June 04, 2026 |
Share on

കഥാവശേഷനായി എംടി; മലയാളത്തിന്റെ കണ്ണീര്‍ പ്രണാമം

ആയിരങ്ങളാണ് എംടിയെ യാത്ര അയക്കാനായി മാവൂർ റോഡ് ശ്മശാനത്തിലേക്ക് ഒഴുകിയെത്തിയത്

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് യാത്രാമൊഴി നൽകി കേരളം. കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംസ്കാരം. ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു എംടിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ആയിരങ്ങളാണ് എംടിയെ യാത്ര അയക്കാനായി മാവൂർ റോഡ് ശ്മശാനത്തിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ വീട്ടിൽ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം നാല് മണിയോടെയാണ് വിലാപയാത്ര തുടങ്ങിയത്. സിതാരയിൽ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴിയാണ് ശ്മാശനത്തിലെത്തിച്ചത്. സഹോദരന്റെ മകൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവ്വഹിച്ചത്. M.T. Vasudevan Nair
എംടി സിതാരയുടെ പടിയിറങ്ങിയപ്പോള്‍ കേരളമൊന്നാകെ അതിന് മൂകസാക്ഷിയായി. പ്രിയ എഴുത്തുകാരന്റെ ഭൗതികശരീരം വസതിയില്‍ നിന്നും വിലാപയാത്രയായി കൊട്ടാരം റോഡിലൂടെ സ്മൃതിപഥത്തിലേക്ക് നീങ്ങിയപ്പോള്‍ വലിയ ജനക്കൂട്ടമാണ് പങ്കുചേര്‍ന്നത്. പുതുക്കിപ്പണിത് ദിവസങ്ങള്‍ മാത്രമായ സ്മൃതിപഥത്തിലേക്ക് എത്തിച്ചേര്‍ന്ന ആദ്യ വിലാപയാത്രയായിരുന്നു എംടിയുടേത്. എംടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് എത്തിയത്.

mt

ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മലയാളത്തിന്റെ പ്രിയ കഥാകാരന്റ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. പൊതുദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു എംടിയുടെ ആഗ്രഹം. അതിനാല്‍ ഔദ്യോഗിക പൊതുദര്‍ശനം ഒഴിവാക്കി വൈകിട്ട് നാല് വരെ എംടിയുടെ വസതിയായ സിതാരയില്‍ അവസാനമായി കഥാകാരന് യാത്രാമൊഴി നല്‍കാനുള്ള അവസരം ഒരുക്കുകയായിരുന്നു.

എംടിയോടുള്ള ആദരസൂചകമായി രണ്ട് ദിവസം സംസ്ഥാനത്ത് ഔദ്യോ​ഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള എംടിയെ തേടി 1995 ല്‍ ജ്ഞാനപീഠ പുരസ്‌കാരമെത്തി. 1965ൽ തന്റെ തന്നെ കൃതിയായ മുറപ്പെണ്ണ് തിരക്കഥയാക്കിയാണ് ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് അൻപതിലേറെ സിനിമകൾക്ക് തിരക്കഥയെഴുതി.

2005 ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്, നാലുകെട്ട്, രണ്ടാമൂഴം, അസുരവിത്ത്, കാലം, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മ്മയ്ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെര്‍ലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കള്‍, രക്തംപുരണ്ട മണ്‍തരികള്‍ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

കൊച്ചിയില്‍ നടന്ന ഒമ്പത് കഥകളുടെ സിനിമാ സമാഹാരത്തിന്റെ ട്രെയിലര്‍ ‘മനോരഥങ്ങള്‍’ പുറത്തിറക്കുന്ന ചടങ്ങിലാണ് ഒടുവിലായി എംടി പങ്കെടുത്തത്. ജന്മദിനമായ ജൂലൈ 15 നായിരുന്നു കൊച്ചിയില്‍ എംടിയുടെ അവസാന പൊതുപരിപാടി നടന്നത്. ഡിസംബര്‍ 15ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നീര്‍ക്കെട്ട് വര്‍ധിച്ചു. നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതല്‍ വഷളായി. മാറ്റമില്ലാതെ തുടരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം നില കൂടുതല്‍ വഷളായി. രാത്രി ഒന്‍പതോടെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായി. രാത്രി പത്തോടെ ഡോക്ടര്‍മാര്‍ മരണം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. M.T. Vasudevan Nair

Content summary: The body of M.T. Vasudevan Nair has been cremated

M.T. Vasudevan Nair naalukett oru vadakkan veera gadha Malayalamwriter

Leave a Reply

Your email address will not be published. Required fields are marked *

×