പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 മിനിട്ടോളം ഓട്ടോയില്‍ യാത്ര. അവിടെ നിന്ന് ടാറിട്ട റോഡില്‍ നിന്ന് ചരല്‍ വിരിച്ച മണ്‍പാതയിലേക്ക് ഇറങ്ങി. നേരത്തെ വയലായിരുന്ന ഇടമാണെന്ന് തോന്നുന്നു. അല്‍പം താഴ്ചയുള്ള പ്രദേശം. മണ്‍പാതയുടെ ആദ്യ വളവ് അവസാനിക്കുന്നിടം വരെയെ കണ്ണെത്തു. ആ ദുരത്ത് നിന്ന് തന്നെ നീല ടാര്‍പ്പ വലിച്ച് കെട്ടിയ ഇരുളടഞ്ഞ ആ വീട് കാണാം. മുറ്റത്തെ ചരലിലേക്ക് കാലുവച്ചപ്പോഴേക്കും ആരോ എത്തിനോക്കി പോയി. ആ കുഞ്ഞ് സിറ്റൗട്ട് കടന്ന് നേരെ അകത്തെ മുറിയിലേക്ക് കടന്നു. പറിഞ്ഞ് പോയ ഹൃദയം കൈയ്യില്‍ പിടിച്ച് അവിടെയുണ്ടായിരുന്നു ആ അമ്മ. ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതൃഭൂമി ക്യാമറാമാന്‍ മുകേഷിന്റെ അമ്മ.
സങ്കടത്താല്‍ മനസ് മരവിച്ചതിനാലാവാം വെറുതെ ഒരു നോട്ടം മാത്രം. പ്രത്യേകിച്ച് പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷെ ആ കണ്ണുകള്‍ ഇടയ്ക്കിടെ നിറയുന്നുണ്ടായിരുന്നു. അവസാന കാലം വരെ കൂടെയുണ്ടാവുന്ന് കരുതിയിരുന്ന, ജീവിതത്തിന്റെ എല്ലാമായിരുന്ന മകന്‍ ഇനിയില്ലെന്ന് ആ അമ്മ മനസ് ഇനിയും ഉള്‍കൊണ്ടിട്ടില്ല. ആ ഇരിപ്പ് തന്നെ നെഞ്ചുലയ്ക്കും. ദുഖങ്ങളും മരണവും മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന, ഒന്നും നിശ്ചയമില്ലാത്ത ജീവിത നൂല്‍പ്പാലത്തില്‍ ആ അമ്മ പെട്ടുപോയിട്ട് വര്‍ഷങ്ങള്‍ പലതായി. എന്നെങ്കിലും സന്തോഷത്തിന്റെ തണലിലേക്ക് എത്തിപ്പെടാമെന്ന പ്രതീക്ഷയുടെ നിലാവെട്ടമായിരുന്നു മുകേഷ്. അതും ഇല്ലാതായ ആ അമ്മയോട് എന്ത് ആശ്വാസ വാക്കാണ് പറയുക…
അമ്മ ദേവി
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുകേഷിന്റെ അച്ഛനുള്ളപ്പോള്‍ വെറും ഷെഡ് കെട്ടി താമസമാക്കിയതാണ് ഇവിടെ. പെട്ടെന്നാണ് കാന്‍സറിന്റെ രൂപത്തില്‍ അച്ഛനെ ദൈവം തിരികെ വിളിച്ചത്. അന്ന് മുകേഷിന് അഞ്ച് വയസാണ് പ്രായം. പൊടി കുഞ്ഞുങ്ങളായ മുകേഷും അനിയത്തിയും. ഇതിനിടെയാണ് ഇടയ്‌ക്കെങ്കിലും ആശ്രയമായിരുന്ന സഹോദരനെയും അകാലത്തില്‍ മരണം വന്ന് വിളിച്ചത്. സഹായിക്കാന്‍ പോയാല്‍ പൊടികുഞ്ഞുങ്ങളും ആ അമ്മയും ബാധ്യതയാവുമെന്ന തോന്നലിലാവും കുടുംബക്കാരാരും പിന്നെ ആ വഴിയ്ക്ക് വന്നിട്ടില്ല. പിന്നെയങ്ങോട്ട് ആ അമ്മ ഒറ്റയാള്‍ പോരാട്ടത്തിലായിരുന്നു. തയ്യലാണ് അറിയാവുന്ന ജോലി. രാവും പകലും മക്കള്‍ക്കായി അധ്വാനിച്ചു. ഇടയ്ക്ക് നാട്ടുകാരുടെയും പാര്‍ട്ടികാരുടെയും കാരുണ്യത്തില്‍ പണിതതാണ് ഇപ്പോഴത്തെ വീട്. മുകേഷ് എന്ന മകനെയും മാധ്യമ പ്രവര്‍ത്തന ജീവിതത്തെ കുറിച്ച് അമ്മ ദേവി അഴിമുഖത്തോട് സംസാരിക്കുന്നു.
എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവാം കുഞ്ഞിലെ മുതല്‍ എല്ലാത്തിനും അവന്‍ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു.തയ്യല്‍ കടയിലാണെങ്കിലും വീട്ടിലാണെങ്കിലും അതിന് വ്യത്യാസമൊന്നുമില്ല. എട്ടാം ക്ലാസില്‍ ആയപ്പോ തൊട്ട് ജോലിയ്ക്ക് പോയി തുടങ്ങി. കേബിള്‍ പണിയായിരുന്നു അത്. ആദ്യം സഹായിയായി കേബിളുകാരുടെ കൂടെ കൂടി. പിന്നെ ഓരോന്ന് പഠിച്ചെടുത്ത് സ്വന്തമായി തന്നെ ചെയ്യാന്‍ തുടങ്ങി. വീടിനടുത്തുള്ള പ്രൈമറി സ്‌കൂളിലും ഹൈസ്‌ക്കുളിലും തന്നെയായിരുന്നു മുകേഷ് പഠിച്ചതൊക്കെ. ജോലിയും പഠിത്തവും ഒരുമിച്ച് കൊണ്ട് പോവാന്‍ അന്നൊക്കെ അത്രയ്ക്കും കഷ്ടപ്പെട്ടിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പരപ്പനങ്ങാടിയിലെ കോര്‍പറേറ്റീവ് കോളജിലാണ് ചേര്‍ന്നത്. അതിനിടെ കുറച്ച് കാലം പൈസയില്ലാത്തോണ്ട് തുടര്‍ പഠനം നടന്നില്ലെന്നും അമ്മ ഓര്‍ത്തെടുക്കുന്നു.
അപ്പോഴും അനുജത്തിയുടെ പഠനം മുടങ്ങാതെയും വീട്ടിലെ കാര്യങ്ങള്‍ നന്നായി നോക്കാനും മുകേഷ് ശ്രദ്ധിച്ചിരുന്നു. പഠിക്കാന്‍ സാധിക്കാത്തതിലോ പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ചോ ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കും. ഇക്കാലമത്രയും അതായിരുന്നു മുകേഷിന്റെ പ്രകൃതം. മുകേഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഉള്ള പൈസയൊക്കെ കൂട്ടിപ്പെറുക്കി ഏറെ താല്‍പ്പര്യമുള്ള മള്‍ട്ടി മീഡിയ കോഴ്‌സ് പഠിക്കാന്‍ പോവുന്നത്. അക്കാലത്താണ് കേബിള്‍ ടീം കേബിള്‍ ചാനലായ ഫോക്കസ് ടീവി തുടങ്ങിയത്. മുകേഷിനെയും അവന്റെ ബുദ്ധിമുട്ടികളും അറിയുന്നത് കൊണ്ട് അവര്‍ ആദ്യം വിളിച്ചതും മുകേഷിനെ തന്നെയാണ്. കോഴ്‌സില്‍ പഠിച്ചതൊക്കെ അവിടെയാണ് മുകേഷ് ആദ്യമായി പരീക്ഷിച്ചത്. ലൈറ്റിങ് മുതല്‍ ചാനലിലെ എല്ലാകാര്യങ്ങളും അന്ന് അവിടെ ചെയ്തിട്ടുണ്ടായിരുന്നു. അതായിരുന്നു പത്രപ്രവര്‍ത്തനത്തിലെ മുകേഷിന്റെ ആദ്യ കളരി.
എന്റെ മോനെ പോലെ ഒരാളെ ആര്‍ക്കും ഒരിക്കലും കിട്ടില്ല മോളെ, അത്രയ്ക്കു നല്ലവനായിരുന്നു. അത്ര കഷ്ടപ്പെട്ട് കഴിയുമ്പോഴും ഇവിടെ ആര്‍ക്കേലും വയ്യാന്ന് കേട്ടാല്‍ ശബളത്തിന് എന്തേലും അവര്‍ക്ക് കൊടുക്കും. അല്ലേല്‍ എന്നെ ഏല്‍പ്പിക്കും. ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്.
അവന്‍ ജോലി ചെയ്യാന്‍ തുടങ്ങിയേ പിന്നെ എനിക്ക് പിന്നെ പണിയ്ക്ക് പോവേണ്ടി വന്നിട്ടില്ല. അന്ന് പണി നിര്‍ത്തിപ്പിച്ചതാണ്. അവനിവിടെ ഇല്ലാത്തപ്പോ കൂട്ടുകാരെ പറഞ്ഞ് വീടും. ഞാന്‍ വീണ്ടും തയ്യല്‍ കടയില്‍ പോയോന്ന് നോക്കാന്‍. അത്രയ്ക്ക് കാര്യമായിരുന്നു. മുഷിഞ്ഞ ഡ്രസ് പോലും ഇടാന്‍ എന്നെ സമ്മതിക്കില്ലായിരുന്നു.
വീടാകുമ്പോള്‍ പണിയൊക്കെ കാണില്ലേ. അങ്ങനെ എടുക്കാണെങ്കിലും അമ്മ എന്ത് ചെയ്യാ? അത്ര ചെയ്താ മതിയെന്ന് എന്റെ മോന്‍ എപ്പോഴും പറയായിരുന്നു. എല്ലാവരുടേം കൂടെ മാത്രമേ അവന്‍ ഭക്ഷണം കഴിക്കു. എല്ലാവര്‍ക്കും ഒപ്പം ഇരുന്ന് കഴിക്കണം. അതവന് നിര്‍ബന്ധമായിരുന്നു. അവസാനം ഇക്കൊലം വീട് പണി ആരംഭിക്കണമെന്ന് പറഞ്ഞതാണ്. വീട് നാശയല്ലോ, ഇതില്‍ കിടന്നാവുമല്ലോ എന്റെ അവസാനമെന്ന് ഞാന്‍ പറഞ്ഞാരുന്നു. പക്ഷെ ഒടുവില്‍ എനിക്ക് പകരം അവനെയാണല്ലോ അങ്ങനെ കാണേണ്ടി വന്നത്…ശേഷം അമ്മ പറഞ്ഞത് മുകേഷിന്റെ ജീവിതത്തെ കുറിച്ചാണ്. വീട് വയ്ക്കുക മുകേഷിന്റെ വലിയ സ്വപ്‌നമായിരുന്നു. എന്റെയും ആഗ്രഹം ആയിരുന്നു അത്. അതുകൊണ്ട് കൂടിയാവാം, വീട് വച്ചിട്ട് മതി കുഞ്ഞുങ്ങള്‍ എന്ന് അവന്‍ പറഞ്ഞത്.
ജീവനായ കാമറ
ഫോട്ടോയെടുക്കുന്നതും കാമറയുമൊക്കെ മുകേഷ് കുട്ടിക്കാലം മുതലേ ജീവനായിരുന്നുവെന്ന് അമ്മ ദേവി പറയുന്നു. ആ ഇഷ്ടം കൊണ്ടാണ് ക്യാമറാമാനായി ജോലിയ്ക്ക് പോയത്. ഏറ്റവും നല്ലത് വേണം പകര്‍ത്താനെന്ന് എപ്പോഴും പറയുമായിരുന്നു. എന്ത് കിട്ടിയാലും കാമറയില്‍ പകര്‍ത്താനായിരുന്നു മുകേഷിന് ഇഷ്ടം. അതും ഏറ്റവും നല്ലത്. മറ്റാര്‍ക്കും കിട്ടാത്ത രീതിയില്‍ ഷൂട്ട് ചെയ്യാന്‍ പറ്റണം എന്നൊക്കെയാണ് എപ്പോഴും പറഞ്ഞിരുന്നത്. അതിന് വേണ്ടി എന്ത് റിസ്‌കും എടുക്കും.
ക്യാമറയും ആ ജോലിയുമൊക്കെ ഭ്രാന്തമായി ഇഷ്ടപ്പെട്ടിരുന്നു അവന്‍. അതുപോലെ തന്നെ എഴുതാനും ഇഷ്ടമാണ്.
ജേണലിസം പഠിക്കാന്‍ ഡിഗ്രി വേണം. ജോലിയും ജീവിത പാച്ചിലും അതിന് തടസ്സം നിന്നു. കോര്‍പറേറ്റീവ് കോളജിലെ ബിരുദപഠനം പൂര്‍ത്തിയായിട്ടില്ല. ഇനിയും ഒരു വിഷയം കൂടി എഴുതിയെടുക്കാനുണ്ട്. ഈ ഓട്ടത്തിനിടെ അതിനുള്ള സമയവും പൈസയുമൊന്നും ഉണ്ടായില്ല. പരീക്ഷയുടെ തലേന്നൊക്കെയാണ് ഏട്ടന്‍ ബുക്ക് നോക്കിയിരുന്നത്. ഭക്ഷണം കഴിക്കുമ്പോ വരെ ഞാന്‍ വായിച്ചുകൊടുക്കും. അതൊക്കെ കേട്ടിട്ടാണ് പരീക്ഷയ്ക്ക് പോയിരുന്നത്. അല്ലാതെ പഠിക്കാറില്ലായിരുന്നു. അത്രയ്ക്ക് സമയമില്ലായിരുന്നു അന്ന്. ഇനി ഒരു പേപ്പറുകൂടി ഉണ്ട് കിട്ടാന്‍. അതും കൂടേ കിട്ടിയിട്ട് വേണം ജേണലിസം കോഴ്‌സ് എടുക്കാനെന്ന് എപ്പോഴും പറഞ്ഞിരുന്നു- അമ്മയുടെ വാക്കുകള്‍ പൂരിപ്പിച്ചത് അനുജത്തി അമ്മുവാണ്. അനുജത്തി അമ്മുവിനെ പഠിപ്പിച്ചതും വിവാഹം നടത്തികൊടുത്തതുമെല്ലാം മുകേഷ് തന്നെയാണ്. അമ്മുവിന്റെ മക്കള്‍ക്ക് വാങ്ങിവച്ച സമ്മാനങ്ങള്‍ കൊടുക്കാതെയാണ് മുകേഷ് യാത്രയായതും. അമ്മു പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും അമ്മ ഏതോ മൂകതയിലാണ്ടിരുന്നു.
വീണ്ടും പറഞ്ഞ് തുടങ്ങിയത് മാതൃഭുമികാലത്തേ കുറിച്ചാണ്. ഫോക്കസ് ടിവിയിലെ ജോലിയുമായി കുറേക്കാലം പോയി. അതിനിടെയാണ് മാതൃഭൂമിയില്‍ ജോലി കിട്ടിയത്. ആദ്യം കോഴിക്കോടായിരുന്നു പോസ്റ്റിങ്. പക്ഷെ പെട്ടെന്ന് തന്നെ ഡല്‍ഹിയിലേക്ക് മാറി. അന്ന് എല്ലാ ദിവസവും രണ്ടും മൂന്നും തവണ അവന്‍ എന്നെ വിളിക്കുമായിരുന്നു. ഞാന്‍ കഴിച്ചോ എന്ന് ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും. അതും മതിയാവാഞ്ഞിട്ട് കൂട്ടുകാരെയൊക്കെ പറഞ്ഞ് വിടും എന്റെ കാര്യം നോക്കിവരാന്‍. എന്റെ കൂടെ നില്‍ക്കാന്‍ വേണ്ടിയാണ് കോഴിക്കോടെക്ക് വീണ്ടും തിരികെ ജോലി ചോദിച്ചത്. പക്ഷെ കിട്ടിയത് പാലക്കാടാണ്. അപ്പോഴും ഇടയ്ക്കിടെ എന്നെ വന്ന് കാണാമല്ലോ എന്നായിരുന്നു അവന്റെ ആശ്വാസം. ഇപ്പോ തോന്നുന്നു അത് വേണ്ടായിരുന്നുവെന്ന്. ഡല്‍ഹിയില്‍ ആയിരുന്നെങ്കില്‍ അവന്‍ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ. ഡല്‍ഹിയിലായിരുന്നപ്പോ എന്നെയും അനിയത്തിയെയും എല്ലാം അവിടെ കൊണ്ടുപോയി നിര്‍ത്തിയിട്ടുണ്ട്. അവിടെയെല്ലാം കൊണ്ട് പോയി കാണിച്ചു തന്നു. ഒരാഴ്ചയോളമൊക്കെ അവിടെ നിന്നിട്ടുണ്ട് ഞങ്ങള്‍. ഇനി ആര് വരും, ആരാണ് എന്നെ കൊണ്ടുപോവുക. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍…
ഏറും പട്ടിണിയും രോഗങ്ങളുമായി ഒരു ഡല്‍ഹി കാലം
ഡല്‍ഹിയിലെ ജോലിക്കാലത്തും മുകേഷ് കുറേ ബുദ്ധിമുട്ടിയിട്ടുണ്ടെന്നാണ് അമ്മയും അനുയത്തിയും പറഞ്ഞത്. ഒരു ടൈഫോയിഡ് കാലത്ത് റിപ്പോര്‍ട്ടിങിന് പോയത് കുടിവെള്ളം കിട്ടാത്ത ഒരിടത്തായിരുന്നു. മൂന്ന് ദിവസമൊക്കെ വെള്ളവും ഭക്ഷണവുമൊന്നുമില്ലാതെ കഷ്ടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. അന്ന് ദാഹം സഹിക്കവയ്യാതെ അവന്‍ ഗതിമുട്ടി അവിടെ കണ്ട പെപ്പിലെ വെള്ളം കുടിക്കേണ്ടി വന്നു. വേറെ നിവര്‍ത്തി ഇല്ലായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ടൈഫോയ്ഡ് പിടിച്ചു. അന്ന് ഒറ്റമുറി ഫ്‌ളാറ്റിലായിരുന്നു കഴിഞ്ഞത്. രോഗം വന്ന് തളര്‍ന്ന മുകേഷിനെ അന്ന് സഹായിച്ചത് തൊട്ടപ്പുറത്ത് താമസിച്ചിരുന്ന രണ്ട് നഴ്‌സുമാരായിരുന്നു. അവര്‍ കോട്ടയത്തുള്ളവരാണ്. ടൈഫോയിഡിനൊപ്പം തന്നെ മഞ്ഞപ്പിത്തവും പിടിച്ച മുകേഷിനെ അവരാണ് നിര്‍ബന്ധിച്ച് നാട്ടിലേക്ക് തിരികെ അയച്ചത്. നാല് മാസത്തോളം റെസ്റ്റ് എടുത്തിട്ടാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
പിന്നെ കര്‍ഷക സമരകാലത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഏറൊക്കെ കൊണ്ടിരുന്നു. ഇതിനിടെ സുഹൃത്തായിരുന്ന ടിഷയെ ജീവിത പങ്കാളിയാക്കി. ടിഷയ്‌ക്കൊപ്പമായിരുന്നു പിന്നെ ഡല്‍ഹിയിലേക്ക് പോയതും.
ഡല്‍ഹിയില്‍ നിന്ന് വന്ന ശേഷം ആനകളുടെ പിന്നാലെയായിരുന്നു മുകേഷിന്റെ കാമറ സഞ്ചരിച്ചത്. ഇടുക്കിയിലെ അരികൊമ്പന്‍, പാലക്കാട് ധോണിയിലെ കാട്ടാനകൂട്ടമൊക്കെ കാമറിയില്‍ പകര്‍ത്തി. ഇടുക്കിയില്‍ വച്ച് കാട്ടാന ഓടിച്ച സംഭവവും മുകേഷ് പറഞ്ഞതായി അമ്മ ഓര്‍ക്കുന്നു. ആനയൊക്കെ എങ്ങനെ എപ്പോ പെരുമാറുമെന്ന് അറിയില്ലല്ലോ. അതിനുള്ള പരിശീലനമൊന്നും കിട്ടിയിട്ടില്ല. അറിയുന്ന പാപ്പാന്‍മാരെയൊക്കെ വിളിച്ച് അവന്‍ സംസാരിക്കും. അതനുസരിച്ചാണ് ഓരോയിടത്തും പോയിരുന്നത്. അല്ലാതെ പ്രത്യേകിച്ച് മുന്‍കരുതലൊന്നും ഉണ്ടായിരുന്നില്ല. അരികൊമ്പന്റെ വാര്‍ത്ത അന്ന് മുഴുവന്‍ അത്രയും കാര്യമായി വന്നത് മാതൃഭൂമിയില്‍ മാത്രമായിരുന്നു. അതില്‍ അവന് വലിയ സന്തോഷമായിരുന്നുവെന്നും അമ്മ അഭിമാനത്തോടെ പറഞ്ഞു.
അവസാന യാത്ര
അന്ന് മുകേഷ് ലീവ് ചോദിച്ചതാണ്. ടിഷയുടെ കുടുംബത്തിലെ ചടങ്ങിന് പോവാന്‍, പക്ഷെ കിട്ടിയില്ല. പാലക്കാട് മുകേഷ് മാത്രമായിരുന്നു ക്യാമറമാന്‍. ലീവ് എടുക്കണമെങ്കില്‍ വേറെ ആരെലും മുകേഷ് തന്നെ ശരിയാക്കണം. അതായിരുന്നു രീതി. പക്ഷെ അന്ന് അവന്റെ ലീവ് ക്യാന്‍സലായിന്നാണ് അറിഞ്ഞെ. രാത്രി വിളിച്ചപ്പോ വെളുപ്പിന് ആനയുടെ റിപ്പോര്‍ട്ടിങിന് പോവുന്നതിനെ കുറിച്ചാണ് പറഞ്ഞത്. ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ ഇത്ര സമയം ജോലി ചെയ്താ മതിന്നൊക്കെ ഉണ്ടായിരുന്നു.
ഇവിടെ എത്തിയപ്പോ അതൊക്കെ മാറി. ലീവ് കിട്ടാനും വിഷമമായി. ഇത്തവണ വിഷുവിന് ലീവില്ലാത്തോണ്ട് ഞങ്ങള്‍ പാലക്കാടേക്ക് പോയി. ഒരാഴ്ചയ്‌ത്തേക്ക് അവന്‍ ഞങ്ങളെ വിളിച്ചതാണ്. വിഷുവിന്റെ അന്ന് കൂടെ ഉണ്ണുന്നതിനിടെ വിളി വന്നിട്ട് അവന്‍ എഴുന്നേറ്റ് പോയി. സിനിമയ്ക്ക് പോയപ്പോഴും ഇത് തന്നെയായിരുന്നു. കണ്ടോണ്ട് ഇരിക്കുന്നതിനിടെ ഫോണുമായി പോയി. പിന്നെ ഞങ്ങളെ തിരികെ കൊണ്ടാക്കാനാണ് വന്നത്. അടുത്ത് തന്നെ കോഴിക്കോടേക്ക് തിരികെ കിട്ടുമെന്ന് പറഞ്ഞ് ഇരിക്കാരുന്നു. അതോടെ വീട്ടിലേക്ക് ഓടി വരാലോ എന്നും പറഞ്ഞിരുന്നു. പക്ഷെ ആ വരവ് ഇങ്ങനെയായി…
മരണ ശേഷം തേടിയെത്തിയ ആദരം
എറണാകുളം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ സ്മാരക പുരസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രത്യേക ജൂറി പരാമര്‍ശം ഇത്തവണ മുകേഷിന്റെ ദൃശ്യങ്ങള്‍ക്കാണ് ലഭിച്ചത്. ജീവിച്ചിരുന്നെങ്കില്‍ മാധ്യമ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായി മാറുകയെന്ന മുകേഷിന്റെ സ്വപ്‌നത്തിലേക്കുള്ള കാല്‍വയ്പ് ആവുമായിരുന്നു ആ പുരസ്‌കാരം. ഇന്നലെ നടന്ന ചടങ്ങില്‍ ഭാര്യ ടിഷയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മത്സരത്തിന് എത്തിയ എട്ട് എന്‍ട്രികളില്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്ന പാലക്കാട് ബാലന്റെ കഥ പറഞ്ഞുള്ള സ്റ്റോറിയുടെ ദൃശ്യങ്ങളാണ് ജൂറി പരാമര്‍ശം നേടിയത്.
English Summary: In memory of my best Son, Mother of Mathrubhumi News Cameraman AV Mukesh