എഴുത്തുകാരനും പ്രഭാഷകനും പ്രൊഫ.എം.കെ സാനുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ. വീണ് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിലെത്തിച്ച അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശ്വാസതടവും ന്യുമോണിയയും ഉണ്ടായതുകൊണ്ടാണ് ഐ.സി.യു.വിലേയ്ക്ക് മാറ്റിയത്. ശ്വാസകോശത്തിൽ നീർക്കെട്ടും ഹൃദയധനമിനികളിൽ തടസവും അദ്ദേഹത്തിനുണ്ടെന്നും ആരോഗ്യ സ്ഥിതി ഗുരുരതമാണെന്നും ഡോക്ടർമാർ അറിയിച്ചു. 98 -കാരനായ പ്രൊഫ.സാനു ഈയടുത്തും പൊതുവേദികളിൽ സജീവമായിരുന്നു.
ഈ മെയ്് മാസത്തിലാണ് തന്റെ പുതിയ പുസ്തകത്തിന്റെ രചന പ്രൊഫ.എം.കെ സാനു പൂർത്തിയാക്കിയത്. നിരാലംബർക്കായി പ്രവർത്തിച്ചിരുന്ന തപസ്വിനി അമ്മ എന്ന സാമൂഹ്യ പ്രവർത്തകയുടെ ജീവിതത്തെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം. നിലവിൽ എറണാകുളത്തെ വിഖ്യാതമായ എസ്.എൻ.വി സദനം എന്ന സ്ഥാപനം 1921-ൽ തപസ്വിനി അമ്മ രൂപീകരിച്ച അഗതികളായ സ്ത്രീകൾക്കുള്ള ‘അബല സദൻ’ ആണ്. സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ, വാഗ്ഭടാനന്ദൻ എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള തപസ്വിനി അമ്മയുടെ അമ്പതാം ചരമവാർഷികമായ മെയ് 21-നാണ് തന്റെ പുതിയ രചന പൂർത്തീകരിച്ച വിവരം പ്രൊഫ.സാനു അറിയിച്ചത്. ‘തപസ്വിനി അമ്മ: അബലകൾക്ക് ശരണമായി പ്രവർത്തിച്ച പുണ്യവതി’ എന്നാണ് പുസ്തകത്തിന്റെ പേര്. എറണാകുളത്തെത്തിയ ആദ്യകാലത്ത് തപസ്വിനി അമ്മക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായും അദ്ദേഹമന്ന് പറഞ്ഞിരുന്നു. ജൂൺ 22ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
‘എമ്പുരാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം, തിരുവനന്തപുരത്ത് എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ നടന്ന ആശ സമരം തുടങ്ങി ഏതാണ്ടെല്ലാ സമകാലിക വിഷയങ്ങളോടും പ്രതികരിച്ച് പോന്ന സാനുമാഷ് മിക്കവാറും എല്ലാദിവസവും എറണാകുളം നഗരത്തിൽ നടക്കുന്ന ഒന്നിലേറെ പൊതുചടങ്ങുകളിൽ പങ്കെടുക്കാറുമുണ്ട്. ഈ ഏപ്രിലിൽ മലയാള സാഹിത്യമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് കേരള സർവ്വകലാശാല നൽകിയ ഒ.എൻ.വി പുരസ്‌കാരവും എം.കെ സാനുവിന് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് നൽകിയിരുന്നു.
content summary: Prof. M.K. Sanu is in critical condition