അറിയാക്കഥകൾ പറഞ്ഞ് വിസ്മയിപ്പിച്ച ഗോപാലകൃഷ്ണൻ

ടെൻസിംഗിനെ ഉപദേശിച്ചയാൾ കുന്ദനെ അറിഞ്ഞവൻ

അറിയാകഥകൾ പറഞ്ഞു രസിപ്പിച്ച ഒരു എഴുത്തുകാരനായിരുന്നു ഗോപാലകൃഷ്ണൻ. വൈക്കം മുഹമ്മദ് ബഷീറിനേയും ഡി സി കിഴക്കേമുറിയേയും, കവി പി. കുഞ്ഞിരാമൻ നായരേയും. ഇന്ത്യൻ റെയിൽവയേയും കുറിച്ച് ആരും പറയാത്ത കഥകൾ നമുക്ക് പറഞ്ഞു തന്ന് കടന്നുപോയ ഗോപാലകൃഷ്ണൻ്റെ ഓർമ്മ ദിവസമാണിന്ന്.

എൻ. ഗോപാലകൃഷ്ണൻ രസികനായിരുന്നു. എഴുതിയ കഥകൾ അതിലേറെ രസവും. കഥകൾ എന്ന് പറഞ്ഞാൽ ചെറുകഥയോ മിനിക്കഥയോ നീണ്ട കഥയോ അല്ല. ഗോപാലകൃഷ്ണൻ്റെ സ്വന്തം അനുഭവങ്ങളാണ്. 25 വർഷങ്ങൾപ്പുറം, 1998ലാണ് ഇന്ത്യൻ റെയിൽവേയിലെ ഉയർന്ന പദവിയിൽ നിന്ന് വിരമിച്ച അദ്ദേഹം കഥ പറയാൻ ആരംഭിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു കുറിപ്പിലൂടെയാണ് ഗോപാലകൃഷ്ണൻ മലയാള വായക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആളുടെ എഴുത്ത് കൊള്ളാമെന്ന് പറഞ്ഞ് വായനക്കാർ കൈയടിച്ചപ്പോൾ ഇപ്പോഴാണോ നിങ്ങൾ ഇയാളെ അറിയുന്നത്? എന്ന ഭാവത്തിൽ ഈ കഥാപാത്രം ആരാണെന്ന് തെളിച്ച് പറയാൻ ഡി.സി. കിഴക്കേമുറി രംഗത്തെത്തി. കോട്ടയത്ത് ഡിസി കിഴക്കേമുറിയറിയാത്ത ഒരു വിളക്കുകാൽ പോലും നിൽപ്പില്ല പിന്നെയാണോ? തൻ്റെ കുറിപ്പുകളിൽ ഡി.സി അദ്ദേഹത്തെക്കുറിച്ച് എഴുതിയപ്പോഴാണ് വായനക്കാർക്ക് ആളെ സ്വൽപ്പം മനസിലായത്. ഗോപാലകൃഷ്ണൻ ഒറിജിനൽ കോട്ടയംകാരൻ തന്നെ! ഡി.സി ഒരാളെക്കുറിച്ച് എഴുതുന്നത് വായിച്ചാൽ മതി ആളെ ശരിക്കും പിടി കിട്ടും. അദ്ദേഹം ഗോപാലകൃഷ്ണൻ്റെ ജാതകം തൻ്റെ ‘കറുപ്പും വെളുപ്പും’ പംക്തിയിൽ കൊണ്ടുവന്ന് വായനക്കാർക്ക് മുന്നിൽ നിരത്തി.

എൻ. ഗോപാലകൃഷ്ണൻ

“കോട്ടയംകാരനായ എൻ. ഗോപാലകൃഷ്ണൻ എന്ന ഗോപിയെ പഠിക്കുന്ന കാലം മുതൽ എനിക്കറിയാം. ചെറുപ്പത്തിലേ റെയിൽവേയിൽ ഉദ്യോഗം സ്വീകരിച്ചു. അവധിക്കു വരുമ്പോഴൊക്കെ ഞങ്ങൾ കാണാറുണ്ട്. കൂടക്കൂടെ എഴുതുകയും ചെയ്യും. സാഹിത്യം ഉൾപ്പെടെ എല്ലാം വായിക്കും. പഠിക്കും. നന്നായി എഴുതാനും കഴിയും. റെയിൽവേ ഡിവിഷണൽ മാനേജരായി ഉയർത്തപ്പെട്ടത് വളരെ മുമ്പാണ്. കൊൽക്കത്തയിൽ ഒടുവിൽ റെയിൽവേ ട്രൈബ്യൂണൽ അംഗമായി. ഹൈക്കോടതി ജഡ്‌ജിയുടെ സ്റ്റാറ്റസ്. ഏതാനും മാസങ്ങളേ ആയുള്ളൂ റിട്ടയർ ചെയ്തിട്ട്. ഇപ്പോൾ താമസം കോഴിക്കോട് ‘’ ഡി.സി എഴുതി.

ഗോപാലകൃഷ്ണൻ അധികമൊന്നും എഴുതിയില്ല. പക്ഷേ, എഴുതിയത് ചിലത് ഹെൻട്രി കഥകളെ ഓർമ്മിപ്പിക്കുന്ന ടിസ്റ്റ് ഉള്ളവയായിരുന്നു. അവ വായനക്കാർ താൽപ്പര്യത്തോടെ സ്വീകരിച്ചു എന്ന് വേണം പറയാൻ. ആദ്യത്തെ കുറിപ്പ് തന്നെ വായിച്ചാൽ നമ്മൾ ആശ്ചര്യം കൊണ്ട് ഹിമാലയ പൊക്കത്തിലെത്തും. ആ കഥ ഇങ്ങനെ:

80കളിൽ ഗോപാലകൃഷ്ണൻ കൽക്കട്ടയിൽ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടറായി പ്രവർത്തിക്കുകയാണ്. താമസം ഒരു ഏഴു നില ഫ്ലാറ്റിൽ. അങ്ങനെയിരിക്കെ ഒരു ദിവസം ഭാര്യയുമായി പുറത്ത് പോയി തിരിച്ച് വന്ന ഗോപാലകൃഷ്ണൻ ലിഫ്റ്റിൽ കയറാൻ ഭാവിക്കുമ്പോൾ അമ്പതിലധികം വയസ്സു തോന്നിക്കുന്ന ഒരാൾ ഒരു ടാക്സിയിൽ നിന്നിറങ്ങി അടുത്തേക്ക് നടന്നുവന്നു. ബംഗാളിലും ആസ്സാമിലുമൊക്കെ സാധാരണ കാണാറുള്ള മംഗോളിയൻ കലർപ്പുള്ള ഒരു മുഖ​ഛായയുള്ള ആൾ‘. ഒരു കൈയിൽ പെട്ടി മറ്റേ കൈയിൽ ബാഗ്.
“ബ്രിഗേഡിയർ കാക്ക് ഇവിടെയല്ലേ താമസിക്കുന്നത്?” പുഞ്ചിരിച്ചുകൊണ്ടയാൾ ചോദിച്ചു.

അദ്ദേഹം അതേ കെട്ടിടത്തിൽ തന്നെയാണ് താമസിക്കുന്നതെന്നും ആറാമത്തെ നിലയിലാണ് അദ്ദേഹത്തിൻ്റെ ഫ്ലാറ്റ് എന്നും ഗോപാലകൃഷ്ണൻ പറഞ്ഞപ്പോൾ വന്ന ആൾ പെട്ടിയും ബാഗും തൂക്കിക്കൊണ്ട് മുകളിലേക്കുള്ള സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നടന്നു.

ഗോപാലകൃഷ്ണൻ പെട്ടെന്ന് നടന്ന് അയാളുടെ ഒപ്പം എത്തി എന്നിട്ട് പറഞ്ഞു: “നോക്കൂ, ആറാമത്തെ നിലയിലാണ് ബ്രിഗേഡിയർ താമസിക്കുന്നത്. വാസ്തവത്തിൽ ഏഴെന്നുവേണം പറയാൻ. ഇപ്പോൾ നിൽക്കുന്ന ഈ ബെയ്സ്മെന്റ് കൂടാതെയാണ് ആറു നിലയുള്ളത്. താങ്കൾക്ക് ഈ ലിഫ്റ്റിൽ പോകാം.”

അയാൾ പറഞ്ഞു: “ഓ, വേണ്ട ഞാൻ പടികൾ കയറി പൊയ്ക്കൊള്ളാം.” എന്നു പറഞ്ഞു മുന്നോട്ടു നടന്നു. ഒരു പ്രാവശ്യംകൂടി ഗോപാലകൃഷ്ണൻ പറഞ്ഞു നോക്കി, ഫലമുണ്ടായില്ല. അയാൾ പടികൾ കേറി തന്നെ മുകളിലേക്ക് പോയി. ഗോപാലകൃഷ്ണനും പത്നിയും കൂടി ലിഫ്റ്റിൽ കയറി അവരുടെ ഫ്ലാറ്റിലേക്കു പോയി.

അന്ന് ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ ബ്രിഗേഡിയറുടെ ടെലിഫോൺ വന്നു. അന്നു രാത്രി ഡിന്നറിന് ഗോപാലകൃഷ്ണനേയും ഭാര്യയേയും അദ്ദേഹം വൈകീട്ട് ഒരു ഡിന്നറിന് ക്ഷണിക്കുന്നു. ഒന്നുമില്ല, കുറച്ച് പഴയ സുഹൃത്തുക്കൾ ഒത്തു കൂടുന്നു.

കൃത്യം ഏഴരമണിക്ക് ഗോപാലകൃഷ്ണനും പത്നിയും ബ്രിഗേഡിയറുടെ വീട്ടിലെത്തി അതിഥികളിൽ ഒന്നു രണ്ടു പേരൊഴിച്ച് എല്ലാവരേയും ഗോപാലകൃഷ്ണന് പരിചിതരാണ്. സുഹൃത്തുക്കളോടു സംസാരിച്ചുകൊണ്ടിരുന്ന ഗോപാലകൃഷ്ണൻ്റെ കൈ പിടിച്ച് ബ്രിഗേഡിയർ ഹാളിന്റെ മറ്റേ അറ്റത്തേക്കു കൂട്ടിക്കൊണ്ടു പോയി “വരൂ നമ്മുടെ മുഖ്യാതിഥിയെ പരിചയപ്പെടാം.”

അതിഥികൾക്കിടയിലൂടെ കൂട്ടിക്കൊണ്ടുപോയത് കാലത്തെ പെട്ടിയും ബാഗും തൂക്കിക്കൊണ്ടുവന്ന ആളുടെ അടുത്തേക്കായിരുന്നു. നടന്നടുക്കുന്നതിനിടയ്ക്ക് രാവിലെ അദ്ദേഹത്തെ കണ്ട കാര്യവും തൻ്റെ ഉപദേശം സ്വീകരിക്കാതെ പെട്ടിയും ബാഗും തൂക്കി അദ്ദേഹം ഗോവണികയറി പോയതിനെപ്പറ്റിയും ഒക്കെ ബ്രിഗേഡിയറോട് ഗോപാലകൃഷ്ണൻ പറയുകയുണ്ടായി.

“മുകളിലെത്തിയപ്പോൾ മൂപ്പർ വെള്ളം കുടിച്ചുകാണും” എന്നുകൂടെ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ബ്രിഗേഡിയർ അർത്ഥഗർഭമായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഗോപാലകൃഷ്ണൻ ചോദ്യഭാവത്തിൽ ബ്രിഗേഡിയറെ നോക്കി. ബ്രിഗേഡിയർ കാക്ക് ഒന്നും പറയാതെ രണ്ടുപേരേയും അന്യോന്യം പരിചയപ്പെടുത്തി ആദ്യം ഗോപാലകൃഷ്ണനാരാണെന്ന് അയാളെ പറഞ്ഞു മനസ്സിലാക്കി എന്നിട്ട് അയാളുടെ തോളിൽ കൈവെച്ചുകൊണ്ട് ബ്രിഗേഡിയർ കാക്ക് സ്വല്പം നാടകീയതയോടെ പറഞ്ഞു:

“മിസ്‌റ്റർ ടെൻസിംഗ് നോർഗേ!”

എവറസ്‌റ്റ് കൊടുമുടി കീഴടക്കിയ മനുഷ്യൻ!

29028 അടി മഞ്ഞുമല, എവറസ്റ്റ് കയറി,കീഴടക്കിയ ഇദ്ദേഹത്തോടാണ് ആറാം നിലയിലേക്ക് കോണിപ്പടികയറി പോകുന്നതിന്റെ ബുദ്ധിമുട്ടിനെപ്പറ്റി ഗോപാലകൃഷ്ണൻ ഉപദേശിച്ചത്.

ഗോപാലകൃഷ്ണൻ എഴുതി “ ഇനി ഊഴം എൻ്റെയായിരുന്നു, അപ്പുറത്തെ ടേബിളിലേക്ക് ചെന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് ഞാൻ കുടിച്ചു”. ടെൻസിംഗിനെ കയറ്റം കയറാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞ് മനസിലാക്കിയ ഏക മലയാളിയെന്ന പദവി അതോടെ ഗോപാലകൃഷ്ണന് ലഭിച്ചു. ഹിമാലയൻ ബ്ലണ്ടർ എന്ന് പേരിൽ ഗോപാലകൃഷ്ണൻ എഴുതിയ ഈ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥകൾ പോലെ തന്നെ അൽപ്പം നാടകീയതയും ഗോപാലകൃഷ്ണൻ തൻ്റെ ആകാരത്തിൽ പുലർത്തിയതും അറിയേണ്ട കാര്യമാണ്.

ടെൻസിംഗ് നോർഗേ

ഗോപാലകൃഷ്ണൻ്റെ ചെവിയിൽ ഒരു വില്ലുകടുക്കൻ. ചുരുട്ടിവച്ച മീശയുടെ രണ്ടറ്റവും വാർത്താ ശേഖരണത്തിനായി ഉള്ള ഏരിയൽ പോലെ മേലോട്ട് നിൽക്കും. അക്കാലത്ത് അത്തരമൊരാളെ തീവണ്ടിയിലോ വിമാനത്തിലോ കണ്ടു എന്ന് ആരെങ്കിലും പറഞ്ഞാൽ ഉറപ്പിക്കാം. ടിയാൻ തന്നെ. തിരിച്ചറിയാൻ ഒന്നു കൂടിയുണ്ട്. യാത്രയിൽ പുസ്തകം തലതിരിച്ചു പിടിച്ചാണു ഗോപാലകൃഷ്‌ണൻ വായിക്കുന്നത്. ദീർഘയാത്ര ചെയ്യുമ്പോൾ നാമൊരു പുസ്തകം വായിക്കാൻ തുടങ്ങിയാൽ ഇടത്തും വലത്തുമിരിക്കുന്നവരിൽ ഒരാളെങ്കിലും ‘ഓ, ഈ പുസ്തകം ഇറങ്ങിക്കഴിഞ്ഞോ? ഞാൻ ഇത് എവിടെയെല്ലാം അന്വേഷിച്ചു?” എന്ന കമന്റോടെ അതൊന്നു വാങ്ങി മറിച്ചുനോക്കും നമ്മുടെ 15 മിനിറ്റെങ്കിലും പോകും

.ഇത്തരം ശല്യങ്ങളില്ലാതിരിക്കാനാണ് ഗോപാലകൃഷ്ണൻ്റെ പുസ്തകം തലതിരിച്ച് പിടിച്ചുള്ള വായന ! അയൽ സീറ്റുകാരൻ ഒന്നു രണ്ടു തവണ പുസ്തകത്തിലേക്കും വായനക്കാരനിലേക്കും വായനക്കാരൻ്റെ വില്ലുകടുക്കനിലേക്കും ചുരുട്ടിവച്ച മീശയിലേക്കും മാറിമാറി നോക്കിയശേഷം ഒരു ‘വട്ട് കേസ് ‘എന്ന് തീരുമാനിച്ചു വേറൊരു സീറ്റിലേക്ക് മാറും. പുസ്തകം അങ്ങനെ തല തിരിച്ചു പിടിച്ചു വായിക്കാൻ കഴിയുമോ? ചോദ്യം ന്യായം. ഗോപാലകൃഷ്ണൻ്റെ ഉത്തരം അതിലും ന്യായമാണ്. നാലഞ്ചു തവണ ഒരാളെ കണ്ടു പരിചയമായാൽ പിന്നെ അയാൾ തലകുത്തി നിന്നാലും ഒറ്റ നോട്ടത്തിൽ ആളെ പിടി കിട്ടില്ലേ? പിന്നെ പരിചയമുള്ള അക്ഷരങ്ങൾ തലതിരിഞ്ഞ് നിന്നാലെന്താ? ‘അങ്ങനെ വായിക്കുമ്പോൾ പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു വായിക്കുക അങ്ങനെ വായിക്കുന്നതിൻ്റെ ടെക്നിക്കും ഇതാണ് ! ഗോപാലകൃഷ്ണൻ പറഞ്ഞു. ആർക്കും ഇത് പരീക്ഷിക്കാം!

കാഞ്ഞിരപ്പള്ളിയിൽ നിന്ന് വന്ന് കോട്ടയത്ത് നിലയുറപ്പിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായി മാറിയ ഡി.സി. കിഴക്കേ മുറിയായിരുന്നു അന്നും എന്നും അരാധ്യപുരുഷനും റോൾ മോഡലും. 1999 ജനുവരിയിൽ ഡി.സി. കിഴക്കേമുറി മരിച്ചപ്പോൾ ഒരു മകനെ പോലെ, 12 നാൾ പുല ആചരിക്കുകയും പുലകുളി കഴിഞ്ഞ് ഡി.സിക്ക് വേണ്ടി ബലിതർപ്പണം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു ഗോപാലകൃഷ്ണൻ. അത്ര ആത്മബന്ധമായിരുന്നു അവർ തമ്മിൽ. കൂടാതെ ‘ഡി.സി. എന്ന ഡൊമനിക്ക് ചാക്കോ,’ എന്നൊരു ഒരു ജീവചരിത്രം എഴുതി സമർപ്പണം നടത്തി. ഡി.സി കിഴക്കേമുറിക്കുള്ള ഗുരുദക്ഷിണ!

കോട്ടയം ടൗണിൽ കളിച്ച് വളർന്ന ഗോപാലകൃഷ്ണനും കൂട്ടുകാരും ശാസ്ത്രി റോഡിലെ YMCAയുടെ വിശാലമായ വരാന്തയിലാണ് തമ്പടിച്ചിരുന്നത്. മലയാളക്കരയിൽ സാസ്കാരിക-സാഹിത്യ വിപ്ലവത്തിന് തിരി കൊളുത്തിയ സി.ജെ തോമസും. സാഹിത്യ പ്രവർത്തക സംഘത്തിലൂടെ പുസ്തക വിപ്ലവം ആരംഭിച്ച ഡി.സി. കിഴക്കേ മുറിയും സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറും അന്ന് താമസിച്ചിരുന്നത് കോട്ടയത്തെ YMCA യിലാണ്. ഗോപാലകൃഷ്ണൻ ആ കാലത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്.

ഡി.സി കിഴക്കേമുറി

“അപ്പോഴാണ് പാലാഴി മഥനത്തിൽ ധന്വന്തരിയും അമൃതും വരെ ഉദ്‌ഗമിച്ചതുപോലെ ഡി.സി കിഴക്കെമുറി മുതൽ മുഹമ്മദ് ബഷീർ വരെയുള്ള ഗുരുഭൂതന്മാർ ഓരോരുത്തരായി YMCA ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്നിരുന്നത്. ആദ്യം പ്രത്യക്ഷപ്പെടുന്നത് ഡി.സി കിഴക്കെമുറിയായിരിക്കും. എന്നും ഒരേ സമയത്തുതന്നെ കൈയിൽ ഒന്നു രണ്ടു പുസ്തകങ്ങളോ കടലാസ്സുകളോ പിടിച്ചുകൊണ്ട് അദ്ദേഹം കോണിയിറങ്ങിവരും. ഇറക്കത്തിന്റെ താളംപോലും ഒരിക്കലും തെറ്റിയിരുന്നില്ല. പ്രാതൽ കഴിക്കാനുള്ള പുറപ്പാടാണ് അത്. ഒന്നുകിൽ വൈ.എം.സി.എ. റസ്‌റ്റോറന്റിലോ അല്ലെങ്കിൽ മത്തായിക്കുട്ടിയുടെ ബോട്ട് ഹൗസ് കഫേയിലോ ആയിരിക്കും. ഞങ്ങളോടെന്തെങ്കിലും പറയാതെ അദ്ദേഹം ഒരിക്കലും ഞങ്ങളെ കടന്നുപോയിരുന്നില്ല. മനുഷ്യരുമായി അകൽച്ച പാലിക്കാൻ ഡി.സിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഞങ്ങളിൽ ഓരോരുത്തരേയും നോക്കി മന്ദഹസിച്ചിട്ട്, ഡി.സി എന്തെങ്കിലും പറയും. “ഇന്നു സൂര്യൻ നേരത്തേയുദിച്ചോ? വളരെ നേരത്തെ ബഹളം കേട്ടു തുടങ്ങിയല്ലോ” എന്നൊരു ദിവസം. “നിങ്ങളീ നിലത്ത് ഒരിടത്തു തന്നെയിരിക്കാതെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറിമാറിയിരുന്നാൽ തൂത്തുവാരാൻ വരുന്നയാളുടെ പണി കുറഞ്ഞുകിട്ടും”

ഇനി സി.ജെ. തോമസിനെ കുറിച്ച്. “നേരത്തെ പറഞ്ഞ പാലാഴിമഥനത്തിൽ രണ്ടാമതായി ഉയർന്ന് വന്നത്. സി.ജെ തോമസ്സായിരുന്നു. വഴി തെറ്റിവന്നവനെ പോലെയായിരുന്നു അദ്ദേഹത്തിൻ്റെ നടപ്പ്. ഞങ്ങളെ നോക്കി പുഞ്ചിരിക്കും. “കളിയൊക്കെ കഴിഞ്ഞെങ്കിൽ ഇനി വീട്ടിൽ പോയി കുളിച്ചു വൃത്തിയാകൂ” എന്നു പറയും. “ഇന്ന് അവധിയാണ്. അവർ പറയും. “എങ്കിലും മറ്റു വല്ലതുമൊക്കെ വായിക്കാമല്ലോ.” ഞങ്ങളുടെ ഇരട്ടിയിലധികം പ്രായമുണ്ടായിരുന്ന സി.ജെയോട് ഞങ്ങൾക്കൊരുതരം വാത്സല്യമുണ്ടായിരുന്നു. അദ്ദേഹം അപാരബുദ്ധിമാനായിരുന്നെന്നു ഞങ്ങൾക്കെങ്ങനെയോ അറിയാമായിരുന്നു.

ഏറ്റവും മനോഹരവും ഹൃദ്യമായതും ഗോപാലകൃഷ്ണൻ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എഴുതിയതാണ്. പാലാഴിമഥനത്തിൻ്റെ ഏറ്റവുമൊടുവിലായിരുന്നല്ലോ അമൃത് പൊങ്ങിവന്നത്. അതുപോലെ ഏറ്റവും അവസാനം YMCA ഹോസ്റ്റലിൽനിന്നും ഇറങ്ങിവന്നിരുന്നത് ബഷീറായിരുന്നു. മുകളിൽനിന്നും പുറപ്പെടുന്നതിൻ്റെ ബഹളം തന്നെ താഴെയിരിക്കുന്ന ഞങ്ങൾക്കു കേൾക്കാമായിരുന്നു. കതകുവലിച്ചു തുറക്കുന്നതും നടിയ്ക്കുന്നതുമെല്ലാം അതിശക്തിയോടെയായിരുന്നു. ‘ബഷീർ വരുന്നുണ്ട്.’ ആരെങ്കിലും വിളിച്ചു പറയും. പവർകട്ട് കഴിഞ്ഞ് ലൈറ്റ് വരുമ്പോൾ “ലൈറ്റ് വന്നു.” എന്നു പറയുന്നതുപോലെ.

ബഷീർ കയ്യിൽ പണമുള്ളപ്പോൾ YMCA റസ്‌റ്റോറൻ്റ് നിന്ന് കട്ട്ലറ്റ് ഇത്യാദികൾ വാങ്ങി ഗോപാലകൃഷ്ണനും സംഘത്തിനും വിതരണം ചെയ്യും. കുട്ടികളെപ്പോലെ അവരുടെ വഴക്കുകളിൽ ഇടപെടുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു നേരമ്പോക്ക് ബഷീറിനുണ്ടായിരുന്നു.

ഒരു ദിവസം വൈകുന്നേരം ഗോപാലകൃഷ്ണനും സുഹൃത്ത് ജിമ്മുംകൂടെ കോട്ടയം വൈ.എം.സി.എ.യുടെ ഗേറ്റിനടുത്ത് നിൽക്കുമ്പോൾ YMCAയിൽനിന്ന് ബഷീർ കൊടുങ്കാറ്റു വേഗത്തിൽ ഓടിവന്നു. വലിച്ചുവാരിയുടുത്ത മുണ്ട്, കൈയിൽ ഒരു ഷർട്ട്, ഞങ്ങളുടെ അടുത്തുവന്ന് നിന്നിട്ട് ധൃതിയിൽ ഷർട്ട് ദേഹത്തിട്ടു.

വൈക്കം മുഹമ്മദ് ബഷീർ

ഞങ്ങളോട് വരിനെടാ എന്നു ഗർജിച്ചുകൊണ്ട് ബഷീർ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി. കോട്ടയം വൈ.എം.സി.എയുടെ മതിലിനോടു ചേർന്ന് കിഴക്കോട്ടു പോകുന്ന ഇറക്കത്തിൽ കൂടെയായിരുന്നു മൂപ്പരുടെ ഓട്ടം. ഈ ചെറിയ വഴിയാണ് പിന്നീട് വികസിച്ച് ശാസ്ത്രി റോഡായത്. അന്നത്തെ ആ വഴിയിലെവിടെയോ ചില തെരുവുപിള്ളേർ ഒരു പട്ടിയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നുവെന്ന് ആരോ ബഷീറിനോട് പറഞ്ഞു. ഈ പട്ടിയെ രക്ഷിക്കാനാണ് ബഷീർ പെട്ടെന്ന് വന്നത്. ഏറെ ദൂരം പോകും മുൻപ് ബഷീർ പട്ടിയെ കണ്ടു. മൂന്നാല് തെരുവ് പിള്ളേർ കല്ലെടുത്തെറിഞ്ഞും വടി കൊണ്ടടിച്ചും പട്ടിയെ കൊല്ലാൻ ശ്രമിക്കുകയാണ്. പട്ടിയുടെ പുറം കാലിൽ കയറ് കെട്ടിയിരിക്കുകയാണ്.

“ ദൂരെ നിന്ന് ബഷീർ അലറി.. നിറുത്തിനെടാ പിശാചുക്കളെ’. അത് കേട്ട് തെരുവുപിള്ളേർ സ്തംഭിച്ചുനിന്നു. ആ കാഴ്ച കണ്ടു നിന്ന ഗോപാലകൃഷ്ണൻ എഴുതി “ബഷീറിന്റെയും പട്ടിയുടെയും കണ്ണുകൾ തമ്മിലിടഞ്ഞ രംഗം ഇന്നും മറക്കാൻ സാധിക്കുന്നില്ല. ‘കരുണാമയനായ ദൈവംതമ്പുരാൻ’ എന്ന പ്രയോഗം ബഷീർ കുറേക്കാലം കഴിഞ്ഞാണ് ഉപയോഗിച്ചു തുടങ്ങിയത്. എങ്കിലും അന്ന് ബഷീറിൻ്റെ കണ്ണുകളിൽ നിറഞ്ഞുനിന്നത് ആ ദൈവം തമ്പുരാൻ്റെ കരുണ തന്നെയായിരുന്നു. പട്ടി കുറേനേരം ബഷീറിനെ നോക്കിനിന്നു. അടിയും ഏറുംകൊണ്ട് അടുക്കുന്ന ആരെയും കടിക്കാൻ തയ്യാറായിരുന്ന ആ പട്ടി ബഷീർ ശത്രുവോ മിത്രമോ എന്നറിയാൻ കുറച്ചു നിമിഷങ്ങൾ എടുത്തതിൽ അത്ഭുതപ്പെടാനില്ല. പിന്നെ അതു പതുക്കെ വാലാട്ടി. ബഷീർ പട്ടിയുടെ അടുത്തിരുന്ന് കാലിലെ കെട്ടഴിക്കാൻ തുടങ്ങി. വളരെ വിഷമിച്ചാണ് കെട്ടഴിച്ചത്. സ്വാതന്ത്ര്യം കിട്ടിയ പട്ടി ഓടിപ്പോയില്ല.

‘ബഷീർ കുട്ടികളോടു ചോദിച്ചു: ‘എന്തിനാടാ ഈ ദ്രോഹം ചെയ്യുന്നത്?’
ആ പട്ടിയെ കൊന്ന് മുനിസിപ്പാലിറ്റിയിൽ കൊടുത്താൽ ഒരു രൂപ കിട്ടുമെന്ന് കുട്ടികൾ പറഞ്ഞു. ബഷീർ നിശ്ശബ്‌ദനായി. രണ്ടു നിമിഷം ആ കുട്ടികളുടെ നേരെ നോക്കിനിന്ന ബഷീറിന്റെ മുഖത്ത് ഒട്ടുംതന്നെ കോപമുണ്ടായിരുന്നില്ല. ഹേമദണ്ഡനങ്ങളനുഭവിച്ച് മരണം കാത്തുനിന്ന പട്ടിയുടെ നേരെ നോക്കിയപ്പോഴുണ്ടായിരുന്ന അതേ ദുഃഖസമ്മിശ്രമായ കരുണരസമായിരുന്നു ബഷീറിൻ്റെ കണ്ണുകളിൽ “അത്രേയുള്ളോടാ. ഒരു രൂപായ്ക്കു പകരം നിങ്ങൾക്ക് ഞാൻ നാലു രൂപാ തരാം. ഓരോരുത്തനും ഓരോ രൂപാ.”

വലിയ മൂച്ചോടെ ഷർട്ടിൻ്റെ പോക്കറ്റിൽ കൈയിട്ടപ്പോൾ കിട്ടിയത് ഒരു ഒറ്റ രൂപാനോട്ടും കാൽരൂപയുടെ രണ്ട് തുട്ടു നാണയങ്ങളും മാത്രം. രണ്ടാമതും കൈയിട്ട് ശൂന്യതയെപ്പറ്റി ഉറപ്പുവരുത്തി. ഉള്ള പണം തെരുവുപിള്ളേരുടെ നേതാവിൻ്റെ കൈയിൽ കൊടുത്തിട്ട് ബഷീർ പറഞ്ഞു: “ഇപ്പോൾ ഇത്രേയുള്ളു. ഇതിരിക്കട്ടെ, നിങ്ങൾ കാശിനുവേണ്ടി കൊല്ലരുത്. ഇനിയും കാണുമ്പോൾ ഞാൻ കാശു തരാം. ” ഒരു അധമർണൻ വിനയത്തോടെയാണ് ബഷീർ ഇത്രയും പറഞ്ഞത്”. തെരുവുപിള്ളേർ പിരിഞ്ഞുപോയി.

ബഷീറിൻ്റെ ഓരോ ചലനവും നോക്കിക്കൊണ്ട് പട്ടിയും കൂടെ നടന്നു. അടുത്തുള്ള ഒരു വീട്ടിൽനിന്ന് ഒരു പാത്രത്തിൽ കുറച്ചു വെള്ളം വാങ്ങി. പോക്കറ്റിൽ കൈയിടാൻ തുടങ്ങിയ ബഷീർ അതു കാലിയാണെന്ന കാര്യം ഓർത്തു. ഒരു മടിയും കൂടാതെ ഗോപാലകൃഷ്ണൻ്റെയും കൂടെ നടന്ന കൂട്ടുകാരൻ്റെയും തൂവാലകൾ തട്ടിപ്പറിച്ച് വെള്ളത്തിൽ മുക്കി പട്ടിയുടെ ശരീരം മുഴുവൻ തുടച്ചു വൃത്തിയാക്കി ഓരോ കാലും പിടിച്ചുപൊക്കി വിരലുകളും നഖങ്ങളും വൃത്തിയാക്കി. വെള്ളത്തിന്റെ പാത്രം വീട്ടുകാരെ തിരിച്ചേല്പ്പ്പിച്ചിട്ട് ‘വാടാ പോകാം.’ എന്നു പറഞ്ഞ് വൈ.എം.സി.എ.യിലേക്കു മടങ്ങി. പെട്ടെന്നു നിന്നിട്ട് “വാടി കോതേ’ എന്നു പറഞ്ഞു. പട്ടിയും കൂടെ നടന്നു. ബഷീർ രക്ഷിച്ച ആ പട്ടിയുടെ കഥ തീരുന്നില്ല.

കോതപ്പട്ടിയെന്ന് ബഷീർ പേരിട്ട് വിളിച്ച ആ പട്ടി പിന്നീട് വളരെക്കാലം വൈ.എം.സി.എ.യുടെ വടക്കേ ഗേറ്റിനടുത്തു താവളമടിച്ചിരുന്നു. ബഷീർ വരുന്നതും പോകുന്നതുമൊക്കെ ദൂരെയുള്ള തെക്കേ ഗേറ്റിൽകൂടെയായിരുന്നു. പക്ഷേ, വാലാട്ടിക്കൊണ്ടു നില്ക്കുന്ന കോതയെ കണ്ടാലുടൻ മൂപ്പർ മെയിൻ റോഡിലിറങ്ങി അവിടെയുള്ള പച്ചിക്കൻസ് ബേക്കറിയിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്ന് അവൾക്കു കൊടുക്കുമായിരുന്നു.

ഗോപാലകൃഷ്ണൻ ആ കഥക്ക് ഇങ്ങനെ മനോഹരമായ വിരാമമിടുന്നു
‘1994 ജൂലായിൽ ബഷീർ നിര്യാതനായി. ബഷീർ അങ്ങു ചെന്നപ്പോൾ സ്വർഗ്ഗവാതില്ക്കൽ ആ കോതപ്പട്ടി കാത്തുനിന്നിട്ടുണ്ടായിരിക്കണം. അവൾ വാലാട്ടി സ്വാഗതം ചെയ്തപ്പോൾ ബഷീർ ‘ഹെടീ മിടുക്കി’ എന്നു പറഞ്ഞു കാണും.”.

“സംസ്കൃതത്തിന്റെയും ഔപചാരികതയുടെയും മണിമാളികയിലിൽനിന്നും ഭാഷയെ നിലത്തിറക്കി വഴിവക്കത്തിരുത്തിയതാണ് ബഷീറിൻ്റെ സംഭാവനയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയായിരിക്കാം. പക്ഷേ, ഞാനാദരിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രപഞ്ചവീക്ഷണത്തെയാണ്. പാത്തുമ്മായുടെ ആടിനെയും തിരുവനന്തപുരത്തെ സെൻട്രൽ ജയിലിനെയും കോട്ടയം വൈ.എം.സി.എ.യെയും സി.ജെ.തോമസിനേയും ഞങ്ങളെയും ബഷീറിനെത്തന്നെയും പൂർണപ്രപഞ്ചത്തിന്റെ സഥലകാല പശ്ചാത്തലത്തിൽ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് “അനന്തകോടി,’ ‘പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ’ തുടങ്ങിയ വാക്കുകൾകൊണ്ട് തൃപ്തിപ്പെടാതെ അതിലും വലിയ എന്തെങ്കിലുമുണ്ടോ എന്നു മൂപ്പർ തിരഞ്ഞുനടന്നിരുന്നത്. സകലതും നടക്കുന്നത് പ്രപഞ്ചത്തിലാണ്. “ ഗോപാലകൃഷ്ണൻ എഴുതി.

ചലച്ചിത്ര സംവിധായകൻ അരവിന്ദൻ ഗോപാലകൃഷ്ണൻ്റെ സംഘത്തിലെ ഒരംഗമായിരുന്നു. ഒരു ബീഡിയും വലിച്ച് ഒരു മൂലയിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന അരവിന്ദന് ‘സസ്യാസി’ എന്ന പേര് കൽപ്പിച്ച് നൽകിയത്. ഗോപാലകൃഷ്ണനാണ്. “വലിയലോകവും ചെറിയ മനുഷ്യർ” എന്ന പ്രശസ്ത കാർട്ടൂൺ പരമ്പരയുടെ ആദ്യ ചിത്രങ്ങൾ ഒരു ജിഗ്സോ പസിൽ പോലെ അരവിന്ദൻ്റെ മനസിൽ പ്രതൃക്ഷപ്പെട്ട് തുടങ്ങിയ കാലമായിരുന്നു അത്. അന്നേ വ്യക്തികളെ ഗഹനമായി നിരീക്ഷിച്ചിരുന്ന അരവിന്ദൻ ഒരിക്കൽ സ്വന്തം കയ്യിൽ നിന്ന് കാശ് ചിലവാക്കി ഗോപാലകൃഷ്ണനെയും കൂട്ടി ഏറ്റുമാനൂർ ബസ്സ് സ്റ്റാൻഡിൽ പോയി. അവിടെ പൽപ്പൊടി വിൽക്കുന്ന ഒരാൾ അത് വിളിച്ചു പറയുന്നത് കേൾക്കാനാണ് അരവിന്ദൻ ആ യാത്ര നടത്തിയത്. കുറെ നേരം കാത്ത് നിന്ന ശേഷം അയാൾ വിളിച്ച് പറഞ്ഞു തുടങ്ങി. ഒരക്ഷരവും ഒന്നും വ്യക്തമല്ല. ഒടുവിൽ അയാളുടെ പിറകിൽ അവർ കുറെ നേരം ചിലവഴിച്ചു. ഒരു ഭാഗം മാത്രം അവർക്ക് പിടി കിട്ടി. “ പതിവായ് പല്ല് തേക്കാഞ്ഞാൽ സംസാരിക്കുമ്പോൾ തെളിയാതെ വരും! പൽപ്പൊടി വാങ്ങുവിൻ”.!

ജി. അരവിന്ദൻ

പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രതൃക്ഷപ്പെട്ട് ഒരു ക്ലാസിക്ക് തന്നെയായി മാറിയ കാർട്ടൂൺ പരമ്പര അരവിന്ദൻ്റെ വലിയ ലോകവും ചെറിയ മനുഷ്യർ” രിൽ പ്രതൃക്ഷപ്പെട്ടവരെല്ലാം അരവിന്ദൻ പഴയ കാലത്ത് അടുത്തറിഞ്ഞ വ്യക്തികളാണ്. പേര് മാറ്റാതെ ഒരാളെ അരവിന്ദൻ അതിൽ അവതരിപ്പിച്ചു. ഗോപിയെന്ന പേരിൽ. ഗോപിയെന്നത് സാക്ഷാൽ ഗോപാലകൃഷ്ണൻ്റെ വിളിപ്പേരാണ്. ഈ കാർട്ടൂൺ പരമ്പര ആരംഭിച്ച കാലത്ത് ഗോപാലകൃഷ്ണൻ ഇന്ത്യൻ റെയിൽവേയിൽ ജോലി കിട്ടി കൽക്കട്ടയിലേക്ക് പോയി. കാർട്ടൂണിലെ കഥാപാത്രത്തിന് ഒരു ബംഗാളി ഭാര്യയെ അരവിന്ദൻ പടച്ചുണ്ടാക്കി ആ ഭാര്യയെക്കൊണ്ട് ഒരു കുട്ടിയേയും പ്രസവിപ്പിച്ചു. അന്ന് ഗോപാലകൃഷ്ണൻ അവിവിവാഹിതനായിരുന്നു. കൽക്കട്ടയിലേക്ക് ഗോപാലകൃഷ്ണൻ പോകാനൊരുങ്ങിമ്പോഴൊക്കെ ചില കോട്ടയംകാർ കള്ളച്ചിരിയോടെ ഗോപാലകൃഷ്ണനോട് ചോദിക്കും
‘മോനെ കാണാനാണോ?’

കൽക്കട്ടയിലെ ജീവിതത്തിൽ ഗോപാലകൃഷ്ണൻ ഒരിക്കൽ കൂടി അമ്പരന്ന മനോഹര സംഭവം മറ്റൊരു ഹെൻറികഥ പോലെ വിസ്മയത്തിൽ അവസാനിക്കുന്നതാണ്. ഗോപാലകൃഷ്ണനും സുഹൃത്തായ ജേക്കബ് ഫിലിപ്പും കൽക്കട്ടയിൽ താമസിച്ചിരുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് വലിയ ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു. അതിൻ്റെ ഒരു ജനൽപ്പടിയിൽ ദേവനാഗരി ലിപിയിൽ “ കുന്ദൻ” എന്ന് കൊത്തി വെച്ചിരുന്നു. ഒരിക്കൽ ആ വലിയ സൗധം ഗോപാലകൃഷണനും ജേക്കബ് ഫിലിപ്പും സന്ദർശിച്ചപ്പോൾ അവിടത്തെ കുടുംബനാഥനായ സുബോധിൻ്റെ പ്രായം ചെന്ന അമ്മയോട് അത് ചൂണ്ടിക്കാണിച്ച് ‘ കുന്ദൻ’- എന്താണത് ? എന്ന് ചോദിച്ചു.

കുന്ദൻ എന്നുകേട്ടപ്പോൾ അവരുടെ കണ്ണുകൾ വാത്സല്യം കൊണ്ടു വിടർന്നു, അവർ വാചാലയായി. കുന്ദനെ പറ്റി പറഞ്ഞു തുടങ്ങി “മോനേ അത് കുന്ദൻലാൽ അവിടെ എഴുതിവെച്ചതാകും. കുറേക്കാലം മുൻപ് കുന്ദൻലാലാണ് ആ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. എന്തു നല്ല മനുഷ്യനായിരുന്നു. പഞ്ചാബിലാണ് ജനിച്ചത്. ഇവിടെ വന്നപ്പോൾ ആരോ സുബോധിൻ്റെ അച്‌ഛനു പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ ഇവിടെ താമസമാക്കി. ഈ വീടും ഇവിടുത്തെ ആളുകളുമൊക്കെയായിട്ട് വളരെ അടുപ്പത്തിൽ ആയിരുന്നു. രാവിലെ തോട്ടത്തിലൊക്കെ ചുറ്റിനടക്കും. ബിഹാറികളായ തോട്ടക്കാരുമായി ഹിന്ദിയിൽ പലതും സംസാരിച്ചു രസിക്കും. എന്റെ കൂടെ, വന്നിരുന്നു ചായകുടിക്കുമ്പോൾ പഞ്ചാബിലെ പല കഥകളും ഐതിഹ്യങ്ങളുമൊക്കെ പറഞ്ഞുകേൾപ്പിക്കുമായിരുന്നു.

എല്ലാ സംഗതികളിലും ഒത്തുചേർന്നു പ്രവർത്തിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു കുന്ദൻലാൽ. ഇവിടെ ഫർണിച്ചർ. പോളീഷ് ചെയ്യാൻ ജോലിക്കാർ വന്നപ്പോൾ ഒരെണ്ണം എനിക്കും പോളിഷ് ചെയ്യണമെന്നു പറഞ്ഞു. അതാ ആ കാണുന്ന മേശ കുന്ദൻലാൽ ഏറ്റെടുത്തു. പോളിഷിങ് തൊഴിലാക്കിയിട്ടുള്ളവർ ചെയ്യുന്നതിലും ഭംഗിയായിട്ടാണ് കുന്ദൻലാൽ അതു ചെയ്തുതീർത്തത്. സുബോധിൻ്റെ അച്‌ഛനുവേണ്ടി ഒരു ദിവസം അഞ്ചാറു പേജ് കുന്ദൻലാൽ ടൈപ്പ് ചെയ്തുകൊടുത്തു. എന്നെ ‘മാ’ എന്നാണ് വിളിച്ചിരുന്നത്. സാധാരണ പഞ്ചാബികളെപ്പോലെ ‘മാജി’ എന്നായിരുന്നില്ല. പിന്നൊരു കാര്യം. ബാഡ്‌മിന്റണിൽ കുന്ദൻലാലിനെ ആർക്കും തോല്പ്‌പിക്കാൻ കഴിയില്ല. എൻജിനീയറിങ് കോളേജിൽ ചാമ്പ്യനായിരുന്ന സുബോധിൻ്റെ അച്‌ഛനെപ്പോലും കുന്ദൻലാൽ തോൽപ്പിക്കുമായിരുന്നു” .

കെ.എൽ. സൈഗൾ

വാചാലയായ ആമ്മയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട് കൊണ്ടിരുന്ന ഇരുവരും അപ്പോഴറിഞ്ഞില്ല ഇനി അറിയാൻ പോകുന്നത് തങ്ങൾ കേൾക്കാൻ പോകുന്നത്, ഏവരെയും വിസ്മയിപ്പിച്ച ഒരാളുടെ ആരും അറിയപ്പെടാത്ത ജീവിതത്തിലെ ചില ഏടുകളാണെന്ന്. ഒടുവിൽ ആ നിമിഷമെത്തി. ആ അമ്മ പെട്ടെന്ന് ഒന്ന് നിറുത്തി എന്നിട്ട് പറഞ്ഞു. കുന്ദൻലാൽ സാമാന്യം നന്നായി പാടുമായിരുന്നു. ഒന്നു രണ്ടു പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടു പോലുമുണ്ട്. എന്നിട്ട് അകത്തേത് നോക്കി വിളിച്ചു പറഞ്ഞു.

“മോളേ റമോള, കുന്ദൻലാലിന്റെ റെക്കോർഡൊന്നു കേൾക്കട്ടെ.” അപ്പോൾ റമോളയുടെ ശബ്ദം നുഴഞ്ഞുവന്നു. “ഇതാ വരുന്നമ്മാ.”നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കൊട്ടാരം പോലുള്ള ആ വീടിൻ്റെ മറ്റേ അറ്റത്തെ മുറിയിൽനിന്ന് ഗ്രാമഫോൺസംഗീതത്തിന്റെ പ്രഥമശ്രുതി മുഴങ്ങി. കുന്ദൻലാലിൻ്റെ പാട്ടു കേൾക്കാൻ തയ്യാറായിട്ടിരുന്ന ഗോപാലകൃഷ്ണനും ഫിലിപ്പും ഒരു നിമിഷം അത്ഭുതസ്തബ്‌ധരായി ഇരുന്നുപോയി. പിയാനോയുടെ ഒന്നു രണ്ടു ശബ്ദവീചികൾക്ക് ശേഷം ഹൃദയത്തിൽ നിന്ന് വരുന്ന ശോകം നിറഞ്ഞ ഗാനം, അനശ്വരമായ ആ ശബ്ദത്തിൽ ഉയർന്നു.
“സോജാ രാജകുമാരി
സോജാ മേം ബലിഹാരി
സോജാ രാജകുമാരി സോജാ
ആ അമ്മ അതുവരെ സംസാരിച്ചുകൊണ്ടിരുന്നത് കുന്ദൻലാൽ എന്നു പേരുള്ള കെ.എൽ. സൈഗളിനെ പറ്റിയായിരുന്നു. അവർക്കത്രയേ അറിയുമായിരുന്നുള്ളു. പക്ഷേ, ഇന്ത്യൻനാദലോകത്തെ അനശ്വര ഗായകൻ കുന്ദൻ ലാൽ സൈഗളിനെപ്പറ്റി ഇതിനേക്കാളേറെ എന്തറിയാൻ! മതിമറന്ന് ഇരുന്ന് ആ അനുഭുതി അറിഞ്ഞ നിമിഷങ്ങളെ മുൻനിറുത്തി ഗോപാലകൃഷ്ണൻ ചോദിക്കുന്നു.

ഒരിക്കൽ കൽക്കട്ടയിൽ വെച്ച് കവിയെ കാണാതായി. കവിയെന്നാൽ മഹാകവി പി. കുഞ്ഞിരാമൻ നായർ. കൽക്കട്ട മലയാളി സമാജത്തിൻ്റെ എന്തോ പരിപാടിക്ക് എത്തിയതാണ്. പി.യുടെ സ്വഭാവം വെച്ച് നോക്കിയാൽ അത്ഭുതമില്ല. ഗോപാലകൃഷ്ണനെ വിവരമറിയിച്ച കവിയുടെ ആതിഥേയൻ പറഞ്ഞു. കവി എവിടെ പോയി എന്നറിയില്ല കൽക്കട്ട മലയാളികൾ മുഴുവനും അദ്ദേഹത്തെ അന്വേഷിച്ച് നടക്കുകയാണ്. കൽക്കട്ട പോലീസ് കമ്മീഷണറടക്കം !’ ഒഴിവാനാവാത്ത ഔദോഗിക പരിപാടികളിൽ കുരുങ്ങിയതിനാൽ ഗോപാലകൃഷ്ണന് നേരിട്ട് കവിയെ അന്വേഷിക്കാൻ പറ്റിയില്ല. ഉന്നത മീറ്റിംങ്ങിൽ ഇരിക്കുമ്പോഴും ചിന്ത കവിയെ കുറിച്ചായിരുന്നു. അന്യദേശത്ത് ഭാഷയറിയാതെ കവി കുഴങ്ങുമോ ? ഇതാദി ആലോചിച്ച് ഗോപാലകൃഷ്ണൻ ടെൻഷനിലായി.

കുറച്ച് സമയം കഴിഞ്ഞ് ഗോപാലകൃഷ്ണനെ ഒരു മലയാളി സുഹൃത്ത് ഫോണിൽ വിളിച്ചു. ‘ കവിയെ കിട്ടി’ ദൈവത്തിനും വിളിച്ച സുഹൃത്തിനും നന്ദി പറഞ്ഞ് ഗോപാലകൃഷ്ണൻ ചോദിച്ചു. എവിടെ പോയിരുന്നു ? പിന്നെ അയാൾ പറഞ്ഞ കഥ ആൾ പി. കുഞ്ഞിരാമൻ നായർ തന്നെ എന്ന് ഉറപ്പിക്കുന്നതായിരുന്നു.

മലയാളിസമാജത്തിൻ്റെ മുൻപിൽ വെച്ച് ആരോ കവിയെ കണ്ടതായി പറഞ്ഞു. അവിടെയൊക്കെ തിരക്കി അവസാനം അവിടെനിന്നും ഉദ്ദേശം മൂന്നു കിലോമീറ്റർ ദൂരെ ‘പ്രിയ’ സിനിമയുടെ മുൻപിൽ വച്ച് കവിയെ പിടികിട്ടി. സുചിത്രാ സെന്നിന്റെ പതിനഞ്ചടി ഉയരമുള്ള ഒരു കട്ടൗട്ട് ചിത്രത്തിന്റെ മുൻപിൽ അവരുടെ വലിയ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ടു കവി പി. കുഞ്ഞിരാമൻ നായർ നില്ക്കുന്നു. നോട്ടം അവരുടെ കണ്ണുകളിലേക്കായിരുന്നുവെന്ന് ആരോ പറഞ്ഞു. ഫുട്പാത്തിനു വെളിയിൽ റോഡിൽത്തന്നെയാണ് നിൽപ്പ്. മുണ്ടു മടക്കിക്കുത്തിയിരുന്നു. ഒരു കുട കക്ഷത്തിലുണ്ട്. ഒന്നുരണ്ടു ചെറുപ്പക്കാർ ‘പി’ യെ സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ട് അടുത്തു നില്പ്‌പുണ്ടായിരുന്നു. പ്രായമായ ഒരാൾ തനിച്ചു നിൽക്കുന്നത് കണ്ട് അവർ അവിടെ നിന്നതാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യാൻ അവർ തയ്യാറായിരുന്നു. ചോദിക്കാനായി അവർ അടുത്തുചെന്നപ്പോൾ ഉടനെ പി ജുബ്ബായുടെ പോക്കറ്റിൽനിന്ന് മുന്തിരിങ്ങയും കൽക്കണ്ടവുമെടുത്ത് അവർക്കെല്ലാം കൊടുത്തു.

പി. കുഞ്ഞിരാമൻ നായർ

ഒരു മണിക്കൂറിനു ശേഷം പഴയ സുഹൃത്ത് വീണ്ടും ടെലിഫോണിൽ വിളിച്ചു. അന്ന് രാത്രിയിലെ ട്രെയിനിൽ ‘പി’യെ റൂർക്കലവരെ എത്തിക്കണം. കൊടുക്കണം. ട്രെയിനിലെ ഗാർഡിനെയോ മറ്റോ ശട്ടം കെട്ടണമെന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗോപാലകൃഷ്ണന് വീണ്ടും ടെർഷനായി, ഭയമായി പോണ വഴിക്ക് രാത്രിയിൽ ബീഹാറിലെ വല്ല കുഗ്രാമത്തിലും ഇറങ്ങി നടന്നുകളഞ്ഞാലോ? ഒന്നരക്കോടി മലയാളികളോട് എങ്ങനെ ഉത്തരം പറയും?

റെയിൽവേ ട്രാഫിക് ഡിപ്പാർട്ടുമെന്റിലെ പ്രഗല്ഭരായ രണ്ട് ഇൻസ്പെക്ടർമാരെ വിളിച്ചു ഗോപാലകൃഷ്ണൻ കാര്യം പറഞ്ഞു. ആളൊരു വി.ഐ.പി യാണെന്നും റെയിൽവേ മന്ത്രി കമലാപതി ത്രിപാഠിക്ക് നേരിൽ അറിയാവുന്നയാളാണെന്നും അവരോട് പറഞ്ഞു. കമലാപതി ത്രിപാഠി കോംപ്ലിമെന്ററിയായി കൊടുത്ത ഒരു പാസ്സുമായിട്ടാണ് ‘പി’ യുടെ യാത്ര. നാലു ബർത്തുകളുള്ള ഒരു കമ്പാർട്ടുമെന്റ് ബുക്ക് ചെയ്ത് വാതിൽ ഭദ്രമായടച്ച് അദ്ദേഹത്തെ റൂർക്കലയിൽ കൊണ്ടുപോയി അവിടത്തെ ബന്ധുക്കളെ ഏല്പിച്ചിട്ട് മടങ്ങി വന്ന് വിവരം പറയാൻ അവരെ ഏല്പിച്ചു. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകുന്ന ആളാണെന്നും സൂക്ഷിക്കണമെന്നും ചട്ടം കെട്ടി. റെയിൽവേ ഉദ്യോഗസ്ഥരായ സാക്സേനയും മുഖർജിയും പിയെ അനുഗമിച്ചു. വിജയകരമായി അദ്ദേഹത്തെ റൂർക്കലയിൽ എത്തിച്ചു. തിരിച്ച് വന്ന അവരെ നേരിൽ തൻ്റെ ഓഫീസിൽ വിളിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൽ ഗോപാലകൃഷ്ണൻ അഭിനന്ദിച്ചു. പി.യെകുറിച്ച് വിശേഷങ്ങൾ ഗോപാലകൃഷ്ണൻ അവരോട് ചോദിച്ചു.
പി.യെകുറിച്ച് രണ്ടു പേരുടേയും പി. അനുഭവം കേട്ട ഗോപാലകൃഷ്ണൻ തലയിൽ കൈ വെച്ചു പോയി

. “സർ, അദ്ദേഹം ഒരു അസാധാരണ മനുഷ്യനാണ്” മുഖർജി പറഞ്ഞു: “കേരളത്തിലെ സകല കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്നു. കണ്ണൂർ എന്ന സ്‌ഥലത്തെ തെയ്യം എന്ന നൃത്തത്തെപ്പറ്റി ഞങ്ങൾക്ക് വിശദമായി പറഞ്ഞുതന്നു. എന്നുപറഞ്ഞാൽ ഒരു സിനിമയിൽ കാണുന്നതുപോലെ ആ ട്രെയിനിനകത്തിരുന്നുകൊണ്ട് ഞങ്ങളത് കണ്ടു.”

കേരളത്തിലെ നദികൾ, ഉത്സവങ്ങൾ, അമ്പലങ്ങൾ മുതലായവയെപ്പറ്റി ‘പി’ അവരോട് വിശദമായി സംസാരിച്ചുവത്രെ. അത് കേട്ട് ഗുരുവായൂർ അമ്പലത്തിൽ കഴിയുന്നതും പെട്ടെന്ന് പോകണമെന്ന തീരുമാനത്തിൽ അവർ രണ്ടു പേരും എത്തിക്കഴിഞ്ഞിരുന്നു. മരുമക്കത്തായത്തെപ്പറ്റി ചെറിയൊരു പ്രഭാഷണവും ‘പി’ നടത്തിയിരുന്നു. മൺസൂണെന്നും പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും കേരളത്തിലെ ഇടവപ്പാതിയാണ് മഴകളിൽ രാജനെന്നും ‘പി’ അവരെ ബോധ്യപ്പെടുത്തിയിരുന്നു.

“സർ, മഴയെപ്പറ്റിയും മറ്റും അദ്ദേഹം വർണിച്ചപ്പോൾ ഞങ്ങളുടെ ടാഗോറിനോട് കിടപിടിക്കുന്ന കവിയാണദ്ദേഹമെന്നെനിക്ക് തോന്നി.” മുഖർജിയുടെ ഈ പ്രസ്താവനയ്ക്ക് തുടർച്ചയായി സാക്സന പറഞ്ഞു. “അതാണ് സാർ, അദ്ദേഹം വാസ്തവത്തിൽ ആരാണ്? കവിയാണോ? കവിയെന്നു പറഞ്ഞാൽ വലിയ കവിയാണോ?”

‘പി’ ഒരു കവിയാണെന്ന് ഗോപാലകൃഷ്ണൻ അവരോട് പറഞ്ഞിരുന്നില്ല. മലയാളത്തിലെ ഏറ്റവും വലിയ കവികളിലൊരാളാണദ്ദേഹം. ഗോപാലകൃഷ്ണൻ അവരോട് പറഞ്ഞു. റെയിൽവേ മന്ത്രി കമലാപതി ത്രിപാഠി അദ്ദേഹത്തിനൊരു റെയിൽവേപാസ്സ് കൊടുത്തതുകൊണ്ട് അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണെന്ന് നിങ്ങൾ ധരിച്ചെങ്കിൽ അത് വലിയൊരു തെറ്റാണ്.

നേരം വെളുക്കുന്നതുവരെ ‘പി’ യും അവരും സംസാരിച്ചുകൊണ്ടിരുന്നു എന്ന് കേട്ടപ്പോൾ ഗോപാലകൃഷ്ണൻ ചോദിച്ചു. “ഏതു ഭാഷയിലാണ് നിങ്ങളിത്രയൊക്കെ സംസാരിച്ചത്?” സാക്സനയ്ക്കും മുഖർജിക്കും. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും മാത്രമേ വശമുണ്ടായിരുന്നുള്ളു. “അതൊരു പ്രശ്ന‌മേ ആയിരുന്നില്ല സർ. അദ്ദേഹത്തിൻ്റെ കൈയിൽ ഒരു തരം ഹിന്ദിയുണ്ടായിരുന്നു. പിന്നെ കുറേ ഇംഗ്ലീഷ് മലയാളം, ബംഗാളി ഇതൊക്കെ അദ്ദേഹം ഉപയോഗിച്ചിരുന്നു. ഞാൻ കുറച്ചുകാലം മൈസൂരിലുണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഉപയോഗിച്ച കുറേ കന്നട വാക്കുകളും ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഹിന്ദിയും ഇംഗ്ലീഷുമാണ് സംസാരിച്ചത്. യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. സ്‌കൂളിലും മറ്റും അധ്യാപകർ പഠിപ്പിക്കുന്നതുപോലെയാണ് അദ്ദേഹം ഞങ്ങളെ ഓരോന്നും പറഞ്ഞു മനസ്സിലാക്കിത്തന്നത്.

“അദ്ദേഹം ഒരധ്യാപകനാണ് ഗോപാലകൃഷ്ണൻ അവരോട് വെളിപ്പെടുത്തി. ‘പി’യെ വിജയകരമായി രൂർക്കലയിലെത്തിച്ചതിന് രണ്ടു പേരെയും അഭിനന്ദിക്കാനായി ഗോപാലകൃഷ്ണൻ ഏർപ്പാട് ചെയ്തിരുന്ന രസഗുളയും മറ്റു പലഹാരങ്ങളും അപ്പോൾ എത്തി. അത് കഴിക്കാൻ ഞാനവരോട് പറഞ്ഞപ്പോൾ സാക്സേന മുഖർജിയോട്: “റ്റിന്നൊല്ലു. റ്റിന്നൊല്ലു നെല്ലറ്റാ, നെല്ലറ്റാ” എന്നു പറഞ്ഞു. കേട്ട ആർക്കും, നമുക്ക് മനസ്സിലായില്ലെങ്കിലും ഗോപാലകൃഷ്ണന് അറിയാമായിരുന്നു ആ വിചിത്രമായ ഭാഷ. അത് അദ്ദേഹത്തിൻ്റെ മനസ്സിനെ അൽപ്പസമയത്തേക്ക് കൽക്കട്ടയിൽ നിന്ന് അനേകം മൈലുകൾക്കപ്പുറത്തുള്ള കോട്ടയത്തെത്തിച്ചു.

വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഒരു സമ്മേളനത്തിൽ വെച്ചാണ് ഗോപാലകൃഷ്ണൻ പി. യെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. പരിചയപ്പെട്ട ഉടൻതന്നെ ‘പി’ പോക്കറ്റിൽ കൈയിട്ട് എന്തോ വാരി ഗോപാലകൃഷ്ണൻ്റെ കൈയിൽ കൊടുത്തു. മുന്തിരിങ്ങം, കൽക്കണ്ടം, ഒരു ചെറിയ കഷണം മൈസൂർപാക്ക്, പൊട്ടിത്തകർന്ന ഒരു ലഡുവിൻ്റെ കഷണങ്ങൾ തുടങ്ങിയ പലഹാരങ്ങൾ എല്ലാമുണ്ടായിരുന്നു അതിൽ. കൈയിലിരുന്ന ഈ പലഹാരങ്ങളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന ഗോപാലകൃഷ്ണനോട് ‘പി’ പറഞ്ഞു: “തിന്നോളൂ തിന്നോളൂ നല്ലതാ, നല്ലതാ.”

ദീർഘകാലത്തെ ഉദ്യോഗകാലത്ത് താൻ കണ്ട കേട്ട രസമുള്ള പല കഥകൾ എഴുതിയ ഗോപാലകൃഷ്ണൻ്റെ ഒരു ഗൗരവ ലേഖനത്തിലാണ് റെയിൽവേയെകുറിച്ച് സാമാന്യ ജനം ധരിച്ച് വെച്ച കാര്യങ്ങൾ പലതും ഇങ്ങനെയൊന്നുമല്ല എന്ന് നാം അറിയുന്നത്. ഉദാഹരണത്തിന് തീവണ്ടിയപകടങ്ങൾക്ക് ശേഷം ബന്ധപ്പെട്ട മന്ത്രി പ്രഖ്യാപിക്കുന്ന കാര്യങ്ങൾ വെറും ചപ്പടാച്ചിയാണെന്ന കാര്യം ഗോപാലകൃഷ്ണൻ ലേഖനത്തിലൂടെ പറയുമ്പോഴാണ് നാം അറിയുന്നത്.

ഒരു തീവണ്ടിയപകടം നടന്നു കഴിഞ്ഞ് റെയിൽവേ മന്ത്രിമാർ ചെയ്യാറുള്ള പ്രഖ്യാപനമാണ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം രൂപ അനുവദിച്ചിരിക്കുന്നു എന്ന്. മന്ത്രിയുടെ ഈ വിളംബരം കേട്ട് എത്ര നല്ല മന്ത്രിയെന്ന് ചിലരെങ്കിലും ചിന്തിച്ചു പോകാനിടയുണ്ട്. റെയിൽവേ അപകടത്തിൽ മരിച്ചവരുടെ അനന്തരവകാശികൾക്ക് നാലുലക്ഷം രൂപ കൊടുക്കണമെന്ന് നിയമമുണ്ട് (1999). പക്ഷേ, അതിന് ഒരു മന്ത്രിയുടേയും അനുവാദത്തിൻ്റെ ആവശ്യമില്ല. അത് തടയാൻ മന്ത്രിക്ക് സാധിക്കുകയുമില്ല. ബന്ധപ്പെട്ട റെയിൽവേയിലെ കൊമേഴ്സ്യൽ വകു പ്പിൽനിന്ന് സാധാരണഗതിയിൽത്തന്നെ പണം കൊടുത്തുകൊള്ളും. ഇതേപ്പറ്റി എന്തെങ്കിലും തർക്കമുണ്ടായാൽ അത് തീരുമാനിക്കേണ്ടത് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലാണ്. മന്ത്രിക്ക് ആ ഭാഗത്തേക്ക് എത്തിനോക്കിയിട്ട് പോലും കാര്യമില്ല. ഔപചാരികതലത്തിൽ പോലും അത്തരം തുകകൾക്ക് മന്ത്രിമാരുടെ സമ്മതമോ ഒപ്പോ ഒന്നും വേണ്ട. ഇങ്ങനെയൊക്കെയിരിക്കെയാണ് അത്യാഹിതം കൊണ്ടുണ്ടായ മാനസിക ആഘാതവും പ്രിയപ്പെട്ടവരുടെ വിയോഗം കൊണ്ടുണ്ടായ ദുഃഖവും വല്ലവിധവും താങ്ങാൻ ശ്രമിക്കുന്ന ബന്ധുക്കളെ പരസ്യമായി പണം കാണിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്ന പ്രതീതിയുളവാക്കുന്ന ചേഷ്ടകളുമായി മന്ത്രി രംഗപ്രവേശനം ചെയ്യുന്നത്. കഷ്ടമെന്നല്ലാതെ
എന്താണ് പറയുക?”

വാഴ്വ് എന്ന പെരുവഴി

“പണവുമായി ബന്ധമൊന്നുമില്ലെങ്കിലും ഇതുപോലെത്തന്നെ വങ്കത്തരമാണ് റെയിൽവേ മന്ത്രി അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ‘ ഉത്തരവിട്ടുവെന്നുള്ള പ്രഖ്യാപനം. അന്വേഷണം നടത്തുന്നത് റെയിൽവേ സേഫ്റ്റി കമ്മീഷണറാണ്. പട്ടാളത്തിലെ ലഫ്റ്റനന്റ് ജനറലിന് തുല്യമായ പദവിയുള്ള ഈ ഉന്നത ഉദ്യോഗസ്ഥൻ റെയിൽവേ മന്ത്രിയുടെ കീഴിലല്ല ജോലി ചെയ്യുന്നത്. ഓരോ മേഖലയ്ക്കും വെവ്വേറെ കമ്മീഷണർമാരുണ്ട്. അവരോടൊന്നും ആജ്ഞാപിക്കാനുള്ള അധികാരം റെയിൽവേ മന്ത്രിക്കില്ല. ആർക്കുമില്ല. ഏത് അപകടത്തെപ്പറ്റി എങ്ങനെ അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് കമ്മീഷണർ തന്നെയാണ്. പിന്നെയെന്തിനാണാവോ നദീതീരത്ത് നിന്നുകൊണ്ട് അതിനോട് കടലിലേക്കൊഴുകാൻ പറയുന്നതുപോലെ ഈ മന്ത്രിമാർ ഓരോന്ന് ആജ്ഞാപിക്കുന്നത്.”

യശശരീരനായ എം.എൻ .ഗോവിന്ദൻ നായർ ഒരിക്കൽ എം.പിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പാർലിമെൻ്ററി കമ്മറ്റി ഗോപാലകൃഷ്ണന് 1979ൽ ചാർജ്ജുണ്ടായിരുന്ന റെയിൽവേ ഡിവിഷൻ സന്ദർശിക്കാൻ എത്തി. കമ്മറ്റിയംഗങ്ങളുടെ മിക്ക ചോദ്യങ്ങൾക്കും തൃപ്‌തികരമായ മറുപടി കൊടുക്കാൻ സാധിച്ചുവെങ്കിലും ട്രെയിനുകൾ സമയം തെറ്റാതെ ഓടിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ ഇടയ്ക്കിടെ എനിക്കുത്തരം മുട്ടിപ്പോയി. കമ്മറ്റി അദ്ധ്യക്ഷനായ എം.എൻ അധികം വലയ്ക്കാതെ ഗോപാലകൃഷ്ണനെ വിട്ടയച്ചു.

രാത്രി ഊണു കഴിഞ്ഞ് കടപ്പുറത്തുള്ള ഗസ്റ്റ്ഹൗസിന്റെ മുറ്റത്തിരുന്ന് എം.എൻ. വിസ്തരിച്ചൊന്നു മുറുക്കി. രാവിലത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്ന ഒന്നുരണ്ടു വിഷയങ്ങൾ സമയക്കുറവുകൊണ്ട് വിശദമായി ചർച്ചചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഗോപാലകൃഷ്ണനോട് പരാതിപ്പെട്ടു.

നമ്മൾ വാഴും വഴി

ഗോപാലകൃഷ്ണൻ പറഞ്ഞു “സർ, ട്രെയിനുകളുടെ ലേറ്റ് റണ്ണിങ്ങിനെപ്പറ്റിയുള്ള ചർച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സമയം രാവിലെ പത്തുമണിക്കായിരുന്നു. നിങ്ങളൊക്കെ വന്നെത്തിയപ്പോൾ മണി പത്തടിച്ച് അൻപതു മിനിറ്റു കഴിഞ്ഞു. ഇത് കേട്ട എം.എൻ. ഒരുനിമിഷം മിണ്ടാതിരുന്നു. അദ്ദേഹം ദേഷ്യപ്പെടുമോ ഗോപാലകൃഷ്ണൻ ഭയപ്പെട്ടു. പാർലമെന്റ് അംഗം, പോരെങ്കിൽ കമ്മറ്റിയദ്ധ്യക്ഷൻ, നാട്ടിലെ എല്ലാവരുടെയും കാരണവരാണ്..

പെട്ടെന്ന് എം.എൻ. പൊട്ടിച്ചിരിച്ചു. സമയനിഷ്ഠ പാലിക്കുന്നതിൽ യാതൊരു നിഷ്‌കർഷയുമില്ലാത്ത ഒരു ജനസമൂഹം. റെയിൽവേയിലെ വണ്ടികൾ മാത്രം മറ്റെങ്ങുമില്ലാത്ത സമയനിഷ്‌ഠ പാലിക്കും അതിൽ കുറെപ്പേർ ചേർന്നു നടത്തുന്ന റെയിൽവേ. ആ റെയിൽവേയിലെ വണ്ടികൾ മാത്രം മറ്റെങ്ങുമില്ലാത്ത സമയനിഷ്ഠ പാലിക്കണമെന്ന് പറഞ്ഞാൽ പറഞ്ഞാൽ നടക്കുമായിരിക്കും. പക്ഷേ, ബുദ്ധിമുട്ടാണ്.

ഡി.സി. കിഴക്കേമുറി ഒരിക്കൽ തൻ്റെ കറുപ്പും വെളുപ്പം പംക്തിയിൽ ഗോപാലകൃഷ്ണൻ്റെ വിദേശ യാത്രയെകുറിച്ച് എഴുതി. “ഗോപാലകൃഷ്ണൻ് കണ്ട ഒരത്ഭുതം ലണ്ടൻ, എഡിൻബർഗ്, ന്യൂകാസിൽ, റോം എന്നീ സ്ഥലങ്ങളിലെല്ലാം പകൽസമയത്തു വഴിവിളക്കുകൾ കത്തിനിൽക്കുന്നത് കണ്ടു. അദ്ദേഹം ചോദിക്കുന്നു. “നമ്മുടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ കുറെയധികം ജീവനക്കാർ ഡെപ്യൂട്ടേഷനിലോ മറ്റോ ഇവിടെയെങ്ങാനും എത്തിയിട്ടുണ്ടോ?”

മുൻ പ്രധാന മന്ത്രി പി.വി. നരസിംഹറാവുവിന്റെ ‘ഇൻസൈഡർ’ എന്ന അത്മകഥാപരമായ ബൃഹദ്നോവലിന്റെ പരിഭാഷ നിർവഹിച്ചത് ഗോപാലകൃഷ്ണനാണ്. ഇൻസൈഡറിലെ മുഖ്യ കഥാപാത്രമായ ആനന്ദ് പുരാണ കഥയിലെ ഹിരണ്യകശിപുവിൻ്റെ കൊട്ടാരത്തിലെ തൂണിനെപ്പോലെയാണ് അകത്തിരിക്കുന്നത് നരസിംഹമാണ്.

പി.വി. നരസിംഹ റാവുവിൻ്റെ ആത്മകഥാപരമായ നോവൽ

ശ്രീ നരസിംഹറാവു ‘ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പ്രവർത്തകരും പറഞ്ഞുപരത്തിയ പോലെയുള്ള ആളല്ലെന്നും ഈ പുസ്‌തകത്തിലെ ആനന്ദിനെപ്പോലെയുള്ള ഒരാളാണെന്നു പറയാൻ കാരണമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഇത് മലയാളത്തിലേക്ക് തർ‌ജ്ജമ ചെയ്യാൻ ഞാൻ നിശ്ചയിച്ചത്.’.ഗോപാലകൃഷ്ണൻ പറഞ്ഞു. ഡി.സി എന്ന ഡൊമനിക്ക് ചാക്കോ, ‘ദ സൂഫി സെഡ്‘ (കെ.പി.രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിൻ്റെ പരിഭാഷ) രമാകാന്തരഥ് എഴുതിയ ശ്രീരാധ എന്ന ഒറിയാ മഹാകാവ്യത്തിന്റെ പരിഭാഷ (പി.എം.നാരായണനോടൊപ്പം) ശ്രീരാധയുടെ പരിഭാഷയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

വാഴ്വ് എന്ന പെരുവഴി,(1999) നമ്മൾ വാഴും കാലം (2001), പെരുവഴിയിലെ നാടകങ്ങൾ (2007) വഴിയിൽ കണ്ടതും തോന്നിയതും (2012) എന്നീ നാലു പുസ്തകങ്ങളിലായി ഗോപാലകൃഷ്ണൻ്റെ ലേഖനങ്ങൾ സമാഹരിക്കപ്പെട്ടു. അതിൽ കൽക്കട്ടയിലെ ജീവിതമുണ്ട്. കേരളത്തിലെ ട്രാഫിക്കിനെക്കുറിച്ചുണ്ട്. പോസ്റ്റ് ഓഫീസുണ്ട്. ന്യൂയോർക്കിലെ ജയിലിൽ ചൂട് കാരണം വസ്ത്രമുരിഞ്ഞ് നഗ്നയായി തടവിൽ കഴിഞ്ഞ് ജയിൽ എയർ കണ്ടീഷൻ ചെയ്യണമെന്ന് അവകാശമുന്നയിക്കുന്ന സ്ത്രീതടവുകാരെകുറിച്ച് പറയുന്നുണ്ട്. എയർ കണ്ടീഷർ‍ ഇടാതെ ഉറങ്ങാത്ത വളർത്തു നായക്കുറിച്ച് വരെയുണ്ട്. ഉസ്താദ് അല്ലാവുദീൻഖാൻ എന്ന മഹാനായ കലാകാരനെ നേരിട്ട് കണ്ട ദിവ്യദർശനത്തെക്കുറിച്ചുണ്ട്. മുട്ടത്ത് വർക്കിയുടെ നോവലിന് ജി. അരവിന്ദൻ കവർചിത്രം വരച്ച രസകരമായ സംഭവമുണ്ട്. ഒരു കഥാകാരൻ്റെ നിരീക്ഷകൻ്റെ ‘ വിധിയെഴുത്തുകളാണ് ആ കുറിപ്പുകൾ. 2014 നവംബർ 19ന് ഗോപാലകൃഷ്ണൻ കഥ പറച്ചിൽ അവസാനിപ്പിച്ച് ഈ ലോകത്തോട് വിട വാങ്ങി.

content summary: The one who advised Tenzing, the one who knew Kundan, in remembrance of the Malayalam writer N. Gopalakrishnan.

This post was last modified on November 19, 2025 1:15 pm

അമർനാഥ്‌:
Related Post
Leave a Comment