം കാണുന്നതിന് എല്ലാ സന്ദർശകരും പ്രത്യേകം 200 രൂപ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മുഗള്‍ സ്മാരകമായ താജ്മഹലില്‍ അഞ്ച് വര്‍ഷത്തിനിടെ 297.33 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

മുഗൾ കാലഘട്ടത്തിൽ നിർമിതമായ രാജ്യത്തെ ഏറ്റവും പ്രശസ്തമായ  രണ്ടാമത്തെ സ്മാരകമാണ് കുത്തബ് മിനാർ. ഔദ്യോഗിക കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 92.13 ലക്ഷം വിനോദസഞ്ചാരികളാണ് കുത്തബ് മിനാർ കാണാനെത്തിയത്. 63.74 കോടി രൂപയുടെ വരുമാനമാണ് സ്മാരകത്തിൽ നിന്ന് ലഭിച്ചത്.

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ മുഗൾ സ്മാരകമാണ് ചെങ്കോട്ട. ഔദ്യോഗിക കണക്കുകൾ പ്രകാരം, അഞ്ച് വർഷങ്ങളിലായി ഏകദേശം 90 ലക്ഷം വിനോദസഞ്ചാരികളാണ് കോട്ട കാണാൻ എത്തിയിട്ടുള്ളത്. 54.32 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ ചെങ്കോട്ടയിൽ നിന്നുണ്ടായിട്ടുള്ള വരുമാനം.

1639ൽ മുഗൾ ചക്രവർത്തി ഷാജഹാൻ കമ്മീഷൻ ചെയ്ത ചരിത്ര പ്രധാനമായ ഈ കോട്ട, 2014 മുതൽ ടിക്കറ്റ് വിൽപ്പനയിലൂടെ പത്ത് വർഷത്തിനിടെ 140 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ചരിത്രപ്രധാനമായ നാലാമത്തെ മുഗൾ സ്മാരകമാണ് ആഗ്ര കോട്ട. 2019 മുതൽ 2024 വരെ 69.61 ലക്ഷം വിനോദസഞ്ചാരികളാണ് ആഗ്ര കോട്ട കാണാനെത്തിയത്. ഇതിലൂടെ 64.84 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ആർക്കിയോളജി വകുപ്പിന്റെ കണക്കുകൾ പ്രകാരം 1565ൽ അക്ബർ ചക്രവർത്തി നിർമ്മിച്ച ഈ കോട്ടയിൽ നിന്നും 10 വർഷത്തിനിടെ രണ്ട് കോടി സന്ദർശകരിൽ നിന്നും 178.83 കോടി രൂപ ലഭിച്ചു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്ന റാബിയ ദുരാനിയുടെ ശവകുടീരമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ മുഗൾ സ്മാരകം. 1660ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മകൻ രാജകുമാരനായിരുന്ന അസം ഷാ തന്റെ അമ്മ ദിൽറാസ് ബാനു ബീഗത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം.

ബീബി കാ മഖ്ബറ എന്നും അറിയപ്പെടുന്ന ഈ സ്മാരകം 2019 മുതൽ 2024 വരെ 42.14 ലക്ഷം വിനോദസഞ്ചാരികളാണ് സന്ദർശിച്ചിരിക്കുന്നത്. ഈ കാലയളവിൽ 68.51 കോടി രൂപയുടെ വരുമാനമാണ് ബീബി കാ മഖ്ബറയിൽ നിന്നും ലഭിച്ചിട്ടുള്ളത്.

രാജ്യത്ത് നിരവധി മുഗൾ സ്മാരകങ്ങളാണ് നിലവിലുള്ളത്. അഞ്ച് വർഷങ്ങളിലായി ഇവയിലെ എല്ലാം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചിട്ടുള്ളത് 42 കോടി രൂപയിലധികമാണ്. മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങൾ സർക്കാരിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. എങ്കിലും ബിജെപിയും ഹിന്ദുത്വവാദികളും അവരുടെ രാഷ്ട്രീയത്തെ മുൻനിർത്തി പണ്ടത്തെ ഇസ്ലാമിക ഭരണാധികാരികൾ കൊള്ളക്കാരായിരുന്നു എന്നെല്ലാം നിരന്തരം ആരോപണം നടത്താറുണ്ട്.

1526 മുതൽ 1857 വരെ ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്നത് മുഗളരായിരുന്നു. എന്നാൽ അന്നത്തെ ചക്രവർത്തിമാർ നിർമിച്ച ചരിത്ര സ്മാരകങ്ങൾ തകർക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.5 years, 2 Mughal monuments 548 crore in revenue 

Content summary; In just five years, five Mughal-era monuments in India generated more than Rs 548 crore in revenue

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×