June 13, 2026 |

ബോഡി ഷെയ്മിംഗും ഗുരുതര കുറ്റം: റാഗിങ് നിയമങ്ങളും ശിക്ഷയും കടുപ്പിക്കാന്‍ സര്‍ക്കാര്‍

പുതിയ നിയമത്തിന്റെ ആവശ്യകത

റാഗിങ്ങിന്റെ തീരാകഥകൾ കേരളത്തിലെ ഓരോ വിദ്യാലയങ്ങൾക്കും പറയാനുണ്ടാകും. കാലത്തിന്റെ ഗതിക്കനുസരിച്ച് അവയുടെ രൂപത്തിലും ഭാവത്തിലും ഒക്കെ മാറ്റമുണ്ടാകും എന്ന് മാത്രം. അതിൽ പലതും കേരളത്തെ നടുക്കിയ ക്രൂര കൊലപാതകങ്ങളായും പരിണമിച്ചിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്, അവിടെ നിന്നും താഴേക്കിറങ്ങിയാൽ താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ ജീവനെടുത്ത സഹപാഠികളെയും കാണാം. ഫ്ലാറ്റിൽനിന്നും ചാടി ജീവനൊടുക്കിയ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിന് പിന്നിലും കണ്ടു സഹപാഠികളുടെ കൊലവിളികൾ. പുറത്തു വന്നതും വരാത്തതുമായ അങ്ങനെ എത്രയെത്ര റാഗിങ്ങ് കഥകൾ.

റാഗിങ്ങിനെതിരെ ശക്തമായ നിയമ സംവിധാനമുള്ള നാടാണ് നമ്മുടേത്. റാഗിങ്ങിനെതിരെ കേരള നിയമസഭ 1998ൽ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ്ങ് നിരോധന നിയമം. നിലവിലുള്ള കേരള റാ​ഗിങ് നിരോധന ആക്ടിൽ റാഗിങിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിങ് നടത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്. എന്നാൽ അവയ്ക്കൊന്നും ‘സിദ്ധാര്‍ത്ഥന്മാരുടെ’ ജീവന് സുരക്ഷയൊരുക്കാൻ സാധിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്. ആന്റി റാഗിങ്ങ് കമ്മിറ്റികൾക്കും ആന്റി റാഗിങ്ങ് സ്ക്വാഡുകൾക്കും നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് എന്ന വിപത്തിനെതിരെ നിയമം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിലവിലുള്ള റാഗിങ്ങ് വിരുദ്ധ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സമഗ്രമായൊരു കരട് ബിൽ തയ്യാറാക്കിയിരിക്കുകയാണ്. നിലവിലുള്ള 1998-ലെ കേരളാ പ്രൊഹിബിഷൻ ഓഫ് റാഗിംഗ് ആക്ടിന് പകരമായി കൊണ്ടുവരുന്ന ഈ ബിൽ, റാഗിംഗിൻ്റെ നിർവചനം വിപുലീകരിക്കുകയും ശിക്ഷകൾ കൂടുതൽ കർശനമാക്കുകയും ചെയ്യുന്നുണ്ട്. പുതിയ ബിൽ പ്രകാരം, ശരീരത്തെക്കുറിച്ചുള്ള അധിക്ഷേപം (ബോഡി ഷെയ്മിംഗ്), മദ്യവും മയക്കുമരുന്നും നിർബന്ധമാക്കൽ, ഓൺലൈൻ റാഗിങ്ങ് എന്നിവയെല്ലാം കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റങ്ങളായി മാറും. റാഗിങ്ങ് തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ കൂടി കണക്കിലെടുത്താണ് ഈ പുതിയ നീക്കം.

പുതിയ നിയമത്തിന്റെ ആവശ്യകത

വർഷങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാനസികമായും ശാരീരികമായും വിദ്യാർത്ഥികളെ തകർക്കുന്ന സംഭവങ്ങൾ, ചിലപ്പോൾ ആത്മഹത്യകളിലേക്കും ഗുരുതരമായ അപകടങ്ങളിലേക്കു പോലും നയിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ BVSC & AH വിദ്യാർഥിയായ സിദ്ധാർത്ഥന്റെ മരണം, തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിൽ റാഗിങ്ങിനിരയായ ബിൻസ് ജോസ്, ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ അതിക്രമം എന്നിങ്ങനെ സമീപകാലത്തെ നിരവധി സംഭവങ്ങൾ കൂടുതൽ കർശനമായ നടപടികളുടെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയും റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്ന് സർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകൾ

കരട് ബിൽ, റാഗിങ്ങിന്റെ നിർവചനം കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാന മാറ്റം. താഴെ പറയുന്ന കാര്യങ്ങളാണ് ഇനി മുതൽ റാഗിങ്ങിന്റെ പരിധിയിൽപ്പെടുക.

ശരീരത്തെക്കുറിച്ചുള്ള അധിക്ഷേപം (Body Shaming): ഒരാളുടെ ശാരീരിക രൂപത്തെക്കുറിച്ചോ ഭംഗിയെക്കുറിച്ചോ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്, കളിയാക്കുന്നത്, അതുവഴി മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നത് റാഗിങ്ങായി കണക്കാക്കും. ഇത്തരം പരാമർശങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും മാനസിക സമ്മർദ്ദമുണ്ടാക്കാനും സാധ്യതയുള്ളതിനാൽ ഇത് ഒരു ഗുരുതര കുറ്റകൃത്യമായി കാണക്കാകും.

മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ നിർബന്ധിക്കൽ: പുതിയ വിദ്യാർത്ഥികളെ നിർബന്ധിച്ച് മദ്യമോ മയക്കുമരുന്നോ ഉപയോഗിപ്പിക്കുന്നത് റാഗിങ്ങിന്റെ ഏറ്റവും ഗുരുതരമായ രൂപങ്ങളിലൊന്നായി കണക്കാക്കും. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ഭാവിക്കും വലിയ ഭീഷണിയാണ്. ഈ കുറ്റകൃത്യങ്ങൾക്ക് കടുത്ത തടവ് ശിക്ഷയും വലിയ പിഴയും ലഭിച്ചേക്കാം.

ഓൺലൈൻ റാഗിങ്ങ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും റാഗിങ്ങിന്റെ പരിധിയിൽ വരും. ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക, അപകീർത്തികരമായ കമന്റുകൾ ഇടുക, ഭീഷണിപ്പെടുത്തുക എന്നിവയെല്ലാം ഇതിൽപ്പെടും. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിലും ഇവ വരും.

മറ്റ് പീഡന സ്വഭാവങ്ങൾ: ശാരീരികമായ ഉപദ്രവങ്ങൾ, മാനസികമായ പീഡനങ്ങൾ, ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾ, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, സാമൂഹികമായി ഒറ്റപ്പെടുത്തൽ തുടങ്ങിയ നിലവിലുള്ള റാഗിങ്ങ് കുറ്റങ്ങൾക്കൊപ്പമാണ് ഈ പുതിയ വകുപ്പുകൾ ചേർക്കുന്നത്.

ശിക്ഷകൾ കൂടുതൽ കടുക്കുന്നു

പുതിയ നിയമത്തിൽ കുറ്റക്കാർക്ക് ലഭിക്കുന്ന ശിക്ഷകൾ കൂടുതൽ കടുപ്പമുള്ളതാക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ലഭിക്കുന്ന തടവ് ശിക്ഷയുടെയും പിഴയുടെയും അളവ് വർദ്ധിപ്പിക്കും. കൂടാതെ, റാഗിങ്ങ് നടത്തിയെന്ന് കണ്ടെത്തുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം വിലക്കുകയും ചെയ്യും. സ്ഥാപന മേധാവികൾക്ക് റാഗിങ്ങ് തടയുന്നതിൽ വീഴ്ച സംഭവിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകും. ബോഡി ഷെയിമിങ്ങിന്റെ ഒരു സ്ഥിരം പ്രവണത നമ്മുടെ നാട്ടിലുണ്ട്. നിയമം കൂടുതൽ കർശനമാകുമ്പോൾ  ഇനി പണികിട്ടുക അത്തരം ഫലിതപ്രിയർക്ക് കൂടിയാകും.

സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, കോച്ചിംഗ് സെൻ്ററുകൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങി വിദ്യാർത്ഥികൾ പഠനത്തിനായി ആശ്രയിക്കുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ നിയമത്തിൻ്റെ പരിധിയിൽ വരും. ഹോസ്റ്റലുകൾ, കാമ്പസിനുള്ളിലെയും പുറത്തെയും കാൻ്റീനുകൾ, ബസ് സ്റ്റാൻഡുകൾ, ഹോം സ്റ്റേകൾ, വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന പൊതു-സ്വകാര്യ ഗതാഗത മാർഗ്ഗങ്ങൾ എന്നിവയും നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ കുട്ടിയുടെയും മാനസികാവസ്ഥ വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ചിലർക്ക് തമാശയായി തോന്നുന്ന കാര്യങ്ങൾ മറ്റ് ചിലർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അങ്ങനെ തമാശയായി കേൾക്കുന്ന ആൾക്ക് തോന്നാത്തതെല്ലാം ഇനിമുതൽ റാഗിങ്ങിന്റെ പരിധിയിൽ വരുമെന്നാണ് ഹൈക്കോടതി അഭിഭാഷകനായ ലിറ്റോ പാലത്തിങ്കൽ അഴിമുഖത്തോട് പ്രതികരിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യായന വർഷത്തിന്റെ ആദ്യ നാളുകളിൽ ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികളെ കാണുന്നതിൽ നിന്ന് പോലും പലപ്പോഴും വിലക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കൊണ്ടാണ്.

കാരണം അവർക്കിടയിൽ ഉണ്ടാകുന്ന ഇത്തരം ഏത് സന്ദർഭങ്ങളും അത് തമാശ ആണെന്ന് വ്യാഖ്യാനിച്ചാൽ പോലും, റാഗിങ്ങിന്റെ നിയമ പരിധിയിൽ പെട്ടാൽ പിന്നെ അതിൽ ശരിയും തെറ്റും നോക്കിയിട്ട് കാര്യമില്ല. ആ പരിധിയിൽ ഇനി ബോഡി ഷെയ്‌മിങ് കൂടി വരുന്ന സ്ഥിതിക്ക് ഇനി കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. വളരെ വിശാലമായ ഒരു നിർവചനം, വളച്ചൊടിക്കാനും, ദുർവ്യാഖ്യാനിക്കപ്പെടാനുമുള്ള സാധ്യതയെക്കുറിച്ചും ലിറ്റോ പാലത്തിങ്കൽ ഓർമിപ്പിച്ചു.

വിദ്യാർത്ഥികൾ വ്യക്തി വൈരാഗ്യം തീർക്കാനും, നിയമത്തെ കൂട്ട് പിടിക്കാൻ സാധ്യതയുണ്ട്. മനഃപൂർവമായ ക്രൂരതയേക്കാൾ, വഴിതെറ്റിയെത്തുന്ന ഒരു തമാശയ്ക്ക് പോലും ഒരു വിദ്യാർത്ഥിയുടെ ഭാവിയും ജീവിതവും തകർക്കാൻ സാധിക്കും എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അങ്ങേയറ്റം ശ്രദ്ധയോടെ വേണം ഇത്തരം നിയമങ്ങളെ പ്രവർത്തികമാക്കേണ്ടതും.

നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യപരമായ അകലം സൃഷ്ടിക്കപ്പെടെണ്ടത് അനിവാര്യമെന്നാണ് നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. സദുദ്ദേശത്തോടെയുള്ള നിയമങ്ങൾ ശരിയായി നടപ്പാക്കണമെങ്കിൽ നീതിയുക്തമായ തീരുമാനം എടുക്കുന്ന സംവിധാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. പ്രത്യേകിച്ചും, രാഷ്ട്രീയ വേർതിരിവ് കൂടുതലുള്ള കേരളത്തിൽ ഇത്തരം നിയമങ്ങൾ ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടതും അനിവാര്യമാണ്.

content summary: kerala’s new anti-ragging bill: body shaming, drugs & online harassment now punishable offenses

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×